Jump to content

ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയായ സ്യൂഡോമോണാസ് ഇരുജിനോസ.

ക്രിസ്റ്റൽ വയലറ്റ് നിറവസ്തു ഉപയോഗിച്ച് ബാക്റ്റീരിയയെ വേർതിരിച്ചറിയുന്ന പ്രക്രിയയിൽ (ഗ്രാം സ്റ്റെയിൻ) ക്രിസ്റ്റൽ വയലറ്റ് നിറത്തെ കോശത്തിൽ നിലനിർത്താത്ത ബാക്റ്റീരിയയാണ് ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ. പ്രക്രിയയിൽ ഇവ പിങ്ക് നിറമാണ് നിലനിർത്തുക. ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന എല്ലായിടങ്ങളിലും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ കണ്ടെത്താനാകും. ഈ-കോളൈ (എസ്ചരീഷ്യാ കോളെ) എന്ന ബാക്റ്റീരിയം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയത്തിനുദാഹരണമായ മാതൃകാ ജീവിയാണ്. സ്യൂഡോമോണാസ് ഇരുജിനോസ, ക്ലാമൈഡിയ ട്രാക്കോമാറ്റിസ്, യെഴ്സീനിയ പെസ്റ്റിസ് എന്നിവ മറ്റുദാഹരണങ്ങളാണ്. ഇവയുടെ ബാഹ്യസ്തരം മിക്ക ആന്റിബയോട്ടിക്കുകളേയും, ഡിറ്റർജന്റുകളേയും ലൈസോസൈം എന്ന എൻസൈമിനേയും പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്ക് ആരോഗ്യരംഗത്ത് വലിയ പ്രാധാന്യമുണ്ട്. ഇവയുടെ കോശകവചത്തിൽ കനംകുറഞ്ഞ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തിയുണ്ട്.[1]

ഉദാഹരണങ്ങൾ

[തിരുത്തുക]

ഈ-കോളൈ, സ്യൂഡോമോണാസ്, ക്ലെബ്സിയെല്ല, സാൽമൊണെല്ല, ഷിജെല്ല, ഹെലികോബാക്റ്റർ, അസിനെറ്റോബാക്റ്റർ, നീസേറിയ, ഹീമോഫിലസ്, ബോർഡെറ്റെല്ല, ബാക്ടറോയിഡുകൾ, എന്ററോബാക്ടർ എന്നിവ പ്രധാന ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളാണ്.[2]

പരിശോധിക്കുന്ന വിധം

[തിരുത്തുക]

ക്രിസ്റ്റൽ വയലറ്റ് എന്ന നിറകാരി (സ്റ്റെയിൻ) ഉപയോഗിച്ച് ബാക്ടീരിയകളെ നിറംപിടിപ്പിക്കുന്നു. പിന്നീട് ഒരു നിറംമാറ്റഘടകത്തോട് (ഡീകളറൈസർ) ചേർക്കുന്നു. തുടർന്ന് സഫ്രാനിൻ സ്റ്റെയിൻ പ്രയോഗിക്കുന്നു. ഇപ്പോൾ പിങ്ക് നിറമാണ് ഇവയ്ക്കുള്ളതെങ്കിൽ (ക്രിസ്റ്റൽ വയലറ്റ് നിറം നിലനിർത്തിയില്ലെങ്കിൽ) ഇവ ഗ്രാം-നെഗറ്റീവ് എന്നറിയപ്പെടുന്നു.

ഗ്രാം -പോസിറ്റീവ്, ഗ്രാം-നെഗറ്റീവ് ബാക്ടീരിയകളെ തിരിച്ചറിയുന്നത് അവയുടെ കോശഭിത്തിയുടെ ഘടന പരിശോധിച്ചാണ്.

