ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ

കേരളത്തിലെ ഒരു ചരിത്രകാരനും, ഫോക്‌ലോർ പ്രവർത്തകനും, നാടൻപാട്ടു പ്രചാരകനുമായിരുന്നു ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ. ചിറക്കൽ കോവിലകത്തെ ആയില്യം തിരുനാൾ രാമവർമ്മ വലിയരാജയുടെയും തയ്യിൽ കല്യാണിക്കുട്ടി കെട്ടിലമ്മയുടെയും മകനായി 1907 നവംബർ 17നാണ് ജനിച്ചത്. 1977 ജനുവരി 13-ന് ഇദ്ദേഹം അന്തരിച്ചു.[1]

ജീവിത രേഖ[തിരുത്തുക]

സാഹിത്യ, ചരിത്ര ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകിയ ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ വടക്കേ മലബാറിന്റെ ചരിത്രത്തിലും ഫോക്‌ ലോർ (വിശേഷിച്ചും തെയ്യം) പഠനങ്ങളിലും വഴികാട്ടിയായിരുന്നു. ഏത്‌ വിഷയത്തെക്കുറിച്ചും സരളമായ ഭാഷയിൽ ശ്രോതാക്കളുടെ ഉള്ളിലേക്ക്‌ തുളച്ചുകയറാനുള്ള ശക്തമായ, വ്യക്തമായ ഭാഷയുടെ ഉടമസ്ഥനായിരുന്നു. ചെറുശ്ശേരി സാഹിത്യത്തെ പറ്റിയുള്ള ആധികാരിക നിഗമനങ്ങൾ ബാലകൃഷ്ണൻ നായരുടേതാണ്. നാടൻപാട്ടുകളുടെ പ്രചാരകൻ കൂടിയാണ്‌ ഇദ്ദേഹം. മാതൃഭൂമിയടക്കം നിരവധി ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങളൂം ലേഖനങ്ങളൂം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ കോളേജ്‌ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. മദ്രാസ്‌ പ്രസിഡൻസി കോളേജ്‌, ലയോള കോളേജ്‌ എന്നിവിടങ്ങളിൽ നിന്ന്‌ ഉന്നത വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ചിറക്കൽ രാജാസ്‌ ഹൈസ്കൂളിൽ അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നു. ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിക്കുകയും ഒന്നര വർഷം ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു. ആദ്യകാല അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ്‌ കൂടിയായിരുന്ന ഇദ്ദേഹം പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. കെ.പി.സി.സി അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ്‌ പാർട്ടിയിലാണ്‌ പ്രവർത്തിച്ചത്‌. ചിറക്കൽ ടി. യുടെ സഹോദരൻ ചിറക്കൽ ടി. ശ്രീധരൻ നായർ ഉത്തര കേരളത്തിലെ പ്രശസ്തനായ കളരിപ്പയറ്റ്‌ ആചാര്യനും ചിത്രകാരനുമായിരുന്നു.[2]

ബന്ധപ്പെട്ട കൃതികൾ[തിരുത്തുക]

വാണിദാസ്‌ എളയാവൂർ എഡിറ്റ്‌ ചെയ്ത ചിറക്കൽ ടി. യുടെ പ്രബന്ധ സമാഹാരം, ചിറക്കൽ ടി. എഡിറ്റ്‌ ചെയ്ത കേരള ഭാഷാ ഗാനങ്ങൾ, ഡോക്ടർ സുകുമാർ അഴീക്കോട്‌ മുഖ്യ രക്ഷാധികാരിയായ ചിറക്കൽ ടി. മെമ്മോറിയൽ കൾച്ചറൽ ഫോറം പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളൂം സ്മരണകളൂം എന്നിവയാണ്‌ ചിറക്കൽ ടി യുമായി ബന്ധപ്പെട്ട കൃതികൾ. ഇതിൽ ആദ്യ രണ്ട്‌ പുസ്തകങ്ങളുടെയും പ്രസാധനം നിർവ്വഹിച്ചത്‌ കേരള സാഹിത്യ അക്കാദമിയാണ്‌.[2]

ചിത്രശാല[തിരുത്തുക]

ചിറക്കൽ ടി ബാലകൃഷ്ണൻ നായരുടെ ശവകുടീരം,പയ്യാമ്പലം,കണ്ണൂർ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-20.
  2. 2.0 2.1 http://chirakkal.entegramam.gov.in/content/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%81%E0%B4%96-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]