Jump to content

ചാരിത്രപ്പട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാരിത്ര്യപ്പട്ട സങ്കല്പത്തിന്റെ ഒരു ചിത്രീകരണം

ഭർത്താവോ കാമുകനോ അകലെയായിരിക്കെ അയാളോടുള്ള സ്ത്രീയുടെ ലൈംഗിക 'വിശ്വസ്തത' ഉറപ്പുവരുത്താനായി ചില സമൂഹങ്ങളിൽ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതായി സങ്കല്പിക്കപ്പെടുന്ന തോൽ‌ചട്ടയാണ് ചാരിത്ര്യപ്പട്ട (ഇംഗ്ലീഷിൽ Chastity belt) എന്ന പേരിൽ അറിയപ്പെടുന്നത്. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന വിശ്വാസക്കുറവ് കൊണ്ടോ അഥവാ മറ്റുള്ളവരുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമോ എന്ന സംശയത്താൽ പുരുഷൻ പൂട്ടും താക്കോലും ഉള്ള അരപ്പട്ട സ്ത്രീയുടെ ലൈംഗികാവയവത്തിന് ചുറ്റുമായി അണിയിപ്പിച്ചിരുന്നു എന്നാണ് സങ്കല്പിക്കപ്പെടുന്നത്. ഇതനുസരിച്ച്, യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് യോനി മറക്കുന്ന തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചിരുന്നത്. കാലാന്തരത്തിൽ സ്ത്രീകളെ ചാരിത്ര്യപ്പട്ട അണിയിക്കുന്ന ഏർപ്പാട് അപ്രത്യക്ഷമായത്രെ.

ചാരിത്രപ്പട്ട ഏതെങ്കിലും കാലഘട്ടത്തിലെ ഒരു ചരിത്രയാഥാർത്ഥ്യം ആയിരുന്നെന്നു കരുതുന്നവർ ഇന്നു കുറവാണ്. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ ചാരിത്ര്യപ്പട്ട ഉപയോഗിച്ചിരുന്നു എന്നതിനു തെളിവില്ലെന്നും ഇന്നു മ്യൂസിയങ്ങളിൽ കാണുന്ന മാതൃകകൾ പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

പ്രത്യേകതകൾ[തിരുത്തുക]

ചാരിത്ര്യപ്പട്ട സങ്കല്പം അനുസരിച്ച് അതിന്റെ പ്രധാന ഭാഗങ്ങൾ അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ്. ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുള്ളതാണ് ഈ അരപ്പട്ട. സ്വഭാവിക ലൈഗീകബന്ധം പുലർത്താൻ സ്ത്രീകളെ അപ്രാപ്തരാക്കും വിധമാണ് ഇതിന്റെ സംവിധാനം. മറ്റു ശാരീരികധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ അതിൽ ഉണ്ടായിരുന്നതായും സങ്കല്പിക്കപ്പെട്ടു. ഇതിന്റെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണത്രെ നിർമ്മിച്ചിരുന്നത്. ഭർത്താക്കന്മാരുടെ സാമ്പത്തികനിലവാരമാണ് ഇതിൽ ലോഹത്തിന്റെ ഇനം തീരുമാനിച്ചിരുന്നതെന്നും യോനിയെ മറയ്ക്കുന്ന ഈ ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി പിടിപ്പിക്കുക പതിവായിരുന്നെന്നും പറയപ്പെടുന്നു.

വിമർശനങ്ങൾ[തിരുത്തുക]

സംസ്കാരത്തിന്റെ കഥ എന്ന വിഖ്യാതപരമ്പരയിൽ ചരിത്രകാരനായ വിൽ ഡുറാന്റ് ചാരിത്രപ്പട്ട സങ്കല്പത്തെ ഇങ്ങനെ വിലയിരുത്തുന്നു:-

പുരുഷൻ സ്ത്രീയെ നിർബ്ബന്ധപൂർവം ധരിപ്പിച്ചിരുന്ന ഒരുടയാട എന്ന നിലയിലുള്ള ചാരിത്രപ്പട്ടയെ, വ്യാപകമായ ഒരു ചരിത്രയാഥാർത്ഥ്യം എന്നതിനു പകരം പത്തൊൻപതാം നൂറ്റാണ്ടിലെ പുരുഷമനോധർമ്മസൃഷ്ടി ആയി കരുതുന്നവരാണ് ഇന്നധികവും. മദ്ധ്യകാലകവിതകളിൽ അതിനെപ്പറ്റിയുള്ള പരാമർശങ്ങൾ വിശ്വസ്തതാവാഗ്ദാനത്തിന്റെ രൂപകങ്ങൾ മാത്രമായിരുന്നെന്നും ചാരിത്രപ്പട്ടയുടെ 'പുരാതനമാതൃകകൾ' ആയി അവകാശപ്പെട്ടിരുന്നയെല്ലാം തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാജസൃഷ്ടികളായി തെളിയിക്കപ്പെട്ട് മ്യൂസിയങ്ങളിൽ നിന്നു നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

യൂറോപ്പിൽ വ്യവസായവിപ്ലവത്തിന്റെ കാലത്ത്, പണിശാലകളിൽ കാമാസക്തരായ യജമാനന്മാരിൽ നിന്ന് രക്ഷപെടാൻ സ്ത്രീ തൊഴിലാളികൾ ഇതിനു സമാനമായ സംരക്ഷണപ്പട്ടകൾ സ്വയം അണിഞ്ഞിരുന്നതായി ചിലർ കരുതുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 The Chastity Belt - Myths and Facts - news.bbc.co.uk Archived 2013-11-07 at the Wayback Machine..
  2. വിൽ ഡുറാന്റ്, "ദ റിഫർമേഷൻ", ദ സ്റ്റോറി ഓഫ് സിവിലിസേഷൻ (ആറാം ഭാഗം -പുറം 303)
  3. Psychology Today-യിലെ ലേഖനം "ചാരിത്രപ്പട്ടയുടെ നേര്"
"https://ml.wikipedia.org/w/index.php?title=ചാരിത്രപ്പട്ട&oldid=3784748" എന്ന താളിൽനിന്ന് ശേഖരിച്ചത്