ചെട്ടിനാട്
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ഒരു പ്രദേശമാണ് ചെട്ടിനാട് (തമിഴിൽ:செட்டிநாடு; ഇംഗ്ലീഷിൽ:Chettinad). കാരൈക്കുടി എന്ന ഒരു ചെറിയ പട്ടണവും, 74ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട്. [1]നാട്ടുകോട്ടൈ ചെട്ടിയാർ എന്ന സമ്പന്ന സമുദായത്തിന്റെ മാതൃദേശവുമാണ് ഇത്. ഈ സമുദായത്തിൽപ്പെടുന്ന ധാരാളം ആളുകൾ തെക്കൻ, തെക്കുക്കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക്, (പ്രത്യേകിച്ചും സിലോൺ, ബർമ എന്നിവിടങ്ങളിലേക്ക്) 19, 20 നൂറ്റാണ്ടുകളിൽ കുടിയേറിയിട്ടുണ്ട്. ഇന്ന് യു.എസ്.എ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും ചെട്ടിയാർ സമുദായത്തിൽ പെട്ട പ്രവാസികളുണ്ട്. തമിഴാണ് ചെട്ടിയാർമാരുടെ സംസാരഭാഷ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെട്ടിയാർ സമുദായാംഗങ്ങൾ താമസിക്കുന്നുണ്ട്.
ഭക്ഷണത്തിനും, മണിമാളികകൾക്കും, ക്ഷേത്രങ്ങൾക്കും പേരുകേട്ട നാടാണ് ചെട്ടിനാട്.[2]
പാചകവിഭവങ്ങൾ
[തിരുത്തുക]പ്രധാന ലേഖനം:ചെട്ടിനാട് പാചകവിഭവങ്ങൾ
ചെട്ടിനാടൻ വിഭവങ്ങൾ ഇന്ന് വളരെയേറെ പ്രശസ്തമാണ്. നിരവധി സഞ്ചാരികളെയാണ് ചെട്ടിനാടൻ വിഭവങ്ങൾ ചെട്ടിനാട്ടിലെക്ക് ആകർഷിക്കുന്നത്. മാംസാഹാരങ്ങൾക്കും സസ്യാഹാരങ്ങൾക്കും പ്രസസ്തമാണ് ചെട്ടിനാട്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുകൊണ്ടുള്ള പാചകരീതിയാണ് ഇവരുടേത്. ചെട്ടിനാടൻ കോഴിക്കറി വളരെ പ്രശസ്തമായ ഒരു ഇന്ത്യൻ വിഭവമാണ്
വാസ്തുവിദ്യ
[തിരുത്തുക]സൗധങ്ങൾ
[തിരുത്തുക]കലാ-വാസ്തുവിദ്യാ രംഗങ്ങളിൽ സമ്പന്നമായ ഒരു പൈതൃകം ചെട്ടിനാടിനുണ്ട്. ചെട്ടിനാടൻ സൗധങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം. സമ്പന്നകുടുംബങ്ങളുടെ വീടുകളായതിനാൽ ചെട്ടിനാടൻ സൗധങ്ങൾ അവരുടെ സമ്പത്ശക്തി പ്രതിഫലിപ്പിക്കും വിധമാണ് പണിതീർത്തിരുന്നത്. ബർമീസ് തേക്കും, ഇറ്റാലിയൻ മാർബിളും ജാപ്പനീസ് തറയോടുകളുമെല്ലാം ചെട്ടിനാടൻ സൗധങ്ങളുടെ പ്രധാന നിർമ്മാണ സാമഗ്രികളായിരുന്നു. ഒരു നടുമുറ്റത്തിനുചുറ്റും ക്രമീകരിച്ച വിശാലമായ മുറികളായിരുന്നു ഈ സൗധങ്ങളിലേത്. 18ആം നൂറ്റാണ്ടിലാണ് ഇവയി അധികവും നിർമ്മിക്കപ്പെടുന്നത്.
ക്ഷേത്രങ്ങൾ
[തിരുത്തുക]ദ്രാവിഡ വാസ്തുശൈലിയിൽ തന്നെയാണ് ചെടിനാട്ടിലെ ക്ഷേത്രങ്ങളും പണിതിരിക്കുന്നത്. നിരവധി ചോള ക്ഷേത്രങ്ങളും ചെട്ടിനാട്ടിലുണ്ട്.വൈരവൻ കോവിൽ, കർപക വിനായകർ ക്ഷേത്രം, കുന്ദ്രാകുടി മുരുകൻ കോവിൽ, കൊട്ടിയൂർ ശിവക്ഷേത്രം, കന്തനൂർ ശിവക്ഷേത്ര എന്നിവ ചെട്ടിനാട്ടിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്
എത്തിച്ചേരൽ
[തിരുത്തുക]ചെട്ടിനാടിനോട് ഏറ്റവും അടുത്തുകിടക്കുന്ന വിമാനത്താവളം, മധുര വിമാനത്താവളമാണ്(85 കി.മീ അകലെ). കാരൈക്കുടിയാണ് ചെട്ടിനാടൻ പ്രദേശത്തെ ഏറ്റവും വലിയ പട്ടണം. ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിൽനിന്നും കാരൈക്കുടിയിലേക്ക് തീവണ്ടി സർവീസുകളുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]തമിഴ്‌നാട്ടിലെ പ്രശസ്തമായ അളഗപ്പ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം കാരൈക്കുടിയാണ്.അളഗപ്പ ചെട്ടിയാരുടെ സ്മരണാർത്ഥമാണ് ഈ സർക്കാർ സർവകലാശാലക്ക് അളഗപ്പ യൂണിവേഴ്സിറ്റി എന്ന് പേര് നൽകിയത്.
