ഗുഡ്‌വിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുഡ്‌വിൽ എന്ന പദത്തിന്റെ വാഗർത്ഥം സൂചിപ്പിക്കുന്നത് ഒരു സ്ഥാപനത്തിന്റെ ആസ്തികൾക്കും മേലേ അതിനു മതിക്കുന്ന വിലയെ ആണ്‌. ഉദാഹരണത്തിന്‌ വർഷങ്ങളായി വളരെ നല്ല രീതിയിൽ നടക്കുന്ന ഒരു ഹോട്ടലിന്റെ മതിപ്പു വില അതിന്റെ കെട്ടിടങ്ങൾ, മരസ്സാമാനങ്ങൾ, വാഹങ്ങൾ, ഉപകരണങ്ങൾ തുടങ്ങി എല്ലാ സ്ഥാവരജംഗമാസ്തികളിൽ നിന്നും അതിന്റെ ബാങ്ക് ലോണുകളും മറ്റു ബാദ്ധ്യതകളും കിഴിക്കുന്ന തുകയിലും വളരെ കൂടുതലായിരിക്കും. കാലാകാലം നല്ല സേവനവും ഭക്ഷണവും മറ്റും നൽകിയും പരസ്യങ്ങളിലൂടെ പ്രശസ്തമായും മറ്റു നാനാവിധ രീതിയിലും അത് നേടിയെടുക്കുന്ന സത്കീർത്തിയാണ്‌. ഈ അദൃശ്യ ആസ്തിയാണ്‌ ഗുഡ്‌വിൽ.

പഴയ നിർ‌വചനങ്ങൾ[1][തിരുത്തുക]

  • ഒരു സ്ഥാപനത്തിന്റെ നടപ്പു മതിപ്പ് അതിന്റെ കണക്കുകളിലെ ആസ്തിയെക്കാൾ ഉയർന്നതാക്കുന്ന മൂലകമാണ്‌ ഗുഡ്‌വിൽ (വാൾട്ടൺ)
  • ഗുഡ്‌വിൽ എന്നാൽ പഴയ ഉപഭോക്താക്കൾ തിരിച്ചു വന്നുകൊണ്ടിരിക്കാനുള്ള സാദ്ധ്യതമാണ്‌ (എൽഡൺ പ്രഭു)
  • സ്ഥാപനത്തിനോ അതിന്റെ ഉടമയ്ക്കോ ഉപഭോക്തൃ സമൂഹത്തിനെ സ്വാധീനിക്കുകയും തന്റെ സേവനങ്ങളിലേക്ക് ആകർഷിക്കുകയും അവിടെ നിലനിർത്തുകയും ചെയ്യാനുള്ള കഴിവിനെയാണ്‌ ഗുഡ്‌വിൽ എന്നു പറയുന്നത്. (വൈൽഡ്‌മാൻ)


ആധുനികകാലത്തെ അർത്ഥം[തിരുത്തുക]

താത്വികമായി ഏതു സമയത്തും ഒരു സ്ഥാപനത്തിന്റെ മതിപ്പു വില അതതിന്റെ കണക്കിലെ ആസ്തി മിച്ചത്തിൽ നിന്നും ഭിന്നമായിരിക്കുമെങ്കിലും അത്തരം സ്വയം നിർമ്മിതമാകുന്ന അത്തരം അദൃശ്യ ആസ്തികളെ ആധുനിക കാലത്തെ അക്കൗണ്ടിങ്ങ് ഗുഡ്‌വിൽ ആയി പരിഗണിക്കുന്നില്ല.

