ചപ്പാത്തി പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചപ്പാത്തി

1857-ലെ വിപ്ലവം ആരംഭിക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് ചപ്പാത്തികൾ കൈമാറ്റം ചെയ്യപ്പെട്ട സംഭവമാണ് ചപ്പാത്തി പ്രസ്ഥാനം (ഇംഗ്ലീഷ്:Chapati Movement) എന്നറിയപ്പെടുന്നത്. ആരാണ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചതെന്നോ എവിടെയാണ് ഇതിന്റെ ഉത്ഭവമെന്നോ ആർക്കും അറിയില്ല. അസാധാരണമാംവിധം ചപ്പാത്തി കൈമാറ്റം ചെയ്യപ്പെട്ടത് ബ്രിട്ടീഷുകാരെയും അത്ഭുതപ്പെടുത്തി. ഇന്ത്യാക്കാർ എന്തോ നിഗൂഢ നീക്കം നടത്തുകയാണെന്നും ചപ്പാത്തിക്കുള്ളിൽ എന്തെങ്കിലും സന്ദേശങ്ങൾ ഒളിപ്പിച്ചു കടത്തുകയാണെന്നും ബ്രിട്ടീഷുകാർ സംശയിച്ചു. പലയിടത്തും ചപ്പാത്തികൾ പിടികൂടി അന്വേഷണം ആരംഭിച്ചു. എന്നാൽ അവയിൽ നിന്ന് യാതൊരുവിധ കുറിപ്പുകളും കണ്ടെത്താൻ കഴിഞ്ഞില്ല.[1] ചപ്പാത്തി കൈമാറ്റത്തിലൂടെ എന്താണ് ഇന്ത്യാക്കാർ ഉദ്ദേശിക്കുന്നതെന്ന കാര്യം നിഗൂഢമായി തുടർന്നു.

തുടക്കം[തിരുത്തുക]

1857 ഫെബ്രുവരിയിലാണ് ചപ്പാത്തി പ്രസ്ഥാനം ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.[2] ഉത്തരേന്ത്യയിലെ ഓരോ ഗ്രാമവാസിയും ആയിരക്കണക്കിനു ചപ്പാത്തികൾ വീതം കൈമാറ്റം ചെയ്യുന്നതായി അവർ കണ്ടെത്തി.[3]

ചപ്പാത്തി കൈമാറ്റം[തിരുത്തുക]

കാട്ടിൽ നിന്നു വരുന്ന ഒരാൾ ഗ്രാമത്തിലെ കാവൽക്കാരന് ഒരു ചപ്പാത്തി നൽകുകയും നാലോ അഞ്ചോ ചപ്പാത്തിയുണ്ടാക്കി അടുത്ത ഗ്രാമത്തിൽ വിതരണം ചെയ്യണമെന്ന് പറയുകയും ചെയ്യുന്നു. തലപ്പാവിൽ ഒളിപ്പിച്ചുവച്ച ചപ്പാത്തികളുമായി കാവൽക്കാരൻ തൊട്ടടുത്തുള്ള ഗ്രാമത്തിലേക്കു പോകുന്നു.[4] ഇങ്ങനെ നിരവധി ആളുകളിലൂടെ ലക്ഷക്കണക്കിനു ചപ്പാത്തികൾ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ബ്രിട്ടീഷുകാർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ചിലർ വിശ്വസിച്ചു.

ബ്രിട്ടീഷുകാരുടെ പ്രതികരണം[തിരുത്തുക]

അസാധരണമായി നടക്കുന്ന ഈ ചപ്പാത്തി കൈമാറ്റം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ബ്രിട്ടീഷുകാർ ശ്രമിച്ചുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനുകളിൽ പോലും ചപ്പാത്തികൾ എത്തിയത് അവരെ കൂടുതൽ പരിഭ്രാന്തരാക്കിയെന്ന് 1857 മാർച്ച് 5-ന് പുറത്തിങ്ങിയ ദ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തു. ഫറൂർഖാബാദ്, ഗൂർഗാവോൺ, ഔദ്, റോഹിൽഖണ്ഡ്, ഡെൽഹി എന്നിങ്ങനെ പല സ്ഥലങ്ങളിലും ചപ്പാത്തി കൈമാറ്റം വ്യാപകമായി നടന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് മെയിൽ സംവിധാനത്തെക്കാൾ വേഗത്തിലാണ് ചപ്പാത്തികൾ കൈമാറ്റം ചെയ്യപ്പെട്ടത്. ചില സ്ഥലങ്ങളിൽ ചപ്പാത്തിയോടൊപ്പം താമരയും ആട്ടിറച്ചിയും കൂടി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.[3]

നിഗമനങ്ങൾ[തിരുത്തുക]

അസാധരണമാംവിധം ചപ്പാത്തികൾ കൈമാറുന്നതിലൂടെ ഇന്ത്യാക്കാർ തീർച്ചയായും എന്തെങ്കിലും സന്ദേശങ്ങൾ കൈമാറുകയാണെന്ന് ബ്രിട്ടീഷുകാർ നിഗമനത്തിലെത്തി. നൂറ്റാണ്ടുകളായി ഇന്ത്യ ഭരിക്കുന്ന ബ്രിട്ടീഷുകാർക്കെതിരെ ജീവൻ ത്യജിച്ചും പോരാടണമെന്ന സന്ദേശമാണ് ചപ്പാത്തി പ്രസ്ഥാനത്തിലൂടെ ആഹ്വാനം ചെയ്യപ്പെട്ടതെന്നു കരുതുന്നു.[5] ഹിന്ദുവായാലും മുസ്ലീമായാലും കഴിക്കുന്ന ഭക്ഷണം ഒന്നുതന്നെയാണെന്നും എല്ലാവരുടെയും ചോരയ്ക്ക് ഒരേ നിറമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടണമെന്നുമുള്ള ആഹ്വാനമായും കരുതുന്നു. ബ്രിട്ടീഷുകാർക്ക് ഭക്ഷണം പോലും വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനമായും ഇത് വിലയിരുത്തപ്പെടുന്നു.[5] ചപ്പാത്തി പ്രസ്ഥാനം ശക്തമായിരുന്ന അതേവർഷം (1857) മേയ് മാസത്തിൽ ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Dash, Mike (24 May 2012). "Pass it on: The Secret that Preceded the Indian Rebellion of 1857". Smithsonian. Retrieved 3 November 2016.
  2. Rubi (8 July 2016). "Chapati Movement, the mysterious chain that psyched up British officials during 1857 Mutiny Rising". The Voice of Nation. Archived from the original on 2016-08-29. Retrieved 3 November 2016.
  3. 3.0 3.1 Pal, Sanchari (23 June 2016). "Chapati Movement: How the Ubiquitous and Harmless Chapati Had Terrified the British in 1857". The Better India. Retrieved 3 November 2016.
  4. "Food items that played a pivotal role in historical events". The Economic Times. 29 June 2013. Retrieved 3 November 2016.
  5. 5.0 5.1 "ചപ്പാത്തി ഒരു സമരായുധമായിരുന്നു". ദേശാഭിമാനി ദിനപത്രം. 2014-08-09. Retrieved 18 August 2018.
"https://ml.wikipedia.org/w/index.php?title=ചപ്പാത്തി_പ്രസ്ഥാനം&oldid=3951253" എന്ന താളിൽനിന്ന് ശേഖരിച്ചത്