Jump to content

ജംഷേട്ജി ജീജീഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർ ജംഷേട്ജി ജീജീഭായ്
ജംഷേട്ജി ജീജീഭായ്, 1959-ലെ ഇന്ത്യൽ തപാൽ സ്റ്റാമ്പിൽ.
ജനനം(1783-07-15)15 ജൂലൈ 1783
മരണം14 ഏപ്രിൽ 1859(1859-04-14) (പ്രായം 75)
തൊഴിൽവ്യാപാരി, മനുഷ്യകാരുണ്യ പ്രവർത്തകൻ
ജീവിതപങ്കാളി(കൾ)ആവാബായ്
കുട്ടികൾകർസെറ്റ്ജി, റുസ്തംജി, സൊറാബ്‌ജി, പിറോജ്‌ബായി[1]

ബോംബെ ആസ്ഥാനമാക്കിയ ഒരു ഇന്ത്യൻ പാർസി വ്യാപാരിയും മനുഷ്യകാരുണ്യപ്രവർത്തകനുമായിരുന്നു സർ ജംഷേട്ജി ജീജീഭായ്(15 ജൂലൈ 1783 - 14 ഏപ്രിൽ 1859[2]). ചൈനയുമായുള്ള പരുത്തി, കറുപ്പ് വ്യാപാരങ്ങളിലൂടെ അദ്ദേഹം അതിസമ്പന്നന്നായി മാറി.[3][4][5]

ആദ്യകാലജീവിതം

[തിരുത്തുക]

1783-ൽ ബോംബെയിൽ (ഇപ്പോൾ മുംബൈ) മെർവാൻജി മക്‌ജി ജീജീഭായിയുടെയും ജീവീഭായി കോവാസ്ജി ജീജീഭായിയുടെയും മകനായി ജംഷേട്ജി ജനിച്ചു. 1770-കളിൽ ബോംബെയിലേക്ക് കുടിയേറിയ, ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഒരു തുണിവ്യാപാരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.[6] ജംഷേട്ജിയുടെ രണ്ട് മാതാപിതാക്കളും 1799-ൽ മരിച്ചു. 16-ആമത്തെ വയസ്സിൽ മാതൃസഹോദരനായ ഫ്രാംജി നാസർവാൻജി ബാട്ട്‌ലിവാലയുടെ ശിക്ഷണത്തിലായി.

വ്യാപാരത്തിൽ

[തിരുത്തുക]
ജംഷേട്ജിയുടെ ഒരു രേഖാചിത്രം, 1857
ജീജീഭായിയുടെ വസതി, ദ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് , 1858
ബോംബെ നേറ്റീവ് ഹോസ്പിറ്റൽ (പിൽക്കാലത്തെ ജെ.ജെ. ഹോസ്പിറ്റൽ)

ഔപചാരിക വിദ്യാഭ്യാസം ഒന്നുമില്ലാതെ തന്നെ[7] 16-ആം വയസ്സിൽ തന്നെ അദ്ദേഹം കൽക്കട്ടയിൽ തന്റെ ആദ്യ സന്ദർശനം നടത്തി. തുടർന്ന് പരുത്തി, കറുപ്പ് എന്നിവയുടെ വ്യാപാരത്തിനായി ചൈനയിലേക്കുള്ള തന്റെ ആദ്യ യാത്ര ആരംഭിച്ചു.[8]

ചൈനയിലേക്കുള്ള രണ്ടാം യാത്രയുടെ മടക്കത്തിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ ഫ്രഞ്ച് നാവികസേനയുമായി ഏറ്റുമുട്ടുകയും അവരെ തുരത്തുകയുമുണ്ടായി. ഈ ഏറ്റുമുട്ടൽ പുലോ ഓറ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നു. നാലാമത്തെ ചൈനായാത്രയിൽ ഫ്രഞ്ചുകാർ അദ്ദേഹത്തെ പിടികൂടി ഗുഡ് ഹോപ്പ് മുനമ്പിൽ തടവിലാക്കി. ഏറെ കഷ്ടപ്പാടുകൾക്ക് ശേഷം അദ്ദേഹം ഒരു ഡാനിഷ് കപ്പലിൽ ഇന്ത്യയിൽ മടങ്ങിയെത്തി.[7] വീണ്ടും ചൈനയിലേക്ക് തിരിച്ച അദ്ദേഹം കച്ചവടത്തിൽ മികച്ച നേട്ടവുമായാണ് മടങ്ങിയത്.[7]