നടപ്പിലുള്ള ഒരു സ്ഥാപനത്തെ മറ്റൊരു സ്ഥാപനം ഭാഗികമായോ പൂർണ്ണമായോ വാങ്ങുമ്പോൾ വിൽക്കപ്പെടുന്ന സ്ഥാപനത്തിന്റെ നീക്കിയിരിപ്പ് ആസ്തിയുടെ (നെറ്റ് അസറ്റ്) മതിപ്പു വിലയിൽ നിന്ന് വാങ്ങുന്ന സ്ഥാപനം കൊടുക്കുന്ന വിലയുമായുള്ള വത്യാസത്തെ ആണ്‌ ആധുനിക ലോകം ഗുഡ്‌വിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. [2]


പോസിറ്റീവ് ഗുഡ്‌വിലും നെഗറ്റീവ് ഗുഡ്‌വിലും[തിരുത്തുക]

ഒരു സ്ഥാപനം വാങ്ങുമ്പോൾ കൊടുക്കുന്ന വിലയുയിൽ നിന്ന് നീക്കിയിരിപ്പ് ആസ്തിയുടെ മതിപ്പു കിഴിക്കുമ്പോൾ കിട്ടുന്ന വത്യാസമാണ്‌ ഗുഡ്‌വിൽ എന്ന നിർ‌വചനപ്രകാരം ഗുഡ്‌വിൽ എപ്പോഴും പോസിറ്റീവ് ആകണമെന്നില്ല. ഇങ്ങനെ കിഴിച്ചു കിട്ടുന്ന തുക നെഗറ്റീവ് ആണെങ്കിൽ അതിനെ വാങ്ങൽ പ്രക്രിയയിലെ ലാഭമായിക്കണ്ട് ലാഭനഷ്ടക്കണക്കിൽ കാണിക്കുന്നു [3]

ഉദാഹരണം ഒരു സ്ഥാപനത്തിന്റെ ആസ്തിബാദ്ധ്യതകൾക്ക് മതിപ്പുവില ഇപ്രകാരമെന്ന് കരുതുക: കെട്ടിടങ്ങൾ - നാലുലക്ഷം രൂപ വാഹനങ്ങൾ- രണ്ടു ലക്ഷം രൂപ മരസ്സാമാനങ്ങൾ- അമ്പതിനായിരം രൂപ വില്പ്പനയ്ക്ക് വച്ചിരിക്കുന്ന ചരക്ക് അമ്പതിനായിരം രൂപ ബാങ്ക് ലോൺ- രണ്ട് ലക്ഷം രൂപ ഇതിന്റെ ആസ്തികൾ എല്ലാം കൂട്ടി കിട്ടുന്ന ഏഴുലക്ഷം രൂപയിൽ നിന്ന് ബാദ്ധ്യതയായ രണ്ട് ലക്ഷം രൂപ കുറച്ചാൽ അഞ്ചു ലക്ഷം രൂപ നീക്കിയിരിപ്പ് മതിപ്പ് ഇതിനുണ്ട്.

ഈ സ്ഥാപനത്തെ മറ്റൊരു സ്ഥാപനം എട്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയാൽ വാങ്ങുന്ന സ്ഥാപനത്തിന്‌ മൂന്നു ലക്ഷം രൂപ പോസിറ്റീവ് ഗുഡ്‌വിൽ ഉണ്ടാകുന്നു. ഈ മൂന്നു ലക്ഷം രൂപ ഗുഡ്‌വിൽ എന്ന ആസ്തിയായി കണക്കിൽ കാലാകാലം നിലനിർത്താവുന്നതാണ്‌. മറിച്ച് ഈ സ്ഥാപനം വാങ്ങിയത് നാലു ലക്ഷം രൂപയ്ക്കാണെങ്കിൽ ഒരു ലക്ഷം രൂപ നെഗറ്റീവ് ഗുഡ്‌വിൽ ഉണ്ടാകുന്നു. ഇതിനെ ബാദ്ധ്യതയായി കാണുന്നില്ല, പകരം ഈ വാങ്ങൾ പ്രക്രിയയിലെ ലാഭമായി കണക്കിൽ കൊള്ളിക്കുന്നു.


