Jump to content

കെ. ജയപാലപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജയപാലപ്പണിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. ജയപാലപ്പണിക്കർ
കെ. ജയപാലപ്പണിക്കർ
ജനനം1937 നവംബർ 2
മരണം2003 നവംബർ 5
ദേശീയത ഇന്ത്യ
തൊഴിൽചിത്രകാരനും ശില്പിയും

കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. ജയപാലപ്പണിക്കർ (1937 നവംബർ 2- നവംബർ 5, 2003).കൊല്ലം, അഞ്ചാംലുമ്മൂട്, കുപ്പണ

ജീവിതരേഖ[തിരുത്തുക]

1937 ൽ കൊല്ലം ജില്ലയിലെ പെരിനാട് മംഗലത്ത് കുടുംബത്തിൽ കൊച്ചുകുഞ്ഞ്-കല്യാണി ദമ്പതിമാരുടെ മകനായി ജനിച്ചു.[1] നാട്ടിലെ കുപ്പണ മുരുന്തവെളി സർക്കാർ പ്രൈമറി സ്കൂളിലും നീരാവിൽ എസ്.എൻ.ഡി.പി.യോഗം സ്കൂളിലും[2] കൊട്ടാരക്കരയിലുമായി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസിലെ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന കെ.സി.എസ്. പണിക്കർ ഏറെ സ്വാധീനിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. സൗന്ദര്യലഹരി പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ.

ആദ്യകാല ആർക്കേക് മെമ്മറി ചിത്രങ്ങളിൽ പഴമയുടെ മണവും അന്തരീക്ഷവും അനുഭവപ്പെടുന്നു. അമൂർത്ത സ്വപ്നങ്ങളുടെ അവികലമായ ആവർത്തനമാണ് ബീജാഗ്നി-ജീവാഗ്നി പരമ്പര. താന്ത്രിക് രീതിയിൽ മിത്തുകൾ മെനഞ്ഞെടുത്ത് അവയ്ക്ക് ദൃശ്യപരമായ ശാശ്വതത്വം നല്കാനുള്ള പണിക്കരുടെ കഴിവ് ശ്രദ്ധേയമാണ്. ഹോളോഗ്രാഫിക് സങ്കേതത്തിൽ ഇദ്ദേഹം നിരവധി ചിത്രങ്ങൾ രചിച്ചിട്ടുണ്ട്. എണ്ണച്ചായങ്ങളെക്കാൾ ടെമ്പറ, അക്രിലിക്, മഷി എന്നീ മാധ്യമങ്ങളാണ് പണിക്കർ അധികം ഉപയോഗിച്ചിട്ടുള്ളത്. ജ്യാമിതീയ രൂപങ്ങൾ, കളങ്ങൾ, വർണ സഞ്ചയങ്ങൾ, പൊതുവിലുള്ള സുതാര്യത, 'സ്പേസ് വിതിൻ ദ് സ്പേസ്'-സ്വഭാവം എന്നിവ ജയപാലപ്പണിക്കരുടെ ചിത്രങ്ങളുടെ സവിശേഷതയാണ്.

മദ്രാസ് ലളിതകലാ അക്കാദമി (1965), ഹൈദരാബാദ് ആർട്സ് സൊസൈറ്റി (1965), കേരള ലളിതകലാ അക്കാദമി (1974, 1983, 1989) കൽക്കത്ത ഫൈൻ ആർട്സ് അക്കാദമി (1967, 68) എന്നീ സമിതികളുടെ അവാർഡുകൾ ജയപാലപ്പണിക്കർക്കു ലഭിച്ചിട്ടുണ്ട്. 1989-ൽ കേന്ദ്ര ലളിതകലാ അക്കാദമി അവാർഡും കേന്ദ്ര സർക്കാർ ഫെലോഷിപ്പും ലഭിച്ചു.[3]

ചോഴമണ്ഡലം[തിരുത്തുക]