ഈ സമയമായപ്പോഴേക്കും ജംഷേട്ജി ഗണ്യമായ സമ്പത്തുള്ള ഒരു സംരംഭക-വ്യാപാരി എന്ന നിലയിൽ പ്രശസ്തനായിരുന്നു. 1803-ൽ അദ്ദേഹം തന്റെ മാതൃസഹോദരന്റെ മകൾ അവബായിയെ വിവാഹം കഴിച്ചു. ഇവരുടെ വിവാഹം ശൈശവത്തിൽ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു.[1]. ഈ ദമ്പതികൾക്ക് ഏഴ് പുത്രന്മാരും മൂന്ന് പുത്രികളും ജനിച്ചുവെങ്കിലും ആദ്യത്തെ നാലു പുത്രന്മാരും രണ്ട് പുത്രികളും ബാലാരിഷ്ടതകളാൽ മരണപ്പെട്ടു. കർസെറ്റ്ജി, റുസ്തംജി, സൊറാബ്‌ജി എന്നീ ആൺമക്കളും പിറോജ്‌ബായി എന്ന മകളും മാത്രമാണ് അതിജീവിച്ചത്.

ബോംബെയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം തന്റെ വാണിജ്യ പ്രവർത്തനങ്ങൾ വിപുലമായ തോതിൽ നയിച്ചു. ഈ സമയത്ത്, ഗുജറാത്തി സമുദായത്തിലെ പേരുകൾക്ക് സമാനമായി തോന്നുന്നതിനായി അദ്ദേഹം തന്റെ പേര് "ജാംഷെഡ്" എന്നതിൽ നിന്ന് "ജംഷേട്ജി" എന്നാക്കി മാറ്റി. 40 വയസ്സായപ്പോഴേക്കും അദ്ദേഹം രണ്ട് കോടിയിലധികം രൂപ സമ്പാദിച്ചു. അക്കാലത്ത് ഇത് അതിശയിപ്പിക്കുന്ന ഒരു തുകയായിരുന്നു. നെപ്പോളിയൻ യുദ്ധങ്ങളുടെ സമയത്ത് പരുത്തി വ്യാപാരത്തിൽ നിന്ന് കൂടുതൽ സമ്പത്ത് അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് അദ്ദേഹം സ്വന്തമായി ഒരു കപ്പൽ വ്യൂഹം വാങ്ങി.

"കർശനമായ സമഗ്രത, ഉല്പാദനക്ഷമത, തന്റെ എല്ലാ വാണിജ്യ ഇടപാടുകളിലും ഉള്ള സമയനിഷ്ഠ എന്നിവയാൽ, വിദൂര വിപണികളിൽ പോലും ബോംബെ വ്യാപാരത്തിന്റെ സൽപ്പേര് ഉയർത്തുന്നതിൽ അദ്ദേഹം പങ്കുവഹിച്ചു."[9] എന്ന് അന്നത്തെ ബോംബെ ഗവർണറായിരുന്ന ലോർഡ് എൽഫിൻസ്റ്റൺ ജംഷേട്ജിയെക്കുറിച്ച് പറയുകയുണ്ടായി.

