ഗ്ലോറി ഡ്രെയ്ൻ ഹോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിസർവോയറിനകത്ത് സ്ഥാപിച്ച ഗ്ലോറി ഹോൾ
റിസർവോയറിനകത്ത് സ്ഥാപിച്ച ഗ്ലോറി ഹോൾ വെള്ളമില്ലാത്തപ്പോൾ
ഗ്ലോറി ഹോൾ സ്ഥാപിച്ച ഡാം

ചില വൻകിട അണക്കെട്ടുകളിൽ അവയുടെ സംഭരണശേഷിയേക്കാൾ കൂടുതൽ ജലനിരപ്പ് ഉയരുമ്പോൾ അധികമായി വരുന്ന ജലത്തെ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഗ്ലോറി ഡ്രെയ്ൻ ഹോൾ. സാധാരണയായി എല്ലാ ഡാമുകളിലും കവിഞ്ഞൊഴുക്ക് തടയാനായി സ്പിൽവേകൾ നിർമ്മിക്കാറുണ്ട്. പക്ഷേ അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഗ്ലോറി ഡ്രെയ്ൻ ഹോളുകൾ. ഒരു വലിയ ചോർപ്പിന്റെ ആകൃതിയിൽ ഡാമിന്റെ റിസർവോയറിനുള്ളിൽ തന്നെ കൃത്രിമമായി നിർമ്മിച്ചിട്ടുള്ള ഒരു തരം തുരങ്കമാണ് ഇത്. ഇതിന്റെ ശരിക്കുള്ള രൂപം ചുവടെയുള്ള ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം.

അണക്കെട്ടിൽ നിശ്ചിത ജലനിരപ്പിൽ കവിഞ്ഞു വെള്ളം കയറുമ്പോൾ ഇത്തരം ഡ്രെയ്ൻ ഹോളുകൾ ഒരു തുറന്ന ചുഴിയായി വർത്തിച്ച് അധികജലത്തെ അണക്കെട്ടിനു പുറത്തേക്ക് അതിവേഗം എത്തിക്കുന്നു. ലോകത്ത് വളരെ ചുരുക്കം ചില ഡാമുകളിൽ മാത്രമേ ഇത്തരം സ്പിൽവേകൾ ഉള്ളൂ. ലോകത്തെ ഏറ്റവും വലിയ ഗ്ലോറി സ്പിൽവേ നിർമ്മിച്ചിട്ടുള്ളത് യു.എസ്സിലെ കാലിഫോർണിയ സംസ്ഥാനത്തെ നാപ്പാ കൌണ്ടിയിലുള്ള മോണ്ടിസെല്ലോ ഡാമിലാണ്. ജലനിരപ്പുയരുന്ന സന്ദർഭങ്ങളിൽ ഇതിലൂടെ ഓരോ സെക്കൻഡിലും 48400 ഘന അടി എന്ന നിരക്കിൽ വെള്ളം പുറത്തേക്കൊഴുകുന്നു. ഇത് ഈ ഡാമിന്റെ തെക്ക് ഭാഗത്തായി അണക്കെട്ടിനോട് ചേർന്നാ‍ണ് നിർമിച്ചിട്ടുള്ളത്. കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കൂറ്റൻ സ്പിൽവേയ്ക്ക് ഏതാണ്ട് 700 അടി ഉയരവും 28 അടി വ്യാസവും ഇതിനുണ്ട്. റിസർവോയറിനുള്ളിൽ ഗ്ലോറി ഹോളുകളുടെ അടിത്തട്ട് കോൺക്രീറ്റിനാൽ അതിയായി ബലപ്പെടുത്തിയിരിക്കുന്നു. അപകട സാധ്യത കൂടുതലുള്ളതിനാൽ ഗ്ലോറി ഹോളിനു സമീപത്ത് നീന്തലും ബോട്ടിങ്ങും നിരോധിച്ചിട്ടുമുണ്ട്. ഗ്ലോറി ഗർത്തങ്ങൾക്ക് സമീപം ഉപരിതലത്തിലും അടിത്തട്ടിലുമായി നിയന്ത്രണവേലികൾ കെട്ടിയിട്ടുമുണ്ട്. വരൾച്ചാ സമയങ്ങളിൽ ഡാമിലെ ജലനിരപ്പ് താഴുന്നു. അപ്പോൾ ഗ്ലോറി ഹോളിലൂടെയുള്ള ഒഴുക്ക് നിലയ്കുന്നു. ഈ സന്ദർഭങ്ങളിൽ ഗ്ലോറി സ്പിൽ വേയുടെ താഴെയുള്ള കവാടത്തിൽ സൈക്കിൾ , ബൈക്ക് റേയ്സിങ് വിനോദങ്ങൾ നടക്കാറുണ്ട്.

ഗ്ലോറി ഡ്രെയ്ൻ ഹോളുകൾ ഉപയോഗിച്ചിട്ടുള്ള മറ്റു ചില നിർമ്മിതികൾ[തിരുത്തുക]

  • ലാഞ്ചൽഷീം ഡാം (ജർമ്മനി)
  • ഹാരിമാൻ ഡാം, വെർമോണ്ട് (ന്യൂ-ഇംഗ്ലണ്ട്, യു.എസ്.എ)
  • തുർക്ക്വായ്സ് തടാകം, കൊളറാഡോ- യു.എസ്.എ
  • ബെനഗിബർ ഡാം, വാലൻസിയ- സ്പെയ്ൻ

സാൻ റോക്ക് തടാകം, കൊർഡോബ - അർജിന്റീന

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്ലോറി_ഡ്രെയ്ൻ_ഹോൾ&oldid=3590666" എന്ന താളിൽനിന്ന് ശേഖരിച്ചത്