കോശഭിത്തിയുടെ ഘടന

[തിരുത്തുക]

കോശകവചത്തിലെ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തി, ഉൾ കോശസ്തരത്തിനും ബാഹ്യ ബാക്റ്റീരിയാ സ്തരത്തിനും ഇടയിലായാണ് സ്ഥിതിചെയ്യുന്നത്. ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയകളുടെ കോശഭിത്തിയെക്കാൾ ഘടനാപരമായ സങ്കീർണത ഇവയുടെ കോശഭിത്തിയ്ക്കുണ്ട്. കോശകവചത്തിൽ ബാഹ്യ-ആന്തര സ്തരങ്ങൾക്കിടയിൽ കാണപ്പെടുന്ന പെപ്റ്റിഡോഗ്ലൈക്കൻ പാളി മൊത്തം കോശഭിത്തിയുടെ ഭാരത്തിന്റെ 5 ശതമാനം മുതൽ 10 ശതമാനം വരെ വരും. ഇവയുടെ കോശഭിത്തിയിൽ ടീക്കോയിക് അല്ലെങ്കിൽ ലിപ്പോടീക്കോയിക്ക് അമ്ലങ്ങൾ ഉണ്ടാകില്ല.[3] ഇരുസ്തരങ്ങൾക്കും ഇടയിലുള്ള ഭാഗത്തെ പെരിപ്ളാസ്മാറ്റിക് സ്ഥലത്തിലൂടെയാണ് പ്രോട്ടീനുകളും പഞ്ചസാരകളും മറ്റ് രാസഘടകങ്ങളും നിരവധി എൻസൈമുകളും കടന്നുപോകുന്നത്. പ്രോട്ടിയേസുകൾ, ഫോസ്ഫറ്റേസുകൾ, ലിപ്പേസുകൾ, ന്യൂക്ലിയേസുകൾ എന്നിവയാണ് മുഖ്യ എൻസൈമുകൾ. രോഗകാരികളായ ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയിൽ കൊളാജിനേയ്സുകൾ, ഹ്യാലുറോനിഡേസുകൾ, പ്രോട്ടിയേസുകൾ, ബീറ്റാ-ലാക്ടമേസ് എന്നീ ശിഥിലീകാരികളായ എൻസൈമുകൾ പെരിപ്ലാസ്മാറ്റിക് സ്ഥലത്ത് കാണപ്പെടുന്നു. ഇവയുടെ ബാഹ്യസ്തരം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകൾക്ക് മാത്രം പ്രത്യേകമായുള്ളതാണ്. ഇത് ബാക്ടീരിയയുടെ ഘടന നിലനിർത്തുകയും വലിയ തൻമാത്രകളുടെ പ്രവേശനത്തെ തടയുകയും ചെയ്യുന്നു. ഉൾഭാഗത്തുള്ള ലിപ്പോപോളിസാക്കറൈഡുകൾ ശരീരത്തിലെ സ്വാഭാവിക പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്നവയാണ്.

രോഗചികിത്സ

[തിരുത്തുക]

ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയെ ഫലപ്രദമായി നശിപ്പിക്കുന്നതിന് നിരവധി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. കാർബോക്സി, യൂറീഡോപെനിസിലിനുകൾ (ആംപിസിലിൻ, അമോക്സിസിലിൻ, പൈപ്പർസിലിൻ, ടികാർസിലിൻ) എന്നിവ ബീറ്റാ ലാക്ടമേസ് ഇൻഹിബിറ്ററുകളോടൊപ്പം ഉപയോഗിക്കുന്നു. ബീറ്റാലാക്ടമേസ് പെരിപ്ലാസ്മാറ്റിക് സ്ഥലത്തെ ബീറ്റാ ലാക്ടമേസ് എൻസൈമുകളെ നശിപ്പിക്കുന്നു. സിപ്രോഫ്ലോക്സാസിൻ, സെഫലോസ്പോറിനുകൾ, മാണോബാക്ടം, ക്വിനോലോണുകൾ, ക്ലോറംഫെനിക്കോൾ, കാർബാപിനീമുകൾ എന്നിവയും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Baron S, Salton MR, Kim KS (1996). "Structure". In Baron S, et al. (eds.). Baron's Medical Microbiology (4th ed.). Univ of Texas Medical Branch. ISBN 978-0-9631172-1-2. PMID 21413343.
  2. "Gram-Negative". https://microchemlab.com/microbes/gram-negative. {{cite web}}: External link in |publisher= (help)
  3. Medical Microbiology, SEVENTH EDITION (2013). Gram negative bacteria. elsevier. p. 117.

ഇതും കാണുക

[തിരുത്തുക]

ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയ