ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം
പേരുകൾ
ശരിയായ പേര്: ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം
സ്ഥാനം
സ്ഥാനം: ഗുരുവായൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: ശ്രീകൃഷ്ണൻ
വാസ്തുശൈലി: കേരള-ദ്രാവിഡ ശൈലിയിൽ
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് അയ്യായിരം വർഷം മുമ്പ്
സൃഷ്ടാവ്: ആദിശങ്കരാചാര്യർ

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ശ്രീപാർത്ഥസാരഥിക്ഷേത്രം. പേര് സൂചിപ്പിയ്ക്കുന്നതുപോലെ പാർത്ഥസാരഥിയായ ഭഗവാൻ ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അദ്വൈതവേദാന്തിയായ ആദിശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ഏറെക്കാലം നാശോന്മുഖമായിക്കിടന്ന ഈ ക്ഷേത്രം പിന്നീട് ഭാഗവതകുലപതി തിരുനാമാചാര്യർ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. ഇന്ന് ഗുരുവായൂരിൽ വരുന്നവർ ഇവിടെയും വരാറുണ്ട്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് ഈ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ഗീതാദിനം കൂടിയായ അന്നേദിവസം ഗുരുവായൂരപ്പൻ ഇങ്ങോട്ട് എഴുന്നള്ളാറുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ദ്വാപരയുഗത്തിൽ പാണ്ഡവമാതാവായ കുന്തീദേവി ഇന്ദ്രപ്രസ്ഥത്തിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹമെന്ന് വിശ്വസിച്ചുവരുന്നു. കുന്തീദേവിയുടെ കാലശേഷം ജലാധിവാസം ചെയ്ത വിഗ്രഹം ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം ശങ്കരാചാര്യർ ഗംഗാനദിയിൽ നിന്ന് വീണ്ടെടുക്കുകയായിരുന്നു. പിന്നീട് ഒരു ഏകാദശിനാളിൽ ഗുരുവായൂരിൽ വരുവാനിടയായ അദ്ദേഹം നാരദമഹർഷിയുടെ ഉപദേശപ്രകാരം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. ക്ഷേത്രത്തിലെ പൂജാവിധികളും ചടങ്ങുകളും ശങ്കരാചാര്യർ തന്നെ നിർദ്ദേശിച്ചു.

ചരിത്രം[തിരുത്തുക]

ശങ്കരാചാര്യരുടെ കാലശേഷം ഈ ക്ഷേത്രത്തിന്റെ അവകാശം ശിഷ്യനായ തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർക്ക് ലഭിച്ചു. തലമുറകളായി പാലിച്ചുപോന്ന അവകാശം പിന്നീട് ഗുരുവായൂരിൽത്തന്നെയുള്ള മല്ലിശ്ശേരി മനയ്ക്ക് ലഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും മല്ലിശ്ശേരി മനയ്ക്കുതന്നെയായിരുന്നു. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ അതിന്റെ തെക്കേ അതിർത്തിപ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാനക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും ആക്രമണത്തിൽ തകർന്നു. പാർത്ഥസാരഥിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് ഒരുപാടുകാലം ഈ ക്ഷേത്രം ആരുടെയും ശ്രദ്ധയേറ്റുവാങ്ങാതെ കഴിയുകയായിരുന്നു. പ്രധാനക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം എല്ലാവരുടെയും ശ്രദ്ധയേറ്റുവാങ്ങി ലോകപ്രശസ്തിയിലേയ്ക്ക് കുതിയ്ക്കുന്ന സമയത്ത് ശ്രീകൃഷ്ണഭഗവാൻ തന്നെ മറ്റൊരു രൂപത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രം ജീർണ്ണിച്ച് നിലംപരിശാകാറായ മട്ടിൽ ഗുരുവായൂർ പട്ടണത്തിന്റെ ഒരു മൂലയിൽ കഴിയുകയായിരുന്നു. 1971 വരെ ഈ സ്ഥിതി തുടർന്നു.

