ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ചിറക്കടവ് മഹാദേവക്ഷേത്രം, കിഴക്കേനട
ചിറക്കടവ് മഹാദേവക്ഷേത്രം, കിഴക്കേനട
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം is located in Kerala
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°34′23″N 76°45′32″E / 9.57306°N 76.75889°E / 9.57306; 76.75889
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:ചിറക്കടവ്
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം.

ശങ്കരനാരായണമൂർത്തി ഭാവത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കണക്കാക്കുന്നത്.[1] അതിനാൽ തന്നെ ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളുക പതിവില്ല. അയപ്പസ്വാമി ചിറക്കടവിൽ ആയോധനമുറകൾ അഭ്യസിച്ചിരുന്നതായും ഐതിഹ്യങ്ങളുണ്ട്. ചിറക്കടവിൽ നടന്നുവരുന്ന വേലകളി ഇതുമായി ബന്ധപ്പെട്ടതാണന്നൊരു വിശ്വാസവുമുണ്ട്.[1]

ചരിത്രം[തിരുത്തുക]

പടിഞ്ഞാറേ നട

ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു.[2] അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു. പിന്നീട്‌ 1956-ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങൾ പൂർണ്ണമായും സർക്കാരിൽ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയിൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കൈമാറി. ദേവസ്വംബോർഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ചിറക്കടവ്‌ മഹാദേവക്ഷേത്രം.

സപ്താഹം ചിറക്കടവു ക്ഷേത്രം.JPG

ഐതിഹ്യം[തിരുത്തുക]

ഒരു കൂറ്റൻ കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ്‌ ഈ ക്ഷേത്രത്തിലെ ശിവലിംഗവിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റിക്കാടുകൾക്കിടയിൽ വേറിട്ടുനിന്ന വില്വമരച്ചുവട്ടിൽ കൂവ പറിക്കുന്നതിനായി പാര കൊണ്ട്‌ മണ്ണിൽ കുത്തിയപ്പോൾ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്‌ത്രീയുടെ നിലവിളികേട്ട്‌ സമീപത്ത്‌ കാലിമേച്ചുകൊണ്ടിരുന്ന ആളുകൾ ഓടിക്കൂടി. രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ്‌ നീക്കിയപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ ഐതിഹ്യം. ഈ കൂവളച്ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു. കൂവളച്ചുവട്ടിൽ വസിച്ചിരുന്നതുകൊണ്ട്‌ കൂവമഹർഷി എന്ന അപരനാമത്തിൽ പിന്നീട്‌ ഈ മഹർഷി വിഖ്യാതനായതായി കരുതപ്പെടുന്നു.[2]

ദിവസേനയുള്ള പൂജാദികർമ്മങ്ങൾ[തിരുത്തുക]

ദിവസേന അഞ്ചുപൂജകളാണ്‌ ഈ ക്ഷേത്രത്തിലുള്ളത്‌. സാധാരണ രാവിലെ അഞ്ചുമണിക്ക്‌ നട തുറക്കും. ആദ്യം നിർമ്മാല്യദർശനം. അതിനുശേഷം ഗണപതിഹോമം. അഭിഷേകത്തിനുശേഷം അവൽ, മലർ, ത്രിമധുരം എന്നിവ നിവേദിക്കുന്നു. ആറരയ്‌ക്ക്‌ ഉഷഃപൂജ, ഏഴുമണിക്ക്‌ എതൃത്തപൂജ. ഏഴേകാൽമണിയോടുകൂടി എതൃത്തശീവേലി. എട്ടുമണിക്ക്‌ പന്തീരടിപൂജ, ഒമ്പതരമണിക്ക്‌ നവകപൂജ, പത്തുമണിയോടെ നവകാഭിഷേകം, നവകാഭിഷേകസമയത്ത്‌ വഴിപാടായി ജലധാര, ക്ഷീരധാര, കരിക്കഭിഷേകം, 108 കലശം ഇവ നടത്താറുണ്ട്‌. പത്തരമണിക്ക്‌ ഉച്ചപൂജ. ശേഷം ഉച്ചശീവേലി. പതിനൊന്നുമണിക്ക്‌ ക്ഷേത്രനട അടയ്‌ക്കും. വൈകിട്ട്‌ അഞ്ചുമണിക്ക്‌ നട തുറക്കും. അസ്‌തമനസമയത്ത്‌ ദീപാരാധന, ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി. എട്ടുമണിക്ക്‌ നട അടയ്‌ക്കും.

വന്ദനശ്ലോകം[തിരുത്തുക]

നാലു കൈകളിൽ മഴു, മാൻ, അഭയം, വരദം എന്നിവ ധരിച്ചിരിക്കുന്നവനും പ്രസന്നമായ മുഖത്തോടുകൂടിയവനും എല്ലാവിധ അലങ്കാരങ്ങളെക്കൊണ്ടുശോഭിക്കുന്നവനും താമരപ്പൂവിലിരിക്കുന്നവനും പുലിത്തോലുടുത്തവനും മുത്തിന്റെ പൊടി അമൃതരസത്തിൽ കുഴച്ചുണ്ടാക്കിയ പർവ്വതം പോലെ വിളങ്ങുന്നവനും അഞ്ചുമുഖങ്ങളോടുകൂടിയവനും മൂന്നുകണ്ണുള്ളവനും കിരീടാഗ്രത്തിൽ ചന്ദ്രക്കല ധരിച്ച ഉന്നിമ്രമായ ശിരസോടുകൂടിയവനുമായ ശ്രീമഹാദേവനെ ഞാൻ വന്ദിക്കുന്നു.


വേലകളി[തിരുത്തുക]

വഞ്ഞിപ്പുഴ തമ്പുരാൻ ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീക്ഷേത്രങ്ങളുടെ ആധിപത്യം വഹിച്ച്‌ ചിറക്കടവിൽ താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു നായർ പട്ടാളത്തെ രൂപവത്‌കരിക്കാൻ തീരുമാനിച്ചു. അന്നത്തെ നാട്ടുപ്രമാണികളായ കാമനാമഠം പണിക്കർ, മാലമല കൈമൾ എന്നിവരെ വിളിച്ചുകൂട്ടി സമർത്ഥൻമാരായ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ആയോധനവിദ്യ അഭ്യസിപ്പിച്ചു. കാലാന്തരത്തിൽ തമ്പുരാന്റെ പ്രതാപം കുറയുകയും സംഘത്തെ എന്തുചെയ്യണമെന്ന്‌ നാട്ടുപ്രമാണികളുമായി ആലോചിച്ച്‌ ക്ഷേത്രോത്സവത്തിന്‌ ചിറക്കടവ്‌ ശ്രീമഹാദേവന്റെ അംഗരക്ഷകരായി നിയോഗിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. പിന്നീട് സംഘത്തിന്റെ അംഗസംഖ്യ അനുസരിച്ച്‌ രണ്ടുഭാഗമായി തിരിച്ച്‌ ഇതൊരു ക്ഷേത്രകലയായി രൂപപ്പെടുത്താനും തീരുമാനിച്ചു. മാലമലകൈമളുടെ ഭാഗത്തിന്‌ തെക്കുംഭാഗം എന്നും കാമനമഠം പണിക്കരുടെ വിഭാഗത്തിന്‌ വടക്കുംഭാഗം എന്നും നാമകരണം ചെയ്‌തു. ഇന്ന്‌ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഒരു പ്രധാന ചടങ്ങാണ്‌ വേലകളി. ആശാന്മാർ- എ.ആർ.കുട്ടപ്പൻനായർ, ഇരിയ്‌ക്കാട്ട്‌ (വടക്കുംഭാഗം), ഗോപാലകൃഷ്‌ണപിള്ള (അപ്പുആശാൻ) (തെക്കുംഭാഗം).

ക്ഷേത്രക്കുളം[തിരുത്തുക]

ചിറക്കടവ് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് നാട്ടുകാരുടെ പ്രധാനപ്പെട്ട ഒരു ജല സ്രോതസ്സുമാണിത്. ഉത്സവനാളിൽ മഹാദേവന്റെ നീരാട്ട് ആറാട്ട്‌ കടവ് എന്ന് അറിയപ്പെടുന്ന കുളത്തിന്റെ മറപ്പുരയിലാണ്.

ചിറക്കടവ് നീലകണ്ഠൻ[തിരുത്തുക]

ചിറക്കടവ് ദേവസ്വം വക ആനയാണ്‌ ചിറക്കടവ് തിരുനീലകണ്ഠൻ. ആക്രമണ സ്വഭാവമുള്ള ആനയെന്ന് പൊതുവേ അറിയപ്പെടുന്ന നീലകണ്ഠൻ, 2010 ഫെബ്രുവരി 24-നു, കോട്ടയം ജില്ലയിലെ പെരിങ്ങല്ലൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനിടെ സ്വന്തം പാപ്പാനെ കൊലപ്പെടുത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "സ്വാമിമാരെത്തുന്നു ചിറക്കടവിലേക്ക്.... ഇവിടം അയ്യപ്പന്റെ കളരിമണ്ണ്‌". Mathrubhumi.com. 2017.
  2. 2.0 2.1 "History of Chirakkadavu Mahadeva temple". Chirakkadavu Mahadeva Temple.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]