ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:അയ്യപ്പൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, പൈങ്കുനി ഉത്രം, മണ്ഡലകാലം
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവദേവാലയമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. 'മലബാറിലെ ശബരിമല' എന്ന പേരിൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരബ്രഹ്മസ്വരൂപനായ അയ്യപ്പസ്വാമിയാണ്. കിരാതഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം. ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഉപദേവതകളായി പരമശിവൻ, മഹാഗണപതി, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും ഇവിടെ കുടികൊള്ളുന്നു. കുംഭമാസത്തിലെ ഉത്രം നാളിൽ കൊടികയറി പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനുമാസം പതിനൊന്നാം തീയതി വരെ നടക്കുന്ന മണ്ഡലകാലം, മീനമാസത്തിലെ ഉത്രം നാളിൽ നടക്കുന്ന പങ്കുനി ഉത്രം എന്നിവയാണ് ഇവിടെ പ്രധാന വിശേഷദിവസങ്ങൾ. കൂടാതെ എല്ലാ ശനിയാഴ്ച ദിവസങ്ങളും അവയിൽത്തന്നെ മുപ്പെട്ട ശനിയാഴ്ചകളും വാരവിശേഷങ്ങളാകുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് നിരവധി ബ്രാഹ്മണകുടുംബങ്ങളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു സ്ഥലനാമത്തിനുതന്നെ കാരണമായ ചെർപ്പുളശ്ശേരി മന. ഈ മനയിലെ കാരണവർക്ക് വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിതനായ അദ്ദേഹം പെരുവനം ഗ്രാമത്തിലുള്ള പ്രസിദ്ധമായ തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രത്തിൽ പോയി ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശാനായ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേന്നാണ് അദ്ദേഹം നാട്ടിലെത്തിയത്.

ജന്മദിനത്തിൽ പുലർച്ചെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് നമ്പൂതിരി ഇല്ലത്ത് തിരിച്ചെത്തിയപ്പോൾ കണ്ടത് ഇല്ലത്തിന്റെ നടുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഒരു ചുരികയാണ് (അയ്യപ്പന്റെ ആയുധമാണ് ചുരിക). ഈ കാഴ്ച കണ്ടപാടേ അദ്ദേഹം ഓടിപ്പോയി ചുരിക തൊട്ടെങ്കിലും അത് അപ്പോൾതന്നെ താണുപോയി. പകരം സ്വയംഭൂവായി ശാസ്താവിഗ്രഹം ഉയർന്നുവരുന്നത് അദ്ദേഹം കണ്ടു. ഇതുകൂടി കണ്ടപ്പോൾ ആനന്ദാശ്രുക്കൾ പൊഴിച്ച നമ്പൂതിരി തേവാരത്തിന് നേദിയ്ക്കാൻ വച്ച അട ശാസ്താവിന് നേദിച്ചു. ഇന്നും അട തന്നെയാണ് ശാസ്താവിന് പ്രധാനനിവേദ്യം. ശാസ്താവിനെ ഭക്തിയോടുകൂടി ഭജിച്ച ചെർപ്പുളശ്ശേരി നമ്പൂതിരിയ്ക്ക് ഒടുവിൽ ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയും അച്ഛനെപ്പോലെ തികഞ്ഞ ഭക്തനായിത്തന്നെ ജീവിച്ചു. അച്ഛന്റെ മരണശേഷം ഉണ്ണി സദാ ശാസ്താഭജനയിൽ മുഴുകി ജീവിച്ചതിനാൽ അദ്ദേഹം വിവാഹം കഴിയ്ക്കാൻ പോലും മറന്നുപോകുകയും അങ്ങനെ ആ കുടുംബം അന്യം നിന്നുപോകുകയും ചെയ്തു. ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉമിക്കുന്ന് നായർ ആ ബ്രാഹ്മണാലയത്തെ ദേവാലയമാക്കി മാറ്റി. അങ്ങനെയാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രം നിലവിൽ വന്നത്. ഇല്ലത്തെ നടുമുറ്റത്തെ മുല്ലത്തറ ശ്രീകോവിലായി; അടുക്കള തിടപ്പള്ളിയും. നായരുടെ ശ്രദ്ധയും ഭക്തിയും ക്ഷേത്രത്തെ വലിയ നിലയിലെത്തിച്ചു.