1971-ൽ ക്ഷേത്രശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണിച്ച് നിലംപതിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു ക്ഷേത്രം കിടക്കുന്ന കാര്യം പലരുമറിഞ്ഞത്. തുടർന്ന് നാട്ടുകാരും ഭക്തജനങ്ങളും ചേർന്ന് നോക്കിയപ്പോൾ അവർ കമനീയമായ ഭഗവദ്വിഗ്രഹം യാതൊരുകേടുപാടും കൂടാതെ കിടക്കുന്നത് കണ്ടു. കൂടാതെ തകർന്നുപോയ മഹാക്ഷേത്രത്തിന്റെ തിടപ്പള്ളി, വാതിൽമാടം, ചുറ്റമ്പലം, മതിൽക്കെട്ട്, ക്ഷേത്രക്കുളം തുടങ്ങിയവയുടെ സ്ഥാനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി പുനർനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയാണ് എല്ലാറ്റിനും നേതൃത്വം വഹിച്ചത്. തൃപ്പൂണിത്തുറ ഈശ്വരവാര്യരായിരുന്നു സ്ഥപതി. ഒടുവിൽ ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ക്ഷേത്രത്തിന്റെ പുതുക്കിപ്പണികളെല്ലാം തീരുകയും 1977 ജൂൺ 29-ന് മിഥുനമാസത്തിലെ അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠ നടക്കുകയും ചെയ്തു. ഗുരുവായൂരിലെ അന്നത്തെ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.

പുനഃപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രത്തിന് വൻ ഉയർച്ചയാണുണ്ടായത്. ക്ഷേത്രഭരണത്തിന് ഒരു ഭക്തജനസമിതി നിലവിൽ വന്നു. ഇന്ന് വളരെ മികച്ച രീതിയിലാണ് ക്ഷേത്രം മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഇന്ന് ഗുരുവായൂരിൽ വരുന്ന ധാരാളം ഭക്തർ ഇവിടെയും ദർശനത്തിന് വരുന്നുണ്ട്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ഗുരുവായൂർ പട്ടണത്തിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെയും ദർശനം. റെയിൽവേ സ്റ്റേഷനും ക്ഷേത്രവും ഏതാണ്ട് പരസ്പരാഭിമുഖമാണ്. കെ.ടി.ഡി.സി.യുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന നന്ദനം ഹോട്ടൽ, പതഞ്ജലി സ്റ്റോർ തുടങ്ങിയവ സമീപത്തുതന്നെയുണ്ട്. ക്ഷേത്രത്തിന് മുന്നിലെത്തുന്നവർ ആദ്യം കാണുന്നത് മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരമാണ്. ഗോപുരത്തിന് പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഇരുവശത്തും ഗീതോപദേശത്തിന്റെ ചിത്രങ്ങളും ഗീതാവചനങ്ങളും കാണും. ഗോപുരത്തിന് പുറത്തുനിന്നുനോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം തെളിഞ്ഞുകാണാം. ഗോപുരത്തിന്റെ തെക്കുഭാഗത്താണ് ചെരുപ്പ് കൗണ്ടറുള്ളത്. വടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന്റെ പുറത്തെ മതിൽക്കെട്ട് പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ്. ഇതിന്റെ ചുറ്റും ചുവന്ന ചായം പൂശിയിട്ടുണ്ട്. കാര്യമായ വലുപ്പമില്ലെങ്കിലും ആനപ്പള്ള തീർത്തിട്ടുള്ളത് ശ്രദ്ധേയമാണ്. കിഴക്കുഭാഗത്തെ പ്രധാന ഗോപുരം കൂടാതെ പടിഞ്ഞാറുഭാഗത്തും ഒരു ഗോപുരമുണ്ട്. ഇതിനടുത്ത് ക്ഷേത്രം വക ഹാളും കാണാം.

