ചമ്പാരൺ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം[1]. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു. രാമായണ നായിക സീതാദേവിയുടെ ജന്മഭൂമിയായി പറയപ്പെടുന്നതാണ് ബീഹാറിലെ ചമ്പാരൺ. മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗം ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു. കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം തീൻ കഥിയാ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.

ആരംഭം[തിരുത്തുക]

ജമീന്ദാർമാരുടെ കൂലിപ്പടയുടെ പീഡനഭീഷണിയിൽ കഴിഞ്ഞിരുന്ന ചമ്പാരണിലെ കർഷകർക്ക്, തുച്ഛമായ പ്രതിഫലം വാങ്ങി കൊടുംദാരിദ്ര്യത്തിൽ കഴിയുകയല്ലാതെ വഴിയില്ലായിരുന്നു. ജീവിതം ഒന്നിനൊന്നിനു ദുരിതപൂർണ്ണമായപ്പോൾ, കിഴക്കൻ ചമ്പാരണിലെ പിപ്രായിൽ 1914-ലും, തുർകൗളിയായിൽ 1916-ലും അവർ ഈ വ്യവസ്ഥക്കെതിരികെ കലാപമുയർത്തിയെങ്കിലും വിജയിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് 1917-ലെ ചമ്പാരൺ സമരം നടന്നത്.

ഗാന്ധിയ്ക്ക് ചമ്പാരൺ എവിടെയാണെന്നോ അവിടെ എന്തു നടക്കുന്നെന്നോ ഒരു പിടിയുമുണ്ടായിരുന്നില്ല.[2]നീലപായ്ക്കറ്റുകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ, ആ കൃഷി ആയിരക്കണക്കിന് കൃഷിത്തൊഴിലാളികൾക്ക് അത്യന്തം ഹാനികരമാണെന്നൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ആ കർഷകസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ, രാജ് കുമാർ ശുക്ല 1916-ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ ചെന്നപ്പോൾ ലക്നൗവിൽ വെച്ച് ഗാന്ധിയെ കാണാനെത്തുന്നതോടെയാണ് ചമ്പാരണുമായുള്ള ഗാന്ധിയുടെ ബന്ധം തുടങ്ങുന്നത്. രാജ്‌കുമാർ, ഗാന്ധിയെ ബാബു ബ്രജ് കിഷോർ ദാസുമായും പിന്നീട് രാജേന്ദ്ര പ്രസാദുമായും പരിചയപ്പെടുത്തി. വിവരങ്ങളെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഗാന്ധി, ചമ്പാരണിലെ ചുറ്റുപാടുകൾ നേരിൽ കണ്ട് സൂക്ഷ്മമായി മനസ്സിലാക്കുന്നതുവരെ തനിക്ക് ഒരു അഭിപ്രായവും പറയാനൊക്കില്ലെന്നു പറഞ്ഞു. കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് തൽക്കാലം തന്നെ ഒഴിവാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു അദ്ദേഹം.

ചമ്പാരൺ സന്ദർശനം[തിരുത്തുക]

ഏറെത്താമസിയാതെ തന്റെ യാത്രക്കിടയിൽ ഗാന്ധി കൽക്കട്ട വഴി ചമ്പാരണിലെത്തി. അന്ന് ബീഹാറാകെ അയിത്തത്തിന്റെ പിടിയിലായിരുന്നു. എങ്കിലും തത്ക്കാലം ഗാന്ധി അയിത്തപ്രശ്നത്തിന്റെ പരിഗണന മാറ്റിവെച്ച് നീലം കൃഷിക്കാരുടെ അടിയന്തരപ്രശ്നങ്ങൾ പഠിക്കാനിറങ്ങി. ബിഹാറിലെ വക്കീലന്മാരും അദ്ദേഹത്തോടൊപ്പം കൂടി. അന്വേഷണത്തിന്റെ ആരംഭത്തിൽ തന്നെ ഇക്കാര്യത്തിൽ തോട്ടമുടമകളുടെ നിലപാടറിയാൻ ഗാന്ധി തീരുമാനിച്ചു. സർക്കാർ ഉദ്യോഗസ്ഥനായ ഡിവിഷനൽ കമ്മീഷണറേയും അദ്ദേഹം കണ്ടു.[3] അന്യനായ ഗാന്ധി പ്രശ്നത്തിൽ ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ഉടമകളും കുടിയാന്മാരും തമ്മിലുള്ള പ്രശ്നത്തിൽ അദ്ദേഹം ഇടനിലക്കാരനായി വരുന്നത് ശരിയല്ലെന്നും പ്ലാന്റേഴ്സ് അസ്സോസ്സിയേഷൻ കാര്യദർശി കൂടിക്കാഴ്ചയിൽ അദ്ദേഹത്തോട് പറഞ്ഞു. എന്തെങ്കിലും നിവേദനമുണ്ടെങ്കിൽ എഴുതിത്തരാനും അയാൾ ഗാന്ധിയോടു പറഞ്ഞു. അവിടെ താൻ അന്യനല്ലെന്നും കുടിയാന്മാർ അവരുടെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ അതു ചെയ്തുകൊടുക്കാൻ തനിക്ക് പൂർണ്ണമായ അവകാശമുണ്ടെന്നുമായിരുന്നു ഗാന്ധിയുടെ മറുപടി.

