ചാമക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാമക്കാവ്
ചാമക്കാവിലെ പഞ്ചുരുളി അറ
ചാമക്കാവിലെ പഞ്ചുരുളി അറ
പേരുകൾ
ശരിയായ പേര്:ചാമക്കാവ്
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:കണ്ണൂർ ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി, വേട്ടക്കൊരുമകൻ,ശാസ്താവ്,കേളൻ കുളങ്ങര ഭഗവതി,പഞ്ചുരുളി

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള വെള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ കാവാണു് ചാമക്കാവു്. പതിനൊന്നര എക്കറയോളം വ്യാപിച്ചുകിടന്ന നുറ്റാണ്ടുകൾ പഴക്കമുള്ള ഈ കാവിന്റെ നാലേക്കറോളം സ്ഥലത്താണു് പിന്നീടു് വെള്ളൂർ സർക്കാർ ഹൈസ്കൂൾ നിർമ്മിച്ചതു്.

ചരിത്രം[തിരുത്തുക]

വെള്ളൂച്ചേരിക്കല്ല് എന്നായിരുന്നു ഈ ഗ്രാമം പ്രാക്തനമായി അറിയപ്പെട്ടിരുന്നത്.ഈ ഗ്രാമത്തിലെ തെയ്യങ്ങൾക്കെല്ലാം അധീശദേവതയായി കരുതപ്പെടുന്ന ചാമക്കാവിലമ്മയുടെ ആസ്ഥാനമാണ് ചാമക്കാവ്. വെള്ളൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിനു സമീപമാണ് ഈ കാവ്. പതിനൊന്നര എക്കറയോളം വ്യാപിച്ചുകിടന്ന നുറ്റാണ്ടുകൾ പഴക്കമുള്ള ഈ കാവിന്റെ നാലേക്കറോളം സ്ഥലത്താണു് പിന്നീടു് വെള്ളൂർ സർക്കാർ ഹൈസ്കൂൾ നിർമ്മിച്ചതു്.ചേരമാൻ പെരുമാൾ പണ്ട് പെരിയാടനെന്ന ഒരു സൈന്യാധിപനെ ആ പ്രദേശത്തിന്റെ സംരക്ഷണത്തിനു നിയോഗിച്ചുവത്രേ.അദ്ദേഹത്തിന്റെ സന്തതി പരമ്പരയിലുള്ളവർ ( പെരിയാട്ടു തറവാട്ടുകാർ) അവിടെ സ്ഥാപിച്ച നാൽപത്തീരടി കളരിയുമായി അനുബന്ധിച്ച് ഉണ്ടായിരുന്ന എഴുത്ത്പള്ളിക്കൂടമാണ് വെള്ളൂരിലെ ആദ്യ സ്കൂൾ ആയി മാറിയത്. മാടായിക്കാവിലെ തിരുവർക്കാട്ടമ്മതന്നെയാണ് ചാമക്കാവിലമ്മ എന്ന് വിശ്വസിക്കപ്പെടുന്നു.പെരിയാട്ടു തറവാട്ടിലെ ഒരു കാരണവർക്ക് ദിവസവും മാടായിക്കാവു വരെ പോയി ഭഗവതിയെ ദർശിക്കാൻ കഴിയാതെ വന്നപ്പോൾ മാടായിക്കാവിലമ്മ കാരണവരുടെ കളരി (നാല്പത്തീരടി കളരി)ലും ചാമാക്കാവിലും പ്രത്യക്ഷയായി എന്നാണു ഐതിഹ്യം.വെള്ളൂരു നാല്പത്തീരടി കളരിക്ക് അഞ്ഞൂറ് വർഷവും ചാമാക്കാവ് ക്ഷേത്രത്തിനു നാന്നൂറ് വർഷവും പഴക്കം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ദേവാസുര യുദ്ധത്തിൽ ധാരാളം അസുരന്മാർ മരിച്ചു വീണ ഭൂമിയാണ്‌ ഇതെന്നും. അതിനാൽ അശുദ്ധി മാറ്റുവാൻ അടിക്കാട് വെട്ടി ചാമ എന്ന ധാന്യം വിതയ്ക്കുമായിരുന്ന കാടായതിനാൽ ഇതിനു ചാമക്കാവ് എന്ന പേരു വന്നു എന്ന് വിശ്വസിക്കുന്നു.ചാമാക്കാവിലമ്മ അവിടെ വന്നതിനുശേഷം അവിടെ ചാമയ്ക്ക് പകരം കാട്ടുചെടികളും മറ്റുമരങ്ങളും മുളച്ച് വരികയുണ്ടായി എന്നാണു ഐതിഹ്യം. ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുവാൻ കാവിൻറെ തെക്കേ അതിർത്തിയിൽ ഒരു അഗ്രശാല ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ആ അഗ്രശാലയോടു അനുബന്ധിച്ച് കാവിന്റെ കിഴക്ക് ഭാഗത്തായി നിർമ്മിച്ച ഒരു കുളം ഇപ്പോഴും കാണാം. [1]