അകത്തുകടന്നാൽ പ്രത്യേകിച്ചൊന്നും തന്നെ കാണാനില്ല. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സാമാന്യം ഉയരമുള്ള ഒരു ചെമ്പുകൊടിമരമാണ് ആദ്യം കാണുന്നത്. അതിനപ്പുറം വലിയ ബലിക്കല്ല് കാണാം. ഇവിടെ ബലിക്കൽപ്പുരയില്ല. ഗോപുരത്തിന്റെ തെക്കുഭാഗത്ത് വഴിപാട് കൗണ്ടർ കാണാം. തെക്കുകിഴക്കേമൂലയിൽ പ്രദക്ഷിണവഴിയിൽ നിന്നുമാറി നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. ദീർഘചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലിൽ ഒറ്റക്കല്ലിലാണ് നവഗ്രഹങ്ങൾക്ക് സ്ഥാനം അനുവദിച്ചിരിയ്ക്കുന്നത്. ധ്യാനശ്ലോകത്തിൽ പറയുന്നതുപ്രകാരമുള്ള നവഗ്രഹരൂപങ്ങൾ ഇവിടെ കാണാം. നടുക്ക് സൂര്യനും ചുറ്റും മറ്റ് ഗ്രഹങ്ങളുമാണ് ഇവിടെയുള്ളത്. കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് കുജനും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് വ്യാഴവും വടക്കുകിഴക്ക് ബുധനും സ്ഥിതിചെയ്യുന്നു. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാട്ടും വ്യാഴം വടക്കോട്ടും അഭിമുഖമായി കുടികൊള്ളുന്നു.

ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പൂർണ്ണമായും കരിങ്കല്ല് പാകിയിട്ടുണ്ട്. ഭക്തർക്ക് മഴയും വെയിലുമേൽക്കാതെ ദർശിയ്ക്കാൻ പാകത്തിന് വഴി മുഴുവൻ നടപ്പുര പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെയും തൊട്ടടുത്ത് രക്ഷസ്സിന്റെയും പ്രതിഷ്ഠകൾ കാണാം. മുഖപ്പോടുകൂടിയ ശ്രീകോവിലാണ് അയ്യപ്പന് പണിതിട്ടുള്ളത്. ഇവിടെയുള്ള മുഖപ്പിലാണ് ഭക്തർ ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. പണ്ടെന്നോ ഈ പ്രദേശത്ത് കൊല്ലപ്പെട്ട ഒരാളുടെ ആത്മാവാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രസ്ഥാപകനായ ശങ്കരാചാര്യരുടെ പ്രതിഷ്ഠയുണ്ട്. ശൈവാംശമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ശങ്കരാചാര്യരെ ശിവനായി സങ്കല്പിച്ചുകൊണ്ടുള്ള പൂജകളാണ് ഇവിടെ നടത്തിവരുന്നത്. വടക്കുഭാഗത്ത് ഊട്ടുപുര കാണാം. വിശേഷദിവസങ്ങളിൽ ഇവിടെ ഭക്തർക്ക് പ്രസാദ ഊട്ട് നടത്തിവരുന്നു.

ശ്രീകോവിൽ[തിരുത്തുക]

ദീർഘചതുരാകൃതിയിൽ തീർത്ത ഒരു കൂറ്റൻ ശ്രീകോവിലാണ് ഇവിടെയുള്ളത്. തേരിന്റെ ആകൃതിയിലുള്ള ഈ ശ്രീകോവിൽ പാർത്ഥസാരഥീഭാവത്തിന് ഏറ്റവും അനുയോജ്യമായതായി കണക്കാക്കപ്പെടുന്നു. തേരിലുള്ള കുതിരകളും തേരിന്റെ ചക്രങ്ങളും അതേപോലെ ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ കരിങ്കല്ലിലാണ് ശ്രീകോവിൽ തീർത്തിരിയ്ക്കുന്നത്. അകത്തേയ്ക്ക് കയറാൻ സോപാനപ്പടികളുണ്ട്. അവ ഇരുവശത്തുനിന്നും കയറാവുന്ന രീതിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. സോപാനത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ചുവട്ടിൽ ഗീതോപദേശരൂപം കൊത്തിവച്ചിട്ടുണ്ട്. സോപാനപ്പടികൾ പൂർണ്ണമായും പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി വച്ചിരിയ്ക്കുന്നു. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന അതിമനോഹരമായ പാർത്ഥസാരഥീവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് രണ്ട് കൈകളേയുള്ളൂ. ഒരു കയ്യിൽ തേര് തെളിയ്ക്കാനുള്ള ചമ്മട്ടിയും മറുകയ്യിൽ ശംഖും കാണാം. തറനിരപ്പിൽ നിന്ന് ഏറെ ഉയരെയാണ് ശ്രീകോവിൽ. അതിനാൽ കുള്ളന്മാർക്കും കുട്ടികൾക്കും വിഗ്രഹം കാണാൻ നന്നേ ബുദ്ധിമുട്ടേണ്ടിവരും.

ശ്രീകോവിലിന്റെ പുറംചുവരുകൾ തീർത്തും അനലംകൃതമാണ്. ഈയിടെയായി അവിടങ്ങളിൽ ചുവർച്ചിത്രങ്ങൾ വരച്ചുചേർക്കാൻ പദ്ധതികൾ വരുന്നുണ്ട്. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിരിയ്ക്കുന്നു. വടക്കുവശത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് കാണാം. ഓവുതാങ്ങിയായി ഇവിടെ ഉണ്ണിഭൂതമുണ്ട്.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അകത്ത് സ്ഥലം വളരെക്കുറവാണെങ്കിലും തിരക്കില്ലാത്തതിനാൽ സുഖമായി പ്രദക്ഷിണം വയ്ക്കാം. നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. നാമജപത്തിനും മറ്റ് പരിപാടികൾക്കുമായി ഇവ ഉപയോഗിച്ചുവരുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെക്കാണാം. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുണ്ട്.

പ്രതിഷ്ഠ[തിരുത്തുക]

ശ്രീപാർത്ഥസാരഥി[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്റെ സുഹൃത്തായ അർജ്ജുനന്റെ തേരാളിയായി നിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ രൂപമാണ് പാർത്ഥസാരഥി (പാർത്ഥൻ അർജ്ജുനന്റെ മറ്റൊരു പേരാണ്. സാരഥി എന്ന വാക്കിന് ഇവിടെ തേരാളി എന്നാണ് അർത്ഥം). മൂന്നടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീപാർത്ഥസാരഥിഭഗവാൻ കുടികൊള്ളുന്നത്. മൂന്നടി ഉയരം വരുന്ന നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഭഗവാന്റെ വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും കാണാം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിന്റെ മുഴുവൻ ആകർഷിച്ചുകൊണ്ട് ശ്രീപാർത്ഥസാരഥി ശ്രീലകത്ത് വാഴുന്നു. ചമ്മട്ടി (ചാട്ട) സമർപ്പണമാണ് ഇവിടെ ഭഗവാന് പ്രധാന വഴിപാട്. കൂടാതെ ഉദയാസ്തമനപൂജ, കളഭം ചാർത്തൽ, ചന്ദനം ചാർത്തൽ, പുരുഷസൂക്തപുഷ്പാഞ്ജലി, പാൽപ്പായസം, തൃക്കൈവെണ്ണ തുടങ്ങിയവയും ഭഗവാന് പ്രധാനമാണ്.

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

അയ്യപ്പൻ[തിരുത്തുക]

നവഗ്രഹങ്ങൾ[തിരുത്തുക]

ആദിശങ്കരാചാര്യർ[തിരുത്തുക]

രക്ഷസ്സ്[തിരുത്തുക]

നിത്യപൂജകളും വഴിപാടുകളും[തിരുത്തുക]

വിശേഷദിവസങ്ങൾ[തിരുത്തുക]

ഗുരുവായൂർ ഏകാദശി മഹോത്സവം[തിരുത്തുക]

അഷ്ടമിരോഹിണി[തിരുത്തുക]

വിഷു[തിരുത്തുക]

കുചേലദിനം[തിരുത്തുക]

ശങ്കരജയന്തി[തിരുത്തുക]

ഇല്ലം നിറ, തൃപ്പുത്തരി[തിരുത്തുക]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]