ചെകുത്താൻ (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാരൂർ നീലകണ്ഠപിള്ളയുടെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് ചെകുത്താൻ.

കഥാപാത്രങ്ങൾ[തിരുത്തുക]

രോഗം മൂലം കിടപ്പിലായ ഉതുപ്പാനും ഭാര്യ മറിയയും , യൗവനത്തിലേക്ക് കാലുകുത്തിയ മൂത്തമകൾ ശോശാമ്മയും , ഇവരുടെ അയൽക്കാരി നൈത്തിച്ചേടത്തി എന്ന വൃദ്ധയും മാത്രമാണ് കഥയിലെ കഥാപാത്രങ്ങൾ.

കഥാസാരം[തിരുത്തുക]

കഞ്ഞിക്കും മരുന്നിനും വകയില്ലാതെ കഴിയുന്നവരാണ് ഉതുപ്പാനും മറിയാമ്മയും . വളർന്നു വരുന്ന മകളെ വിവാഹം കഴിപ്പിച്ചയക്കുന്നതോർത്ത് തീ തിന്നുന്നുകയാണ് അമ്മ മറിയ. അപ്പോഴാണ് അയലത്തെ വൃദ്ധ അവൾക്ക് വഴി കാട്ടുന്നത്. കുമാരിയായ ശോശാമ്മായെ വേശ്യാവൃത്തിക്ക് വഴങ്ങാൻ പ്രോൽസാഹിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുകയാണ് വൃദ്ധ. നിസ്സഹായാവസ്ഥയിൽ മാതാവ് സമ്മതിക്കുകയും മകൾ വഴങ്ങുകയും ചെയ്യുന്നതാണ് കഥ.

കഥനശൈലി[തിരുത്തുക]

കഥയിലെ മൂന്ന് സ്ത്രീകളും തമ്മില്ലുള്ള സംഭാഷണമാണ് കഥയിലുടനീളം.
ഈ സംഭാഷണങ്ങളിലൂടെ നാം അവരുടെ അവസ്ഥാവിശേഷങ്ങളും മനോവ്യാധികളും , ഭയങ്ങളും മനസ്സിലാക്കുന്നു. മധ്യകേരളത്തിലെ യഥാസ്ഥിതിക ഗ്രാമീണ ക്രൈസ്തവ സംഭാഷണ ശൈലിയാണ് കഥാകൃത്ത് അവലംബിച്ചിട്ടുള്ളത്.

നിരൂപക പ്രശംസ[തിരുത്തുക]

എം.കൃഷ്ണൻ നായർ ഈ കഥയെക്കുറിച്ച് സാഹിത്യവാരഫലത്തിൽ ഇങ്ങനെ എഴുതുകയുണ്ടായി.
" നവയൗവനം വന്നു നാൾതോറും വളരുന്ന കഥയാണു കാരൂർ നീലകണ്ഠപിള്ളയുടെ “ചെകുത്താൻ”. ഉതുപ്പാനും ഭാര്യയും മക്കളും പട്ടിണിക്കാരാണ്. ഉതുപ്പാനു മറാത്ത രോഗം. ചികിത്സിക്കാൻ പണം വേണം. അടുത്ത വീട്ടിലെ ഒരു വൃദ്ധ ഉതുപ്പാന്റെ സുന്ദരിയായ മകളെ വ്യഭിചരിപ്പിച്ചു പണം കൊടുക്കുന്നു. അതോടൊപ്പം വൃദ്ധയും അതിന്റെ ഒരു ഭാഗം കൈവശപ്പെടുത്തുന്നു. സർവസാധാരണമായ ഈ കഥയ്ക്ക് കാരൂർ ഭാവനകൊണ്ടു മനോഹാരിത വരുത്തി അതിനെ കലാശില്പമാക്കി മാറ്റുന്നു. അടിക്കടി വളരുന്ന കാമിനിയെപ്പോലെയാണ് ഇക്കഥ. ഒടുവിൽ അവൾ പുഷ്പിച്ച് നില്ക്കുന്നു. ശിരസ്സുതൊട്ടു പാദംവരെ ആ കഥാംഗന ചേതോഹരാംഗിതന്നെ. അവളുടെ ഒരവയവഭംഗി നോക്കു.

“അവൾ പാതിരായ്ക്കു കടലയ്ക്കാച്ചിമ്മിനി കത്തിച്ചു. തലതിരിച്ചു വച്ച ഒരു കെട്ടുതാലിപോലെ അതിന്റെ ദീപം മിന്നി. ആ വെളിച്ചത്തിൽ അമ്മ മകളെ അടിമുടി പലവുരു നോക്കി. കണ്ണീർ കൊണ്ട് അവളുടെ കാഴ്ച മങ്ങി. വിളക്കു താനെ അണഞ്ഞു. ‘എന്റെ കർത്താവേ’”. വിവാഹത്തിനുള്ള പ്രായംകഴിഞ്ഞ മകളെ നോക്കുന്ന അമ്മയ്ക്കു ചിമ്മിനിയുടെ ദീപം തലതിരിച്ചുവച്ച കെട്ടുതാലിപോലെ തോന്നിയത് എത്ര സ്വാഭാവികം.""[1]

അവലംബങ്ങൾ[തിരുത്തുക]

  1. [1]
"https://ml.wikipedia.org/w/index.php?title=ചെകുത്താൻ_(ചെറുകഥ)&oldid=2583825" എന്ന താളിൽനിന്ന് ശേഖരിച്ചത്