ചാമക്കാവ് ക്ഷേത്രവും ഐതിഹ്യവും[തിരുത്തുക]

ചാമക്കാവിലെ ചെറുവനത്തിനകത്ത് വൈദികാരാധനാരീതി പിന്തുടരുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നു. മകരമാസം 13-17 ദിവസങ്ങളിൽ ഇവിടെതെയ്യാട്ടം നടക്കുന്നു. ചാമക്കാവ് ഭഗവതി,കേളംകുളങ്ങര ഭഗവതി,പഞ്ചുരുളി,പരവക്കാളി,വിഷ്ണുമൂർത്തി,വേട്ടക്കൊരുമകൻ,കാവിൽ തെയ്യം തുടങ്ങിയ കോലങ്ങൾ ഇവിടെ അരങ്ങേറുന്നു. നാൽപത്തീരടി കളരിയിലും ചാമാക്കാവിലും കെട്ടിയാടിക്കുന്ന ചാമക്കാവ് ഭഗവതി എന്ന തിരുവർക്കാടു ഭഗവതിയുടെ വലിയ തിരുമുടിക്കോലം ശ്രദ്ധയാകർഷിക്കുന്നതാണ്. വലിയ മുടിത്തെയ്യം എന്നും ഈ ഭഗവതിയുടെ കോലത്തെ പറയാറുണ്ട്.ക്ഷേത്ര ഉത്സവവും തെയ്യംകെട്ടും നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇവിടം.ഈ അമ്പലത്തിനു പ്രദക്ഷിണം പതിവില്ല എന്ന പ്രത്യേകത കൂടിയുണ്ട്.ഇവിടെ കെട്ടിയാടിക്കുന്ന പഞ്ചുരുളി തെയ്യത്തിൻറെ കഥ രസമുള്ളതാണ്‌. ചാമക്കാവ് ഇടതൂർന്ന വനമായിരുന്ന സമയത്ത് ഇതുവഴി ഒരു ഗർഭിണി വഴിതെറ്റി വന്നു.അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ചാമക്കാവിലമ്മ വനദുർഗ്ഗയ്ക്ക് നിർദ്ദേശം നൽകി. വരാഹരൂപത്തിലുള്ള (കാട്ടുപന്നി) ദേവതയാണ് വനദുർഗ്ഗ അഥവാ പഞ്ചുരുളി. തുളു ഭാഷയിലെ പഞ്ചി എന്നത് പന്നി ആണ്.പഞ്ചിയൂരുകാളിയാണ് പഞ്ചുരുളി എന്ന് അറിയപ്പെടുന്നത്. അങ്ങനെയുള്ള പഞ്ചുരുളി കാവിനകത്ത് വച്ച് ആ ഗർഭിണിയെ കൊന്നു രക്തം കുടിക്കുകയുണ്ടായി.ഇതറിഞ്ഞ ചാമക്കാവിലമ്മ പഞ്ചുരുളിയുടെ നാക്ക് പിഴുത് കാവിൻറെ തെക്കുഭാഗത്തെക്ക് എറിഞ്ഞു. അവിടെ പിന്നീട് ഒരു പള്ളിയറ നിർമ്മിച്ച് പഞ്ചുരുളിയെയും വിഷ്ണുമൂർത്തിയെയും കുടിയിരുത്തി എന്നാണു ഐതിഹ്യം. [2]

ജൈവവൈവിദ്ധ്യം[തിരുത്തുക]

സതേൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക്

അധികം ഉയരമില്ലാത്ത മരങ്ങൾ വളരുന്ന, എറെ ജൈവവൈവിദ്ധ്യമുള്ള പ്രദേശമാണിതു്. അപൂർവ്വമായ ഔഷധസസ്യങ്ങൾ, പലതരം ജന്തുക്കൾ എന്നിവയാൽ സമ്പന്നമാണിവിടം.ഇവിടെയുള്ള മരങ്ങളുടെ പ്രധാന പ്രത്യേകത മരങ്ങൾക്ക് ഒന്നും തന്നെ വലിയ ഉയരം ഇല്ല എന്നതാണ്. അപൂർവ്വം സമയങ്ങളിൽ മാത്രം പൂക്കുന്ന കാശാവ് ചെടികൾ ഇവിടെ ധാരാളം കാണാം. ഉയരം കുറഞ്ഞ മരങ്ങൾ ഈ ചെറുവനത്തിൽ ഇടതൂർന്നു വളരുന്നു. മരോട്ടി, കാട്ടുമരോട്ടി,കാച്ചിൽ, മൈലാഞ്ചി, കാട്ടുനാരകം, നാരകം, ആത്ത, വഴന, അശോകം,ചമ്പകം, അരണമരം, കാരപ്പൂമരം,ഗരുഡക്കൊടി,വട്ടപ്പെരുക്,ചെത്തി,മുള്ളിലം, കരണ്ടവള്ളി,കാർത്തോട്ടി,പാണൽ തുടങ്ങി അനവധി ഔഷധ സസ്യങ്ങൾ ചാമക്കാവിലുണ്ട്.കാവിനു കിഴക്ക് ഭാഗത്ത്കുളത്തിനു സമീപം ധാരാളം കൃഷ്ണകിരീടം, വളർന്നു നിൽക്കുന്നത് കാണാം. ഈ വനത്തിൽ ആകെയുള്ള രണ്ടു വലിയ മരങ്ങൾ പേരാൽ മരങ്ങളാണ് അവ കാവിന്റെ കിഴക്കേ അതിരിലുമാണ്. ചിത്രശലഭങ്ങൾ മുതൽ വിഷസർപ്പങ്ങൾ വരെ പൂർണമായ ഭക്ഷ്യ ശൃംഖല ഇവിടെ സഹവർത്തിക്കുന്നു.

