ചാലിയം യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാലിയം യുദ്ധം (Battle of Chaliyam)
പോർച്ചുഗീസ് - സാമൂതിരി യുദ്ധങ്ങളുടെ ഭാഗം
തിയതി1571
സ്ഥലംചാലിയം കോഴിക്കോട് രാജ്യം (ആധുനിക ഇന്ത്യ)
ഫലംസാമൂതിരിയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
പോർച്ചുഗീസ് സാമ്രാജ്യംസാമൂതിരി
പടനായകരും മറ്റു നേതാക്കളും
ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡപട്ടു മരയ്ക്കാർ, ക്വാജ മൂസ
ഖാദി മുഹമ്മദ്
ശക്തി
18 കപ്പലുകൾ ,
1,300 പോർച്ചുഗീസ് സൈനികർ
[1]
12 നൗകകൾ ,80 യുദ്ധ ഓടങ്ങൾ ,
600 മാപ്പിള യോദ്ധാക്കൾ , 400 നായർ യോദ്ധാക്കൾ
[1]
നാശനഷ്ടങ്ങൾ
UnknownUnknown

കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ 1571 ൽ ചാലിയത്ത് സാമൂതിരിയുടെ കരസൈന്യവും കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യവും ചേർന്ന് പോർച്ചുഗീസ് അക്രമണകാരികളുമായി നടത്തിയ പോരാട്ടമാണ് ചാലിയം യുദ്ധം.[2]കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തിന്റെ അടിത്തറ തകർത്ത യുദ്ധമായിരുന്നു എന്ന നിലക്ക് പ്രശസ്തമാണ് ചാലിയം യുദ്ധം[3]

ചരിത്രം[തിരുത്തുക]

മലബാർ തീരത്തെ കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക അകലെയുള്ള ചാലിയത്ത് 1531ൽ പോർച്ചുഗീസുകാർ കോട്ട പണിതിരുന്നു. തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം. വടക്ക് ബേപ്പൂർ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. ചാലിയം കോട്ട സാമൂതിരിയുടെ മുഴുവൻ വാണിജ്യത്തേയും ബാധിക്കുന്നതായിരുന്നു. കൊച്ചിയുമായി സാമൂതിരി യുദ്ധത്തിനൊരുങ്ങുകയാണങ്കിൽ അതിനാവശ്യമായ വാർത്താവിനിമയത്തിന് അത് ഭീഷണിയാകും. സാമൂതിരിയുടെ രാജ്യത്തേക്ക് യുദ്ധം നയിക്കാനുള്ള ഒരു അടിത്തറയാണ് ഇതിലൂടെ പോർച്ചുഗീസുകാർക്ക് ലഭിച്ചത്.[4] പോർച്ചുഗീസുകാരുടെ ചതിക്ക് പലതവണ ഇരയായിട്ടും വളരെ തന്ത്രപ്രധാനമായ സ്ഥലത്ത് കോട്ടകെട്ടാൻ സാമൂതിരി അനുമതി നൽകിയത് അമിത മദ്യസേവയും പ്രായാധിക്ക്യവും കാരണമായിരിന്നു.[5] ചാലിയം യുദ്ധമായപ്പോഴേക്കും കോട്ട കെട്ടാൻ അനുമതി നൽകിയ സാമൂതിരി മരണപ്പെട്ടു. അദ്ദേഹത്തിന്റെ അനന്തരവൻ നമ്പ്യാതിരി അധികാരമേറ്റെടുത്തു. ഈ സാമൂതിരിയുടെ നേതൃത്ത്വത്തിലാണ് ചാലിയം യുദ്ധം നടന്നത്.

സൈനിക നീക്കം[തിരുത്തുക]