കണക്കെഴുത്ത്[തിരുത്തുക]

ഇന്റർ‌നാഷണൽ ഫൈനാൻഷ്യൽ റിപ്പോർട്ടിങ്ങ് സ്റ്റാൻഡേർഡുകൾ പ്രകാരവും അമേരിക്കൻ ജെനറലി അക്സപ്റ്റഡ് അക്കൗണ്ടിങ്ങ് പ്രിൻസിപ്പിൾസ് പ്രകാരവും ആകെ രണ്ട് തരം ജേർണലുകൾ എണ്ട്രികൾ മാത്രമേ ഗുഡ്‌വിലിന്‌ ഉള്ളൂ:

ഒരു സ്ഥാപനം വാങ്ങുന്ന സമയത്ത് അതിന്റെ മറ്റു ആസ്തിബാദ്ധ്യതകളുടെ ജേർണലിനൊപ്പം ഗുഡ്‌വിൽ നാള്വഴിപ്പുസ്തകത്തിൽ ചേർക്കുന്നു.

പിൻ‌വർഷങ്ങളിൽ കുറഞ്ഞത് കൊല്ലത്തിൽ ഒരിക്കലെങ്കിലും ഗുഡ്‌വിലിന്‌ ക്ഷയപരിശോധന (ഇമ്പയർമെന്റ് ടെസ്റ്റ്) നടത്തി കണക്കിൽ കാണിച്ചിരിക്കുന്ന വിലയോളം മതിപ്പ് ഗുഡ്‌വിലിന്‌ നിലവിലില്ല എന്ന് കണ്ടാൽ പുതുക്കിയ മൂല്യം നിലനിർത്തുകയും ബാക്കിയുള്ള തുക നഷ്ടമായി കണ്ട് ലാഭനഷ്ടകണക്കിലേക്ക് എഴുതിത്തള്ളുകയും ചെയ്യുന്ന ജേർണൽ നാൾ‌വഴിക്കണക്കിൽ .

[ഇന്ത്യൻ അക്കൗണ്ടിന്റ് സ്റ്റാൻഡേർഡ് പ്രകാരം കൊല്ലാകൊല്ലം ഗുഡ്‌വിലിന്റെ ഒരു ഭാഗം എഴുതിത്തള്ളുകയും (അമോർട്ടൈസ് ചെയ്യൽ) അങ്ങനെ ക്രമേണ ഗുഡ്‌വിൽ എന്ന അദൃശ്യാസ്തിയെ പൂർണ്ണമായും കണക്കിൽ നിന്ന് ഒഴിവാക്കുകയും ചെയ്യണം എന്നുണ്ടെങ്കിലും ഭാരത സർക്കാർ 2011 ആണ്ടിൽ ഇന്ത്യൻ അക്കൗണ്ടിങ്ങ് സ്റ്റാൻഡേർഡുകൾ പൂർണ്ണമായും ഇന്റർനാഷണൽ അക്കൗണ്ടിങ്ങ് സ്റ്റാൻഡേർഡുകൾക്ക് തുല്യമായ രീതിയിൽ മാറ്റുകയാണെന്ന് വ്യക്തമാക്കിയതോടെ ഇതിനു പ്രസക്തിയില്ലാതെയായി.]

അവലംബം[തിരുത്തുക]

  1. Financial Accounting By Mukherjee & Hanif 2003 ed. page 24.2
  2. International Financial Reporting Standard 3 (Business Combinations), 3.2
  3. International Financial Reporting Standard 3 (Business Combinations), 3.34

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  1. IFRS 3 "Business Combinations", International Accounting Standards Board
  2. IAS 36: "Impairment of Assets" International Accounting Standards Board
  3. FAS 142 "Goodwill, Impairment Assessments", The Financial Accounting Standards Board, USA
  4. Ind AS 103 "Business Combinations", Ministry of Corporate Affairs, India
  5. Ind AS 36 "Impairment of Assets" Ministry of Corporate Affairs, India
"https://ml.wikipedia.org/w/index.php?title=ഗുഡ്‌വിൽ&oldid=1923737" എന്ന താളിൽനിന്ന് ശേഖരിച്ചത്