Jump to content

ചെന്തലയൻ വേലിത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെന്തലയൻ വേലിത്തത്ത
Chestnut-headed Bee-eater
Chestnut headed Bee eater in Thailand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. leschenaulti
Binomial name
Merops leschenaulti
Vieillot, 1817

വേലിത്തത്ത വിഭാഗത്തിൽ പെട്ടതും കേരളത്തിലെ കാടുകളിൽ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയൻ വേലിത്തത്ത. ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യൻ കാടുകളിൽ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിൻപുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളിൽ നിന്നിതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിന്‌ വാലിൽ കമ്പിത്തൂവലില്ല എന്നതാണ്‌.

പേരിനുപിന്നിൽ

[തിരുത്തുക]

ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിന് ലഭിച്ചത്. തലയിൽ ചുവന്ന തവിട്ടുനിറം കാണപ്പെടുന്നതിനാൽ ചെന്തലയന് [1] [2] ചെമ്പൻ വേലിത്തത്ത എന്നും പേരുണ്ട്.[3]

വര്ഗീകരണം

[തിരുത്തുക]

രണ്ട് ഉപവർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

  1. ജാവന് ഉപവർഗമായ M. l. quinticolor, കൊക്കുമുതൽ പൃഷ്ഠം വരെ മഞ്ഞ നിറമായിരിക്കും. തവിട്ടുനിറം കാണാനില്ല. വാലും നീലതന്നെയാണ്‌.
  2. ആൻഡമാൻ ഉപവർഗമായ M. l. andamanensis ഇന്ത്യൻ വർഗത്തിനേക്കാൾ അല്പം വലിപ്പമുണ്ട്.[4] കണ്ണിലെ കൃഷ്ണമണിക്ക് ചുവപ്പ് രാശിയാണ്‌. കൊക്കുകള് കറുത്തതാണ്‌

വിതരണം

[തിരുത്തുക]

ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനാണ്‌. ശ്രീലങ്കയിലും ഇന്തോനേഷ്യൻ കാടുകളിലും കാണപ്പെടുന്നുണ്ട്.

വിവരണം

[തിരുത്തുക]

മൈനയോളം വലിപ്പമേയുള്ളൂ. വാലിൽ കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌വാലിനു മുകളിൽ കുറേ നീലനിറം കാണാമെങ്കിലും വാൽ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങൾ പുൽപ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറിൽ കടുത്ത തവിട്ടുനിറത്തിൽ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും. ആണിനേയും പെണ്ണിനേയും കണ്ടാൽ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളിൽ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിൻറെ നഗ്നമായ ശിഖകളിൽ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാൽ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാണ് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

ഭക്ഷണം

[തിരുത്തുക]

ഈ കിളികളുടെ ഭക്ഷണം വിവിധ പ്രാണികളാണ്. ഈച്ചകള്, പച്ചക്കുതിരകൾ, പാറ്റകൾ എന്നിവയെ സാധാരണ ഭക്ഷണമാക്കുന്നതുകാണാം. വായുവിൽ അതിവേഗം പറക്കാനുള്ളകഴിവും ദിശമാറ്റാനുള്ള കഴിവും ഭക്ഷണം സമ്പാദിക്കുന്നതിന് ഇവക്ക് സഹായകരമാകുന്നു. വ്യോമാഭ്യാസപ്രകടനങ്ങൾ മെയ്‌വഴക്കത്തോടുകൂടി ചെയ്ത് ഇരപിടിക്കുവാൻ ഇവക്കുള്ള കഴിവ് അസാധാരണമാണ്. ഇരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പറന്നു പൊങ്ങി ഇരയേയും കൊണ്ട് അതിവേഗം തിരിച്ചുവന്നിരിക്കുന്ന സ്വഭാവം കാണാം. കൊക്കിലാക്കുന്ന ഇര വലുതെങ്കിൽ അവയെ ഏതെങ്കിലും വസ്തുക്കളിൽ അടിച്ചുകൊന്നാണ് ഭക്ഷിക്കുക. ചിലപ്പോൾ ഇവ നിലത്തുകിടക്കുന്ന പ്രാണികളേയും കൊത്തിയെടുക്കാറുണ്ട്. അഥവാ നിലത്തിറങ്ങേണ്ടിവന്നാൽ തന്നെ തുള്ളി നടക്കുകയോ ഓടുകയോ ചെയ്യാറില്ല. ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്ത് വളരെ അപൂർവ്വമായേ കാണറുള്ളൂ.

പ്രജനനം

[തിരുത്തുക]

ഈ പക്ഷി കൂടുകെട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്നു. സന്താനോല്പാദനകാലം ഫെബ്രുവരി മുതൽ മേയ് വരെയാണ്‌. ചെങ്കുത്തായ മൺതിട്ടകൾ തുരന്ന് മാളമുണ്ടാക്കി അതിലാണ്‌ മുട്ടയിടുന്നത്. ചില മാളങ്ങൾക്ക് പത്തടിയോളം വലിപ്പം കാണുമെന്ന് പ്രശസ്ത പക്ഷിനിരീക്ഷകന് നീലകണ്ഠൻ വിവരിക്കുന്നു. മാളത്തിന്റെ നീളം മണ്ണിന്റെ കട്ടി അനുസരിച്ചായിരിക്കും. കട്ടി കൂടുതലുള്ള സ്ഥലത്ത് 1-2 അടിയോളമേ ഇവ തുരക്കൂ.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. നീലകണ്ഠൻ, കേരളത്തിലെ പക്ഷികൾ.
  2. Thekkey Indiayilley Pakshikkal by Grimmet, Inskipp n Nameer 2007
  3. നീലകണ്ഠൻ, കേരളത്തിലെ പക്ഷികള്.
  4. Rasmussen, P. C. & J. Anderton 2005. The Birds of South Asia. The Ripley Guide. Vol 1 & 2. Lynx Edicions & Smithsonian Institution.
"https://ml.wikipedia.org/w/index.php?title=ചെന്തലയൻ_വേലിത്തത്ത&oldid=1918461" എന്ന താളിൽനിന്ന് ശേഖരിച്ചത്