ഗീതാ ദത്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഗീതാ ദത്ത് | |
|---|---|
![]() | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | ഗീതാ ഘോഷ് റോയ് ചൗധരി |
| ഉത്ഭവം | ഫരിദ്പുർ, ബംഗ്ലാദേശ് |
| തൊഴിൽ(കൾ) | ഗായിക |
| ഉപകരണ(ങ്ങൾ) | വായ്പ്പാട്ട് |
| വർഷങ്ങളായി സജീവം | 1946–1971 |
ഗീതാ ഘോഷ് റോയ് ചൗധരി (ബംഗാളി: গীতা দত্ত, നവംബർ 23, 1930 – ജൂലൈ 20, 1972[1]) എന്ന ഗീതാ ദത്ത് അൻപതുകളിലേയും അറുപതുകളിലേയും പ്രശസ്തയായ ഹിന്ദി, ബംഗാളി പിന്നണി ഗായികയായിരുന്നു. 1972 ജൂലൈ 20-ൻ കരൾ വീക്കം മൂലം നാല്പ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.
അവിഭക്ത ഇന്ത്യയിലെ ബംഗാളിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ഫരീദ്പൂരിൽ സമ്പന്ന ജന്മി കുടുംബത്തിൽ 1930 നവംബർ 23നു ജനിച്ചു. ഗീതയ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോൾ (1942-ൽ) അവരുടെ കുടുംബം മുംബൈയിലെ ദാദറിലെ ഒരു അപ്പാർട്ട്മെന്റിലേക്കു താമസം മാറ്റി. യാദൃച്ഛികമായി ഗീതയുടെ പാട്ടു കേൾക്കാനിടയായ സംഗീത സംവിധായകൻ ഹനുമൻ പ്രസാദ് അവർക്ക് സംഗീത ശിക്ഷണം നൽകി. 1946-ൽ ഭക്ത പ്രഹ്ലാദ എന്ന ചിത്രത്തിനു വേണ്ടി ഒരു കോറസ് പാടിക്കൊണ്ട് ഗീത സിനിമാ പിന്നണി ഗാന രംഗത്ത് കാൽ വെച്ചു. ഇതിൽ രണ്ടു വരി മാത്രമേ പാടിയുള്ളൂ എങ്കിലും അതു ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം ദോ ഭായ് എന്ന ചിത്രത്തിനു വേണ്ടി പാടിയ ഗാനങ്ങൾ ഗീതയെ ഹിന്ദി സിനിമാ സംഗീത ലോകത്തിന്റെ മുൻനിരയിൽ എത്തിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യയിലുൾപ്പെട്ടിരുന്ന ബംഗാളിലെ ഫരീദ്പൂർ ജില്ലയിലെ മദാരിപൂർ ഉപവിഭാഗത്തിലെ ഇദിൽപൂർ എന്ന ഗ്രാമത്തിലെ ഒരു സമ്പന്ന ജമീന്ദാർ കുടുംബത്തിലെ 10 മക്കളിൽ ഒരാളായിരുന്നു ഗീത ഘോഷ് റോയ് ചൗധരി. നിലവിൽ ബംഗ്ലാദേശിലെ ശരിയത്ത്പൂർ ജില്ലയിലെ ഗോസൈർഹട്ട് ഉപാസിലയുടെ കീഴിലാണ് അവരുടെ കുടുംബമുണ്ടായിരുന്നത്. 1940 കളുടെ തുടക്കത്തിൽ ഭൂമിയും സ്വത്തുക്കളും ഉപേക്ഷിച്ച് കുടുംബം ആദ്യം കൊൽക്കത്തയിലേക്കും പിന്നീട് അസമിലേക്കും താമസം മാറി. 1942 ൽ, അവരുടെ മാതാപിതാക്കൾ മുംബൈയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറി. അക്കാലത്ത് പന്ത്രണ്ട് വയസ്സുള്ള ഗീത ബംഗാളി ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം തുടർന്നു.[2]
കരിയറിന്റെ തുടക്കം
