ഗോറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോറിസ് (Armenian: Գորիս), അർമേനിയയുടെ തെക്കൻ സ്യൂനിക് പ്രവിശ്യയിലെ ഒരു നഗരമാണ്. ഗോറിസ് (അല്ലെങ്കിൽ വരാരക്ക്) നദിയുടെ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം, അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നിന്ന് 254 കിലോമീറ്റർ ദൂരത്തിലും പ്രവിശ്യാ തലസ്ഥാനമായ കാപനിൽ നിന്ന് 67 കിലോമീറ്റർ ദൂരത്തിലുമാണ് സ്ഥിതിചെയ്യുന്നത്. ഒരു നഗര സമൂഹമായ ഗോറിസ്, സ്യൂനിക് പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരവുമാണ്. 2011 ലെ കനേഷുമാരി കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 20,591 ആയിരുന്നു. ഇത് 2001 ലെ കനേഷുമാരി പ്രകാരമുള്ള 23,261 ൽനിന്ന് അൽപ്പം കുറവായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.[1]  എന്നാൽ 2016 ഓദ്യോഗിക കണക്കനുസരിച്ച് നിലവിൽ ഗോരിസിലെ ജനസംഖ്യ 20,300 ആണ്.[2]

2016 ലെ ഏതാനും സമൂഹങ്ങളുടെ ലയിപ്പിക്കലിനു ശേഷം അക്നർ, ബാർഡ്സ്റാവൻ, ഹർടാഷൻ, കരാഹഞ്ച്, ഖണ്ഡ്സോറെസ്ക്, നെർക്കിൻ ഖണ്ഡ്സോറെസ്ക്, ഷുർനുഖ്, വെരിഷെൻ, വൊറോട്ടൻ തുടങ്ങിയ ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഗോറിസ് നഗരസഭ വികസിപ്പിക്കപ്പെട്ടു.[3] അർമീനിയൻ അപ്പോസ്തോലിക സഭ ഉൾപ്പെടുന്ന സ്യൂനിക് രൂപതയുടെ കേന്ദ്രമാണ് ഗോറിസ് നഗരം.

പേരിന്റെ ഉത്ഭവം[തിരുത്തുക]

ചരിത്രത്തിലുടനീളം ഗോറിസ് നഗരം “കോറസ്”, “ഗോരായ്ക്ക്” എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും പേരിന്റ ഉത്ഭവത്തെക്കുറിച്ച് നിരവധി വിശദീകരണങ്ങൾ നിലനിൽക്കുന്നുണ്ട്. ഗോറിസ് എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് പാറക്കെട്ടുകൾ നിറഞ്ഞത് എന്നർത്ഥമുള്ള ഇന്തോ-യൂറോപ്യൻ പ്രാചീനഭാഷാ പദങ്ങളിൽനിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഇന്നത്തെ നഗരത്തിന്റെ അതേ പ്രദേശത്ത് പുരാതന കാലത്ത് ഒരു വാസസ്ഥലം ഉണ്ടായിരുന്നു. ഗോറിസ് എന്ന പേരിന്, ഗോറിസ്റ്റ്സ, കോറെസ്, ഗോറസ്, ഗൊരൈക്, ഗോറു, ഗെറ്യൂസി തുടങ്ങി നിരവധി വ്യതിയാനങ്ങൾ ഉണ്ടായിരുന്നു.

പുരാതന, മദ്ധ്യകാലഘട്ട ചരിത്രം[തിരുത്തുക]

ഗോറിസ് പ്രദേശത്ത് ശിലായുഗകാലം മുതൽക്കുതന്നെ ജനവാസമുണ്ടായിരുന്നു. യുറേഷ്യൻ കാലഘട്ടത്തിലാണ് ഗോറിസിനെക്കുറിച്ച് ചരിത്രത്തിൽ ആദ്യമായി പരാമർശിക്കപ്പെടുന്നത്. ബി.സി. 735 നും 713 നും ഇടയിൽ അധികാരത്തിലിരുന്ന ഉറാത്തുവിലെ രാജാവ് റൂസ ഒന്നാമന്റേതായി കണ്ടെടുക്കപ്പെട്ട ക്യൂണിഫോം എഴുത്തിൽ (ആപ്പെഴുത്ത്) അദ്ദേഹം പിടിച്ചെടുത്ത 23 രാജ്യങ്ങളിൽ ഒന്നായ ഗൊറിസ്റ്റ്സ എന്ന രാജ്യത്തെക്കുറിച്ച് പരാമർശിക്കുന്നു. ഇത് ഗോറിസ് തന്നെ ആയിരിക്കുമെന്നു ശാസ്ത്രജ്ഞന്മാർ കരുതുന്നു.

