ജമീല ബൂഹിറദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമീല ബൂഹിറദ്
ജനനംജൂൺ 1935 (വയസ്സ് 88–89)
ദേശീയതഅൾജീരിയൻ
സംഘടന(കൾ)Armée de Libération Nationale (ALN)
പ്രസ്ഥാനംനാഷണൽ ലിബറേഷൻ ഫ്രണ്ട് (അൾജീരിയ)
ജീവിതപങ്കാളി(കൾ)ജാക്വസ് വെർഗാസ് (1965[1]–1970)

അൾജീരിയൻ സ്വാതന്ത്ര്യസമരത്തിലെ ഒരു തീവ്ര ദേശീയവാദി നേതാവാണ് ജമീല ബൂഹിറദ് ( അറബി: جميلة بوحيرد , ജനനം സി. 1935 [2] ). അൾജീരിയയിലെ ഫ്രഞ്ച് കൊളോണിയൽ ഭരണത്തെ എതിർത്ത ജമീല നാഷണൽ ലിബറേഷൻ ഫ്രണ്ട്, നാഷണൽ ലിബറേഷൻ ആർമി എന്നിവയിൽ സജീവ പ്രവർത്തകയായിരുന്നു. 2020-ൽ തുനീഷ്യ തങ്ങളുടെ ബഹുമതിയായ ഓർഡർ ഓഫ് റിപ്പബ്ലിക് (ഗ്രാൻഡ് ഓഫീസർ) നൽകി ജമീലയെ ബഹുമാനിച്ചിരുന്നു[3].

ജീവിതരേഖ[തിരുത്തുക]

അൾജീരിയക്കാരനായ പിതാവിനും തുനീഷ്യക്കാരിയായ മാതാവിനും ജനിച്ച ജമീല[4], അൾജീരിയയിലെ ഒരു ഫ്രഞ്ച് സ്കൂളിലാണ് പഠനം നടത്തിയത്. ഫ്രെഞ്ച് സ്കൂളിൽ വിദ്യാർത്ഥികളെല്ലാം രാവിലെ ഫ്രാൻസ് എന്റെ മാതൃരാജ്യമാണ് എന്ന് പ്രതിജ്ഞ ചെയ്യുമ്പോൾ അൾജീരിയ എന്റെ മാതൃരാജ്യമാണ് എന്ന് വിളിച്ചുപറഞ്ഞതിന് പ്രിൻസിപ്പൽ കുട്ടിയായ ജമീലയെ ശിക്ഷിച്ചിരുന്നു. ഇതോടെ അൾജീരിയൻ ദേശീയതയിലേക്ക് ഉള്ള ജമീലയുടെ പ്രവേശനം സംഭവിക്കുകയായിരുന്നു. അവരുടെ സഹോദരന്മാർ ഇതിനിടെ തന്നെ നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ സജീവമായിരുന്നതിനാൽ ജമീലയും ഉടനെ തന്നെ മുന്നണിയിൽ ചേർന്നു.

വിദ്യാഭ്യാസ കാലത്ത് തന്നെ അൾജീരിയൻ നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ ചേർന്ന അവർ സംഘടനയിൽ ഒരു ഓഫീസർ ആയി പ്രവർത്തിച്ചു വന്നു. ഫ്രണ്ട് കമാണ്ടറായിരുന്ന യാസിഫ് സാദിയുടെ സഹായിയായി കൂടി അവർ പ്രവർത്തിച്ചു വന്നു[5]. മുന്നണിയിൽ വളരെ പെട്ടെന്ന് തന്നെ ഉന്നതങ്ങളിലേക്ക് ജമീല വളർന്നു.

ദ ഇൻസ്റ്റാളേഴ്സ് ഓഫ് ബോംബ്സ് (അൾജീരിയ വാർ).

1957-ൽ കസ്ബയിലെ വലിയ ഒരു പ്രകടനത്തിനിടെ ഫ്രെഞ്ചുകാരുടെ പിടിയിലായ ജമീല, 17 ദിവസത്തോളം നീണ്ട ക്രൂരപീഡനങ്ങൾക്ക് ഇരയായതായി അവർ വെളിപ്പെടുത്തുന്നുണ്ട്. പീഡനമേൽക്കുമ്പോളെല്ലാം അൾജീരിയ തന്റെ മാതൃരാജ്യം എന്ന് ആവർത്തിച്ചു പറഞ്ഞതല്ലാതെ ഇതിനിടയിലൊന്നും താൻ ഒരു രഹസ്യ വിവരവും വെളിപ്പെടുത്തുകയുണ്ടായില്ലെന്ന് അവർ പറയുന്നു.

1957 ജുലൈയിൽ കഫേ ബോംബിങ് കേസിൽ മറ്റൊരു വിപ്ലവ പ്രവർത്തകയായ ജമീല ബൗസക്കൊപ്പം കേസിൽ പെട്ടതോടെ ഫ്രെഞ്ച് നിയമജ്ഞനായിരുന്ന ജാക്വസ് വെർഗാസ് ഇവർക്കായി വാദിച്ചു. പ്രശസ്തമായ ഈ വിചാരണയിൽ ഈ സംഭവം ഫ്രെഞ്ച് അധികൃതർ നിർമ്മിച്ചെടുത്തതാണെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും മുഖവിലക്കെടുക്കാതെ ഫ്രെഞ്ച് കോടതി ജമീലയെ ഗില്ലറ്റിൻ ഉപയോഗിച്ചുള്ള വധശിക്ഷക്ക് വിധേയമാക്കാൻ വിധിച്ചു.