1818-ൽ അദ്ദേഹം "ജംഷേട്ജി ജീജീഭായ് ആൻഡ് കോ" എന്ന ബിസിനസ്, വ്യാപാര, ഷിപ്പിംഗ് സ്ഥാപനം രൂപീകരിച്ചു. മറ്റ് രണ്ട് കൂട്ടാളികളായ മോത്തിചന്ദ് അമിചന്ദ്, മുഹമ്മദ് അലി റോഗേ എന്നിവർ ബിസിനസ്സ് അസോസിയേറ്റ്‌സ് എന്ന നിലയിൽ ഒപ്പം ചേർന്നു. പിന്നീട് ഗോവ സ്വദേശിയായ റോജേരിയോ ഡി ഫാരിയയും അദ്ദേഹത്തോടൊപ്പം ചേർന്നു. ചൈനയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകൾ കാന്റൺ ആസ്ഥാനമായുള്ള ജാർഡിൻ മത്തേസൺ ആൻഡ് കമ്പനിയുമായി ഒരു നീണ്ട വ്യാപാര പങ്കാളിത്തത്തിൽ കലാശിച്ചു. ജീജീഭായിയുമായുള്ള ലാഭകരവും സൗഹാർദ്ദപരവുമായ ബന്ധം തങ്ങളുടെ മഹത്തായ സ്ഥാപനം കെട്ടിപ്പടുക്കാൻ അവർക്ക് നിർണായകമായി. ജാർഡിൻ മത്തേസൺ ആൻഡ് കമ്പനിയുടെ ഹോങ്കോങ്ങിലെ ഓഫീസിൽ ജീജീഭോയിയുടെ ഛായാചിത്രം ഇന്നുമുണ്ട്.[10] ബ്രിട്ടീഷ് സാമ്രാജ്യത്വ അധികാരികൾ ബോംബെയിലെ ഇന്ത്യൻ സമൂഹത്തിന്റെ മുഖ്യ പ്രതിനിധിയായാണ് അദ്ദേഹത്തെ കണ്ടിരുന്നത്.[11]

ജീവകാരുണ്യപ്രവർത്തനങ്ങൾ

[തിരുത്തുക]

തന്റെ ആദ്യകാലജീവിതത്തിൽ ദാരിദ്ര്യത്തിന്റെ ദുരിതങ്ങൾ അനുഭവിച്ച ജംഷേട്ജി തന്റെ ദരിദ്രരായ നാട്ടുകാരോട് വലിയ സഹതാപം പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ജീവിതത്തിൽ മനുഷ്യരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. എല്ലാ മതസ്ഥരും ഒരുപോലെ അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായി. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ബോംബെ, നവസാരി, സൂറത്ത്, പൂനെ എന്നിവിടങ്ങളിൽ, ആശുപത്രികൾ, സ്‌കൂളുകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ തുടങ്ങിയവ ജംഷേട്‌ജി പണികഴിപ്പിക്കുകയോ അതിനായി സംഭാവന നൽകുകയോ ചെയ്തു. കൂടാതെ കിണറുകൾ, ജലസംഭരണികൾ, പാലങ്ങൾ, കോസ്‌വേകൾ തുടങ്ങി നിരവധി പൊതുപ്രവർത്തനങ്ങളുടെ നിർമ്മാണത്തിന് അദ്ദേഹം ധനസഹായം നൽകി. 1859-ൽ അദ്ദേഹം മരിക്കുമ്പോഴേക്കും 230,000-ലധികം പൗണ്ട് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയതായി കണക്കാക്കപ്പെടുന്നു. 1822-ൽ ബോംബെയിലെ സിവിൽ ജയിലിലെ എല്ലാ ദരിദ്രരുടെയും കടങ്ങൾ അദ്ദേഹം വ്യക്തിപരമായി വീട്ടിയതോടെയാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജീജീഭായിയുടെ ശ്രദ്ധേയമായ ചില ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

