ചുവന്ന മുനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവന്ന മുനിയ
Red Avadavat
Amandava amandava (VijayCavale).jpg
ആൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കശേരുകികൾ
ക്ലാസ്സ്‌: പക്ഷികൾ
നിര: Passeriformes
കുടുംബം: Estrildidae
ജനുസ്സ്: Amandava
വർഗ്ഗം: A. amandava
ശാസ്ത്രീയ നാമം
Amandava amandava
(Linnaeus, 1758)
പര്യായങ്ങൾ

Estrilda amandava
Sporaeginthus amandava

പെൺകിളി (Kolkata, India)

'എസ്ട്രിൽഡിഡേ' കുടുംബത്തിലെ ഒരു പക്ഷിജാതിയാണ് ചുവന്ന മുനിയ (ഇംഗ്ലീഷ് :Red Avadavat/Strawberry Finch). ആററക്കുരുവിയേക്കാൾ ചെറിയവയാണിവ. "തീയാറ്റ" , "ആറ്റചുവപ്പൻ" തുടങ്ങിയ പേരുകളും ഇവയ്ക്കുണ്ട്. കേരളത്തിൽ സർവസാധാരണമായ ചുട്ടിയാറ്റ, ആറ്റകറുപ്പൻ, ആറ്റ ചെമ്പൻ തുടങ്ങിയവയുടെ ജാതിയിൽ പെട്ടതാണ് ചുവന്ന മുനിയ എങ്കിലും ഇവ കേരളത്തിൽ സാധാരണമല്ല. ലോകത്ത് ഏകദേശം 10 മില്ല്യൻ ചുവന്ന മുനിയകൾ ഉണ്ടെന്നു കരുതപ്പെടുന്നു.

വിവരണം[തിരുത്തുക]

പെൺകിളികളുടെ ശരീരത്തിന്റെ മേൽഭാഗത്തിന് നരച്ച തവിട്ടു നിറവും അടിഭാഗം വയറു മുതൽ വാലുവരെ നരച്ച മഞ്ഞ നിറവുമാണ്. പിടയ്ക്ക് ചിറകിൽ മാത്രം വെള്ള പൊട്ടുകൾ ഉണ്ടായിരിക്കും. എന്നാൽ പൂവനെ അപേക്ഷിച്ച് പിടയുടെ ദേഹത്ത് ഈ വെള്ള പൊട്ടുകൾ കുറവാണ്. പൂവനും പിടയ്ക്കും കൊക്കുകൾക്ക് തടിച്ചു സമഭുജ ത്രികോണകൃതിയും ചുകപ്പു നിറവുമാണ്. ചുകന്ന കണ്ണുകൾക്കു ചുറ്റും ചുകപ്പു കലർന്ന തവിട്ട് നിറത്തിൽ ഒരു വളയവും, കണ്ണിനു തൊട്ടു താഴെ ഒരു വെള്ള പട്ടയും കാണാം. വാലുകൾക്ക് കറുത്ത നിറമാണ്. വാലിന്റെ അറ്റം വൃത്താകൃതിയിൽ ആയിരിക്കും. സാധാരണ സമയങ്ങളിൽ പൂവനും പിടയും കാഴ്ച്ചയിൽ ഒരുപോലിരിക്കും , എന്നാൽ സന്താനോത്പ്പാദനക്കാലത്ത് പൂവൻ അടിമുടി മാറി ശരീരത്തിനു കറുപ്പു കലർന്ന നല്ല ചുകപ്പു നിറമാകുന്നു. കഴുത്ത് മുതൽ വാലറ്റം വരെ ശരീരത്തിൽ വെള്ളപൊട്ടുകളും കാണാം. ഉപരിഭാഗത്ത്‌ അങ്ങിങ്ങായി ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകും.

വിതരണം[തിരുത്തുക]

ചുവന്ന മുനിയകൾ പ്രധാനമായും കാണപ്പെടുന്നത് പരന്ന പുൽപ്രദേശങ്ങളിൽ ആണ്. നദീതീരങ്ങൾക്കടുത്തുള്ള പുൽപ്രേദേശങ്ങളിലും പാടങ്ങളിലും ഇവയെ ധാരാളം കണ്ടുവരുന്നു. മറ്റ് ആറ്റകളെ പോലെ ചുവന്ന മുനിയകൾ കേരളത്തിൽ സാധാരണമല്ല. ഇവ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങൾ , ബംഗ്ലാദേശ് , നേപ്പാൾ , പാകിസ്താൻ , ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

ആഹാരം[തിരുത്തുക]

തിന (ചാമ) ആണ് ഈ പക്ഷിയുടെ പ്രധാന ആഹാരം. തിനയ്ക്കു പുറമേ മറ്റു പുല്ലരികളും ഇവ ഭക്ഷിക്കുന്നു. ചെറു ഷഡ്പദങ്ങൾ, കൃമികീടങ്ങൾ, വിശേഷമായി ചിതലുകൾ എന്നിവയും ഇവയുടെ ഇഷ്ടഭക്ഷണം ആണ്. എപ്പോഴും ഒരു വലിയ കൂട്ടങ്ങളായിട്ടാണ് ഇവ ഇര തേടി ഇറങ്ങുന്നതും, സഞ്ചരിക്കുന്നതും. ഒരു കൂട്ടത്തിൽ കുറഞ്ഞത്‌ 100 മുതൽ 200 പക്ഷികൾ വരെ ഉണ്ടായിരിക്കും.

പ്രജനനം[തിരുത്തുക]

ഇന്ത്യയിൽ ഇവയുടെ പ്രജനനകാലം ജൂൺ മുതൽ ഓഗസ്റ്റ്‌ വരെ ആണ്. ഈ സമയങ്ങളിൽ ഇവയെ സാധാരണ പൊലെ കൂട്ടങ്ങൾക്കു പകരം ഇണകൾ ആയിട്ടാണ് കാണാറ്. നേരിയ പുൽത്തണ്ടുകൾ കൊണ്ടാണ് കൂട് ഉണ്ടാക്കാറ്. പ്രവേശനദ്വാരം ഒരു വശത്തായിരിക്കും. ഏഴെട്ടു മുട്ടകൾ വരെ കൂടുകളിൽ ഉണ്ടായിരിക്കും. മുട്ടയ്ക്കു തൂവെള്ള നിറമായിരിക്കും.

പ്രത്യേകതകൾ[തിരുത്തുക]

കൂട്ടിലിട്ടു വളർത്തുന്നവർക്ക് പ്രിയപ്പെട്ട പക്ഷിയാണിത്. അതിനാൽ ഇവയെ ധാരാളമായി പാശ്ചാത്യ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. "ചുവന്ന അവദാവത്ത്" (Red Avadavat) എന്ന ഇതിന്റെ ഇംഗ്ലീഷ് പേരു തന്നെ, ഗുജറാത്തിലെ അഹമ്മദാബാദ് പട്ടണത്തിൻറെ പേരിൽ നിന്നുണ്ടായതാണ്. ഈ പക്ഷിയെ വിദേശങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് അവിടെ നിന്നാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവന്ന_മുനിയ&oldid=2282432" എന്ന താളിൽനിന്നു ശേഖരിച്ചത്