ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം | |
|---|---|
| പേരുകൾ | |
| ശരിയായ പേര്: | ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രം |
| സ്ഥാനം | |
| സ്ഥാനം: | നീരേറ്റുപുറം, തലവടി ഗ്രാമപഞ്ചായത്ത്, കുട്ടനാട് താലൂക്ക്, ആലപ്പുഴ ജില്ല, തിരുവല്ലയ്ക്ക് സമീപം, കേരളം |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | ദുർഗ്ഗ (ആദിപരാശക്തി, ഭദ്രകാളി, മഹാലക്ഷ്മി, മഹാസരസ്വതി സങ്കല്പങ്ങൾ ഉറച്ച ദേവത) |
| വാസ്തുശൈലി: | തെക്കേ ഇന്ത്യൻ, കേരളീയ രീതി |
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരത്തിൽ നിന്നും ഏകദേശം ഒൻപത് കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ വനദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചക്കുളത്തമ്മ എന്ന് അറിയപ്പെടുന്ന ഇവിടുത്തെ ഭഗവതി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി, ഭദ്രകാളി തുടങ്ങി ആദിപരാശക്തിയുടെ എല്ലാ പ്രധാന ഭാവങ്ങളിലും ആരാധിയ്ക്കപ്പെട്ടുവരുന്നു. ഉപദേവതകളായി ഗണപതി, പരമശിവൻ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാൻ, രാധാസമേതനായ ശ്രീകൃഷ്ണൻ, ദുർഗ്ഗ, സരസ്വതി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, രാഹു, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, ആനമറുത എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ പൊങ്കാല നടക്കുന്നു. സാക്ഷാൽ പ്രപഞ്ച നാഥയായ ഭഗവതിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേദിവസം നടക്കുന്ന കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. ഭഗവതിയ്ക്ക് ധനു ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളിൽ കൊടിയേറി ഉത്സവമുണ്ട്. കൂടാതെ നവരാത്രിയും ഇവിടെ അതി വിശേഷമായി ആചരിച്ചുവരുന്നു. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. [1] പട്ടമന എന്നുപേരുള്ള ഒരു നമ്പൂതിരി കുടുംബം വകയാണ് ക്ഷേത്രഭരണം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ അതിർത്തിയിൽ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഐതിഹ്യം
[തിരുത്തുക]സ്ഥലനാമം, ക്ഷേത്രപ്രതിഷ്ഠ
[തിരുത്തുക]ശുംഭനിശുംഭാസുരന്മാരെ നിഗ്രഹിച്ച് പ്രപഞ്ചത്തിൽ നന്മയും സമാധാനവും പുനർസ്ഥാപിച്ച ആദിപരാശക്തിയുടെ ഉജ്ജ്വലമായ ചൈതന്യമാണ് ചക്കുളത്ത് കാവിൽ വനദുർഗ്ഗയായി കുടികൊള്ളുന്നത്. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം പണ്ട് കൊടുംകാടായിരുന്നു. കാട്ടിൽ വിറകുവെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി. പക്ഷേ, അതു ചത്തില്ല. പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു. പക്ഷേ, ഇത്തവണ പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി. അമ്പരന്നുനിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ടു. ഇതേ സമയം വേടന്റെ കുടുംബവും അവിടെ എത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. ശുംഭനിശുംഭന്മാരെ വധിച്ചശേഷം പ്രപഞ്ചനാഥയായ സാക്ഷാൽ ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ജഗദീശ്വരിയുടെ ഒരു പ്രതിഷ്ഠ കാണാമെന്നും അതിനെ ആരാധിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ അദ്ദേഹം അപ്രത്യക്ഷനായി.
