ചെമ്പ്രയെഴുത്തച്ഛന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വള്ളുവനാട്ടിൽ അബ്രാഹ്മണബാലന്മാരെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും ചെയ്തിരുന്ന ഒരുവിഭാഗം നാട്ടെഴുത്തച്ഛന്മാരിൽ മന്ത്രവാദം നിമിത്തം ഖ്യാതി ആർജിച്ചവരാണ് ചെമ്പ്ര എഴുത്തച്ഛന്മാർ.[1] പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറക്കാരായ ചെമ്പ്ര എഴുത്തച്ഛന്മാർ, സിദ്ധമാന്ത്രിക കുടുംബക്കാരാണ്.[2] ഒടിയന്മാരുടെ ഒടിവിദ്യ പരിഹരിക്കാനും അവരെ നിയന്ത്രിക്കാനും കഴിവുള്ള മന്ത്രവാദി ചെമ്പ്ര എഴുത്തച്ഛന്മാരിൽ ഉണ്ടായിരുന്നതായി പറയുന്നു.[3] ചെമ്പ്ര എഴുത്തച്ഛൻ മാരുടെ മാന്ത്രിക പ്രവർത്തികളെ കുറിച്ച് ഐതിഹ്യമാലയിലാണ് പരാമർശിച്ചു കാണുന്നത്.

ഐതിഹ്യമാലയിൽ പരാമർശിച്ചിരിക്കുന്ന ചെമ്പ്ര എഴുത്തച്ഛന്മാർ[തിരുത്തുക]

മാക്കു എഴുത്തച്ഛൻ[തിരുത്തുക]

ചെമ്പ്ര എഴുത്തച്ഛൻമാരുടെ കൂട്ടത്തിൽ എറ്റവും പ്രസിദ്ധൻ മാക്കു എഴുത്തച്ഛൻ ആയിരുന്നു. കാക്കശ്ശേരി ഭട്ടതിരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ചെമ്പ്ര മാക്കു എഴുത്തച്ഛന്റെ കുടുംബ പരദേവത വേട്ടയ്ക്കൊരുമകൻ ആയിരുന്നു. മാക്കു എഴുത്തച്ഛൻ ക്ഷിപ്ര പ്രസാദിയായ ഗണപതി ഭഗവാനെ സേവിച്ചു പ്രത്യക്ഷപ്പെടുത്തിയ ആളായിരുന്നു. പൊന്നാനിയിലെ ഒരു മനക്കലെ അന്തർജ്ജനം ഹനുമാനെ സേവിച്ചു തുടങ്ങി. എന്നാൽ സേവയിൽ അന്തർജ്ജനത്തിന് തെറ്റ് പറ്റുകയും ഹനുമാൻ  ബാധ കയറിയ പോലെ പെരുമാറാൻ തുടങ്ങുകയും ചെയ്തു. മാക്കു എഴുത്തച്ഛൻ ആണ് ആ ബാധ ഒഴിപ്പിച്ചത്.[4] തിരുവിതാംകൂർ മഹാരാജവംശത്തെ നശിപ്പിക്കുന്നതിനായി ഒരിക്കൽ ചില ശത്രുക്കൾ ആഭിചാരക്കാരെക്കൊണ്ടു ചില മാരണദേവതകളെ വിടുവിച്ചു. മാക്കു എഴുത്തച്ഛൻ ആ ബാധകളെ ഒഴിപ്പിച്ചു. മഹാരാജാവ് എഴുത്തച്ഛന്റെ രണ്ടു കൈയ്ക്കും വീരശൃംഖലയും മറ്റും കൊടുത്തു സബഹുമാനം പറഞ്ഞയച്ചു. തന്റെ അടുത്ത സുഹൃത്തായിരുന്ന കേളു മേനോനെ ഒടിയന്മാരിൽ നിന്ന് രക്ഷിക്കുകയും മാക്കു എഴുത്തച്ഛൻ ചെയ്തിട്ടുണ്ട്.[1]

കുഞ്ഞുണ്ണി എഴുത്തച്ഛൻ[തിരുത്തുക]

മാക്കു എഴുത്തച്ഛന്റെ ശി‌ഷ്യനായി കുഞ്ഞുണ്ണി എഴുത്തച്ഛൻ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം വലിയ മന്ത്രവാദിയും അനേകം അത്ഭുതകർമങ്ങൾ ചെയ്തിട്ടുള്ള ആളുമായിരുന്നു. ഈ എഴുത്തച്ഛനും ഗണപതിയെസ്സേവിച്ചു പ്രത്യക്ഷപ്പെടുത്തിയിട്ടുള്ള ആളായിരുന്നു.[1]

കൃഷ്ണൻ എഴുത്തച്ഛൻ[തിരുത്തുക]

