ചിന്നാലി (ചീന)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്ന അലി
Nicknameചീന ചിന്നാലി
മരണം1600
പോർച്ചുഗീസ് ഗോവ
വിഭാഗംസാമൂതിരി സൈന്യം
ജോലിക്കാലം1590 –1600
പദവിസഹ സേനാപതി
യൂനിറ്റ്മരയ്ക്കാർ സൈന്യം

കോഴിക്കോട് രാജ്യം കേന്ദ്രമാക്കി പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പടപൊരുതിയ ധീര നാവിക പോരാളിയാണ് ചൈനീസ് വംശജനായ ചിന്നാലി.[1] ചിന്ന അലി (ചെറിയ അലി ) എന്നത് മരക്കാർ പടയിലെ സേനാപതിമാരുടെ ഔദ്യോഗിക നാമവും ചീന ചൈനയെ സൂചിപ്പിക്കുന്നതുമാണ്. കുഞ്ഞാലിമാരോടൊപ്പം നിരവധി യുദ്ധങ്ങളിൽ നിറ സാന്നിധ്യമായ ഈ യുവാവ് കുഞ്ഞാലി നാലാമനോടൊപ്പം പോർച്ചുഗീസ് പിടിയിലകപ്പെട്ട് കൊല്ലപ്പെട്ടു. [2]

ജീവ രേഖ[തിരുത്തുക]

അധിനിവേശം നടത്തുന്ന രാജ്യങ്ങളിലെയും കപ്പലുകളിലെയും ജനങ്ങളെ കൂട്ടക്കൊലക്കിരയാക്കുകയും ബലാൽക്കാരം ചെയ്യുകയും കുട്ടികളെ അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു പോർച്ചുഗീസ് സൈന്യത്തിൻറെ അക്കാലത്തെ രീതി.[3] ഇത്തരത്തിൽ കൊള്ള ചെയ്യപ്പെട്ട ചൈനീസ് കപ്പലിൽ നിന്നും പിടി കൂടി അടിമകളാക്കിയവരുടെ കൂട്ടത്തിൽ പെട്ടതായിരുന്നു ഈ ബാലനും. സ്വന്തം മാതാപിതാക്കൾ കൺമുന്നിൽ കൊല്ലപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്ന ചരിത്ര പുരുഷൻ കോഴിക്കോട് നാവികസേനയാലാണ് പോർച്ചുഗീസ് കരങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. മലാക്കയിൽ വെച്ച് പോർച്ചുഗീസ് കപ്പൽപ്പട വ്യൂഹത്തെ ആക്രമിച്ചു നശിപ്പിച്ച മരക്കാർ കൂട്ടം കപ്പലുകളിലുണ്ടായിരുന്ന ബന്ദികളെ മുഴുവൻ മോചിപ്പിച്ചു. അനാഥനായ ഈ ചൈനീസ് ബാലനെ മുഹമ്മദ് അലി മരക്കാർ കൂടെ കൂട്ടി.[4] ആയുധ പരിശീലനങ്ങളിലെ മികവും ബുദ്ധി ശക്തിയും ധീരതയും മികച്ചു നിന്നപ്പോൾ മരക്കാർ പടയിലേക്കുള്ള വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് തന്നെ മികവുറ്റ പോരാളിയായി മാറി. പട്ടു മരക്കാറിനൊപ്പം നിരവധി സാഹസിക യുദ്ധങ്ങളിൽ ഭാഗമായി.[5] കുഞ്ഞാലി മൂന്നാമൻറെ വിയോഗത്തെ തുടർന്ന് മുഹമ്മദലി മരക്കാർ മുഖ്യ സേനാപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടപ്പോൾ സേനാധിപനായി ചൈനീസ് വംശജൻ ഉയർന്നു വന്നു. നിഴലിനു നിഴൽ വെച്ച് മുഹമ്മദലി മരക്കാറിന്റെ വലം കൈയ്യായ ചിന്നാലിയായ് മാറി. കുഞ്ഞാലിയോടൊപ്പം നിരവധി കഠോര യുദ്ധങ്ങളിൽ നിറ സാന്നിധ്യമായി.[6] തീയിൽ കുരുത്ത പരിശീലനങ്ങൾ നൽകി തൻറെ പിൻഗാമിയായി കുഞ്ഞാലി നാലാമൻ വളർത്തി കൊണ്ട് വന്ന ചീനക്കാരൻറെ ഗറില്ല യുദ്ധമുറകളിലെ മികവ് പോർച്ചുഗീസുകാരാൽ പോലും ശ്ലാഖിക്കപ്പെട്ടിട്ടുണ്ട്. [7] ആയോധന കലകളിലും അഭ്യാസമുറകളിലും കേളികേട്ടവൻ ആത്മീയ മേഖലകളിലും മുദ്ര പതിപ്പിച്ചിരുന്നു. ക്വദിരിയ്യ പന്ഥാവ് സ്വീകരിച്ച ഇദ്ദേഹത്തിൻറെ കാർമ്മികത്വത്തിൽ മരക്കാർ കൂട്ടങ്ങളിൽ ആധ്യാത്മ സ്തോത്ര സദസ്സുകൾ നടത്താറുണ്ടായിരുന്നു. മാപ്പിളമാരുടെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രയോക്താവ് എന്നാണ് പോർച്ചുഗീസ് ചരിത്രകാരന്മാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. [8]