സമരം[തിരുത്തുക]

സന്ദർശനത്തെ സംബന്ധിച്ച വിവരങ്ങൾ സഹപ്രവർത്തകരെ അറിയിച്ച ഗാന്ധി, തുടർന്ന് ഏറ്റവുമധികം പാവങ്ങളായ കൃഷിക്കാരുള്ള മോത്തിഹാരിയിലേയ്ക്ക് പോകാൻ പദ്ധതിയിട്ടു. സംഘം മോത്തിഹാരിയിൽ എത്തുന്നതിനു മുൻപ് പോലീസ് സൂപ്രണ്ടിന്റെ "ഉടൻ ചമ്പാരൺ വിടുക" എന്ന സന്ദേശം എത്തി. നോട്ടിസ് കൈപ്പറ്റിയ വിവരം ഒപ്പിടുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ എഴുതി ഒപ്പിട്ടു: "ഞാൻ ഈ നിർദ്ദേശം അനുസരിക്കുവാൻ വിചാരിക്കുന്നില്ല. എന്റെ അന്വേഷണം കഴിയുന്നതുവരെ എനിക്ക് ചമ്പാരൺ വിടുവാൻ ഉദ്ദേശമില്ല." അടുത്തപടി സമൻസായിരുന്നു. ആജ്ഞാലംഘനത്തിന്റെ ചാർജിന്മേൽ അടുത്തദിവസം കോടതിയിൽ ഹാജരാകാനായിരുന്നു സമൻസ്. വാർത്ത നാടെങ്ങും പരന്നതിനാൽ 1917 ഏപ്രിൽ 17-നു ഗാന്ധി എത്തിയപ്പോൾ കോടതിയിൽ അസാധരണമാംവിധം ആളുകൾ തടിച്ചുകൂടിയിരുന്നു. വിചാരണ തുടങ്ങിയപ്പോൾ തന്റെ നടപടി ഗാന്ധി ഇങ്ങനെ വിശദീകരിച്ചു:-

നിരോധനാജ്ഞാലംഘനമെന്നു പ്രത്യക്ഷത്തിൽ തോന്നാവുന്ന എന്റെ നടപടി പ്രാദേശിക ഭരണകൂടവും ഞാനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ ഫലമാണ്. തോട്ടമുടകളിൽ നിന്നു നീതി ലഭിക്കുന്നില്ല എന്ന പാട്ടക്കുടിയാന്മാരുടെ ആവലാതിയുടെ അടിസ്ഥാനത്തിൽ അവരെ സഹായിക്കാനുള്ള അപേക്ഷ മാനിച്ചാണ് ഞാൻ വന്നത്. പ്രശ്നം ശരിയായി പഠിച്ചു മനസ്സിലാക്കാതെ അവരെ സഹായിക്കാൻ ഒക്കില്ലല്ലോ. ഉദ്യോഗസ്ഥന്മാരുടേയും പ്ലാന്റർമാരുടേയും സഹായത്തോടെ പ്രശ്നം പഠിക്കുവാനാണ് ഞാൻ വന്നത്. എനിക്ക് വേറൊരു ഉദ്ദേശ്യവുമില്ല. അവരുടെ കൂടെ ഇവിടെ നിന്നുകൊണ്ടേ അവരെ സേവിക്കാൻ കഴിയൂ എന്നെനിക്കു മനസ്സിലായി. അതുകൊണ്ട് ഞാൻ സ്വയം പിന്മാറുന്ന പ്രശ്നമില്ല.

പ്രാദേശികഭരണകൂടത്തിന്റെ ഉത്തരവു ലംഘിക്കാൻ തന്നെ നിർബ്ബദ്ധനാക്കിയതു സ്വന്തം മനഃസാക്ഷിയാണെന്ന നിലപാടിലാണു ഗാന്ധി മൊഴി ഉപസംഹരിച്ചത്. "ഉണ്മയുടെ ഉന്നതനിയമമായ മനഃസാക്ഷിയുടെ അനുശാസനം അനുസരിക്കാൻ" ബ്രിട്ടീഷ് ഭരണത്തിന്റെ നിയമം ലംഘിക്കുകയല്ലാതെ തനിക്കു വഴിയില്ലായിരുന്നു എന്ന് അദ്ദേഹം വാദിച്ചു.[4] അസാധാരണമായ ഈ കുറ്റസമ്മതത്തിനു മുൻപിൽ തീരുമാനമെടുക്കാൻ വിഷമിച്ച മജിസ്ട്രേട്ട് വിധി വൈകുന്നേരത്തേക്കു മാറ്റി വച്ചു.