വയനാടൻ കരിയിലത്തവള

എത്ര കൊടും വേനലിലും ഇവിടത്തെ കാലാവസ്ഥ ആര്ദ്രമായിരിക്കും.മഴക്കാലം തുടങ്ങിയാൽ ഇവിടെ പുതിയ ജീവിതങ്ങൾ നാമ്പെടുക്കുന്നത് കാണാം. ആദ്യത്തെ മഴയിൽ തന്നെ ധാരാളം തവളകൾ കാവിന്റെ കിഴക്ക് ഭാഗത്ത് കുളത്തിനു പരിസരങ്ങളിലായി പ്രത്യക്ഷപ്പെടും. Indian Bullfrog എന്ന പേക്കാച്ചിത്തവള മുതൽ മണവാട്ടിത്തവള എന്ന Fungoid Frog , ചാട്ടക്കാരൻ തവള (Skittering Frog) തുടങ്ങിയ ഉഭയജീവികളെയും നമുക്ക് ഇവിടെ കാണാം. വയനാടൻ കരിയിലത്തവള ( Wayanad Bushfrog) യെ ഇവിടെ വച്ച് കണ്ടെത്തുകയുണ്ടായി.തവളകളെ കൂടാതെ നിരവധി ഉരഗങ്ങളും ഇവിടെയുണ്ട്. പച്ചിലപാമ്പ്‌ (Green Vine Snake) , ചേര, മൂർഖൻ തുടങ്ങിയവയെ കൂടാതെ അണലിയെ (Russels Viper )വരെ ഇവിടെ കാണാം. വില്ലൂന്നി വിഭാഗത്തിൽ പെട്ട വിഷമില്ലാത്ത പാമ്പുകളായ Common Bronzeback Treesnake (Dendrelaphis tristis) നെ കൂടാതെ അപൂർവമായി മാത്രം കാണപ്പെടുന്ന സതേൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക് (Dendrelaphis chairecacos) നെയും ഇവിടെ നിന്നും കാണാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി തുമ്പികളെയും ഇവിടെ നിന്നും കാണാൻ കഴിയും. [3]




ചിത്രശലഭങ്ങൾ[തിരുത്തുക]

വഴന ശലഭം

മഴക്കാലം കഴിഞ്ഞാൽ ഇവിടെ പൂക്കളും ശലഭങ്ങളും സജീവമാകുന്നു.കേരളത്തിലെ ഏറ്റവും മനോഹരമായ ചിത്രശലഭം എന്ന് വിശേഷിപ്പിക്കാവുന്ന ബുദ്ധമയൂരി (Papilio Buddha) ആഗസ്റ്റ്‌-നവംബർ മാസങ്ങളിൽ ഇവിടെ ധാരാളമായി കാണപ്പെടുന്നു.

ബുദ്ധമയൂരി

അതുപോലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റയായ ഗരുഡശലഭം, ക്ലിപ്പർ,വഴന ശലഭം,മരോട്ടി ശലഭം,കൃഷ്ണശലഭം,നീലക്കുടുക്ക,നാരകക്കാളി,നാട്ടുറോസ്‌,ചക്കരശലഭം,നാരകശലഭം,ചുട്ടിക്കറുപ്പൻ,ചോക്കളേറ്റ് ആൽബട്രോസ്,നാടോടി,വരയൻ കോമാളി,പാണലുണ്ണി,കുഞ്ഞുവാലൻ തുടങ്ങി നിരവധി ശലഭങ്ങളെ ഇവിടെ ഓണക്കാലത്ത് നമുക്ക കാണാം[4]



അവലംബം[തിരുത്തുക]

  1. വെള്ളൂര് .പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ - വെള്ളൂച്ചേരിക്കല്ലിലെ നാല്പത്തീരടികളരിയും ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രവും
  2. ആർ.സി. കരിപ്പത്ത് – തെയ്യപ്രപഞ്ചം
  3. കാവുകളിലെ കഥകൾ തേടി - മനോരമ ട്രാവലർ - അജിത്ത്.യു.
  4. കാവുകളിലെ കഥകൾ തേടി - മനോരമ ട്രാവലർ - അജിത്ത്.യു.
"https://ml.wikipedia.org/w/index.php?title=ചാമക്കാവ്&oldid=3088410" എന്ന താളിൽനിന്ന് ശേഖരിച്ചത്