Jump to content

ഗുഡ്ബൈ മലബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാവേലിമൻറം, ബസ്പുർക്കാന, നാടുഗദ്ദിക എന്നീ കൃതികളിലൂടെയും 'കനവ്' കൃതികളിലൂടെയും ശ്രദ്ധേയനായ കെ. ജെ. ബേബിയുടെ 2019ൽ[1] ഇറങ്ങിയ നോവലാണ് 'ഗുഡ്ബൈ മലബാർ'[2][3]. ഈ നോവൽ മലബാറിന്റെ സവിശേഷമായ ചരിത്രസംഭവങ്ങളെ അടയാളപ്പെടുത്തുന്നു. 'മലബാർ മാന്വൽ' എന്ന ഗ്രന്ഥത്തിൻറെ രചിതാവായ വില്യം ലോഗൻറെ ജീവിതവും പ്രവർത്തനങ്ങളുമാണ് നോവലിൻറെ പരാമർശവിഷയം. മലബാർ മാന്വൽ എന്ന കൃതിയെ അവലംബമാക്കി കൊളോണിയൽ കാലഘട്ടത്തിലെ മലബാറിൻറെ ചരിത്രവും സംസ്കാരവും ഭൂമിശാസ്ത്രവും മനുഷ്യജീവിതവുമെല്ലാം സൂക്ഷ്മമായി ആവിഷ്കരിക്കുന്നു ഈ നോവലിൽ. ലോഗൻറെ ഭാര്യ ആനിയുടെ ഓർമ്മകളും പറച്ചിലുകളുമായി ആണ് കഥ മുന്നോട്ടുപോകുന്നത്.[4]

മലബാറിലെ ഒരു കാലത്തെ സാമൂഹികരാഷ്ട്രീയജീവിതം ആലേഖനം ചെയ്തിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ലോഗൻറെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങളും നോവലിൽ കടന്നുവരുന്നു. മലബാറിലെ കാർഷികജീവിതസംഘർഷങ്ങൾ മതസംഘർഷത്തിലേക്കു വളരുന്നതെങ്ങനെയെന്നും അതിൽ ബ്രിട്ടീഷ് അധികാരികൾ വഹിച്ച പങ്കെന്തെന്നും ഈ നോവലിൻറെ പരാമർശ വിഷയങ്ങളാണ്. "ലോഗൻറെ വൈയക്തികവും ധൈഷണികവും ഔദ്യോഗികവുമായ ജീവിതവും അദ്ദേഹം കാണുകയും അറിയുകയും ചെയ്ത അക്കാലത്തെ മലബാറിലെ ജനജീവിതവും ഊടുംപാവും പോലെ ഈ ആഖ്യാനം നെയ്തെടുക്കാൻ ബേബി ഉപയോഗിക്കുന്നു. അതിലൂടെ ഒരു കാലഘട്ടം അതിൻറെ നാടകീയമായ സംഘർഷങ്ങളും സങ്കടങ്ങളുമായി പുനഃസൃഷ്ടിക്കപ്പെടുന്നു" എന്ന് ഈ കൃതിയെ കുറിച്ച് സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. ആനിയുടെ കണ്ണിലൂടെയാണ് നോവൽ മുന്നേറുന്നത്. "ആ താഴ്വാരങ്ങളിലുള്ള നാനാതരം സസ്യങ്ങളും ജീവികളും ഒരിക്കലും വറ്റാത്ത ഉറവകളും ഉണ്മകളും വരുംതലമുറകൾക്കും കാണാറും കേൾക്കാറുമാകണേയെന്ന് ആനിയും പ്രാർത്ഥിച്ചിരുന്നു" എന്നെഴുതുന്നതിലൂടെ ലോഗൻറെ 'മലബാർ മാന്വലി'ൻറെ രചനയുടെ പിന്നിലെ ലക്ഷ്യത്തെ കുറിച്ചും സച്ചിദാനന്ദൻ നിരീക്ഷിക്കുണ്ട്.[5]

അക്കാലത്തെ ജാതി വ്യവസ്ഥയും ജന്മി - കുടിയാൻ വ്യവസ്ഥകളുമെല്ലാം ഈ നോവലിന്റെ പ്രമേയമാകുുന്നു. 'മലബാർ സാധാരണ ജനങ്ങളുടെ വിശ്വാസങ്ങളും ജീവിതങ്ങളും എല്ലാം കൂടിക്കലർന്ന മണ്ണാണ്','തലമുറകളിലൂടെ ജനിച്ചുമരിച്ചുപോയ മനുഷ്യരുടെ സ്വപ്നങ്ങളും കണ്ണുനീരും പ്രാർത്ഥനകളും നേർച്ചകളും എല്ലാം അടിഞ്ഞുകൂടിയ മണ്ണാണ്", 'അദ്ധ്വാനിക്കുന്നവരുടെ വിണ്ടുകീറിയ കാലുകളിലെ വിള്ളലുകളിൽ നിന്നും ഒഴുകിയ ചോരയും കൂടി കലർന്നതാണീ മണ്ണ്, പശിമയുള്ള മണ്ണ്' എന്നും,'അവരെയും ബഹുമാനിച്ചു ശീലിക്കേണ്ടതുണ്ട്' എന്നും തടങ്ങിയ ധാരാളം പരാമർശങ്ങളിലൂടെ നോവൽ സഞ്ചരിക്കുന്ന വഴികളേതെന്ന് വ്യക്തമാക്കുന്നുണ്ട് നോവലിസ്റ്റ്.[6]

അവലംബം

[തിരുത്തുക]
  1. K.J. Baby’s new novel on William Logan’s Malabar to be out today ദ ഹിന്ദു, 16 November 2019
  2. www.dcbooks.com (2019-12-26). "ഗുഡ്‌ബൈ മലബാർ; മലബാർ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവൽ" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-07-08.
  3. "ഗുഡ്ബൈ മലബാർ" (in ഇംഗ്ലീഷ്). Archived from the original on 2020-07-08. Retrieved 2020-07-08.
  4. "YouTube". Retrieved 2020-07-08.
  5. "ഗുഡ്‌ബൈ മലബാർ; മലബാർ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവൽ - DCB News" (in ഇംഗ്ലീഷ്). Retrieved 2020-07-08.
  6. CreaveLabs.com. "ഗുഡ്ബൈ മലബാറും കടൽവീടും". Retrieved 2020-07-08.
"https://ml.wikipedia.org/w/index.php?title=ഗുഡ്ബൈ_മലബാർ&oldid=4113934" എന്ന താളിൽനിന്ന് ശേഖരിച്ചത്