വിധി വന്നതോടെ ഈ വധശിക്ഷക്കെതിരെ ജാക്വസ് വെർഗാസ് ഹരജി സമർപ്പിച്ചു. കൂടാതെ രാജ്യത്തുടനീളം ഈ വധശിക്ഷക്കെതിരെ വൻ പ്രതിഷേധം ഉയർന്നു വന്നു. മൊറോക്കോയിലെ ലൈലാ രാജകുമാരി ഫ്രെഞ്ച് പ്രസിഡന്റിനെ ബന്ധപ്പെട്ട് വധശിക്ഷ ഒഴിവാക്കാനായി അപേക്ഷിച്ചു. വധശിക്ഷ അങ്ങനെ ഒഴിവാക്കപ്പെട്ടു എങ്കിലും 1962 വരെ ജയിലിൽ തന്നെ തുടർന്നു[4]. അൾജീരിയൻ യുദ്ധത്തിന്റെ അവസാനത്തോടെ മറ്റു തടവുകാരോടൊപ്പം ജമീലയും വിമോചിതയായി.

ജാക്വസ് വെർഗാസ് ഫ്രെഞ്ച് ഭരണകൂടത്തിന്റെ ശത്രുവായി ഇതോടെ മാറിയിരുന്നു. നിരവധി വധശ്രമങ്ങൾ ഇദ്ദേഹത്തിനെതിരെ നടന്നു എങ്കിലും അതിനെ അതിജീവിച്ച അദ്ദേഹം അൾജീരിയൻ സ്വാതന്ത്ര്യത്തിന് ശേഷം ജമീലയെ വിവാഹം കഴിച്ചു. മിറിയം, ലൈസ് എന്നീ മക്കൾ അവർക്കുണ്ടായി. 1970-ൽ ഏഴ് വർഷത്തെ ദാമ്പത്യം വേർപിരിഞ്ഞതോടെ ജമീല[6], അൾജീരിയൻ വിമൻ അസോസിയേഷന്റെ അധ്യക്ഷസ്ഥാനം വഹിച്ചു. രാഷ്ട്രത്തിന്റെ പ്രസിഡന്റായിരുന്ന അഹ്‌മദ് ബിൻ ബെല്ലയുടെ വിമർശകയായിരുന്നു ജമീല.

സ്വതന്ത്ര അൾജീരിയയിൽ സ്ത്രീ അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി പ്രവർത്തിക്കുന്ന ജമീല, മേഖലയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും തന്റെ പ്രവർത്തന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്[4].

അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിൽ താമസിക്കുന്ന ജമീല ബൂഹറിദ്, 2019 ലെ അൾജീരിയൻ പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിലും മാർച്ചുകളിലും സജീവമാണ്.[7]

സാഹിത്യത്തിൽ[തിരുത്തുക]

1966-ൽ ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ് എന്ന സിനിമയിൽ മൂന്ന് ബോംബർമാരിൽ ഒരാളായി ജമീല ചിത്രീകരിക്കപ്പെടുന്നു. ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷാഹിന്റെ ജമീല, ദ അൾജീരിയൻ (1958), ജാക്വസ് വെർഗാസിനെ കുറിച്ചുള്ള ടെറേഴ്സ് അഡ്വക്കേറ്റ് (ഡോക്യുമെന്ററി) എന്നീ ചിത്രങ്ങളിലും ജമീല ബൂഹറിദ് ചിത്രീകരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Jones, Mother (May 1987). Mother Jones Magazine. Retrieved 2016-06-02. {{cite book}}: |website= ignored (help)
  2. Kuhlman, Erika A. (2002). A to Z of women in world history. Infobase Publishing. p. 176. ISBN 978-0-8160-4334-7. Retrieved 6 November 2010.
  3. "من هي أيقونة الثورة التي منحها رئيس تونس أعلى وسام؟". Al Arabiya (in Arabic). 23 January 2020.{{cite web}}: CS1 maint: unrecognized language (link)
  4. 4.0 4.1 4.2 "Bouhired, Djamila (1937—) - Dictionary definition of Bouhired, Djamila (1937—) - Encyclopedia.com: FREE online dictionary". www.encyclopedia.com.
  5. "A Savage Peace: Algeria 1954-1962, by Alistair Horne, copyright 1977, 1987, 1996 and 2006 by Alistair Horne
  6. "Archived copy". Archived from the original on 2018-04-09. Retrieved 2018-04-08.{{cite web}}: CS1 maint: archived copy as title (link)
  7. "Algeria: Tens of thousands protest president's bid for fifth term". www.aljazeera.com.
"https://ml.wikipedia.org/w/index.php?title=ജമീല_ബൂഹിറദ്&oldid=3924144" എന്ന താളിൽനിന്ന് ശേഖരിച്ചത്