ചരിത്രം[തിരുത്തുക]

പ്രാചീന നെടുങ്ങനാട് എന്നറിയപ്പെട്ട ഒറ്റപ്പാലം, പട്ടാമ്പി, ചെറുപ്പുളശ്ശേരി പ്രദേശങ്ങളടങ്ങിയ ചേരിക്കല് കൊടുങ്ങല്ലൂരിലെ ചേരന്മാരുടെ ഭരണകാലത്ത് (എ.ഡി. 9 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിൽ) നെടുങ്ങാടി എന്ന സാമന്തരാണ് ഭരിച്ചിരുന്നത്. ചേരരുടെ മക്കളെന്ന് അവകാശപ്പെട്ട തിരുമുൽപ്പാടന്മാർ ഇവരിൽ നിന്നും അധികാരം കൈക്കലാക്കി. കാലക്രമേണ തിരുമുൽപ്പാടന്മാരിൽ ഒരു വിഭാഗം കർത്താക്കന്മാർ എന്ന പേരിൽ ചെറുപ്പുള്ളശ്ശേരി കേന്ദ്രമാക്കി ഭരണം തുടങ്ങി. ഉമിക്കുന്നത്ത് നായർ എന്ന ഒരു പ്രഭുവിൻറെ ഊരായ്മയിലുള്ള ഒരു കാവായിരുന്നു എന്ന് കൊട്ടിച്ചെഴുന്നള്ളത്ത് രേഖകൾ പറയുന്നു. എ.ഡി. പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരി നെടുങ്ങനാട് കീഴടക്കുമ്പോൾ കർത്താക്കന്മാരായിരുന്നു നെടുങ്ങാതിരി സ്ഥാനത്തുണ്ടായിരുന്നത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ചെർപ്പുളശ്ശേരി പട്ടണത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ചെർപ്പുളശ്ശേരി നഗരസഭ കാര്യാലയം, പോസ്റ്റ് ഓഫീസ്, നിരവധി കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് പണിതിട്ടുള്ളത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് വാഹനപാർക്കിങ് സൗകര്യമുണ്ട്. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പണിതിരിയ്ക്കുന്നു. ഉഗ്രമൂർത്തിയായ അയ്യപ്പസ്വാമിയുടെ ഉഗ്രത കുറയ്ക്കാനാണ് നടയ്ക്കുനേരെ കുളം കുഴിച്ചിരിയ്ക്കുന്നതെന്ന് വിശ്വസിച്ചുപോരുന്നു. കുളത്തിനും പടിഞ്ഞാറേ ഗോപുരത്തിനുമിടയിൽ അല്പം സ്ഥലമേയുള്ളൂ. ആ സ്ഥലത്ത് ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലായി കല്യാണമണ്ഡപവും കാണാം. നിത്യേന ഇവിടെ ആയിരക്കണക്കിന് വിവാഹങ്ങൾ നടന്നുപോരുന്നുണ്ട്. വിവാഹം നടക്കുന്ന അപൂർവ്വം ശാസ്താസന്നിധികളിലൊന്നാണ് ചെർപ്പുളശ്ശേരിയിലേത്. മുഖ്യപ്രതിഷ്ഠ ഗൃഹസ്ഥഭാവത്തിലുള്ള ശാസ്താവായതുകൊണ്ടാണത്രേ ഇത്. പടിഞ്ഞാറേ നടയിൽ മുമ്പ് ഒരു ഇരുനില ഗോപുരമുണ്ടായിരുന്നു. ക്ഷേത്രത്തിൽ നടന്ന നവീകരണത്തെത്തുടർന്ന് ഇത് 2021-ൽ പൊളിച്ചുമാറ്റി. പകരം പുതിയൊരു ഇരുനില ഗോപുരം പണിതിട്ടുണ്ട്. ഗോപുരത്തിനടുത്ത് ദേവസ്വം ഓഫീസുകൾ കാണാം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് ചെർപ്പുളശ്ശേരി ദേവസ്വം.

അകത്തുകടന്നാൽ, പടിഞ്ഞാറുഭാഗത്ത് പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. ഇവിടെ മുമ്പൊരു കൊടിമരമുണ്ടായിരുന്നു. തേക്കിൻതടിയിൽ തീർത്ത് ചെമ്പുമേഞ്ഞ ആ കൊടിമരം 2015-ൽ ഇവിടെനിന്ന് എടുത്തുമാറ്റിയിരുന്നു. 2021-ൽ ഇതിനുപകരം സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചു. കൊടിമരത്തിനപ്പുറം വലിയ ബലിക്കല്ലുണ്ട്. ശീവേലിയ്ക്ക് അവസാനം ബലിതൂകുന്നത് ഇവിടെത്തന്നെയാണ്. മറ്റ് ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളെക്കാൾ വലിപ്പം കുറവാണ് ഇതിന്. പ്രധാന പ്രതിഷ്ഠ തറനിരപ്പിൽത്തന്നെയായതുകൊണ്ടാണിത്. ശാസ്താവിന്റെ മുഖ്യസേനാധിപനായ ശാസ്തൃസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. പ്രധാന ബലിക്കല്ലിന്റെ താഴെയായി അപ്പം പോലെയുള്ള എട്ട് ചെറിയ ബലിക്കല്ലുകൾ കാണാം. ഇത് ശാസ്താവിന്റെ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. പടിഞ്ഞാറ് തീക്ഷ്ണൻ, വടക്കുപടിഞ്ഞാറ് തീക്ഷ്ണദന്തൻ, വടക്ക് കാരാക്ഷൻ, വടക്കുകിഴക്ക് ഭവോത്ഭവൻ, കിഴക്ക് വീരബാഹു, തെക്കുകിഴക്ക് മഹാവീരൻ, തെക്ക് വിദ്യുദന്തൻ, തെക്കുപടിഞ്ഞാറ് വിലാസനൻ എന്നിവരെയാണ് ഇവ പ്രതിനിധീകരിയ്ക്കുന്നത്. എന്നാൽ, ഇവിടെ ഇവർക്ക് ബലിതൂകില്ല. പകരം, ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഇവർക്കായി ബലിക്കല്ലുകൾ കാണാം. അവിടങ്ങളിലാണ് ബലിതൂകൽ.

വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. രണ്ടുനിലകളോടുകൂടിയ ഊട്ടുപുരയാണ് ഇവിടെയുള്ളത്. വിശേഷദിവസങ്ങളിൽ ഇവിടെ അന്നദാനം നടത്തിവരുന്നു. വടക്കുകിഴക്കുഭാഗത്ത് നാഗദൈവങ്ങളുടെയും നവഗ്രഹങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്. പതിവുപോലെ മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവ് ഇവിടെ വാസുകിയാണ്. കൂടാതെ, നാഗയക്ഷി, നാഗചാമുണ്ഡി, നാഗകന്യക, ചിത്രകൂടം തുടങ്ങിയ സങ്കല്പങ്ങളുമുണ്ട്. നൂറും പാലും തന്നെയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാട്. എല്ലാമാസത്തിലും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവർക്കുണ്ടാകും. കേരളത്തിൽ നവഗ്രഹപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പതിവുപോലെ സൂര്യനെ നടുക്കുനിർത്തി ചുറ്റും മറ്റുള്ളവർ നിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. സൂര്യന്റെ കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് ചൊവ്വയും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് വ്യാഴവും വടക്കുകിഴക്ക് ബുധനും സ്ഥാനമുറപ്പിച്ചിരിയ്ക്കുന്നു. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനമായി കുടികൊള്ളുന്നു. ക്ഷേത്രത്തിൽ നിത്യേന വിശേഷാൽ നവഗ്രഹപൂജ നടത്തിവരാറുണ്ട്. ഇവരുടെ തെക്കോട്ട് മാറിയാണ് ബ്രഹ്മരക്ഷസ്സിന്റെ സ്ഥാനം. അപമൃത്യുവിനിരയായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിയ്ക്കുക. ഇവിടെ മുമ്പ് ഒരു തറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021-ൽ നടന്ന നവീകരണത്തിനുശേഷം ഇവിടെയും ചെറിയൊരു ശ്രീകോവിൽ പണിതു. പാൽപ്പായസമാണ് പ്രധാനവഴിപാട്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് വഴിപാട് കൗണ്ടറുകൾ സ്ഥിതിചെയ്യുന്നു. അടയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കൂടാതെ നീരാജനം, എള്ളുപായസം, നെയ്യഭിഷേകം തുടങ്ങിയവയും വിശേഷമാണ്. ഇതിനടുത്താണ് ശിവനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്ന കൊച്ചുശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. ഒരേ പീഠത്തിൽ കിഴക്കോട്ട് ദർശനമായാണ് ശിവനും പുത്രനായ ഗണപതിയും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. തെക്കുഭാഗത്ത് ഗണപതിയും വടക്കുഭാഗത്ത് ശിവനും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വളരെ ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒരടി മാത്രമേ ഉയരമുള്ളൂ. ഗണപതിവിഗ്രഹം സാധാരണ ക്ഷേത്രങ്ങളിലേതുപോലെത്തന്നെയാണ്. രണ്ടടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യേന ഇവിടെ ഗണപതിഹോമവും ശിവന് നിത്യേന ധാരയും പതിവുണ്ട്. ഉത്സവക്കാലത്ത് കലാപരിപാടികൾ നടത്തുന്നത് ഇതിനടുത്തുവച്ചാണ്.

