ഗ്രൌണ്ട് സീറോ
ഒരു ആണവ സ്ഫോടനം, ഉൽക്കാശില വായുവിൽ പൊട്ടിത്തെറിക്കുന്നത് അല്ലെങ്കിൽ മറ്റ് വായുവിലെ സ്ഫോടനങ്ങളിൽ സ്ഫോടനം നടക്കുന്നതിന് നേരെ താഴെയുള്ള ഭൂമിയുടെ ഉപരിതലത്തിലെ പോയിന്റാണ് ഗ്രൌണ്ട് സീറോ, സർഫസ് സീറോ അല്ലെങ്കിൽ ഹൈപ്പോസെന്റർ എന്നറിയപ്പെടുന്നത്.[1] ഭൂകമ്പശാസ്ത്രത്തിൽ, ഒരു ഭൂകമ്പത്തിന്റെ ഹൈപ്പോസെന്റർ അതിന്റെ ഉത്ഭവസ്ഥാനമാണ്.[2]
സാധാരണയായി, പകർച്ചവ്യാധികളുമായും മറ്റ് ദുരന്തങ്ങളുമായും ബന്ധപ്പെട്ട് ഏറ്റവും ഗുരുതരമായ നാശനഷ്ടം നടന്ന സ്ഥലം അടയാളപ്പെടുത്തുന്നതിന് ഗ്രൌണ്ട് സീറോ, സർഫേസ് സീറോ എന്നീ പദങ്ങളും ഉപയോഗിക്കുന്നു. ഇതുപോലെയുള്ള സീറോ പോയിന്റ് എന്ന പദം വായുവിലോ ഭൂഗർഭത്തിലോ വെള്ളത്തിനടിയിലോ സ്ഥിതിചെയ്യാം.[3]
ട്രിനിറ്റി, ഹിരോഷിമ, നാഗസാക്കി
[തിരുത്തുക]

"ഗ്രൗണ്ട് സീറോ" എന്ന പദം ആദ്യം ഉപയോഗിച്ചത് ന്യൂ മെക്സിക്കോയിലെ സോകോറോയ്ക്കടുത്തുള്ള ജോർണാഡ ഡെൽ മ്യൂർട്ടോ മരുഭൂമിയിൽ നടന്ന ട്രിനിറ്റി പരീക്ഷണത്തിന്റെയും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബിംഗിന്റെയും ഹൈപ്പോസെന്ററിനെ സൂചിപ്പിക്കുന്നതിനായാണ്. 1946 ജൂണിൽ പുറത്തിറക്കിയ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ട്രാറ്റജിക് ബോംബിംഗ് സർവേ ഓഫ് ദി ആറ്റോമിക് അറ്റാക്ക്സ് അതിനെ ഇങ്ങനെ നിർവചിച്ചു:
സൗകര്യാർത്ഥം, വായുവിലെ സ്ഫോടന ബിന്ദുവിന് (എയർ സീറോ) തൊട്ടുതാഴെയുള്ള നിലത്തെ ബിന്ദുവിനെ സൂചിപ്പിക്കാൻ 'ഗ്രൗണ്ട് സീറോ' എന്ന പദം ഉപയോഗിക്കും.[4]
"സീറോ" എന്നത് 1945 ൽ "[ട്രിനിറ്റി] ടെസ്റ്റിനായി തിരഞ്ഞെടുത്ത സ്ഥലത്തിന് നൽകിയ കോഡ് നാമമാണ്" എന്ന് മാൻഹട്ടൻ പ്രോജക്റ്റിലെ ഒരു എംബഡഡ് റിപ്പോർട്ടറായ വില്യം ലോറൻസ് റിപ്പോർട്ട് ചെയ്യുന്നു.
1946-ൽ നശിപ്പിക്കപ്പെട്ട ഹിരോഷിമ നഗരത്തെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ഉദ്ധരിച്ച് ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു ഗ്രൌണ്ട് സീറോ എന്ന പദത്തിന്റെ ഉപയോഗം നിർവചിക്കുന്നത് "പൊട്ടിത്തെറിക്കുന്ന ബോംബിന്, പ്രത്യേകിച്ച് ഒരു ആറ്റോമിക് ബോംബിന്, തൊട്ടു താഴെ സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഭാഗം" എന്നാണ്.
