ഗ്രോബാഗ് കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Growbag farming 11

ജൈവ പച്ചക്കറിക്കൃഷിക്ക് കൃഷിയിടങ്ങൾ കണ്ടെത്തി അവിടെ നേരിട്ട് കൃഷിചെയ്യുന്നതിന് (തൽസ്ഥലകൃഷി) അനുയോജ്യമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തിൽ സ്വീകരിക്കാവുന്ന നൂതന കൃഷിമുറയാണ് 'ഗ്രോബാഗ് കൃഷി' [1].

ഗ്രോബാഗ്[തിരുത്തുക]

വിവിധ വലിപ്പത്തിലുള്ള ഗ്രോബാഗുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇവ ഏകദേശം 3-4 വർഷങ്ങൾ ഈട് നിൽക്കും. പച്ചക്കറി ഇനങ്ങളുടെ വളർച്ചാ സ്വഭാവം അനുസരിച്ച് വലിപ്പം നിർണയിക്കാം. അടിവശത്ത് വെള്ളം വാർന്നുപോകാൻ സൌകര്യപ്രദമായ വിധത്തിൽ ചെറുദ്വാരങ്ങൾ ഉണ്ടായിരിക്കും. ഗ്രോ ബാഗുകളുടെ അകവശം കറുത്തതായതിനാൽ, വേരുകളുടെ വളർച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യപ്രകാശം കൂടുതൽ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകൾ അടിവശത്ത് തുളകൾ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടേണ്ട ആവശ്യം ഇല്ല.

ഗ്രോബാഗുകളുടെ ക്രമീകരികരണം[തിരുത്തുക]

സൂര്യപ്രകാശം ലഭ്യമാവുന്ന എവിടെ വേണമെങ്കിലും ഗ്രോബാഗുകൾ വെക്കാമെന്നതാണ് സവിശേഷത. ടെറസ്സിലെ കൃഷിയിൽ അനുവർത്തിക്കുന്നതുപോലെ കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ ക്രമീകരിക്കാം. മുറ്റത്തിന്റെ അരികുകളിലോ നടവഴിയരികിലോ ബാൽക്കണിയിലോ പ്രകാശം പതിക്കുന്നയിടങ്ങളിൽ ബാഗുകൾ വെക്കാം. വീടിനോട് ചേർന്ന് അലങ്കാരച്ചെടിച്ചട്ടികളായും വിവിധ തരം ചീരകൾ, മുളക്, ഇഞ്ചി തുടങ്ങിയവ ഗ്രോബാഗിൽ നടാം.

ഗ്രോബാഗ് നിറയ്ക്കൽ[തിരുത്തുക]

വളക്കൂറുള്ള മേൽമണ്ണ്, ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവയും തുല്യ അളവിൽ എടുക്കുക. ഇതിൽ അൽപ്പം മണലോ, അല്ലെങ്കിൽ മണലിനുപകരം ഉപയോഗിക്കുന്ന കരിങ്കൽ തരിയോ ചേർക്കാം. വായുസഞ്ചാരവും, മണ്ണിളക്കവും ലഭിക്കാൻ ഇത് ആവശ്യമാണ്. ശരിയായി പറഞ്ഞാൽ 1 :1 : 1 എന്ന അനുപാതമാവണം. എന്നാൽ മണൽക്ഷാമവും മറ്റും പരിഗണിച്ച് അളവ് കുറയ്ക്കാം. രണ്ടും ലഭ്യമാകുന്നില്ലെങ്കിൽ മേൽമണ്ണും ചാണകവളം/കമ്പോസ്റ്റ് പകുതിവീതം എടുത്താൽ മതി.

ഗ്രോബാഗ് കൃഷിയും ട്രൈക്കോഡർമയും[തിരുത്തുക]

ഗ്രോബാഗ് കൃഷിയിൽ ചാണകവളത്തോടൊപ്പം ട്രൈക്കോഡെർമ എന്ന മിത്രകുമിളിനെ ചേർത്ത് ഉപയോഗിച്ചാൽ പച്ചക്കറിയിലെ വിവിധ കുമിൾരോഗങ്ങളെ നിയന്ത്രിക്കാനാകും.

  • ഇത് ഉപയോഗിക്കുന്ന വിധം ഇങ്ങനെ: 90 കി.ഗ്രാം ചാണകപ്പൊടി, ഇതിൽ 10 കി.ഗ്രാം വേപ്പിൻപിണ്ണാക്കുകൂടി ചേർത്തിളക്കുക. അൽപ്പമാത്രയിൽ ഈർപ്പംകിട്ടാൻ നനയ്ക്കുക. നന്നായി ഇളക്കി തണലിൽ കൂട്ടിവച്ച് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇളക്കി അൽപ്പം വെള്ളം നനച്ച് നാലഞ്ചുദിവസം വീണ്ടും മൂടി വയ്ക്കുക. പിന്നീട് നന്നായി ഇളക്കുക. ട്രൈക്കോഡർമ കുമിൽ ഇതിൽ നിറയെ വ്യാപിച്ചിരിക്കും. ഇത് മണ്ണുമായി കലർത്തി ബാഗിൽ നിറയ്ക്കണം. ഗ്രോബാഗിന്റെ മുകൾവശം ചുരുട്ടി പോട്ടിങ് മിശ്രിതത്തിന്റെ രണ്ടിഞ്ച് ഉയരത്തിൽ എത്തിച്ചശേഷം തൈകൾ നടാം.

രോഗനിയന്ത്രണം[തിരുത്തുക]

മണ്ണിൽനിന്നുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനായി സ്യൂഡോമോണസ് സഹായിക്കും[2]. മണ്ണിലാണ് കീടങ്ങളുടെയും കുമിളുകളുടെയും സുഷുപ്താവസ്ഥ. രോഗം തടയാനായി, ആഴ്ചയിൽ ഒരുദിവസം, 'സ്യൂഡൊമോണസ്' എന്ന കുമിൾനാശിനി 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. ആഴ്ചയിൽ ഒരുതവണ കീടങ്ങൾക്കെതിരെ 'അസാരിഡാക്ടിൻ' എന്ന ജൈവകീടനാശിനി രണ്ടു മി. ലി. ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. മറ്റ് ജൈവ വളക്കൂട്ടുകൾ (മീൻ + വെല്ലം ലായനി, പഞ്ചഗവ്യം) ചേർക്കുകയും ചെയ്യാം. ആവശ്യമായ ഈർപ്പം ലഭിക്കുംവിധം എല്ലാ ദിവസവും ജലസേചനം ചെയ്യുക. ചളിപ്പരുവമാകാതിരിക്കാൻ ശ്രദ്ധിക്കുക. പന്തൽ ആവശ്യമുള്ളവയ്ക്ക് പന്തലും, പടർന്നുപോകുന്നതിന് ആവശ്യമായ സൌകര്യവും ഒരുക്കണം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/agriculture/latest-news/523160
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-04. Retrieved 2017-02-05.
"https://ml.wikipedia.org/w/index.php?title=ഗ്രോബാഗ്_കൃഷി&oldid=3916883" എന്ന താളിൽനിന്ന് ശേഖരിച്ചത്