ഗുരു ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ നൃത്താചാര്യനും ചലച്ചിത്ര നൃത്തസംവിധായകനുമായിരുന്നു ഗുരുഗോപാലകൃഷ്ണൻ (1926 ഏപ്രിൽ 9 – 2012 സെപ്റ്റംബർ 5). നിരവധി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, സിംഹളഭാഷാ സിനിമകളിൽ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കൊടുങ്ങല്ലൂരിൽ നന്ദിയാലത്ത് മാധവമേനോന്റെയും ചങ്ങരടി അമ്മാളു അമ്മയുടെയും മകനായി ജനിച്ചു. കഥകളി പഠിക്കാനുള്ള മോഹവുമായാണ് ചെന്നൈയിലെത്തി. പിന്നീട് ജെമിനി സ്റ്റുഡിയോയിലെ നൃത്ത സംഘത്തിൽ ചേർന്നു. 1946 ൽ ചെന്നൈയിലെ നടന നികേതൻ നൃത്ത വിദ്യാലയത്തിൽ ചേർന്നു. അന്നത്തെ പ്രമുഖ നൃത്ത സംവിധായകനായിരുന്ന ഗുരു ഗോപിനാഥിന്റെ ട്രൂപ്പിലെ പ്രമുഖ നർത്തകനായി. ഗുരു ഗോപിനാഥ്-തങ്കമണിദമ്പതികൾ ചിട്ടപ്പെടുത്തിയ "കേരളനടനം" ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

നീലക്കുയിൽ, ലൈലമജ്‌നു, ജീവിത നൗക, കരുണ, ഡോക്ടർ തുടങ്ങി നിരവധി മലയാള സിനിമകളിലും ഔവ്വയാർ, സീതാരാമകല്യാണം, മയാബസാർ,ചന്ദ്രലേഖ തുടങ്ങി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും നൃത്തസംവിധാനം നിർവഹിച്ചു. നീലക്കുയിൽ എന്ന സിനിമയ്ക്കുവേണ്ടി സംഘനൃത്തം കമ്പോസ് ചെയ്തു. തുടർന്ന് സീതാരാമകല്യാണം, ശ്രീശൈലമാഹാത്മ്യം, അമ്മ, കരുണ തുടങ്ങി വ്യത്യസ്ത ഭാഷാചിത്രങ്ങളിൽ നൃത്തം സംവിധാനം ചെയ്തു. എം.ജി.ആറിന്റെ നാം, മായാബസാർ, ഏഴൈ, ഉഴവൻ, സുജാത എന്നീ തമിഴ്ചിത്രങ്ങളിൽ നൃത്താഭിനയവും നടത്തി. പഴശ്ശിരാജ, നന്തനാർ, പാട്ടബാക്കി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ച ഗുരു ഗോപാലകൃഷ്ണൻ കെ.പി.എ.സി നാടകങ്ങളിൽ നൃത്തസംവിധാനം നിർവഹിച്ച് നാടകവേദിയിലും ശ്രദ്ധേയനായി. 1956-ൽ ഭാരതി ബാലെ ഗ്രൂപ്പ് എന്ന നൃത്തസംഘത്തിന് രൂപംകൊടുത്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 'സൈക്ലോ റാമ' ലൈറ്റിങ് സംവിധാനം ഉപയോഗിച്ച് മലയാള നൃത്തനാടകവേദികളിൽ സഞ്ചരിക്കുന്ന മേഘങ്ങളും, കുതിച്ചു ചാടുന്ന പൂഞ്ചോലകളും, കടലിലെ തിരമാലകളും ആദ്യമായി വേദിയിൽ കൊണ്ടുവന്നത് ഇദ്ദേഹമാണ്.

നർത്തകിയായ കുസുമം ഗോപാലകൃഷ്ണനാണ് ഭാര്യ.

കൃതികൾ[തിരുത്തുക]

  • ജീവിതരേഖ
  • എന്റെ സിനിമാനുഭവങ്ങൾ

പുരസ്കാരം[തിരുത്തുക]

സംസ്ഥാന സർക്കാറിന്റെ നാട്യശ്രേഷ്ഠ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, മലേഷ്യയിലെ ക്ഷേത്ര അക്കാദമിയുടെ നടനകലാരത്‌നം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-07. Retrieved 2012-09-05.
"https://ml.wikipedia.org/w/index.php?title=ഗുരു_ഗോപാലകൃഷ്ണൻ&oldid=3803875" എന്ന താളിൽനിന്ന് ശേഖരിച്ചത്