കുഞ്ഞാലി നാലാമനെ രാജാവായ സാമൂതിരി ചതിവിൽ പെടുത്തി പോർച്ചുഗീസിന് കൈമാറിയപ്പോൾ കൂടെ കൈമാറ്റം ചെയ്യപ്പെട്ട നാൽപത് യോദ്ധാക്കളിൽ ഒരാൾ ചിന്നാലി ആണ്. മുഹമ്മദാലി മരക്കാർ അധികാര ചിഹ്നമായ ഉടവാൾ സാമൂതിരി തിരുമനസ്സിനു മുന്നിൽ അടിയറവെക്കുവാനായി കോട്ടയിൽ നിന്നും ഇറങ്ങി വന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ ചിന്നാലി ആയിരുന്നു. [9]

ഭൂമിയിലെ നരകമെന്നു ചരിത്രകാരന്മാർ വിശേഷിപ്പിച്ച പോർച്ചുഗീസ് ഗോവയിലെ കുപ്രസിദ്ധമായ ട്രോങ്കോ കരിങ്കൽ പാളയത്തിൽ മാസങ്ങൾ നീണ്ട പീഡനങ്ങൾക്ക് ചിന്നാലി വിധേയമായി. മതം മാറി പോർച്ചുഗീസ് സേനയുടെ ഭാഗമാകാനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് പരസ്യമായി തലവെട്ടി കൊന്നു. [10] [11]

ട്രോങ്കോ തടവറ ശേഷിപ്പുകൾ

പിൻ കുറി[തിരുത്തുക]

പോർച്ചുഗീസ് മതാധ്യക്ഷനായിരുന്ന ഫാദർ പിമെന്റ അടക്കമുള്ള ചില പോർച്ചുഗീസ് പാതിരിമാരുടെ രേഖകൾ പ്രകാരം 'ജയിൽ കണ്ട ചിന്നാലി വാവിട്ടു നിലവിളിച്ച് ഭയന്ന് വിറച്ചു പൊട്ടിക്കരഞ്ഞു, ജീവൻ രക്ഷിക്കണമെന്നും മതംമാറാമെന്നും പോർച്ചുഗീസ് സഭാധികാരികളോട് അപേക്ഷിച്ചു. കാരുണ്യത്താൽ പോർച്ചുഗീസ് മേധാവികൾ സമ്മതം മൂളി, അതുപ്രകാരം മതംമാറി ചീനക്കാരൻ പോർച്ചുഗീസ് പക്ഷം ചേർന്നു' എന്നാണ്.[12]പോർച്ചുഗീസ് സൈന്യത്തെ ക്രൂരമായി മുച്ചൂടും ഹനിച്ച അതി ഭീകരനെന്നു അവർ തന്നെ കുറ്റമാരോപിച്ച ചിന്നാലിയോട് പോർച്ചുഗീസ് അധികാരികൾ കരുണ കാട്ടിയെന്ന വാദം എത്രത്തോളം വിശ്വാസയോഗ്യമാണ്‌ എന്ന് തീർച്ചപ്പെടുത്താനാവില്ല. ധീരനിൽ ധീരനെന്നും, അടിപതറാത്ത മത ഭക്തനെന്നും പോർച്ചുഗീസ് ചരിത്രകാരന്മാർ തന്നെ വാഴ്ത്തി പാടിയ ചിന്നാലിയെ കുറിച്ചുള്ള ഇത്തരം പരാമർശങ്ങളെ സംശയാസ്പദമായാണ് ചരിത്രകാരന്മാർ നോക്കികാണുന്നത്.

ഇവ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Indian Pirates- Rajaram Narayan Saletore- concept publishing company delhi page 138
  2. Indian Pirates page 143
  3. Calcoen: A Dutch narrative of Vasco da Gama’s second voyage to Calicut, trans, J.P.Berjeau, London,B.M.Pickering,1874.
  4. Sun Yat-Sen institute for the advancement of culture and education (1939). p. 456
  5. Charles Ralph Boxer (1948). Fidalgos in the Far East, 1550-1770: p. 225.
  6. Sun Yat-Sen institute p. 456.
  7. Indian Pirates. Concept Publishing Company. p. 138
  8. 'He was the greatest exponent of the Moorish superstition'-- 'Diego Do Couto, Decada Quarta Da Asia: DOS Feitos Que OS Portugueses Fizeram Na Conquista E Descobrimento Das Terras, & Mares Do Oriente: Em Quanto Gouernarao a India Lopo Vaz de Sao Payo, & Parte de Nuno Da Cunha' qtd François Pyrard; Pierre de Bergeron; Jérôme Bignon (1890). PART II. LONDON : p. 523.
  9. Odayamadath Kunjappa Nambiar (1963). The Kunjalis, admirals of Calicut (2 ed.). p. 133
  10. Diego Do Couto, Decada Quarta Da Asia:
  11. Indian Pirates- Rajaram Narayan Saletore- concept publishing company delhi page 143
  12. Criminality and Legitimization in Seawaters: A Study on the Pirates of Malabar during the Age of European Commercial Expansion (1500-1800) - Pius Malekandathil
"https://ml.wikipedia.org/w/index.php?title=ചിന്നാലി_(ചീന)&oldid=3257052" എന്ന താളിൽനിന്ന് ശേഖരിച്ചത്