Jump to content

ചക്രവാകസന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചക്രവാകസന്ദേശം എന്ന താളിലുണ്ട്.

14-ആം ശതകത്തിൽ രചിക്കപ്പെട്ട ഒരു മണിപ്രവാളസന്ദേശകാവ്യമാണ്‌ കോകസന്ദേശം. ചക്രവാകസന്ദേശം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. വിശദമായ മാർഗ്ഗവർണ്ണനകൊണ്ട് ചരിത്രകാരന്മാർക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകർക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാൽ കോകസന്ദേശത്തിന്റെ 96 ശ്ലോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ.

കാലം, കവി

[തിരുത്തുക]

തൃക്കണാമതിലകത്തിന്റെ ഉജ്ജ്വലമായ വർണനയിൽനിന്ന് അതിന്റെ പതനത്തിനുമുൻപുള്ള കാലമാണ്‌ സന്ദേശകാലമെന്ന് ഊഹിക്കാം. കോകസന്ദേശത്തിന് ഉണ്ണുനീലിസന്ദേശംപോലെയോ അതിൽ അല്പംകൂടി അധികമായോ പഴക്കമുണ്ടെന്നും പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ആവിർഭവിച്ചിരിക്കാമെന്നും ഉള്ളൂർ പറയുന്നു[1]. തിരുവഞ്ചിക്കുളത്തെ 17 പദ്യങ്ങളിൽ വിശദമായി വർണ്ണിച്ചിരിക്കുന്നുവെങ്കിലും അത് മാടമന്നന്റെ അധീനത്തിലാണെന്ന് സൂചിപ്പിക്കുന്നതല്ലാതെ അവിടെ ചെന്നാൽ പെരുമ്പടപ്പുമൂപ്പനെ കാണാമെന്ന് പറയുന്നില്ല. പെരുമ്പടപ്പുസ്വരൂപം ആസ്ഥാനം തിരുവഞ്ചിക്കുളത്തൂനിന്ന് കൊച്ചിയിലേക്ക് മാറ്റിയ 1405-ന് ശേഷമാകണം സന്ദർഭമെന്നും ഇളംകുളം കുഞ്ഞൻപിള്ള ഊഹിക്കുന്നു. 1400-നടുത്താണ് കോകസന്ദേശത്തിന്റെ കാലമെന്ന് അദ്ദേഹം തീർച്ചപ്പെടുത്തുന്നു[2].

കഥാസംഗ്രഹം

[തിരുത്തുക]

ചേതിങ്കനാട്ടിൽ(ദേശിംഗനാട് - കൊല്ലം) ചെറുകരവീട്ടിൽ വസന്തകാലത്ത് ഒരു കാമുകൻ പ്രിയതമയുമായി സുഖിച്ചിരിക്കുന്ന ഒരു രാത്രി, നായകൻ അകാരണമായി കണ്ണുനീർ വാർക്കുന്നതു കണ്ട് നായിക കാരണം ചോദിക്കുകയും നായകൻ താൻ സ്വപ്നത്തിൽ അനുഭവിച്ച ദുഃഖത്തെ വർണ്ണിച്ചുകേൾപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ കോകസന്ദേശത്തിന്റെ ഇതിവൃത്തം.

ഒരു ആകാശചാരി തന്നെ പ്രേയസിയിൽനിന്ന് വേർപ്പെടുത്തി, വടക്കൻ കേരളത്തിലെ തിരുനാവായയ്ക്കു സമീപം വെള്ളോട്ടുകര(തൃപ്രങ്ങോട്ട്) എന്ന സ്ഥലത്ത് ഉപേക്ഷിക്കുന്നതായാണ് ആ യുവാവ് സ്വപ്നം കണ്ടത്. അവിടെ നായകൻ ഒരു ചക്രവാകത്തെ കണ്ട് ആ പക്ഷിയെ പ്രശംസിച്ച് തന്റെ സന്ദേശഹരനാക്കുന്നു. തുടർന്ന് മാർഗ്ഗവർണ്ണനയാണ്. മിക്ക സന്ദേശകാവ്യങ്ങളെയുമ്പോലെ മന്ദാക്രാന്ത വൃത്തത്തിലാണ് കോകസന്ദേശവും എഴുതിയിട്ടുള്ളത്.

സന്ദേശമാർഗ്ഗം

[തിരുത്തുക]

തെക്കേ മലബാറിലെ വെള്ളോട്ടുകര മുതൽ ഇടപ്പള്ളി വരെയുള്ള മാർഗ്ഗമേ ലഭ്യമായ ഭാഗത്തുനിന്ന് അറിയാൻ കഴിയൂ. വഴിയിലുള്ള നഗരങ്ങൾ, ഗ്രാമങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ തുടങ്ങി എല്ലാം വർണ്ണനയ്ക്കു വിഷയമാകുന്നു. തിരുനാവായ, പേരാറും പരിസരങ്ങളും തിരുമലച്ചേരി നമ്പൂതിരിയുടെ ഗോവർദ്ധനപുരം, മാറഞ്ചേരി,ആഴ്വാഞ്ചേരി മന, ഗോവിന്ദപുരം, പുന്നത്തൂർ‍, വൈരത്തൂർ, കുരവയൂർ(ഗുരുവായൂർ) ക്ഷേത്രം, വമ്മേനാട്, വെൺകിടങ്ങ്, മുച്ചുറ്റൂർ‍, നന്തിയാറ്, ചുരലൂർ, കാക്കത്തുരുത്തി, തിരുപ്പോർക്കളം എന്നിങ്ങനെ മുറയ്ക്ക് വർണ്ണിച്ച് തൃക്കണാമതിലകത്ത് എറാൾപ്പാടിനെ സന്ദർശിക്കാൻ ചക്രവാകത്തോട് പറയുന്നു. തൃക്കണാമതിലകം അന്ന് സാമൂതിരി പിടിച്ചടക്കിയിരുന്നു. എറാൾപ്പടിനെ യുദ്ധോദ്യുക്തനായി കവി വിവരിക്കുന്നു. എറാൾപ്പാടിനെ സന്ദർശിച്ച് തിരിച്ച് സർവ്വാദിത്യൻചിറ, കാമപ്പുഴ, കോതപ്പറമ്പ്, ചിങ്ങപുരം, അരയകുളം എന്നീ സ്ഥലങ്ങളിൽക്കൂടി തിരുവഞ്ചിക്കുളം വഴി കൊടുങ്ങല്ലൂർ ചേന്നമംഗലത്തിലൂടെ പറവൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ കടന്ന് ഇടപ്പള്ളിയിൽ എത്തണം എന്ന് നിർദ്ദേശിക്കുന്നതു വരെയാണ്‌ കിട്ടിയ ഭാഗത്തുള്ളത്. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടിയിട്ടില്ല.

സാഹിത്യഭംഗി

[തിരുത്തുക]
കോകസന്ദേശത്തെക്കുറിച്ച് എൻ. കൃഷ്ണപിള്ള ഇങ്ങനെ പറയുന്നു:

ഉണ്ണിനീലിസന്ദേശത്തിൽ പച്ചത്തുരുത്തുകൾക്കിടയ്ക്കു മരുപ്രദേശങ്ങളും കാണുന്നത് ഒരുപക്ഷേ, അതിന്റെ ദൈർഘ്യംകൊണ്ടുകൂടിയാവാം. എന്നാൽ കോകസന്ദേശത്തിലെ ശ്ലോകങ്ങൾക്കെല്ലാം ശ്ലാഘനീയമായ നിലവാരമാണുള്ളത്. നവംനവങ്ങളായ കല്പനകൾകൊണ്ട് ഉന്മിഷിതമാക്കപ്പെട്ടിരിക്കുന്നു ഇതിലെ ആഖ്യാനം.[3]

ചൂലംകൊടു (ശൂലംകൊണ്ട്), മുകുട് (തല), വാളം (വാൾ), ഇട്ടൽ (പറമ്പ്), ഏവലർ (അനുയായികൾ), നുങ്ങി (നശിച്ചു), ചമ്മാത്ത് (കൊഞ്ഞനം) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും കോകസന്ദേശത്തിലുണ്ട്.

പ്രസാധനചരിത്രം

[തിരുത്തുക]

കുട്ടമശ്ശേരി നാരായണപ്പിഷാരടിയാണ് കോകസന്ദേശം കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നത്. 1118 (1943) തുലാം ലക്കത്തിൽ പരിഷത്ത് ത്രൈമാസികത്തിലും 1954 മാർച്ച് ലക്കം ഭാഷാത്രൈമാസികത്തിലും കോകസന്ദേശം പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ സർവ്വകലാശാലാഹസ്തലിഖിതഗ്രന്ഥശാലയിൽനിന്ന് ശൂരനാട്ട് കുഞ്ഞൻപിള്ള ഇത് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1959-ൽ ഇളംകുളം കുഞ്ഞൻപിള്ളയുടെ വ്യാഖ്യാനം ഇറങ്ങി[4].

അവലംബം

[തിരുത്തുക]
  1. പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1967) [1953]. കേരളസാഹിത്യചരിത്രം വാല്യം 1 (3 ed.). തിരുവനന്തപുരം: കേരള സർവ്വകലാശാല. pp. 433–436.
  2. കുഞ്ഞൻപിള്ള, ഇളംകുളം (2008) [1958]. "സംസ്കൃതമിശ്രശാഖ:സന്ദേശകാവ്യങ്ങൾ". In ഡോ. കെ.എം. ജോർജ്ജ് (ed.). സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം. pp. 257–263.
  3. കൃഷ്ണപിള്ള, എൻ. "വളർച്ച രണ്ടു വഴിക്ക്-1". കൈരളിയുടെ കഥ (2009 ed.). ഡി.സി. ബുക്സ്. p. 64.
  4. വേലായുധൻപിള്ള, പി.വി. (2003) [1982]. മണിപ്രവാളകവിത (3 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 91.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചക്രവാകസന്ദേശം&oldid=1919003" എന്ന താളിൽനിന്ന് ശേഖരിച്ചത്