[തിരുത്തുക]1942-ൽ കുടുംബം കിഴക്കൻ ബംഗാൾ വിട്ട് ബോംബെയിൽ സ്ഥിരതാമസമാക്കുന്നതിനു മുമ്പ് കുട്ടിക്കാലത്ത് തന്നെ ഗീത സംഗീത അധ്യാപകനായ ഹിരേന്ദ്രനാഥ് നന്ദിയുടെ കീഴിൽ ഗായികയായി പരിശീലനം നേടിയിരുന്നു. 1946-ൽ സംഗീതസംവിധായകൻ കെ. ഹനുമാൻ പ്രസാദിന്റെ പ്രേരണയിൽ ഭക്ത പ്രഹ്ലാദ് എന്ന പുരാണ ചിത്രത്തിലൂടെയാണ് പതിനാറു വയസ്സുള്ള ഗീതയെ സിനിമകളിൽ പാടാൻ തുടങ്ങിയത്. രണ്ട് പാട്ടുകളിലെ രണ്ട് വരികൾ പാടാൻ അവർക്ക് അവസരം ലഭിച്ചു.[3]
1947-ൽ പുറത്തിറങ്ങിയ ദോ ഭായ് എന്ന സിനിമയിലെ ഗാനം ആലപിച്ചത് പിന്നണി ഗാനരംഗത്ത് അവരുടെ വഴിത്തിരിവായി മാറി. എസ്. ഡി. ബർമൻ സംഗീതം നൽകിയ "മേരാ സുന്ദർ സപ്ന ബീത് ഗയ" എന്ന ജനപ്രിയ ഗാനമാണ് അവർ ആലപിച്ചത്. അതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ അവർ 15 സിനിമകളിൽ പ്രവർത്തിച്ചു. 1949 ആയപ്പോഴേക്കും, ഷഹീദ്, ഏക് തി ലാർക്കി, ദരോഗാജി, ഷബ്നം, ജീത് തുടങ്ങിയ ചിത്രങ്ങളിലെ ജനപ്രിയ ഗാനങ്ങളിലൂടെ അക്കാലത്തെ മുൻനിര പിന്നണി ഗായികമാരിൽ ഒരാളായി അവർ മാറി.[4] ദരോഗാജി (1949), ജോഗൻ (1950) എന്നീ ചിത്രങ്ങളിൽ ബുലോ സി റാണി ഈണം പകർന്ന് ഗീതാ ദത്ത് പാടിയ 12 അല്ലെങ്കിൽ അതിൽ കൂടുതൽ ഗാനങ്ങൾ ഉണ്ടായിരുന്നു,. 1947 നും 1964 നും ഇടയിൽ ബുലോ സി റാണിയുമായി ദത്തിന്റെ തുടർച്ചയായ സഹകരണം 60 ഗാനങ്ങളിൽ ഉണ്ടായിരുന്നു.[5]
1951-ൽ, എസ്. ഡി. ബർമൻ സംഗീതം നൽകിയ ബാസി എന്ന ഹിന്ദി ചിത്രത്തിലെ അവരുടെ ഗാനങ്ങൾക്ക് വളരെയധികം സ്വീകാര്യത ലഭിച്ചു. "തദ്ബീർ സേ ബിഗ്ഡി ഹുയി തക്ദീർ ബനാ ലെ" എന്ന ഗാനം ആരാധകർക്കിടയിൽ പ്രിയങ്കരമായിരുന്നു. ഈ ഗാനത്തിന്റെ റെക്കോർഡിംഗിനിടെയാണ് അവർ ബാസി സംവിധാനം ചെയ്ത ഗുരു ദത്തുമായി കണ്ടുമുട്ടുന്നതും അദ്ദേഹവുമായി പ്രണയത്തിലാകുന്നതും.[6] തുടർച്ചയായ ഹിറ്റുകൾ അവരെ 1950-കളിൽ ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നതും ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് വേണ്ടതുമായ ഗായികയാക്കി മാറ്റി. 1948-ൽ പന്ത്രണ്ടോളം സിനിമകളിലും 1949-ൽ കുറഞ്ഞത് ഇരുപത്തിയഞ്ച് സിനിമകളിലെങ്കിലും അവർ പാടിയിരുന്നു.[7]