 • മാഹിം കോസ്‌വേ: മാഹിം ദ്വീപിനെ ബാന്ദ്രയുമായി ബന്ധിപ്പിക്കുന്നതിന് ഒരു കോസ്‌വേ നിർമ്മിക്കാൻ ബ്രിട്ടീഷ് സർക്കാർ വിസമ്മതിച്ചിരുന്നു. ജംഷേട്ജിയുടെ ഭാര്യ ആവാബായ് അതിന്റെ നിർമ്മാണത്തിനായി 155,800 രൂപ ചെലവഴിച്ചു. അവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 1841-ൽ തുടങ്ങിയ പണി നാലു വർഷത്തിനു ശേഷം പൂർത്തിയായതായി കരുതപ്പെടുന്നു.
 • ബോംബെ നേറ്റീവ് ഹോസ്പിറ്റൽ (ഇന്നത്തെ സർ ജെ.ജെ. ഹോസ്പിറ്റൽ) പണിയാൻ 1,00,000 രൂപ സംഭാവന നൽകി.
 • സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട് , സർ ജെ.ജെ. കോളേജ് ഓഫ് ആർക്കിടെക്ചർ, സർ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ട്, സേഠ് ആർ.ജെ.ജെ. ഹൈസ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ നിർമ്മിക്കാനും അവയുടെ നടത്തിപ്പിലേക്കും അദ്ദേഹം സംഭാവന നൽകി. തന്റെ സഹമതസ്ഥരെ സഹായിക്കുന്നതിനായി അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും 1849-ൽ "സർ ജംഷേട്ജി ജീജീഭായ് പാഴ്സി ബെനവലന്റ് ഫണ്ട്" രൂപീകരിക്കുകയും ചെയ്തു.
 • പൂനയിലെ ജലസംഭരണിയുടെ മുഴുവൻ ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും അദ്ദേഹം നൽകി. ബാക്കിയുള്ളത് സർക്കാരിൽ നിന്നും ലഭിച്ചു.[12]
 • 1822 ജൂലൈയിൽ ഫർദുൺജി മാർസ്ബാൻ സ്ഥാപിച്ച ബോംബെ സമാചാറിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. 1838-ൽ സർ ജംഷേട്ജി ഉൾപ്പെട്ട ഒരു സിൻഡിക്കേറ്റ് ആണ് ബോംബെ ടൈംസ് ആരംഭിച്ചത്. 1861-ൽ അത് ടൈംസ് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1859-ൽ സ്ഥാപിതമായ ജാം-ഇ-ജാംഷെഡ് പ്രസ്സിന് ജംഷേട്ജി മികച്ച സംഭാവന നൽകിയിരുന്നു.[13]
 • ലണ്ടൻ ആർക്കിടെക്റ്റ് രൂപകല്പന ചെയ്ത വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം (ഇന്നത്തെ ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം) ജംഷേട്ജി, ഡേവിഡ് സസ്സൂൺ, ജഗനാഥ് ശങ്കർസേഠ് തുടങ്ങിയ സമ്പന്നരായ ഇന്ത്യൻ വ്യവസായികളുടെയും മനുഷ്യസ്‌നേഹികളുടെയും രക്ഷാകർതൃത്വത്തോടെയാണ് നിർമ്മിച്ചത്.
 • 1822-നും 1838-നും ഇടയിൽ, തിരക്കേറിയ ഫോർട്ട് പ്രദേശത്തെ കന്നുകാലികൾ വിക്ടോറിയ ടെർമിനസിന് എതിർവശത്തുള്ള തുറന്ന മൈതാനമായ ക്യാമ്പ് മൈദാനിൽ (ഇന്നത്തെ ആസാദ് മൈദാൻ) സ്വതന്ത്രമായി മേയാൻ ഉപയോഗിച്ചിരുന്നു. 1838-ൽ ബ്രിട്ടീഷ് ഭരണാധികാരികൾ പല കന്നുകാലി ഉടമകൾക്കും താങ്ങാൻ കഴിയാത്ത ഒരു 'മേച്ചിൽ കൂലി' കൊണ്ടുവന്നു. അതിനാൽ സർ ജംഷേട്ജി ജീജീഭായ് 20,000 രൂപ ചെലവഴിച്ച് താക്കൂർദ്വാറിലെ കടൽത്തീരത്തിനടുത്തുള്ള പുൽമേടുകൾ സ്വന്തം നിലക്ക് വാങ്ങി അവിടെ കാലിമേച്ചിൽ അനുവദിച്ചു. കാലക്രമേണ ഈ പ്രദേശം മേച്ചിൽ എന്ന അർത്ഥത്തിൽ "ചർണി" എന്നറിയപ്പെട്ടു. പിൽക്കാലത്ത് ഇവിടെ റെയിൽവേ സ്റ്റേഷൻ പണിതപ്പോൾ അതിനെ ചർണി റോഡ് എന്നായിരുന്നു വിളിച്ചിരുന്നത്.
 • ബെല്ലാസിസ് റോഡിൽ സർ ജെ.ജെ. ധർമ്മശാല സ്ഥാപിക്കാൻ അദ്ദേഹം 1,45,403 രൂപ നൽകി. ഇന്നും ഇവിടെ നിന്ന് അനേകം വൃദ്ധർക്കും നിരാലംബർക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും മരുന്നുകളും സൗജന്യമായി ലഭിക്കുന്നു. കഴിഞ്ഞ 150 വർഷമായി അവരുടെ എല്ലാ ആവശ്യങ്ങളും ജാതി, മത, മത ഭേദമില്ലാതെ ഈ ധർമ്മശാല ഏറ്റെടുക്കുന്നു. വയോജനങ്ങൾക്കുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സൗജന്യ ഭവനമാണ് ഈ ധർമ്മശാല.
 • അയർലണ്ടിലെ ക്ഷാമം (1822), ഫ്രാൻസിലെ വെള്ളപ്പൊക്കം (1856), ബോംബെ അഗ്നിബാധ (1803), സൂറത്ത് അഗ്നിബാധ(1837) എന്നീ ദുരന്തങ്ങളിലും ജാതിയുടെയോ മതത്തിന്റെയോ വിവേചനമില്ലാതെ അദ്ദേഹം സഹായഹസ്തം നീട്ടി.

ജീജീഭായുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം അദ്ദേഹത്തിന് 1842-ൽ സർ ബഹുമതിയും 1857-ൽ ബാരനെറ്റ് എന്ന പാരമ്പര്യസ്ഥാനവും നൽകുകയുണ്ടായി.[14] ഇന്ത്യയിലെ ഒരു പ്രജയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യം ഇത്തരത്തിലുള്ള പദവികൾ നൽകിയ ആദ്യത്തെ സംഭവങ്ങളായിരുന്നു ഇവ.[7]

നിര്യാണം

[തിരുത്തുക]

1859 ഏപ്രിൽ 14-ന്, തന്റെ 74-ആം വയസ്സിൽ അദ്ദേഹം മുംബൈയിൽ നിര്യാതനായി.[2]

അവലംബം

[തിരുത്തുക]
 1. 1.0 1.1 https://web.archive.org/web/20110712215309/http://www.homidhalla.com/downloads/lesser_known_facts.pdf
 2. 2.0 2.1 JEJEEBHOY of Bombay, India. leighrayment.com
 3. Palsetia, Jesse S (2001), The Parsis of India the Parsis of India: Preservation of Identity in Bombay City Preservation of Identity in Bombay City By., Leiden, Netherlands: Brill Academic Publishers, p. 55, ISBN 9004121145
 4. Prakash, Gyan (2001), Mumbai Fables, New Delhi: Harpercollins, p. 00, ISBN 9350291665
 5. Farooqui, Amar (2001), Smuggling as Subversion: Colonialism, Indian Merchants, and the Politics of Opium, 1790-1843, New Delhi: Lexington Books, p. 210, ISBN 0739108867
 6. Jansetjee Jejeebhoy. Encyclopedia Iranica. Retrieved 16 August 2015.
 7. 7.0 7.1 7.2 7.3 Bhownagree, Mancherjee Merwanjee (1911). "Jeejeebhoy, Sir Jamsetjee" . In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 15 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 300.
 8. Rungta, Shyam, The Rise of Business Corporations in India, 1851–1900, New Delhi: Cambridge University Press, p. 57, ISBN 0-521-07354-5
 9. "Yatha Ahu Vairyo Mohalla". 30 January 2012.
 10. "Jamsetjee Jeejeebhoy: China, William Jardine, the Celestial, and other HK connections".
 11. Karaka, D. F. (1884). History of the Parsis. London.{{cite book}}: CS1 maint: location missing publisher (link)
 12. Manuel, Thomas (4 May 2019). "The opium trader who became one of India's richest men". The Hindu (in Indian English). ISSN 0971-751X. Retrieved 9 May 2019.
 13. "SIR JAMSETJEE JEJEEBHOY – LESSER KNOWN FACTS" (PDF). 12 July 2011. Archived from the original (PDF) on 12 July 2011. Retrieved 9 May 2019.
 14. "No. 22003". The London Gazette. 19 May 1857. p. 1770.
"https://ml.wikipedia.org/w/index.php?title=ജംഷേട്ജി_ജീജീഭായ്&oldid=3706815" എന്ന താളിൽനിന്ന് ശേഖരിച്ചത്