കുഞ്ഞുണ്ണിയെഴുത്തച്ഛന്റെ മകനായിരുന്നു കൃ‌ഷ്ണനെഴുത്തച്ഛൻ. അദ്ദേഹവും വലിയ മന്ത്രവാദിയായിരുന്നു. വിദ്വാൻ മാനവിക്രമൻ ഏട്ടൻ തമ്പുരാൻ എന്നു പ്രസിദ്ധനായിരുന്ന സാമൂതിരിപ്പാടിനുണ്ടായിരുന്ന കാസരോഗം ഇദ്ദേഹമാണ് ഭേദപ്പെടുത്തിയത്. തന്റെ ഗൃഹത്തിനടുത്തുള്ള ഒരു നമ്പൂതിരി ഇല്ലത്തെ, ഒരു വിശേഷാവസരത്തിൽ പെയ്ത മഴയിൽ നിന്ന് തൻറെ മാന്ത്രിക സിദ്ധി ഉപയോഗിച്ച് ഇദ്ദേഹം രക്ഷപെടുത്തി.[1]

അനുബന്ധം[തിരുത്തുക]

മാക്കു എഴുത്തച്ഛൻ ഒഴികെയുള്ള രണ്ടു മന്ത്രവാദികളുടെയും ജീവിതകാലഘട്ടം ഏതാണ്ട് പത്തൊൻപതാം നൂറ്റാണ്ടായിട്ടാണ് ഐതിഹ്യമാലയിലെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാകുന്നത് എന്നാൽ മാക്കു എഴുത്തച്ഛന്റെ ജീവിത കാലഘട്ടം വ്യക്തമല്ല. മാക്കു എഴുത്തച്ഛനു മുൻപും കൃഷ്ണനെഴുത്തച്ഛനു ശേഷവും മന്ത്രവാദികളായ ചെമ്പ്ര എഴുത്തച്ഛന്മാർ ഉണ്ടായിരുന്നു, പ്രസിദ്ധരായ ചെമ്പ്ര എഴുത്തച്ഛൻ മാരുടെ മാന്ത്രിക പ്രവർത്തികളെ കുറിച്ചുള്ള പരാമർശങ്ങളാണ് ഐതിഹ്യമാലയിൽ ഉള്ളത്.[1] ഐതിഹ്യമാലയിലെ മറ്റു പല കഥകളിലെയും പോലെ വിശ്വാസ്യത കുറഞ്ഞ പരാമർശങ്ങൾ(കൃ‌ഷ്ണനെഴുത്തച്ഛൻ മഴയെ തടഞ്ഞു പോലുള്ളവ) ചെമ്പ്ര എഴുത്തച്ഛന്മാരെ കുറിച്ചും പറഞ്ഞു കാണുന്നുണ്ട്.

ആയുർവേദ ഭിഷഗ്വരനും, സംസ്കൃത പണ്ഠിതനുമായിരുന്ന ചെമ്പ്ര രാമനെഴുത്തച്ഛൻ(1906 - 1998); ചെമ്പ്രയെഴുത്തച്ഛന്മാരുടെ പരമ്പരയിൽ ഉൾപ്പെട്ടവ്യക്തിയാണ്.[5][6]

അവലംബം[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ചെമ്പ്രയെഴുത്തച്ഛന്മാർ എന്ന താളിലുണ്ട്.
  1. 1.0 1.1 1.2 1.3 1.4 കൊട്ടാരത്തിൽ ശങ്കുണ്ണി, ഐതിഹ്യമാല, ചെമ്പ്രയെഴുത്തച്ഛന്മാർ
  2. ഗുപ്തൻ, ഇ. പി. ഭാസ്കര (2013) [2004]. ദേശായനം(ദേശചരിത്രകഥകൾ) (2 ed.). സമഭാവിനി ബുക്ക്സ്, കടമ്പഴിപ്പുറം, പാലക്കാട്. p. 48. Invalid |script-title=: missing prefix (help)
  3. "'ഒടിയൻ' നിഗൂഢതയുടെ കാവൽക്കാരൻ". കേരള കൗമുദി ഓൺലൈൻ. 25 July 2017. മൂലതാളിൽ നിന്നും 13 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 December 2017.
  4. "ചെമ്പ്ര എഴുത്തച്ഛൻ ബ്ലോഗ്സ്പോട്ട്". 27 August 2013. മൂലതാളിൽ നിന്നും 13 December 2017-ന് ആർക്കൈവ് ചെയ്തത്.
  5. "THE CONTRIBUTION OF PUNNASSERI KALARI TO KERALA CULTURE" (PDF). Shodhganga:a reservoir of Indian theses. ശേഖരിച്ചത് 28 April 2018.
  6. പ്രൊഫ. ആനപ്പായ സേതുമാധവൻ (August 1999). ഡോ. കെ. എൻ. എഴുത്തച്ഛൻ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. pp. 8, 9. ISBN 81-86365-81-8.