ഭാഷ അറിയില്ലായിരുന്നിട്ടും, ഗുജറാത്തി സിനിമകളിലെ ഗാനങ്ങൾ അവർക്ക് ആദ്യകാല വിജയങ്ങളും തുടർന്നുള്ള അവസരങ്ങളും നേടിക്കൊടുത്തു. അവിനാശ് വ്യാസ്, അജിത് മർച്ചന്റ് എന്നീ സംഗീതസംവിധായകർക്കൊപ്പം 1948-ൽ പുറത്തിറങ്ങിയ നാല് ഗുജറാത്തി ചിത്രങ്ങളായ ഗുൺസുന്ദരി, കരിയവർ, നാനന്ദ് ഭോജൈ, വരസ്ദാർ എന്നിവയ്ക്കായി അവർ ഗാനങ്ങൾ റെക്കോർഡുചെയ്‌തു. 1950-ൽ ആറ് സിനിമകൾക്കും 1951-ൽ പുറത്തിറങ്ങിയ ആറ് ഗുജറാത്തി ചിത്രങ്ങളിൽ രണ്ടെണ്ണത്തിനുവേണ്ടിയും അവർ ഗാനങ്ങൾ പാടി. അവർ വീണ്ടും അവിനാശ് വ്യാസിനൊപ്പം നാഗദേവത (1955) എന്ന സിനിമയിൽ അഞ്ച് ഗാനങ്ങൾക്കും സംഗീതസംവിധായകനായ സഹോദരൻ മുകുൾ റോയിക്കൊപ്പം വിധാത (1956) എന്ന സിനിമയിൽ നാല് ഗാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. 1948 നും 1967 നും ഇടയിൽ ദത്ത് 25 ഗുജറാത്തി സിനിമകൾക്കായി ഏകദേശം 80 ഗാനങ്ങൾ റെക്കോർഡുചെയ്‌തു.[8]
ബംഗാളി ഭാഷയിൽ
[തിരുത്തുക]ഗീത ദത്ത് മാതൃഭാഷയായ ബംഗാളിയിൽ ശ്രദ്ധേയമായ ഒരു സ്ഥാനം നിലനിർത്തി. സംഗീതസംവിധായകൻ അനിൽ ബാഗ്ചിക്കുവേണ്ടി മഹാകോബി ഗിരിശ്ചന്ദ്ര (1956) എന്ന ചിത്രത്തിനായി അവർ രണ്ട് ഗാനങ്ങൾ ആലപിച്ചു. പൃതിബി ആമാരേ ചായ് (1957), ഇന്ദ്രാണി (1958) എന്നീ ചിത്രങ്ങളിലെ ജനപ്രിയ ഗാനങ്ങൾക്കായി അവർ സംഗീതസംവിധായകൻ നചികേത ഘോഷുമായി ഒന്നിലധികം തവണ സഹകരിച്ചു.
ജൗതുക് (1958), സോനാർ ഹരിൻ (1959), മോധ്യോരാറ്റർ താര (1961), സതി ഹാര (1961) എന്നിവയുൾപ്പെടെ 11 ചിത്രങ്ങളിൽ അവർ ഹേമന്ത മുഖർജിയോടൊപ്പം കൂടെക്കൂടെ പ്രവർത്തിച്ചു. 1958-ൽ പുറത്തിറങ്ങിയ ഹേമന്ത മുഖർജി സംഗീതം നൽകിയ ലുക്കോച്ചൂരി എന്ന സിനിമയിലെ "ശുധു ഏക്തുഖാനി ചാവോവ" എന്ന ഗാനത്തിനുവേണ്ടി കിഷോർ കുമാറിനൊപ്പം അവർ പാടി. ബംഗാളി ചലച്ചിത്ര സംഗീതത്തിനു പുറമേ, കനു ഘോഷ്, സുധിൻ ചക്രവർത്തി, സലിൽ ചൗധരി എന്നിവരോടൊപ്പം ഭക്തി ഗാനങ്ങൾ, നാടോടി ഗാനങ്ങൾ, മറ്റ് സംഗീത വിഭാഗങ്ങൾ എന്നിവയിലും അവർ പ്രവർത്തിച്ചു.[9]
ഗുരു ദത്തുമായുള്ള വിവാഹം
[തിരുത്തുക]ബാസി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ ശേഷം, റോയ് പലപ്പോഴും ദത്തിനെയും കുടുംബത്തെയും മാട്ടുംഗയിലെ അവരുടെ അപ്പാർട്ട്മെന്റിൽ സന്ദർശിക്കാറുണ്ടായിരുന്നു. കുടുംബത്തിലെ ഏക വരുമാനക്കാരിയായിരുന്നതിനാൽ, ഗീതാ റോയിയുടെ ബന്ധുക്കൾ ദത്തുമായുള്ള വിവാഹത്തിന് വിസമ്മതിച്ചു, മാത്രമല്ല ദത്ത് റോയി കുടുംബത്തേപ്പോലെ ബംഗാളി വംശജനല്ലായിരുന്നു. എന്നിരുന്നാലും, ദത്തിന്റെ കുടുംബത്തിന്റെ പിന്തുണയോടെ, അവർ വിവാഹനിശ്ചയം നടത്തുകയും ഏകദേശം മൂന്ന് വർഷത്തിന് ശേഷം, 1953 മെയ് 26 ന് സാന്താക്രൂസിലെ റോയിയുടെ അമ്മയുടെ വീട്ടിൽ വച്ച് വിവാഹിതരാകുകയും ചെയ്തു.[10] വിവാഹശേഷം അവർ ഗുരു ദത്തിന്റെ അവസാന നാമം തന്റെ പേരിനോട് ചേർത്തു.
