ചേമ്പാലയിൽ മത്തായി കത്തനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചേമ്പാലയിൽ മത്തായി കത്തനാർ (Fr. Mathew Chempalayil)

കടുത്തുരുത്തി താഴത്തുപള്ളി ഇടവകയിൽപ്പെട്ട മാന്നാറിലെ പുരാതന ക്രൈസ്തവ കുടുംബമായ ചേമ്പാലയിൽ ലൂക്കായുടെയും ഏലീശ്വായുടെയും ഏഴുമക്കളിൽ രണ്ടാമനായി 1870-ൽ മത്തായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൗരോഹിത്യമാണ് തന്റെ മാർഗ്ഗമെന്നു തിരിച്ചറിഞ്ഞ മത്തായി തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് വൈദിക പരിശീലനം ആരംഭിക്കുകയും ചെയ്തു. ദീർഘകാലത്തെ ശിക്ഷണത്തിനും അഭ്യസിക്കലിനും ശേഷം 1919-ൽ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരിയിൽ നിന്നും  വൈദികപട്ടം സ്വീകരിച്ചു.

തുടർന്ന് അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിയുടെ വികാരിയായി നിയമിതനായി. ഈ കാലഘട്ടം അച്ചനെ സംബന്ധിച്ചും അറുനൂറ്റിമംഗലത്തുണ്ടായിരുന്ന വിശ്വാസികളെ സംബന്ധിച്ചും സാമൂഹീകപരമായും ഭൂമിശാസ്ത്രപരമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

ബഹു. ചേമ്പാലയച്ചനാണ് പ്രശസ്തമായ അറുനൂറ്റിമംഗലം കുരിശുമലകയറ്റം ആരംഭിച്ചത്. ബഹു. അച്ചൻ മലമുകളിലൂടെ നടന്നുവരുമ്പോൾ ഒരു അശ്ശരീരി കേൾക്കാനിടയായി. ആ വെളിപാട് ഇപ്രകാരമായിരുന്നു. ‘‘നാല്പതാം വെള്ളിയാഴ്ചദിവസം മലമുകളിൽ കുരിശുസ്ഥാപിച്ച് എല്ലാവർഷവും മലകയറ്റം നടത്തണം’’. തുടർന്ന് 1920-ൽ നാല്പതാം വെള്ളിയാഴ്ച ദിവസം ഒരു വലിയ മരക്കുരിശും തോളിലേന്തി കുരിശിന്റെ വഴിയിലൂടെ പ്രാർത്ഥനാഗാനാലാപത്തോടെ സ്വന്തം ഇടവകാംഗങ്ങളോടൊപ്പം മലയടിവാരത്തുനിന്നും മലമുകളിലേയ്ക്ക് ബഹു. മത്തായി അച്ചൻ നടന്നുനീങ്ങി. മലമുകളിലെത്തി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ കുരിശുസ്ഥാപിച്ചു. ഇതായിരുന്നു ആദ്യത്തെ കുരിശുമലകയറ്റം. ഇതിനുശേഷം നോയമ്പുകാലത്ത് ഒരു ഭക്താനുഷ്ഠാനമെന്ന നിലയിൽ പള്ളിയുടെ അടിവാരത്തുനിന്നും മലമുകളിലേയ്ക്ക് കുരിശിന്റെ വഴി നടത്തിവരുന്നു. ഈ കുരിശുമല വളരെ വേഗം ഒരു തീർത്ഥാടനകേന്ദ്രമായി മാറുകയും ജാതിമതവർണ്ണഭേദമില്ലാതെ ലക്ഷക്കണക്കിനാളുകൾ വർഷംതോറും ഭക്തിപുരസ്സരം ഈ കുരിശുമല കയറി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. 1920-ൽ പള്ളിയുടെ താഴെയായി പടിഞ്ഞാറുവശത്ത് വി. അന്തോനീസിന്റെ നാമധേയത്തിൽ വളരെ മനോഹരമായ ഒരു കപ്പേള അച്ചൻ പണികഴിപ്പിച്ചു. കീഴൂരിൽ ഒരു കുരിശു സ്ഥാപിച്ച് ആ ഇടവകയ്ക്ക് തുടക്കം കുറിക്കുന്നതും ബഹു. മത്തായി കത്തനാരാണ്. ആത്മീയവും ഭൗതീകവുമായ പുരോഗതിക്കുവേണ്ടിയും പ്രതിഫലേച്ഛ കൂടാതെ അച്ചൻ അഹോരാത്രം പ്രയത്‌നിച്ചു. 1919 മുതൽ 1925 വരെയുള്ള സ്തുത്യർഹമായ സേവനത്തിനുശേഷം കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദൈവാലയം, ചമ്പക്കര സെന്റ് ജോസഫ് ദൈവാലയം, മണിമല സെന്റ് ബേസിൽസ് പുത്തൻപള്ളി എന്നിവിടങ്ങളിലും അച്ചൻ വികാരിയായി ശുശ്രൂഷ ചെയ്തു.

ബഹു. മത്തായി അച്ചൻ വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് ചമ്പക്കര സെന്റ് ജോസഫ് ദൈവാലയം പുരാതന സുറിയാനി ദൈവാലയത്തിന്റെ പൂർണ്ണ മാതൃകയിൽ 1929-ൽ പൂർത്തിയാക്കിയത്. സേവനം ചെയ്ത ഇടവകകളുടെയെല്ലാം ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചിരുന്നു.

പിന്നീട് മരണംവരെ സ്വന്തം ഇടവകയായ കടുത്തുരുത്തി താഴത്തുപള്ളിയിൽ താമസിച്ചുകൊണ്ടാണ് ആത്മീയശുശ്രൂഷകൾ ചെയ്തിരുന്നത്. അക്കാലത്തെ പ്രശസ്തനായ ഭൂതോച്ചാടകനായിരുന്നു ബഹു. ചേമ്പാലയിൽ മത്തായി കത്തനാർ. പ്രാർത്ഥനയിലൂടെ അശുദ്ധാത്മാക്കളെ പുറത്താക്കാൻ അദ്ദേഹത്തിന് പ്രത്യേകമായ സിദ്ധി ഉണ്ടായിരുന്നു. കൂടാതെ പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സയും അച്ചൻ ചെയ്തിരുന്നു.

അച്ചന്റെ ജന്മനാടായ മാന്നാറിൽ കടുത്തുരുത്തി താഴത്തുപള്ളി വകയായി സ്ഥാപിക്കപ്പെട്ട കുരിശുപള്ളി എത്രയും വേഗം ഒരു സ്വതന്ത്ര ഇടവകയായിത്തീരണമെന്ന് അച്ചൻ ആഗ്രഹിക്കുകയും പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ പ്രോത്സാഹനവും നൽകുകയും ചെയ്തിരുന്നു. അച്ചന്റെകൂടി പ്രയത്‌നഫലമായി സ്ഥാപിക്കപ്പെട്ട ഈ കുരിശുപള്ളി 1965ൽ അച്ചന്റെ ആഗ്രഹം പോലെ ഇടവകയായി ഉയർത്തപ്പെട്ടു.

1955 ജൂലൈ 11-ന് തന്റെ 85-ാം വയസ്സിൽ രാത്രി 9.30-ന് സ്വർഗ്ഗപിതാവിന്റെ പക്കലേയക്ക് ബഹു. മത്തായി കത്തനാർ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ ഭൗതീകദേഹം ജൂലൈ 12-ന് കടുത്തുരുത്തി താഴത്തുപള്ളി സെമിത്തേരി കപ്പേളയിൽ (സെമിനാരിപള്ളി) കബറടക്കി.