ചേന്ദമംഗലം ജൂതപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുറത്തുനിന്നുള്ള കാഴ്ച്ച

എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുള്ള ജൂത ദേവാലയമാണ് ചേന്ദമംഗലം ജൂതപ്പള്ളി.[1] ഏകദേശം പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.[2]

ചരിത്രം[തിരുത്തുക]

ഉള്ളിൽ

1324-ൽ കോഴിക്കോട് നിന്ന് കൊല്ലം വരെ പത്ത് ദിവസം കൊണ്ട് യാത്ര ചെയ്ത ഇബ്ൻ ബത്തൂത്ത അഞ്ചാം ദിവസം കുഞ്ചക്കരി എന്ന പ്രദേശത്തെത്തുകയുണ്ടായി. ഇവിടം സംബന്ധിച്ച് അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെയായിരുന്നു.

കേരളത്തിലെ ജൂതന്മാരുടെ ഗാനങ്ങൾ പഠിച്ച പി.എം. ജുസ്സേ ജൂതന്മാരുടെ സ്വയം ഭരണവും കുന്നിന്റെ മുകളിലുള്ള സ്ഥാനവും അടിസ്ഥാനമാക്കി കുഞ്ചക്കരി ചേന്ദമംഗലമാണെന്ന് അനുമാനിക്കുകയുണ്ടായി.[3]

ഇവിടെ ആദ്യ ദേവാലയം പണിഞ്ഞത് 1420-ലാനെന്നും ഇത് 1614-ലും പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ തന്നെ മറ്റൊരിക്കലും പുതുക്കിപ്പണിഞ്ഞിരുന്നു എന്നാണ് വിശ്വാസം. 1661-ൽ പോർച്ചുഗീസുകാർ മട്ടാഞ്ചേരി ജൂതപ്പള്ളി കത്തിച്ചതുപോലെതന്നെ ഈ ദേവാലയവും ആക്രമിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. കേരള സർക്കാരിന്റെ ആർക്കിയോളജി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഈ ദേവാലയം 1565-ൽ നിർമ്മിക്കപ്പെടുകയും 1621-ൽ പുതുക്കിപ്പണിയുകയും ചെയ്തതാവാനാണ് സാദ്ധ്യത. 1817-ൽ ഇവിടം സന്ദർശിച്ച ആംഗ്ലിക്കൻ മിഷനറി തോമസ് ഡോസൺ നാശോന്മുഖമായ നിലയിലാണ് ജൂതപ്പള്ളി കണ്ടത്. 1780-90 കാലത്ത് ടിപ്പു സുൽത്താൻ പറവൂരും മാളയിലും ചേന്ദമംഗലത്തുമുള്ള ജൂത ദേവാലയങ്ങൾ നശിപ്പിച്ചിരുന്നു എന്നാണ് ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.[3]

നൂറുകണക്കിന് ജൂതന്മാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ജൂതന്മാർ ഇസ്രായേലിലേയ്ക്ക് കുടിയേറിയതിനെത്തുടർന്ന് 1980കളിൽ ഇവിടെ പത്തൊൻപത് ജൂതന്മാരേ ഉണ്ടായിരുന്നുള്ളൂ. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇവിടെയുള്ള അവസാന ജൂതന്മാരും ഇസ്രായേലിലേയ്ക്ക് കുടിയേറുകയോ മരിച്ചുപോവുകയോ ചെയ്തിരുന്നു. ഇതോടെ ആർക്കിയോളജി വകുപ്പ് ഈ കെട്ടിടം ഏറ്റെടുക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.[3]

നിർമിതി[തിരുത്തുക]

സാറയുടെ സ്മാരകശില

മട്ടാഞ്ചേരി ജൂതപ്പള്ളി കഴിഞ്ഞാൽ ഏറ്റവും വലിപ്പമുള്ള ജൂതദേവാലയമാണ് ഇത്. പരമ്പരാഗത കേരള വാസ്തുവിദ്യയും പാശ്ചാത്യ സാങ്കേതികവിദ്യയും ഇതിന്റെ നിർമിതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കൊത്തുപണികളോടു കൂടിയ അൾത്താര, പല നിറങ്ങൾ പൂശിയ ഉയർന്ന മച്ച്, മരം കൊണ്ടുണ്ടാക്കിയ മട്ടുപ്പാവ് എന്നിവ എടുത്തുപറയത്തക്കതാണ്. സ്ത്രീകൾക്കു മാത്രമായി ഒരു മട്ടുപ്പാവും ഇങ്ങോട്ട് പ്രവേശിക്കുവാനായി പ്രത്യേക കോവണിയുമുണ്ട്.[4]

സിനഗോഗിന്റെ കിഴക്ക് ഭാഗത്തായി ഒരു സെമിത്തേരിയുണ്ട്. ശവകുടീരത്തിൽ സ്ഥാപിച്ചിരുന്ന ശിലാലിഖിതമെന്ന് കരുതുന്ന ഒരു ശേഷിപ്പ് ദേവാലയത്തിന്റെ മുന്നിലായുണ്ട്. സിനഗോഗിന്റെ ആദ്യ അംഗങ്ങളിലൊരാളിന്റേതാവും ഇത് എന്ന് കരുതപ്പെടുന്നു. 1268-ലേതെന്ന് കാലഗണന നടത്തിയിട്ടുള്ള ഈ സ്മാരകശില സാറ എന്ന ജൂതസ്ത്രീയുടേതാണെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഹീബ്രൂ ഭാഷയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. 1936-ൽ കൊച്ചി രാജ്യത്തെ പുരാവസ്തു വകുപ്പ് ഇത് സംരക്ഷിച്ച് സ്ഥാപിക്കുകയുണ്ടായി.[3] മറ്റു പല ശിലാ ലിഖിതങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.[2]

സംരക്ഷണം[തിരുത്തുക]

ഈ സിനഗോഗ് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാണ്.[5] കേരള പുരാവസ്തു വകുപ്പിന്റെ ഒരു മ്യൂസിയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[6]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "ചേന്ദമംഗലത്തെ ജൂത സിനഗോഗ്". ശേഖരിച്ചത് 19 ജൂലൈ 2015.
  2. 2.0 2.1 "Chennamangalam Jewish Synagogue". keralatourism.org. ശേഖരിച്ചത് 19 ജൂലൈ 2015.
  3. 3.0 3.1 3.2 3.3 Waronker, Jay A. cochinsyn.com http://cochinsyn.com/page-chenda.html. ശേഖരിച്ചത് 19 ജൂലൈ 2015. Missing or empty |title= (help)
  4. "Chendamangalam Synagogue". keralatourism.org. ശേഖരിച്ചത് 19 ജൂലൈ 2015.
  5. "മുസ്രിസ് പൈതൃക പദ്ധതി ഒന്നാം ഘട്ടം ഈമാസം അവസാനം". മാദ്ധ്യമം. 5 ജനുവരി 2-015. ശേഖരിച്ചത് 19 ജൂലൈ 2015. Check date values in: |date= (help)
  6. "കേരള സംസ്ഥാന പുരാവസ്തു വകുപ്പ്". keralaculture.org. ശേഖരിച്ചത് 19 ജൂലൈ 2015.
"https://ml.wikipedia.org/w/index.php?title=ചേന്ദമംഗലം_ജൂതപ്പള്ളി&oldid=3063490" എന്ന താളിൽനിന്ന് ശേഖരിച്ചത്