ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2025 ജൂൺ) |
മധ്യകേരളത്തിൽ, എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഒക്കൽ ഗ്രാമപഞ്ചായത്തിൽ ചേലാമറ്റം ദേശത്ത് പെരിയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മോക്ഷദായകഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനും ഭക്തപ്രഹ്ലാദനെ അനുഗ്രഹിച്ച് ശാന്തഭാവത്തിൽ നിൽക്കുന്ന നരസിംഹമൂർത്തിയുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ, അടുത്തുതന്നെ പ്രത്യേക ക്ഷേത്രങ്ങളിൽ വാമനമൂർത്തി, ഭദ്രകാളി എന്നീ ദേവതകൾക്കും ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവർക്കും ഇവിടെ സാന്നിദ്ധ്യമുണ്ട്. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഒരുമിച്ചുവാഴുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണ് ഇവിടം. പിതൃക്രിയകൾക്ക് വളരെ പേരുകേട്ട ഒരു ക്ഷേത്രമാണിത്. തിരുനാവായ, തിരുവല്ലം, തിരുനെല്ലി തുടങ്ങിയ ക്ഷേത്രങ്ങൾക്കൊപ്പമാണ് ബലിക്രിയകളിൽ ചേലാമറ്റത്തിനും സ്ഥാനം. ഇവിടെവന്ന് പിതൃക്രിയകൾ നടത്തി, പ്രതിമയിൽ ആവാഹിച്ചുവച്ചാൽ ഏത് ഗതികിട്ടാത്ത ആത്മാവിനും മോക്ഷം ലഭിയ്ക്കുമെന്നാണ് ഭക്തവിശ്വാസം. മകരമാസത്തിലെ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവം, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വൈശാഖമാസത്തിലെ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ തന്നെയുള്ള ഓണം, മേടമാസത്തിലെ വിഷു, കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസിദിവസങ്ങൾ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
ഐതിഹ്യങ്ങൾ
[തിരുത്തുക]പെരിയാറിന്റെ ഒഴുക്ക്
[തിരുത്തുക]ചേലാമറ്റം ദേശത്തുള്ള പ്രധാനപ്പെട്ട ഒരു പ്രത്യേകതയാണ്, കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഒഴുക്ക്. ഇന്ന് തമിഴ്‌നാട്ടിൽ വരുന്ന മേഘമലയിൽ നിന്നുദ്ഭവിച്ച്, അറബിക്കടൽ ലക്ഷ്യമാക്കി പടിഞ്ഞാറോട്ടൊഴുകുന്ന പെരിയാർ, പക്ഷേ ഇവിടെയെത്തുമ്പോൾ അല്പദൂരം കിഴക്കോട്ടൊഴുകുന്നു. ഇതുമൂലം കാശിയ്ക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഈ പുണ്യഭൂമി, അതുവഴി ദക്ഷിണ കാശി എന്നറിയപ്പെടുന്നു. ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കാഞ്ഞൂർ മുതലാണ് നദി ഇങ്ങനെയൊഴുകാൻ തുടങ്ങുന്നത്. ഇവിടെ ഇങ്ങനെ വന്നതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
ത്രേതായുഗത്തിൽ, രാമ-രാവണയുദ്ധം നടക്കുന്ന വേളയിൽ, രാവണപുത്രനായ ഇന്ദ്രജിത്ത് അയച്ച അസ്ത്രമേറ്റ് ലക്ഷ്മണൻ വീഴുകയുണ്ടായി. അതീവഗുരുതരവാസ്ഥയിലായ ലക്ഷ്മണന്റെ ജീവൻ രക്ഷിയ്ക്കാൻ ശ്രീരാമന്റെ ആജ്ഞയനുസരിച്ച് ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരാൻ പുറപ്പെടുകയുണ്ടായി. അങ്ങനെ ഹിമാലയത്തിൽ അത്തരമൊരു സ്ഥലത്തെത്തിയ ഹനുമാൻ, മരുന്ന് തിരിച്ചറിയാതെ കുഴങ്ങുകയും അവയിൽ ഒരു പർവ്വതം തന്നെ പൊക്കിയെടുത്തുകൊണ്ട് മടക്കയാത്ര നടത്തുകയും ചെയ്യുകയുണ്ടായി. അങ്ങനെയുള്ള യാത്രയ്ക്കിടയിൽ ഈ ദേശത്തിന്റെ മുകളിലൂടെ കടന്നുപോയപ്പോൾ പ്രസ്തുത മലയിൽ നിന്നൊരു വലിയ പാറക്കഷ്ണം പെരിയാറ്റിൽ വീഴുകയുണ്ടായി. അങ്ങനെ നദിയുടെ ഗതിയിൽ മാറ്റം വരികയും അല്പദൂരം അത് കിഴക്കോട്ടൊഴുകാൻ തുടങ്ങുകയും ചെയ്തു. പിൽക്കാലത്ത്, ഈ സ്ഥലത്തിന്റെ മഹിമ കേട്ടറിഞ്ഞ മഹർഷിമാർ ഇവിടെ വന്ന് തപസ്സനുഷ്ഠിയ്ക്കുകയും ഭഗവാന്മാരെ പ്രീതിപ്പെടുത്തുകയുമായിരുന്നു.
വാമനമൂർത്തിയുടെ ആഗമനം
[തിരുത്തുക]ഐതിഹ്യപ്രകാരം ചേലാമറ്റം ദേശത്തെ ആദ്യ ക്ഷേത്രം, നിലവിലെ ക്ഷേത്രത്തിൽ നിന്ന് 250 മീറ്റർ മാറി സ്ഥിതിചെയ്യുന്ന വാമനമൂർത്തിക്ഷേത്രമാണ്. മാതമ്പിള്ളി വാമനമൂർത്തിക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം, ഭാരതത്തിലെത്തന്നെ അപൂർവ്വം വാമനക്ഷേത്രങ്ങളിലൊന്നാണ്. സ്വന്തമായി കൊടിമരവും ബലിക്കൽപ്പുരയുമുള്ള ഒരു ക്ഷേത്രമാണെങ്കിലും ചേലാമറ്റം ക്ഷേത്രത്തിന്റെ ഭാഗമായാണ് ഇതിനെയും കണക്കാക്കിവരുന്നത്.