C.E.C.R.I എന്ന ഗവേഷനസ്ഥാപനത്തിന്റെ ആസ്ഥാനം ചെട്ടിനാട്ടിലെ കാരൈക്കുടിയാണ്. ഇലക്ട്രോ-കെമിക്കൽ രംഗത്ത് പഠനം കേന്ദ്രീകരിച്ചിരിക്കുന്ന CSIR പരീക്ഷണശാലയും ഇവിടെയുണ്ട്. ഇലക്ട്രോ-കെമിക്കൽ ശാസ്ത്രമേഖലയുമായ് ബന്ധപ്പെട്ട് 700 ലധികം പേറ്റന്റ് നേടിയ കണ്ടുപിടിത്തങ്ങളും, 5000-ലധികം ഗവേഷണപ്രബന്ധങ്ങളും ഈ സ്ഥാപനത്തിന്റെ മികവിനുദാഹരണമാണ്. ചെന്നൈയിലെ അണ്ണാ സർവകലാശാലയുമായി സംയോജിച്ച്, CECRI 4വർഷ സാങ്കേതിക ബിരുദ കോഴ്സും നൽകിവരുന്നു.
കൈത്തൊഴിലുകൾ
[തിരുത്തുക]ചെട്ടിനാട് സാരി
[തിരുത്തുക]ചെട്ടിനാടിനെ പ്രശസ്തമാക്കുന്ന മറ്റൊന്നാണ് ചെട്ടിനാട് സാരികൾ. പരുത്തിയിലാണ് ഇവ നെയ്തെടുക്കുന്നത്. വിപരീത നിറങ്ങലുടെ നയനാനന്ദകരമായ സമിശ്രവും, ഡിസൈനുകളും ഇവയുടെ പ്രത്യേകതയാണ്.
ആത്തംകുഡി റ്റൈലുകൾ
[തിരുത്തുക]ചെട്ടിനാടിലെ ആത്തംകുഡി എന്ന ഗ്രാമത്തിൽ മുഴുവൻ മനുഷ്യാധ്വാനത്തിൽ തന്നെ നിർമ്മിക്കുന്ന ഒരു തരം റ്റൈലുകളാണ് ആത്തംകുഡി റ്റൈലുകൾ ഇംഗ്ലീഷ്: Athangudi Tiles. പൂർണ്ണമായും കൈകളാൽ നിർമ്മിക്കുന്ന ഇവ; ഈ ഗ്രാമത്തിലെ സ്വതസ്സിദ്ധമായ സാങ്കേതിക വിദ്യയിലൂടെ അവിടെത്തന്നെ ലഭ്യമായ മണ്ണും ഗ്ലാസ് പേറ്റുകളും കൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. വൈവിദ്ധ്യമായ നിറക്കൂട്ടുകളും ഡിസൈനുകളും ഈ റ്റൈലിനെ വ്യത്യസ്തമാക്കുന്നു. വളരെ കാലം ഭംഗിയോടെ തന്നെ നിലനിൽക്കുന്ന ഇവ നിർമ്മിക്കുന്നതിന് വളരെ ശ്രദ്ധയോടെയുള്ള നിമ്മാണരീതി ആവശ്യമാണ്, നിമ്മാണത്തിന് ധാരാളം സമയമെടുക്കുമെന്നതും വില കൂടുതലാണെന്നതും ഇതിന്റെ വിപണന സാധ്യതകൾക്ക് മങ്ങലേല്പിക്കുന്ന ഘടകങ്ങളാണ്.[3]
ചെട്ടിനാടിൽനിന്നുള്ള പ്രശസ്തർ
[തിരുത്തുക]- പി. ചിദംബരം, കേന്ദ്ര മന്ത്രി
- Dr അളഗപ്പ ചെട്ടിയാർ, കാരൈക്കുടിയിലും സമീപ പ്രദേശങ്ങളിലും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
- എം.എ ചിദംബരം ചെട്ടിയാർ.
- കവിയരസർ കണ്ണദാസൻ. പ്രശസ്ത തമിഴ് കവി
- സർ അണ്ണാമലൈ ചെട്ടിയാർ, ഇന്ത്യൻ ബാങ്ക് സ്ഥപകൻ. ചെന്നൈയിലെ അണ്ണാമലൈ യൂണിവേഴ്സിറ്റി ഇദ്ദേഹത്തിന്റെ നാമദേയത്തിൽനിന്നുള്ളതാണ്
- എ. വി മെയ്യപ്പൻ AVM പ്രൊഡക്ഷൻസ് സ്ഥാപകൻ.
അവലംബങ്ങൾ
[തിരുത്തുക]- ↑ According to Guy Trebay, "Houses of the Holy," (New York Times, 17 Nov. 2010): "By the best available estimates, there are 74 Chettiar villages remaining of the 96 that once dotted a 600-square-mile region. The rest have been erased, lost either to neglect or to the avarice of antiques dealers who bought and razed them after first stripping out their irreplaceable materials." (Retrieved 28 Nov. 2010 from NYT at http://tmagazine.blogs.nytimes.com/2010/11/17/houses-of-the-holy/?scp=3&sq=Tamil%20Nadu&st=cse.)
- ↑ "Chettinad". Pbase.com. Retrieved March 22, 2012.
- ↑ "പരപ്പനങ്ങാടിയിലെ ആത്തംകുടി ടൈൽ". മലയാള മനോരമ. 2015-03-21. Archived from the original on 2015-03-30. Retrieved 2015-03-30.
{{cite news}}
: Cite has empty unknown parameter:|9=
(help)