വിജയം[തിരുത്തുക]

വൈകിട്ടു മൂന്നു മണിക്കു ഗാന്ധി വിധികേൾക്കാൻ കോടതിയിലെത്തിയപ്പോൾ, തനിക്ക് ഏപ്രിൽ 21 വരെ സമയം വേണമെന്നും അതു വരെ 100 രൂപയുടെ ജാമ്യത്തിൽ ഗാന്ധിയെ വിട്ടയക്കാമെന്നും മജിസ്ട്രേട്ടു പറഞ്ഞു. തനിക്കു പണമോ ജാമ്യം നിൽക്കാൻ ആളോ ഇല്ലെന്നു ഗാന്ധി പ്രതികരിച്ചു. ജാമ്യമില്ലാതെ തന്നെ പൊയ്ക്കൊള്ളാൻ അപ്പോൾ മജിസ്ട്രേട്ട് ഗാന്ധിയെ അനുവദിച്ചു. ജില്ലാ ഭരണകൂടം ഗാന്ധിയെ കൈകാര്യം ചെയ്യുന്നതിൽ പിടിപ്പു കേടു കാട്ടിയെന്നും തടവുശിക്ഷ വാങ്ങി രക്തസാക്ഷി പരിവേഷം ധരിക്കാനുള്ള അദ്ദേഹത്തിന്റെ മോഹത്തെ സഹായിക്കുകയാണ് അതെന്നും, ബിഹാർ സർക്കാരിന്റെ മുഖ്യസചിവൻ ജില്ലാ കമ്മീഷനർക്ക് എഴുതി. അതേദിവസം ബിഹാറിലെ ലെഫ്റ്റ്നന്റ് ഗവർണ്ണർ ഗാന്ധിക്കെതിരായുള്ള കേസ് പിൻവലിക്കാൻ ഉത്തരവിട്ടു. ബ്രിട്ടീഷ് ഭരണകൂടവുമായുള്ള മുഖാമുഖത്തിലെ ഈ വിജയം ഗാന്ധിയ്ക്ക് രാജ്യമൊട്ടാകെ ശ്രദ്ധനേടിക്കൊടുത്ത് ഭാരതജനതയുടെ ദേശീയാഭിലാഷങ്ങളുടെ പ്രതീകപുരുഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു.[4]

തുടർന്ന് നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിക്കു കിട്ടി.[2] നേരത്തെതന്നെ ചമ്പാരൺ പ്രശ്നങ്ങൾ പഠിക്കുന്നതിൽ ഒരളവുവരെ വിജയിച്ച രാജേന്ദ്ര പ്രസാദ് ഇവിടെ വച്ചാണ് ഗാന്ധിയുടെ ശിഷ്യത്വം സ്വീകരിച്ച് രാഷ്ട്രസേവനത്തിന് അസുലഭമായ ഒരു മാതൃക കാഴ്ച്ചവെച്ചത്. ചമ്പാരൺ പ്രശ്നത്തിന്റെ പശ്ചാത്തലവിവരങ്ങൾ നൽകിയും നിയമവശങ്ങൾ ചർച്ച ചെയ്തും പ്രവർത്തനം പരമാവധി ചിട്ടപ്പെടുത്തിയും വലിയ സേവനമാണ് രജേന്ദ്ര പ്രസാദ് കാഴ്ച്ചവെച്ചത്. ചമ്പാരൺ നീലം കൃഷി സംബന്ധിച്ച പ്രശ്നങ്ങളിൽ ഗാന്ധിയുടെ വലംകൈയ്യും കാര്യദർശിയുമായി പ്രവർത്തിച്ച മറ്റൊരു പ്രമുഖ്നേതാവായിരുന്നു ആചാര്യ കൃപലാനി. സിന്ധിയായിട്ടും അദ്ദേഹം ചമ്പാരണിൽ ബീഹാറിയേക്കാൾ ബീഹാറിയായി മാനിക്കപ്പെട്ടു. സമൂഹത്തിൽ ഏറ്റവും അത്യാവശ്യം സ്കൂളുകളാണെന്ന് ചമ്പാരൺ സന്ദർശനത്തോടെ ഗാന്ധിക്ക് ബോധ്യപ്പെട്ടു. അതിനാൽ, കൂട്ടുകാരുമായി കൂടിയാലോചിച്ച് അദ്ദേഹം ആറു ഗ്രാമങ്ങളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങി.

അവലംബം[തിരുത്തുക]

  1. അഹിംസയുടെ ആൾരൂപം, മാധ്യമം ഓൺലൈൻ
  2. 2.0 2.1 എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ. നവജീവൻ ട്രസ്റ്റ്. 1927. 
  3. പി.എ. വാര്യർ; ഡോ. കെ വേലായുധൻ നായർ (മെയ് 2009). ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ. ഡി.സി. ബുക്സ്. ഐ.എസ്.ബി.എൻ. 978-81-264-2335-4.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. 4.0 4.1 എം.ജെ.അക്ബർ, "നെഹ്രു, ദ മേക്കിങ്ങ് ഓഫ് ഇന്ത്യ" (പുറങ്ങൾ 110-112)
"https://ml.wikipedia.org/w/index.php?title=ചമ്പാരൺ_സമരം&oldid=2282355" എന്ന താളിൽനിന്നു ശേഖരിച്ചത്