മദ്ധ്യകാലഘട്ടത്തിൽ, ഗോറിസ് നദിയുടെ ഇടത്തേ കരയിൽ, ഇന്നത്തെ ഗോറിസ് നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ്  കുടിയേറ്റ കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. ഈ കുടിയേറ്റ പ്രദേശം കോറസ് എന്നു വിളിക്കപ്പെട്ടു.  സ്റ്റീഫൻ ഓർബെലിയാൻ തന്റെ “ഹിസ്റ്ററി ഓഫ് സ്യൂനിക് പ്രോവിൻസ്” എന്ന പുസ്തകത്തിൽ പരാമർശിച്ച ഗ്രാമങ്ങളായ ഗോറു, ഗോറായിക് എന്നിവയുടെ പേരുമായി ഈ ഗ്രാമത്തിനുള്ള സാദൃശ്യം യാദൃച്ഛികമല്ല. 12-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ, സ്യൂനിക്ക്, അർമേനിയയുടെ ചരിത്രപരമായ മറ്റു പ്രദേശങ്ങൾക്കൊപ്പം സെൽജുക്, മംഗോളിയർ, അക് ഖോയുൻലു, കര കോയുൻലു എന്നിവരുടെ ആക്രമണത്തിനിരയായി.

പേർഷ്യൻ കാലഘട്ടം[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്യൂനിക്, സഫാവിദ് പേർഷ്യയുടെ ഉള്ളിലുള്ള എറിവൻ ബെഗ്ലാർബെഗിയുടെ ഭാഗമായി. പേരിന്റെ ഇപ്പോഴത്തെ സ്പെല്ലിംഗ് ആദ്യമായി ബാർസെഘ് യേററ്റ്സിന്റെ കൈയക്ഷരത്തിൽ 1624 ൽ പരാമർശിക്കപ്പെട്ടു. 17 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ ഈ പ്രദേശത്ത് മെലിക് ഹസെന്യാൻസ് രാജകുമാരൻ ഭരണം നടത്തി. 18-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, സഫാവിദ് പേർഷ്യയ്ക്കെതിരേയും ആക്രമണകാരികളായ ഒട്ടോമൻ തുർക്കികൾക്കെതിരേയുമുള്ള ഡേവിഡ് ബെക്കിന്റെ നേതൃത്വത്തിലുള്ള അർമേനിയൻ വിമോചന പ്രചാരണത്തിന്റെ കേന്ദ്രമായിരുന്നു ഇത്.[4] 1750 ൽ പുതുതായി രൂപീകരിക്കപ്പെട്ട കറാബാഖ് ഖാനേറ്റിന്റെ ഭാഗമായിത്തീർന്നു ഈ പ്രദേശം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, 1804-13 ലെ റൂസ്സോ-പേർഷ്യൻ യുദ്ധത്തേത്തുടർന്ന് 1813 ഒക്ടോബർ 24 ന് റഷ്യയും ക്വാജ പേർഷ്യയും തമ്മിൽ ഒപ്പിട്ട “ട്രീറ്റി ഓഫ് ഗുലിസ്റ്റാൻ” കരാർ പ്രകാരം  പഴയ കോറസ് ഓഫ് സ്യൂനിക് മേഖല ഉൾപ്പെടെയുള്ള അർമേനിയയുടെ പല പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി.

അവലംബം[തിരുത്തുക]

  1. Report of the results of the 2001 Armenian Census, National Statistical Service of the Republic of Armenia
  2. "Population estimate of Armenia as of 01.01.2016" (PDF).
  3. "Նախատեսվում է իրականացնել համայնքների խոշորացման 14 պիլոտային ծրագիր - ԳՈՐԻՍԻ ՄԱՄՈՒԼԻ ԱԿՈՒՄԲ". gorispress.am.
  4. Капан (ഭാഷ: റഷ്യൻ). abp.am. ശേഖരിച്ചത് August 28, 2009.
"https://ml.wikipedia.org/w/index.php?title=ഗോറിസ്&oldid=3097924" എന്ന താളിൽനിന്ന് ശേഖരിച്ചത്