അന്ന് രാത്രി വേടൻ്റെ സ്വപ്നത്തിൽ സന്യാസിയായി വന്നത് സാക്ഷാൽ നാരദമുനിയാണെന്നും വെളിപ്പെട്ടു. ആ വിഗ്രഹമാണ് ചക്കുളത്തുകാവിൽ കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. അന്നുമുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണസാധനങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്ക് ഭഗവതിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത്. ഒരു ദിവസം ഭക്ഷണസാധനങ്ങൾ ശേഖരിക്കാൻ പോയ അവർക്ക് യാതൊന്നും കിട്ടിയില്ല. വഴിപാട് മുടങ്ങുമല്ലോ എന്നോർത്ത് വിഷമിച്ച വേടനും കുടുംബവും കലം നിറയെ ചോറും കറികളും ഇരിയ്ക്കുന്നത് കണ്ട് അമ്പരന്നു . ഇതെല്ലാം ഭഗവതിയുടെ അനുഗ്രഹമാണെന്നറിഞ്ഞ അവർ ഉച്ചത്തിൽ ദേവീനാമങ്ങൾ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. അത് ഇങ്ങനെയായിരുന്നു:
| “ | മക്കളേ, ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഈ ആഹാരം. ഇത് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്കളങ്കമായ ഭക്തിയിൽ ഞാൻ വളരെ സന്തുഷ്ടയാണ്. തീരാദുഃഖങ്ങളിൽ പോലും എന്നെ കൈവിടാത്തവർക്ക് ഞാൻ ദാസിയും തോഴിയും ആയിരിക്കും. ഭക്തിപൂർവ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാൻ എപ്പോഴും ഉണ്ടായിരിക്കും. | ” |
ഇതിൻ്റെ ഓർമ്മ പുതുക്കാനാണ് ചക്കുളത്തു കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാല ഇടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാല ഇടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം. പിൽക്കാലത്ത് ആ വേടനും കുടുംബവും സ്ഥലം വിട്ടുപോകുകയും ബ്രാഹ്മണർ അവിടെ താമസമാക്കുകയും ചെയ്തു. അവരിൽ പ്രധാനിയായ പട്ടമന ഇല്ലത്തെ നമ്പൂതിരി താന്ത്രികവിധികളോടുകൂടിയ ക്ഷേത്രം ഇവിടെ പണികഴിപ്പിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ചക്കുളത്തുകാവ് ക്ഷേത്രം നിലവിൽ വന്നത്. 1981-ൽ ക്ഷേത്രത്തിൽ നടന്ന നവീകരണത്തിനു ശേഷം അഷ്ടബാഹുക്കളോടുകൂടിയ ആദിപരാശക്തിയുടെ മൂർത്തരൂപമായ വനദുർഗ്ഗയെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ പ്രധാന ഭാവങ്ങളിൽ ജഗദീശ്വരി ഇവിടെ ആരാധിക്കപ്പെടുന്നു.[2]
പ്രധാന പ്രതിഷ്ഠയായ വനദുർഗ്ഗയ്ക്ക് പുറമേ പരമശിവൻ, മഹാവിഷ്ണു, ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, യക്ഷിയമ്മ, നവഗ്രഹങ്ങൾ എന്നിവർക്കും ഇവിടെ തുല്യ പ്രാധാന്യത്തോടെ സ്ഥാനം നൽകിയിട്ടുണ്ട്.
യക്ഷിയമ്മ
[തിരുത്തുക]കേരളത്തിലെ പല ക്ഷേത്രങ്ങളിലും കണ്ടുവരുന്ന ഒരു ഉപപ്രതിഷ്ഠയാണ് യക്ഷിയമ്മ. പ്രധാനമായും തെക്കൻ കേരളത്തിലാണ് ഈ പ്രതിഷ്ഠ കണ്ടു വരുന്നതെങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഒട്ടും കുറവല്ല. ചരിത്രപരമായി നോക്കുമ്പോൾ ആദിദ്രാവിഡസങ്കല്പത്തിലെ പ്രേതാരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് യക്ഷിപ്രതിഷ്ഠകൾ. അതേ സമയം സൗന്ദര്യം, അമാനുഷിക ശക്തി, പ്രേമം തുടങ്ങിയ വിഷയങ്ങളും യക്ഷികളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇങ്ങനെയൊക്കെ ആന്നെങ്കിലും യക്ഷിയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്ന ക്ഷേത്രങ്ങൾ വളരെ കുറവാണ്. ചക്കുളത്തുകാവ് ക്ഷേത്രം അവയിൽ പ്രധാനപ്പെട്ടതാണ്. നാലമ്പലത്തിനു പുറത്ത് തെക്കു പടിഞ്ഞാറുഭാഗത്ത്, പ്രത്യേകം കെട്ടിയുണ്ടാക്കിയ ശ്രീകോവിലിലാണ് യക്ഷിപ്രതിഷ്ഠ. ഇവിടെ ഈ പ്രതിഷ്ഠ വരാൻ കാരണമായ കഥ ഇങ്ങനെയാണ്:
ഒരിയ്ക്കൽ, ക്ഷേത്ര ഊരാളകുടുംബമായ പട്ടമന ഇല്ലത്തെ ഒരു പെൺകുട്ടി, പമ്പയാറ്റിൽ കുളിയ്ക്കാൻ പോയപ്പോൾ അവളെ അതിഭീകരിയായ ഒരു യക്ഷി ആക്രമിച്ചു. പലതവണ പെൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം യക്ഷി അവളെ പിന്തുടർന്നു. അവസാന രക്ഷയ്ക്കായി അവൾ ചക്കുളത്തമ്മയെത്തന്നെ ശരണം പ്രാപിച്ചു. ഭക്തയുടെ വിഷമം മനസ്സിലാക്കിയ ദേവി, ഉടനെ ത്രിശൂലവുമായി വരികയും യക്ഷിയെ ഭയപ്പെടുത്തുകയും ചെയ്തു. പരിഭ്രാന്തയായ യക്ഷി, തന്നെ ഒന്നും ചെയ്യരുതെന്നും ഇനി ആരെയും താൻ ഉപദ്രവിയ്ക്കില്ലെന്നും സത്യം ചെയ്ത് ഒഴിഞ്ഞുപോയി. അങ്ങനെ മോക്ഷം കിട്ടിയ യക്ഷിയെ, പിന്നീട് ദേവിയുടെ സമീപം തന്നെ കുടിയിരുത്തുകയുണ്ടായി. ഒരു വാൽക്കണ്ണാടിയുടെ രൂപത്തിലാണിവിടെ യക്ഷിപ്രതിഷ്ഠ.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]നീരേറ്റുപുറം ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. കേരളത്തിലെ രണ്ടു പ്രധാന നദികളായ പമ്പാനദിയും മണിമലയാറും യഥാക്രമം ക്ഷേത്രത്തിന്റെ തെക്കും വടക്കും മാറിയൊഴുകുന്നു. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ പമ്പാനദിയിൽ നടത്തിവരുന്ന നീരേറ്റുപുറം പമ്പാ ജലോത്സവം അതിപ്രസിദ്ധമാണ്. നീരേറ്റുപുറം പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, ഹോട്ടലുകൾ, വിവിധ കടകംബോളങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ക്ഷേത്രത്തിന്റെ പരിസരത്തായി സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത കടന്നുപോകുന്നു. ഇവിടെത്തന്നെ ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ കവാടവും കാണാം. ഇതും കടന്ന് അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിന് മുന്നിലെത്താം. ക്ഷേത്രത്തിന് മുന്നിലായി വലിയ അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അങ്ങനെ, ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കുഅന അരയാലിനെ ദിവസവും രാവിലെ ഏഴുതവണ വലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. ക്ഷേത്രത്തിന്റെ നേരെ വടക്കാണ് വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. പൊങ്കാല സമയത്ത് കെ.എസ്.ആർ.ടി.സി. ഇങ്ങോട്ട് പ്രത്യേകം സർവീസുകൾ നടത്താറുണ്ട്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് ഊരാളകുടുംബമായ പട്ടമന ഇല്ലം നിൽക്കുന്നത്. മുമ്പുണ്ടായിരുന്ന ഇല്ലം പൊളിച്ചുമാറ്റി ഇപ്പോൾ ഇവിടെയൊരു കോൺക്രീറ്റ് വീട് പണിതിരിയ്ക്കുകയാണ്. എന്നാൽ, ദേവിയുടെ ചെറിയൊരു ക്ഷേത്രം ഇവിടെയും കാണാം. ഇത് മഹാഭക്തനായ ഒരു നമ്പൂതിരിയ്ക്ക് ദേവി നൽകിയ ദർശനത്തിന്റെ സ്മാരകമായി കണക്കാക്കിവരുന്നു. ഇന്ന് ഇതിനെ മൂലകുടുംബക്ഷേത്രം എന്ന പേരിൽ വിശേഷിപ്പിച്ചുവരുന്നു.
ക്ഷേത്രത്തിൽ വിശദമായി ഒരു മതിലകം പണിതിട്ടില്ല. എങ്കിലും, ആനക്കൊട്ടിൽ മുതലുള്ള ഭാഗം മതിലകമായി കണക്കാക്കിവരുന്നു. 2022-ലാണ് ഇവിടെ അതിവിശാലമായ ആനക്കൊട്ടിൽ പണിതത്. അതിനുമുമ്പ് ഇവിടെ ഒരു അലൂമിനിയം ഷീറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്ന് ക്ഷേത്രത്തിൽ വരുന്നവരുടെ പ്രധാന ആകർഷണമാണിവിടം. ചോറൂൺ, വിവാഹം, തുലാഭാരം, വിളിച്ചുചൊല്ലിപ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടക്കുന്നത് ഇവിടെ വച്ചാണ്. ആനക്കൊട്ടിലിനപ്പുറമാണ് ദേവീവാഹനമായ സിംഹത്തെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം കാണാൻ സാധിയ്ക്കുക. ഏകദേശം 50 അടി ഉയരം വരുന്ന ഈ കൊടിമരം, 1981-ലാണ് പ്രതിഷ്ഠിച്ചത്. വളരെ തിളക്കമുള്ള ഈ കൊടിമരത്തിനപ്പുറമാണ് ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് പ്രതിഷ്ഠിച്ചിട്ടുള്ള ബലിക്കൽപ്പുര. താരതമ്യേന ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെയുള്ളത് എന്നതിനാൽ പുറമേ നിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാവുന്നതാണ്. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ വേറെയും ധാരാളം രൂപങ്ങൾ കാണാം. ബലിക്കൽപ്പുരയുടെ ഇരുവശവുമായി രണ്ട് ആനകളുടെ രൂപങ്ങൾ കാണാൻ സാധിയ്ക്കും. ഇവ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ചതാണ്.
മഹാവിഷ്ണുക്ഷേത്രം, ആനമുറതപ്രതിഷ്ഠ
[തിരുത്തുക]പ്രദക്ഷിണവഴിയുടെ തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയോടുകൂടിയ ഒരു ശ്രീകോവിൽ കാണാം. ഏകദേശം നാലടി ഉയരം വരുന്ന അതിമനോഹരമായ ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ച ഭഗവാൻ നിൽക്കുന്ന രൂപത്തിലാണ്. ഭഗവദ്വാഹനമായ ഗരുഡന്റെ പഞ്ചലോഹവിഗ്രഹം ഇവിടെ ഭഗവാന് അഭിമുഖമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. പാൽപ്പായസം, കദളിപ്പഴം, തുളസിമാല തുടങ്ങിയവയാണ് മഹാവിഷ്ണുവിനുള്ള പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണി, വിഷു, വൈകുണ്ഠ ഏകാദശി തുടങ്ങിയവ വിശേഷദിവസങ്ങളിൽ പെടുന്നു. ഇതിനുസമീപം കാണുന്ന മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ആനമറുതയുടെ പ്രതിഷ്ഠ. ക്ഷേത്രമുണ്ടായ കാലത്തുതന്നെ ഇവിടെ ആനമുറതയുടെ പ്രതിഷ്ഠയുണ്ടായിരുന്നു എന്നാണ് സങ്കല്പം. എന്നാൽ, ഇപ്പോഴത്തെ പ്രതിഷ്ഠ 2023 ജൂൺ 18-നാണ് നടത്തിയത്. നീരേറ്റുപുറം പരിസരത്ത് നിരവധി ഉപദ്രവങ്ങളുണ്ടാക്കിയ ഒരു ആനയുടെ പ്രേതത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ആനമുറതപ്രതിഷ്ഠയ്ക്കപ്പുറമാണ് ക്ഷേത്രത്തിലെ ഊട്ടുപുര പണിതിരിയ്ക്കുന്നത്. സാധാരണയായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വരുന്ന ഊട്ടുപുര ഇവിടെ തെക്കുഭാഗത്ത് വന്നിരിയ്ക്കുന്നത് ശ്രദ്ധേയമാണ്. നിത്യേന ഉച്ചയ്ക്ക് ഇവിടെ അന്നദാനമുണ്ടാകും. പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്റെ വഴിപാടായി 2018-ലാണ് ഈ ഊട്ടുപുര പണിതത്.
പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ഏകദേശം രണ്ടടി ഉയരം വരും. ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള വിഗ്രഹമാണിത്. ഇവിടെവച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. അയ്യപ്പന്റെ ശ്രീകോവിലിന് തെക്കുവശത്ത് പ്രത്യേകം തീർത്ത ഒരു തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന കാവിൽ, കൂടെ നാഗയക്ഷിയായി ശതശീർഷ എന്ന പത്നിയുമുണ്ട്. നൂറും പാലും, സർപ്പംപാട്ട്, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും സമർപ്പണം എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. അയ്യപ്പന്റെ ശ്രീകോവിലിന് വടക്കുവശത്താണ് ഐതിഹ്യപ്രസിദ്ധമായ യക്ഷിപ്രതിഷ്ഠയുള്ള ശ്രീകോവിൽ. തന്റെ ഭക്തയായ പെൺകുട്ടിയെ ഉപദ്രവിയ്ക്കാൻ വന്ന യക്ഷിയെ ദേവി ശാന്തയാക്കി ഇവിടെ കുടിയിരുത്തുകയായിരുന്നു എന്നാണ് സങ്കല്പം. വറപൊടി നിവേദ്യമാണ് ഇവിടെ പ്രധാന വഴിപാട്.
വീരഹനുമാൻ ക്ഷേത്രം
[തിരുത്തുക]നാഗപ്രതിഷ്ഠയുടെ നേരെ പടിഞ്ഞാറ് ഉയരത്തിലാണ് ചക്കുളത്തുകാവിലെ ഏറ്റവും പുതിയ ഉപപ്രതിഷ്ഠയായ വീരഹനുമാനെ പ്രതിഷ്ഠിച്ച ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ ഹനുമദ്വിഗ്രഹങ്ങളിലൊന്നാണ് ഇവിടെയുള്ളത്. പതിനെട്ടടി ഉയരം വരുന്ന ഈ വിഗ്രഹം, ഒറ്റക്കല്ലിൽ തീർത്തതാണ്. ഇടതുകയ്യിൽ ഗദ തലകീഴായി പിടിച്ച്, വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള ഹനുമദ്വിഗ്രഹം. പ്രത്യേകം മതിലകത്തോടുകൂടിയ ഈ ക്ഷേത്രം 2016-ലാണ് പണികഴിപ്പിച്ചത്. ആദ്യകാലത്ത് ക്ഷേത്രത്തിലെ മൂലകുടുംബക്ഷേത്രത്തിൽ അഷ്ടദിക്പാലകർക്കൊപ്പം പ്രതിഷ്ഠിയ്ക്കപ്പെട്ടിരുന്ന ഹനുമാനെ, സ്ഥലപരിമിതിമൂലം ഇങ്ങോട്ട് മാറ്റിപ്രതിഷ്ഠിയ്ക്കുകയായിരുന്നു. താഴെനിന്ന് പന്ത്രണ്ടുപടികൾ കയറിവേണം നടയ്ക്കുനേരെയെത്താൻ. പടികളുടെ താഴെയായി ആനമുഖത്തോടുകൂടിയ ഒരു എടുപ്പുണ്ട്. ഹനുമാൻ സ്വാമിയെ ഉപാസിയ്ക്കുന്നത് ശത്രുദോഷങ്ങളിൽ നിന്നു മോചനം നൽകുമെന്നാണ് ഭക്തജനവിശ്വാസം. തന്മൂലം നിരവധി ആളുകളാണ് ഇവിടെ ദർശനത്തിനെത്തുന്നത്. സർവ്വകാര്യസിദ്ധി വിളക്കുഴിച്ചിലാണ് ഇവിടെയുള്ള പ്രധാന വഴിപാട്. കൂടാതെ സാധാരണ ഹനുമാൻ ക്ഷേത്രങ്ങളിലെപ്പോലെ വടമാല, വെറ്റിലമാല, അവിൽ നിവേദ്യം, വെണ്ണക്കാപ്പ് ചാർത്തൽ എന്നിവയും അതിവിശേഷമായ വഴിപാടുകളിൽ പെടുന്നു. ചൈത്രമാസത്തിലെ പൗർണ്ണമിനാളിൽ നടക്കുന്ന ഹനുമാൻ ജയന്തിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് ഇവിടെ ആഞ്ജനേയോത്സവം എന്ന പേരിൽ പത്തുദിവസത്തെ ഉത്സവം നടത്തിവരുന്നുണ്ട്. ഇതുകൂടാതെ കർക്കടകമാസത്തിലെ രാമായണമാസാചരണവും അതിവിശേഷമാണ്.