ചാലിയം കോട്ടയുടെ അവശിഷ്ട ഭാഗം

പോർച്ചുഗീസ് അതിക്രമം പെരുകിയതോടെ ചാലിയം സാമൂതിരി പിടിച്ചെടുത്തു. 1571 ഇൽ പറങ്കികളുമായി യുദ്ധമുണ്ടാവുകയും സാമൂതിരി വിജയം നേടുകയും ചെയ്തുവെങ്കിലും തന്ത്ര പ്രധാനമായ കോട്ട കേന്ദ്രീകരിച്ചു പറങ്കികൾ യുദ്ധ നീക്കങ്ങൾ നടത്തി കൊണ്ടിരുന്നു. പോർച്ചുഗീസ് ക്രൂരതകൾ പെരുകിയതോടെ 1571 ഇൽ രാജ്യത്തിനു നേരിട്ട വിപത്തിനെ കുറിച്ച് ചർച്ച ചെയ്യാൻ കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ സൈനിക യോഗം നടന്നു. സൂഫി വര്യനായ ശൈഖ് മാമുക്കോയ സംബന്ധിച്ച കൂടിയാലോചന സമിതിയിൽ രാജ്യാധിപൻ സാമൂതിരിയുടെ അധ്യക്ഷതയിൽ കാലാൾപ്പട സേനാധിപൻ നായർ, നാവിക സേനാധിപതി കുഞ്ഞാലി മൂന്നാമൻ , ബ്രാഹ്മണ മന്ത്രിമാർ , മുസ്ലിം പണ്ഡിതരായ ഖാസി അബ്ദുൽ അസീസ് , അബ്ദുൽ അസീസ് അൽ മഖ്ദൂം, മുഹമ്മദ് ബിൻ അസീസ് , തുറമുഖ അധിപൻ ഷാബന്തർ ഉമർ അന്താബി, വ്യാപാര പ്രമുഖരായ സീതി അഹമ്മദ് അൽ ഖുമാമി എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. [6] കോട്ട പൂർണ്ണമായും പിടിച്ചെടുക്കാതെ പറങ്കി ഭീഷണി അവസാനിക്കില്ലെന്ന തീരുമാനത്തിലേക്ക് ഏകപക്ഷീയമായി യോഗം എത്തി ചേർന്നതോടെ കോട്ട പിടിച്ചെടുക്കാൻ രാജാവ് ഉത്തരവിട്ടു. [7]

യുദ്ധഗതി[തിരുത്തുക]

കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യം കടലിൽ നിന്നും സാമൂതിരിയുടെ നായർ കാലാൾ സൈന്യം കരയിൽ നിന്നും ചാലിയം കോട്ട വളഞ്ഞു. പീരങ്കികളും വെടിക്കോപ്പുകളുമായി പറങ്കി സൈന്യം സാമൂതിരി സൈന്യത്തെ ശക്തമായി എതിരിട്ടു. യുദ്ധവും ഉപരോധവും നാല് മാസം നീണ്ടു നിന്നു. കോട്ടക്കകത്ത് കുടുങ്ങിയ പോർച്ചുഗീസ്‌ സൈനികർക്ക് ഭക്ഷ്യ ദൗർബല്യം നേരിടാൻ തുടങ്ങിയതോടെ പോർച്ചുഗീസ്‌ സൈന്യത്തിൻറെ നില പരുങ്ങലിലായി.വിശപ്പടക്കാൻ പട്ടികളെയും പൂച്ചകളെയും ഭക്ഷിക്കേണ്ട നില പോലും അവർക്ക് വന്നെത്തി. ഉപരോധം ഭേദിക്കാൻ എത്തിയ പോർച്ചുഗീസ്‌ യുദ്ധക്കപ്പലുകളെ കുഞ്ഞാലി മരക്കാരുടെ സൈന്യം കനത്ത ആക്രമണത്തിൽ നശിപ്പിച്ചു. ഭക്ഷ്യ ക്ഷാമം കനത്തതോടെ പോർച്ചുഗീസ് സൈന്യം കീഴടങ്ങുമെന്ന പ്രതീക്ഷയ്ക്ക് ആഘാതമേൽപ്പിച്ചു പോർച്ചുഗീസ് രക്ഷാസൈന്യം വീണ്ടുമെത്തുമെന്ന അഭ്യൂഹം ശക്തമായി. യുദ്ധ വിജയം നേടാതെ താൻ ഇനി ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരി പ്രതിജ്ഞയെടുത്തു. [8] ശപഥം ചെയ്തു. സാമൂതിരിയെ ഭക്ഷണം കഴിപ്പിക്കുവാൻ വേണ്ടി മുസ്ലിങ്ങൾ രക്തസാക്ഷിത്വം വഹിക്കണമെന്ന് ഖാളി മുഹമ്മദ് ഖുതുബ നടത്തി. [9] മരക്കാർ സൈന്യത്തിന് ആത്മീയ നേതൃത്വം നൽകിയിരുന്ന ശൈഖ് മാമുക്കോയയ്ക്ക് അമ്മ മഹാറാണി യുദ്ധം നീണ്ടുപോകുന്നതിലുള്ള സന്താപമറിയിച്ചു ആളയച്ചു. [10] തുടർന്ന് പട്ടു മരയ്ക്കാർ, കുട്ടി മൂസ, മുഹമ്മദ് ഇബ്ൻ അബ്ദുൽ അസീസ് എന്നിവരെ ധ്യാനമിരിക്കുന്ന പള്ളിയിലേക്ക് മാമുക്കോയ ശൈഖ് വിളിച്ചു വരുത്തി. തുടർന്നുള്ള നാളുകളിൽ യുദ്ധഗതി മാറുകയും യുദ്ധത്തിൽ കോഴിക്കോട് സൈന്യം വിജയശ്രീലാളിതരാവുകയും ചെയ്തു.[11] കോട്ടക്കകത്ത്‌ കയറിയ സാമൂതിരിയുടെ സൈന്യം കീഴടങ്ങിയ മുഴുവൻ പോർച്ചുഗീസ്‌ പടയാളികളെയും ബന്ധനത്തിലാക്കി. ശേഷം ചാലിയം കോട്ട പൂർണ്ണമായും ഇടിച്ചു നിരത്തി നശിപ്പിക്കുവാനും കോട്ടയുടെ വസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ച മുസ്ലിം പള്ളികളുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കുവാനും സാമൂതിരി കൽപ്പിച്ചു. കോട്ടയുടെ നഷ്ടത്തോടെ മലബാർ തീരത്തെ പോർച്ചുഗീസ് സ്വാധീനം പൂർണ്ണമായും ഇല്ലാതായി.

“ചാലിയം കോട്ട ജയിച്ചടക്കിയതു നാടിൻറെ തന്നെ വിജയമായിരുന്നു. ജയമില്ലാതിരുന്നുവെങ്കിൽ പോർച്ചുഗീസുകാർ വടക്കൻ കേരളത്തിലെ കച്ചവടത്തെ പൂർണ്ണമായും കീഴൊതുക്കുകയും സ്വന്തം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമായിരുന്നു”

ഗംഗാധരൻ[12]

പതിനാറാം നൂറ്റാണ്ടിൽ കടലിലെ ലോക ശക്തികളാക്കി വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് സൈന്യത്തിൻറെ ശക്തിദുർഗ്ഗം സഖ്യ സൈന്യമില്ലാതെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയ കോഴിക്കോടിൻറെ സൈനിക വീര്യം ലോകമൊട്ടുക്കും തന്നെ സംസാരവിഷയമാകാൻ ചാലിയം യുദ്ധം നിമിത്തമായി. ചാലിയം യുദ്ധവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഫത്ഹുൽ മുബീൻ തുടങ്ങിയ കൃതികളിൽ സാമൂതിരിയും ചാലിയം കോട്ട യുദ്ധവിജയത്തോടെ സാമൂതിരി പട്ടാളവും നേടിയ ലോക പ്രശസ്തി വരച്ചു കാട്ടുന്നുണ്ട്.

മുന്നണിപോരാളികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Malabar manual by William Logan p.316, Books.Google.com
  2. History of Kerala" A History of Kerala 1498-80,P 102,സർദാർ കെ.എം.പണിക്കർ
  3. സാമൂതിരിക്ക് വേണ്ടി സമരാഹ്വാനം-ഇഎം സക്കീർ ഹുസൈൻ-ഐപിഎച്ച് പുസ്തകം
  4. name="History of Kerala"
  5. Tuhfat al-Mujahidin ( ‘The Tribute to the Strugglers’)- Shaikh Zainuddin Makhdum
  6. P. K. Muhammad Kunhi, Muslimingalum Kerala Samskara- vum. Thrissur. 1982, , p. 78
  7. KT Hussain Kerala Muslimkal Adhinivesha virudha porattatinte pretya shastram , IPH,Calicut 2008, P.51
  8. Qazi muhammed fathhulmubeen Qazi Muhammad,fathul mubeen., trans Prof. T. Abdul Azeez p. 64
  9. അൽ ഖുതുബത്തുൽ ജിഹാദിയ എന്ന് അറിയപ്പെട്ട ഈ അറബി ഭാഷണം സാമൂതിരിക്ക് വേണ്ടി ഒരു സമരാഹ്വാനം എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്
  10. Shihabudhin Ahmad Koya Shaliyati, Al-sheikh Abul Wafa Muhammad Kalikuti , p. 27.
  11. Abul Wafa Muhammad Kalikuti , p. 27
  12. മാപ്പിള പഠനങ്ങൾ
"https://ml.wikipedia.org/w/index.php?title=ചാലിയം_യുദ്ധം&oldid=3560675" എന്ന താളിൽനിന്ന് ശേഖരിച്ചത്