ശ്രീകോവിൽ[തിരുത്തുക]

ചതുരാകൃതിയിൽ തീർത്ത വളരെ ചെറിയൊരു ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം അമ്പതടി ചുറ്റളവേ കാണൂ. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള വിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ശ്രീ അയ്യപ്പസ്വാമി വാഴുന്നു. പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന മകനോടും കൂടി നിൽക്കുന്ന, കിരാതഭാവത്തിലുള്ള ശാസ്താവായാണ് സങ്കല്പം. സ്വയംഭൂവിഗ്രഹമായതിനാൽ ഇതിൽ ചെത്തിമിനുക്കലുകളൊന്നും തന്നെ നടത്തിയിട്ടില്ല. വിഗ്രഹത്തിൽ ചാർത്താൻ സ്വരൂപത്തോടുകൂടിയ ഒരു ഗോളകയുമുണ്ട്. അമ്പും വില്ലും പിടിച്ചുനിൽക്കുന്ന അയ്യപ്പസ്വാമിയുടെ രൂപമാണ് ഇതിന്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് അയ്യപ്പസ്വാമി, ചെർപ്പുളശ്ശേരി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല. ആകെ ഇവിടെ കാണാൻ സാധിയ്ക്കുന്നത് ശ്രീകോവിലിന്റെ വാതിലിന് ഇരുവശവും നിൽക്കുന്ന ദ്വാരപാലകരുടെ രൂപങ്ങളും സ്ഥിരമായി കാണാൻ സാധിയ്ക്കുന്ന ചില എടുപ്പുകളും മാത്രമാണ്. ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന് മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. വടക്കുവശത്ത് പതിവുപോലെ ഓവ് നിർമ്മിച്ചിട്ടുണ്ട്. അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഇതുവഴി ഒഴുക്കിവിടുന്നു. ഇവിടത്തെ ഓവും വളരെ താഴേയ്ക്കായാണ് നിർമ്മിച്ചിരിയ്ക്കുന്നത്. തറയോടുചേർന്നുള്ള പ്രതിഷ്ഠയായതുകൊണ്ടാണത്.

നാലമ്പലം[തിരുത്തുക]

റഫറൻസ്[തിരുത്തുക]

എസ്. രാജേന്ദു, നെടുങ്ങനാട് ചരിത്രം പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ, പെരിന്തൽമണ്ണ, 2012

കൊട്ടിച്ചെഴുന്നള്ളത്ത്, കോഴിക്കോട്, 1909

കെ.വി.കൃഷ്ണ അയ്യർ, സാമോറിൻസ് ഓഫ് കാലിക്കറ്റ, കോഴിക്കോട്, 1936

ലോഗൻ, മലബാർ