ഹനുമാൻ ക്ഷേത്രത്തിന്റെ തൊട്ടടുത്തായി മറ്റൊരു ശ്രീകോവിലും കാണാം. ഇവിടെ രാധാകൃഷ്ണന്മാരാണ് പ്രതിഷ്ഠ. ഇതും താരതമ്യേന പുതിയൊരു ശ്രീകോവിലാണ്. കൃഷ്ണശിലാനിർമ്മിതമായ വിഗ്രഹത്തിൽ വലതുവശത്ത് ശ്രീകൃഷ്ണനും ഇടതുവശത്ത് രാധയുമാണ് പ്രതിഷ്ഠകൾ. വലതുകയ്യിൽ ഓടക്കുഴൽ പിടിച്ച്, ഇടതുകൈ രാധയുടെ തോളത്തുവച്ചുനിൽക്കുന്ന രൂപത്തിലാണ് ഇവിടെ ശ്രീകൃഷ്ണപ്രതിഷ്ഠ. രാധയാണെങ്കിൽ, വലതുകയ്യിൽ താമര പിടിച്ച് ഭഗവാന്റെ കരലാളനത്താൽ നമ്രമുഖിയായി നിൽക്കുന്നു. രണ്ടുപേരെയും ഒരുമിച്ചാണ് വിഗ്രഹത്തിൽ ചിത്രീകരിച്ചിരിയ്ക്കുന്നത്. അഷ്ടമിരോഹിണി ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്.
സുബ്രഹ്മണ്യനും ശിവനും
[തിരുത്തുക]ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗം മുഴുവൻ നിരവധി മരങ്ങളാൽ സമ്പുഷ്ടമാണ്. ഇവിടെയുള്ള മരങ്ങളിലെല്ലാം ധാരാളം കൊടികൾ കെട്ടിത്തൂക്കിയിരിയ്ക്കുന്നത് കാണാം. മക്കളില്ലാത്ത ദമ്പതികളുടെ നേർച്ചകളാണ് ഇവയിലധികവും. അവയെ കണ്ടുകൊണ്ട് നടന്നെത്തുന്നത് വടക്കുപടിഞ്ഞാറേമൂലയിലുള്ള സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിനുമുന്നിലാണ്. ഏകദേശം നാലടി ഉയരം വരുന്ന ബാലസുബ്രഹ്മണ്യവിഗ്രഹമാണ് ഇവിടെയുള്ളത്. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിച്ച്, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്ന സുബ്രഹ്മണ്യന്ന് സ്കന്ദഷഷ്ഠിയും തൈപ്പൂയവുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാമാസത്തെയും വെളുത്ത ഷഷ്ഠിയും പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. സുബ്രഹ്മണ്യശ്രീകോവിലിന് സമീപത്തായി കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണന്റെ അതിമനോഹരമായ ഒരു ശില്പവും അതിനോടുചേർന്നുള്ള ചെറിയൊരു ജലപാതയും കാണാം. 2021-ലാണ് ഇവിടെ ഈ ശില്പം പണിതത്. ക്ഷേത്രത്തിൽ വരുന്ന ഭക്തരെ ഇത് വളരെയധികം ആകർഷിയ്ക്കുന്നുണ്ട്. ഇവിടെത്തന്നെയാണ് ക്ഷേത്രം വക അഗതിമന്ദിരവും പണിതിരിയ്ക്കുന്നത്. നിരാലംബരായ ആളുകൾക്ക് സുഖകരമായ താമസ-ഭക്ഷണസൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുള്ള ഈ കെട്ടിടം, ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹികപ്രവർത്തനങ്ങളിൽ പ്രധാനപങ്കുവഹിയ്ക്കുന്നു.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വഴിപാട് കൗണ്ടർ. മഞ്ഞൾനീരാട്ട്, കൈവട്ടകഗുരുതി, ചുറ്റുവിളക്ക്, കാര്യസിദ്ധി അഭിഷേകം, രക്തപുഷ്പാഞ്ജലി, കുങ്കുമാർച്ചന, പൂമൂടൽ, നെയ്യപ്പം മൂടൽ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. കൂടാതെ നിരവധി മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകളും വിശേഷമാണ്. വടക്കുകിഴക്കേമൂലയിലെത്തിയാൽ ഐതിഹ്യപ്രസിദ്ധമായ ചക്കരക്കുളം കാണാം. വളരെ ചെറിയൊരു കുളമാണെങ്കിലും ഇവിടെ കുളിയ്ക്കാനും കാലുകഴുകാനുമെല്ലാം സൗകര്യമുണ്ട്. ഉത്സവാവസാനം ദേവിയ്ക്ക് ഇവിടെയാണ് ആറാട്ട് നടക്കുന്നത്. ഇതിന് തൊട്ടടുത്താണ് പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന്റെ ശ്രീകോവിൽ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെയുള്ളത്. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല തുടങ്ങി നിരവധി വഴിപാടുകൾ ശിവന്നുണ്ട്. ശിവരാത്രിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. കൂടാതെ എല്ലാ പ്രദോഷദിവസങ്ങളും അതിവിശേഷമായി ആചരിച്ചുവരുന്നു. ഭഗവദ്വാഹനമായ നന്ദികേശന്റെ വിഗ്രഹവും നടയ്ക്കുനേരെ കാണാം.
നവഗ്രഹങ്ങളും സരസ്വതീമണ്ഡപവും
[തിരുത്തുക]ശിവക്ഷേത്രത്തിന്റെ പുറകിലാണ് സരസ്വതീമണ്ഡപം. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണിവിടം. ഇവിടെ ഒരേ പീഠത്തിൽ മൂന്നുപ്രതിഷ്ഠകൾ കാണാം - ഭഗവതി (ദുർഗ്ഗ), സരസ്വതി, രാഹു (സർപ്പം). വാൽക്കണ്ണാടിരൂപത്തിലാണ് ഭഗവതിയെ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. സരസ്വതീരൂപം സാധാരണ കാണുന്നപോലെ പുറകിലെ വലതുകയ്യിൽ വേദം, പുറകിലെ ഇടതുകയ്യിൽ ജപമാല എന്നിവ ധരിച്ച്, മുന്നിലെ രണ്ടുകൈകൾ കൊണ്ട് വീണ മീട്ടുന്ന രൂപത്തിലാണ്. മൂന്നുവിഗ്രഹങ്ങളും പഞ്ചലോഹത്തിൽ നിർമ്മിച്ചവയാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ കാര്യസിദ്ധി അഭിഷേകം നടത്തുന്നത് ഇവിടെയാണ്. ഭക്തർക്ക് സ്വന്തം കൈകൊണ്ടുതന്നെ നടത്താവുന്ന അഭിഷേകമാണിത്. ഒരു കുടത്തിൽ ജലം നിറച്ചുകൊണ്ടുവന്ന് അത് ഇവിടെയുള്ള മൂന്നുദേവതകൾക്കും അഭിഷേകം ചെയ്യുന്നു. പേര് സൂചിപ്പിയ്ക്കുന്നതുപോലെ സർവ്വകാര്യസിദ്ധിയാണ് ഇതിന്റെ ഫലമെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു.
സരസ്വതീമണ്ഡപത്തിന്റെ തെക്കുഭാഗത്താണ് നവഗ്രഹപ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ. അഴികളോടുകൂടിയ ഈ ശ്രീകോവിലിനകത്ത് ഒരേപീഠത്തിൽ വിവിധ ദിക്കുകളിലേയ്ക്ക് ദർശനമായി നവഗ്രഹദേവതകളെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഗ്രഹനായകനായ സൂര്യൻ നടുക്കും മറ്റുള്ളവർ ചുറ്റും നിൽക്കുന്ന പതിവുസങ്കല്പത്തിൽ തന്നെയാണ് ഇവിടെയും നവഗ്രഹപ്രതിഷ്ഠ. സൂര്യന്റെ കിഴക്കുവശത്ത് ശുക്രൻ, തെക്കുകിഴക്ക് ചന്ദ്രൻ, തെക്ക് ചൊവ്വ, തെക്കുപടിഞ്ഞാറ് രാഹു, പടിഞ്ഞാറ് ശനി, വടക്കുപടിഞ്ഞാറ് കേതു, വടക്ക് വ്യാഴം, വടക്കുകിഴക്ക് ബുധൻ എന്ന ക്രമത്തിലാണ് പ്രതിഷ്ഠ. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും, ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും, ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനം നൽകുന്നു. നിത്യവും ഇവർക്ക് വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകാറുണ്ട്.
ശ്രീകോവിൽ
[തിരുത്തുക]ദീർഘചതുരാകൃതിയിൽ തീർത്ത, മേൽക്കൂരയില്ലാത്ത ഒരു ഒറ്റനില ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ മുകളിൽ കോണുകളിലേയ്ക്കുള്ള ഭാഗങ്ങൾ ചെമ്പുമേഞ്ഞിട്ടുണ്ട്. ഇവിടെയുള്ള സോപാനപ്പടികൾ നേരിട്ടുകയറാൻ പറ്റുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. അകത്തേയ്ക്കുള്ള വാതിലിന് ഇരുവശവുമായി രണ്ട് ദ്വാരപാലികമാരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ശ്രീകോവിലിനകത്ത് ഒരുമുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം ഒരടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുള്ള, വനദുർഗ്ഗാദേവിയുടെ നാലടി ഉയരം വരുന്ന അഷ്ടബാഹുപഞ്ചലോഹവിഗ്രഹവും കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗത്തിലാണ് ഇവിടെ പ്രധാന പൂജകൾ അധികവും നടത്താറുള്ളത്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര തുടങ്ങിയ ക്ഷേത്രങ്ങളിലെപ്പോലെ ദേവിയുടെ സമസ്തഭാവങ്ങളും കൂടിച്ചേർന്ന ഒരു മൂർത്തിയായാണ് ഇവിടെയും സങ്കല്പമുള്ളത്. 1981-ൽ ക്ഷേത്രത്തിൽ നടന്ന നവീകരണകലശത്തിനുശേഷമാണ് ഇവിടെ ദേവിയ്ക്ക് സ്വരൂപത്തിൽ വിഗ്രഹമുണ്ടായത്. ഏറ്റവും പുറകിലെ വലതുകയ്യിൽ സുദർശനചക്രം, അതിനുമുന്നിലെ വലതുകയ്യിൽ നാന്ദകം എന്ന വാൾ, അതിന്റെയും മുന്നിലെ വലതുകയ്യിൽ അമ്പ് എന്നിവയും ഏറ്റവും പുറകിലെ ഇടതുകയ്യിൽ ശംഖ്, അതിന്റെ മുന്നിലെ ഇടതുകയ്യിൽ ത്രിശൂലം, അതിന്റെയും മുന്നിലെ ഇടതുകയ്യിൽ വില്ല് എന്നിവയും ധരിച്ച ദേവി, ഏറ്റവും മുന്നിലുള്ള രണ്ടുകൈകൾ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചക്കുളത്തുകാവിലമ്മ, മഹാശക്തിസ്വരൂപിണിയായി ശ്രീലകത്ത് വാഴുന്നു.
ശ്രീകോവിലിന്റെ പുറംചുവരുകൾ പൂർണ്ണമായും സ്വർണ്ണം പൂശിയ നിലയിലാണ് കാണപ്പെടുന്നത്. ഇവിടെ ധാരാളം ദേവതാരൂപങ്ങളുണ്ട്. അവയെല്ലാം സ്വർണ്ണത്തിൽ കുളിച്ച് കാണപ്പെടുന്ന കാഴ്ച അതിമനോഹരമാണ്. ചണ്ഡികാദേവി, മഹിഷാസുരമർദ്ദിനി, ത്രിപുരസുന്ദരി, മധുര മീനാക്ഷി, കാഞ്ചി കാമാക്ഷി, സപ്തമാതൃക്കൾ, അഷ്ടലക്ഷ്മിമാർ തുടങ്ങിയ ദേവീരൂപങ്ങൾക്കാണ് ഇവിടെ പ്രാധാന്യമെങ്കിലും ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ രൂപങ്ങളും ഇവിടെ കാണാം. ശ്രീകോവിലിന് നേരെമുന്നിലായി ചെറിയൊരു നമസ്കാരമണ്ഡപവും കാണാം. ഇവിടെയാണ് പൂജകൾക്കുശേഷം ശാന്തിക്കാർ നമസ്കരിയ്ക്കാൻ ഉപയോഗിയ്ക്കുന്നത്. ഇവിടെ ദേവീവാഹനമായ സിംഹത്തിന്റെ ഒരു പ്രതിഷ്ഠയുമുണ്ട്. സിംഹത്തെ വണങ്ങിവേണം ദേവിയെ വണങ്ങാനെന്നാണ് ചിട്ട. വടക്കുവശത്ത് അഭിഷേകജലം ഒഴുക്കിവിടാൻ ഓവും പണിതിട്ടുണ്ട്.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലുപ്പമുള്ള നാലമ്പലമാണ് ഇവിടെയുള്ളത്. അകത്തേയ്ക്ക് കയറുന്ന വാതിലിന് ഇരുവശവുമായി വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. തെക്കേ വാതിൽമാടത്തിൽ വച്ചാണ് നിത്യേനയുള്ള വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കുന്നത്. ഇവിടെത്തന്നെയാണ് ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതും. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ഇവിടത്തെ കിണർ ദീർഘചതുരാകൃതിയിലാണ് കുഴിച്ചിട്ടുള്ളത്. പമ്പ-മണിമല നദികളുമായും കുളവുമായും ഇതിന് നേരിട്ട് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.