ചോഴമണ്ഡലം കലാഗ്രമാത്തിന്റെ സ്ഥാപനത്തിൽ കെ.സി.എസ് പണിക്കർക്കൊപ്പം സജീവമായി പങ്കെടുത്തു. ആർട്ട് ആന്റ് ഹാന്റിക്രാഫ്റ്റ്സ് അസോസിയേഷൻ പ്രവർത്തകരോടൊപ്പം 1960 മുതൽ 1975 വരെ ചെന്നൈയിൽ പ്രവർത്തിച്ചു. വിവാഹത്തിനു ശേഷം കേരളത്തിലേക്കു മടങ്ങി. എങ്കിലും അസോസിയേഷൻ മീറ്റിംഗുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തു. കേരളത്തിൽ തിരിച്ചു വന്നതിനു ശേഷം ചിത്രകലയോടൊപ്പം ബാത്തിക്, ടെറക്കോട്ട, മെറ്റൽ റിലീഫ് എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചു. കോവളം കേന്ദ്രീകരിച്ചു ബാത്തിക് തുണിത്തരങ്ങളുടെ നിർമ്മാണവും വിപണനവും നടത്തി. ബാത്തിക് ചിത്ര നിർമ്മാണത്തിനു വേണ്ടി തമിഴർ ഉപയോഗിക്കുന്ന 'തുറുകോൽ' എന്ന ബ്രഷ് മുടി ഉപയോഗിച്ച് അദേദഹം രൂപപ്പെടുത്തിയതാണ്. ബാത്തിക് പെയിന്റിംഗ് സങ്കേതത്തിനാവശ്യമായ അനുയോജ്യമായ ഉപകരണങ്ങൾ പരമേശ്വർ എന്ന തമിഴ് കലാകാരനോടൊപ്പം ചേർന്ന് വികസിപ്പിച്ചെടുത്തു. ബാത്തിക് ശൈലി കേരളത്തിൽ പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ്. [4]പന്ത്രണ്ട് ചിത്രങ്ങളുൾപ്പെടുത്തി നോക്കുകുത്തി എന്നൊരു ചിത്ര പരമ്പര ചെയ്തിട്ടുണ്ട്. ബ്രസീൽ, ആംസ്റ്റർഡാം, വിയന്ന, ഓസ്ലോ, മിലാൻ, ഇറ്റലി, ലണ്ടൻ, പാരീസ്, ധീക്ക, ചിലി, പ്രേഗ്, കൊലാലംപൂര് തുടങ്ങിയ രാജ്യങ്ങളിൽ ജയപാലപ്പണിക്കരുടെ ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. [5]

2003 നവംബർ അഞ്ചിന് അന്തരിച്ചു.[1] നിരവധി ശില്പങ്ങളും നിർമ്മിച്ചു.

പ്രധാന രചനകൾ[തിരുത്തുക]

ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്
ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശില്പ്പം
 • മലമ്പുഴയിലെ മുതല
 • കൊല്ലത്ത് സോപാനത്തിലെ കുണ്ഡലനി ശില്പം
 • കൊല്ലം രാമവർമ്മാ ക്ലബ്ബിൽ ചെമ്പുതകിടിൽ തീർത്ത സൂര്യമുഖ റിലീഫ്
 • കൊല്ലം കാർത്തിക ബാറിലെ മ്യൂറൽ
 • കുപ്പണ കൊല്ലേരി ശിവ ക്ഷേത്രത്തിലെ മ്യൂറൽ - ഓം നമഃശിവായ
 • കൊല്ലം പ്രണവം തീയറ്ററിലെ മ്യൂറൽ
 • കൊല്ലം അർച്ചന ആരാധന തീയറ്ററിലെ മ്യൂറൽ

പുരസ്കാരങ്ങൾ[തിരുത്തുക]

 • 1965-ൽ മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം
 • 1974-ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം
 • 1989-ൽ കേന്ദ്രലളിതകലാ അക്കാദമി പുരസ്കാരം.[6]
 • 2001-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പും കരസ്ഥമാക്കി.[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "Jayapala Panikkar dead" (in ഇംഗ്ലീഷ്). The Hindu. നവംബർ 6, 2003. Archived from the original on 2010-04-30. Retrieved മേയ് 20, 2010.
 2. മൗനത്തിന്റെ മുഴക്കം, ജയപാലപ്പണിക്കരുടെ ചിത്രകലാലോകം, പെരിനാട് കെ. സുരേന്ദ്രൻ, പേജ് 20, കേരള ലളിതകലാ അക്കാദമി, തൃശ്ശൂർ
 3. http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D,_%E0%B4%95%E0%B5%86._(1937%C2%A0-_)
 4. മൗനത്തിന്റെ മുഴക്കം, പേജ് 27,28
 5. "ജയപാലപ്പണിക്കർ യാത്രയായിട്ട് പതിനൊന്നാണ്ട്". www.mathrubhumi.com/. Retrieved 5 നവംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
 6. "K. Jayapal Panicker Profile" (in ഇംഗ്ലീഷ്). Cholamandal Artists' Village. Archived from the original on 2010-04-09. Retrieved മേയ് 20, 2003.


"https://ml.wikipedia.org/w/index.php?title=കെ._ജയപാലപ്പണിക്കർ&oldid=4093743" എന്ന താളിൽനിന്ന് ശേഖരിച്ചത്