പെന്റഗൺ
[തിരുത്തുക]
ശീതയുദ്ധകാലത്ത്, ആണവയുദ്ധമുണ്ടായാൽ ഒരു ഉറപ്പായ ലക്ഷ്യമായിരുന്നു പെന്റഗൺ (വിർജീനിയയിലെ ആർലിംഗ്ടൺ കൌണ്ടിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ ആസ്ഥാനം). പെന്റഗണിന്റെ മധ്യഭാഗത്തുള്ള തുറസ്സായ സ്ഥലം അനൌപചാരികമായി ഗ്രൌണ്ട് സീറോ എന്നറിയപ്പെട്ടു. ഈ തുറസ്സായ സ്ഥലത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു ലഘുഭക്ഷണ ശാലയ്ക്ക് "കഫേ ഗ്രൌണ്ട് സീറോ" എന്ന് വിളിപ്പേരുണ്ടായിരുന്നു.[5]
വേൾഡ് ട്രേഡ് സെന്റർ
[തിരുത്തുക]
2001 സെപ്റ്റംബർ 11 ന്, 10 അൽ-ഖ്വയ്ദ തീവ്രവാദികൾ രണ്ട് വിമാനങ്ങൾ തട്ടിക്കൊണ്ടുപോയി ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലെ ട്വിൻ ടവേഴ്സിലേക്ക് ഇടിച്ചിറക്കിയതോടെ 110 നിലകളുള്ള ഈ കെട്ടിടങ്ങൾ തകർന്നു വീഴുകയുണ്ടായി. തകർന്ന വേൾഡ് ട്രേഡ് സെന്റർ സൈറ്റ് താമസിയാതെ "ഗ്രൌണ്ട് സീറോ" എന്നറിയപ്പെട്ടു. കെട്ടിടങ്ങൾ തകർന്നതിന് ശേഷം അവശേഷിച്ച അവശിഷ്ടങ്ങളുടെ കൂമ്പാരത്തെ സൂചിപ്പിക്കുന്നതിനായി "ദി ബിഗ് മമ്മ!" എന്ന പദവും രക്ഷാപ്രവർത്തകർ ഉപയോഗിച്ചു.
സ്ഥലം വൃത്തിയാക്കി പുതിയ വൺ വേൾഡ് ട്രേഡ് സെന്ററിന്റെയും നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയൽ & മ്യൂസിയത്തിന്റെയും നിർമ്മാണം ആരംഭിച്ചുവെങ്കിലും, ആ സ്ഥലത്തെ സൂചിപ്പിക്കാൻ ഈ പദം പതിവായി ഉപയോഗിച്ചുവരുന്നു. ആക്രമണങ്ങളുടെ പത്താം വാർഷികത്തിന് മുന്നോടിയായി, ന്യൂയോർക്ക് സിറ്റി മേയർ മൈക്കൽ ബ്ലൂംബെർഗ് "ഗ്രൌണ്ട് സീറോ" എന്ന പ്രയോഗം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "... വേൾഡ് ട്രേഡ് സെന്ററും നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയലും മ്യൂസിയവും ഉൾപ്പെടെ ആ 16 ഏക്കറിനെ [6 ഹെക്ടർ] അവ എന്താണെന്ന് വിളിക്കാനുള്ള സമയമായി".[6]
ഉൽക്കാ പൊട്ടിത്തെറി
[തിരുത്തുക]ഒരു ഉൽക്ക, ധൂമകേതു അല്ലെങ്കിൽ ഛിന്നഗ്രഹം അന്തരീക്ഷത്തിൽ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിന് ഏറ്റവും അടുത്തുള്ള ഭൂമിയിലെ സ്ഥലം പൊട്ടിത്തെറിയുടെ ഹൈപ്പോസെന്റർ എന്ന് അറിയപ്പെടുന്നു. 1908 ൽ നടന്ന തുങ്കുസ്ക സംഭവം 2150 ചതുരശ്ര കിലോമീറ്റർ വനപ്രദേശത്ത് 80 ദശലക്ഷം മരങ്ങൾ നിലംപരിശാക്കി. സ്ഫോടനത്തിൻറെ ഹൈപ്പോസെന്ററിലെ മരങ്ങൾ നശിച്ചില്ലെങ്കിലും ഷോക്ക് വേവിൽ അവയുടെ ചില്ലകൾ മുഴുവൻ നശിച്ചുപോയി. 2013-ലെ റഷ്യ ചെല്യാബിൻസ്ക് ഉൽക്കാശില ഹൈപ്പോസെന്റർ തുങ്കുസ്കയേക്കാൾ കൂടുതൽ ജനവാസമുള്ളതായിരുന്നു, ഇത് മൂലം പൊട്ടിത്തെറി മനുഷ്യ പരിക്കുകൾക്കു കാരണമായിരുന്നു, പ്രധാനമായും തകർന്ന ജനൽ ചില്ലുകൾ കാരണം.[7]
ഭൂചലനങ്ങൾ
[തിരുത്തുക]