തിടപ്പള്ളിയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച ഒരു ഊഞ്ഞാലും അതിൽ ദേവിയുടെ മറ്റൊരു പ്രതിഷ്ഠയുമുണ്ട്. മൂലവിഗ്രഹത്തിന്റെ അതേ മാതൃകയിൽ തീർത്ത ഈ വിഗ്രഹത്തിന് സമീപം രണ്ട് തലയിണകളും മെത്തയും അലങ്കരിച്ചുവച്ചിട്ടുണ്ട്. ആട്ടുന്നത് സർവ്വൈശ്വര്യസിദ്ധിയ്ക്ക് ഉത്തമമാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രത്തിൽ വരുന്ന എല്ലാവരും ഇതും കൂടി ചെയ്തിട്ടേ പോകാറുള്ളൂ. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് മറ്റൊരു ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ഈ വിഗ്രഹവും ശിലാനിർമ്മിതമാണ്. വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ഗണപതിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, ഉണ്ണിയപ്പം എന്നിവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. വിനായക ചതുർത്ഥിനാളിൽ ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ മുണ്ഡിനി) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. നിലവിൽ ക്ഷേത്രത്തിൽ നിത്യശീവേലിയില്ലാത്തതിനാൽ ഇവ പ്രതീകാത്മകമായാണ് കണ്ടുവരുന്നത്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
കാർത്തികസ്തംഭം
[തിരുത്തുക]അധർമ്മത്തിൻന്റെയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാർത്തികസ്തംഭം. ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. പൊക്കമുള്ള തൂണിൽ വാഴക്കച്ചി, പഴയ ഓലകൾ, പടക്കം, ദേവിയ്ക്ക് ചാർത്തിയ ഒരു വർഷത്തെ ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേൽ നാടിൻറെ സർവ്വ തിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും. സർവ്വ ദുഃഖദുരിതങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം.
നാരീപൂജ
[തിരുത്തുക]ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അന്നേദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീപൂജയ്ക്കിരുത്താറുണ്ട്[അവലംബം ആവശ്യമാണ്].
അലങ്കരിച്ച പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാ സങ്കൽപ്പത്തിൽ പൂജിക്കുന്നു. സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ മഹാദേവിയെ ആരാധിച്ചത്. ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത്.
വിശേഷ ദിവസങ്ങൾ
[തിരുത്തുക]ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, അഷ്ടമി, നവമി, ജന്മ നക്ഷത്ര ദിവസം, മലയാളം- ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാനമാണ്. പൊതുവേ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടാറുണ്ട്.
കുംഭമാസത്തിലെ മകം- പൂരം ദിവസങ്ങൾ അതിവിശേഷം. നവരാത്രി, തൃക്കാർത്തിക, ശിവരാത്രി, ദീപാവലി, മണ്ഡലകാല ദിവസങ്ങൾ, മകരചൊവ്വ തുടങ്ങിയവ വിശേഷമാണ്. വിദ്യാരംഭം, തൃക്കാർത്തിക (പൊങ്കാല) എന്നിവ അതിപ്രധാനം.
ദർശന സമയം
[തിരുത്തുക]- രാവിലെ 4.30 AM മുതൽ ഉച്ചക്ക് 1 PM വരെ.
- വൈകുന്നേരം 4.30 PM മുതൽ രാത്രി 8 PM വരെ.
എത്തിച്ചേരുവാനുള്ള വഴി
[തിരുത്തുക]തിരുവല്ലയിൽ നിന്ന് ഏകദേശം ഒമ്പതുകിലോമീറ്റർ പടിഞ്ഞാറുമാറി, അമ്പലപ്പുഴയ്ക്കുള്ള വഴിയിൽ, പത്തനംതിട്ട-ആലപ്പുഴ ജില്ലകളുടെ അതിർത്തിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ലയിൽ നിന്ന് ധാരാളം ബസ്സുകൾ അമ്പലപ്പുഴയ്ക്കുണ്ട്. അവയിലൊന്നിൽ കയറിയാൽ ക്ഷേത്രത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതാണ്. പ്രധാന വഴിയിൽ തന്നെ ക്ഷേത്രകവാടം കാണാം. അതിലൂടെ അല്പം കൂടി മുന്നോട്ടുപോയാൽ ക്ഷേത്രത്തിന് മുന്നിലെത്താം.
തീവണ്ടി വഴി വരുന്നവർക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത് (9 കിലോമീറ്റർ). ഇവിടെ ഭൂരിപക്ഷം തീവണ്ടികൾക്കും സ്റ്റോപ്പുണ്ട്. മറ്റൊരു പ്രധാന സ്റ്റേഷൻ ഹരിപ്പാട്ടാണ് (13 കിലോമീറ്റർ). അമ്പലപ്പുഴ സ്റ്റേഷനും വളരെ അടുത്താണ്. തന്മൂലം തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണാറശ്ശാല നാഗരാജക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുന്നവർക്ക് കൂട്ടിച്ചേർക്കാവുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ്.