ഭൂകമ്പം സംഭവിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന സ്ഥലത്തിന് തൊട്ടുമുകളിലുള്ള ഭൂമിയുടെ ഉപരിതലത്തിലെ സ്ഥാനമാണ് അതിന്റെ പ്രഭവകേന്ദ്രം അഥവാ എപിസെന്റർ. ഭൂകമ്പത്തിന്റെ വ്യാപനത്തെയും ഫലങ്ങളെയും കുറിച്ച് പഠിക്കാൻ ഭൂകമ്പ ശാസ്ത്രജ്ഞർ ഇത് ഒരു റഫറൻസ് പോയിന്റായി ഉപയോഗിക്കുന്നു. ഒരു ഭൂകമ്പത്തിന്റെ ഹൈപ്പോസെന്റർ അല്ലെങ്കിൽ ഫോക്കസ് എന്നത് പാറയിൽ സംഭരിച്ചിരിക്കുന്ന സ്ട്രെയിൻ എനർജി ആദ്യം പുറത്തുവിടുന്ന സ്ഥാനമാണ്, ഇത് ഫോൾട്ട് പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്നു.[2] എപിസെന്ററും (പ്രഭവകേന്ദ്രം) ഹൈപ്പോസെന്ററും തമ്മിലുള്ള ദൂരം ഹൈപ്പോസെൻട്രൽ ഡെപ്ത് അല്ലെങ്കിൽ ഫോക്കൽ ഡെപ്ത്ത് എന്നറിയപ്പെടുന്നു.[2]
ഇതും കാണുക
[തിരുത്തുക]- ടെനെറ്റ്, അതിന്റെ കഥയിൽ ഒരു ഉപരിതല ന്യൂക്ലിയർ "ഹൈപ്പോസെന്റർ" ഉൾപ്പെടുന്ന 2020 ലെ ഒരു ചിത്രം
അവലംബം
[തിരുത്തുക]- ↑ "hypocenter —- Definitions". Collins English Dictionary. Retrieved 12 July 2024.
- ↑ 2.0 2.1 2.2 The hypocenter is the point within the earth where an earthquake rupture starts. The epicenter is the point directly above it at the surface of the Earth. Also commonly termed the focus. "Earthquake Glossary – hypocenter". United States Geological Survey. Archived from the original on 15 March 2010.
- ↑ "U.S. DoD Terminology: zero point". Retrieved 28 November 2016.
- ↑ U.S. Strategic Bombing Survey: The Effects of the Atomic Bombings of Hiroshima and Nagasaki Archived 2011-06-07 at the Wayback Machine. June 19, 1946. President's Secretary's File, Truman Papers. Page 5.
- ↑ 5.0 5.1 Smith, Steven Donald (September 20, 2006). "Pentagon Hot Dog Stand, Cold War Legend, to be Torn Down". United States Department of Defense. Archived from the original on 2015-09-24. Retrieved 2010-05-06.
"It's rumored that a portion of their (Soviet) nuclear arsenal was directed at that building, the Pentagon hot dog stand", tour guides tell visitors as they pass the stand. "This is where the building earned the nickname Cafe Ground Zero, the deadliest hot dog stand in the world".
- ↑ Geoghegan, Tom (2011-09-07). "Is it time to retire 'Ground zero'?". BBC. Retrieved 2011-09-10.
- ↑ "Пострадавшую при падении метеорита перевезут из Челябинска в Москву". RIA (in റഷ്യൻ). 16 February 2013. Archived from the original on 15 February 2023. Retrieved 15 February 2023.