വ്യത്യസ്ത വ്യക്തിത്വങ്ങൾ, കഠിനമായ ജോലി സമയക്രമം, ഗുരു ദത്തിന്റെ ജോലിയുമായുള്ള ബന്ധം, സഹനടി വഹീദ റഹ്മാനുമായുള്ള ബന്ധം എന്നിവ അവരുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചു. കുറച്ചു കാലത്തേക്ക്, ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയും ഗീത അമ്മയുടെ വീട്ടിലും ഗുരു ദത്ത് തന്റെ ഭൂരിഭാഗം സമയവും ജോലിസ്ഥലത്തായും ചെലവഴിക്കുകയും ചെയ്തു.[11]
ബന്ധം നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഗുരു ദത്ത് 1943-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രമായ "ഗൗരി"യെ അടിസ്ഥാനമാക്കി അതേ പേരിൽ ഒരു സിനിമ നിർമ്മിക്കാൻ തുടങ്ങുകയും അതിൽ ദത്തിനെ അവരുടെ ആദ്യ പ്രധാന വേഷത്തിൽ അവതരിപ്പിക്കുകയും ചെയ്തു. 1957-ൽ കൊൽക്കത്തയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിനായി ബംഗാളിയിലും ഇംഗ്ലീഷിലും രംഗങ്ങൾ ചിത്രീകരിക്കേണ്ടതായിരുന്നു. വ്യക്തമല്ലാത്ത കാരണങ്ങളാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ് നിർത്തിവച്ച ഈ ചിത്രം ഗുരു ദത്തിന്റെ നിർമ്മാണക്കമ്പനിയ്ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതിനാൽ ഉപേക്ഷിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് നബേന്ദു ഘോഷും എഴുത്തുകാരൻ ബിമൽ മിത്രയും പറയുന്നതനുസരിച്ച്, ദമ്പതികൾ തമ്മിൽ സെറ്റിൽ ഉണ്ടായ ഒരു ചൂടേറിയ വാഗ്വാദത്തെ തുടർന്ന് ഗുരു ദത്ത് ഷൂട്ടിംഗ് നിർത്തിവയ്ക്കുകയും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ യൂണിറ്റ് കൊൽക്കത്തയിൽ നിന്ന് പോകുകയും ചെയ്തു.[12]
1963-ൽ, പാലി ഹില്ലിലെ അവരുടെ വീട് പൊളിച്ചുമാറ്റിയ ഉടനെ, ഗീത ദത്ത് തന്റെ മൂന്ന് കുട്ടികളോടൊപ്പം ബാന്ദ്രയിൽ ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കാൻ താമസം മാറി. അതേസമയം ഗുരു ദത്ത് പെദ്ദാർ റോഡിലെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു.
പിന്നീടുള്ള കരിയർ
[തിരുത്തുക]വിവാഹശേഷം, ഗുരു ദത്തിന്റെ തുടർന്നുള്ള എല്ലാ ചിത്രങ്ങളിലും പാടിയ അവർ മിസ്റ്റർ & മിസിസ് '55, സി.ഐ.ഡി., പ്യാസ, കാഗസ് കെ ഫൂൽ, സാഹിബ് ബീബി ഔർ ഗുലാം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ജനപ്രീതി നേടുകയും ചെയ്തു. നൗ ദോ ഗ്യാരഹ്, കാലാ ബസാർ, ഏക് കെ ബാദ് ഏക് എന്നിവയിലെ ദേവ് ആനന്ദ് ഉൾപ്പെടെ ദത്തിൻ്റെ അടുത്ത സഹപ്രവർത്തകർ അഭിനയിച്ച സിനിമകളിലും അവർ പതിവായി സഹകരിച്ചു പ്രവർത്തിച്ചു. 1956-ൽ, സഹോദരൻ മുകുൾ റോയ് നിർമ്മിച്ച സൈലാബ് എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്ന് ദത്ത് വ്യക്തിപരമായ പാപ്പരത്തം പ്രഖ്യാപിക്കാൻ നിർബന്ധിതയായി.
ഭർത്താവിന്റെ പ്രൊഡക്ഷനുകളിൽ സ്ഥിരമായി പ്രവർത്തിച്ചിരുന്നെങ്കിലും, 1950 കളുടെ അവസാനത്തിൽ അസ്വസ്ഥമായ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കിംവദന്തികൾ, നഷ്ടമായ റിഹേഴ്സലുകൾ, അമിതമായ മദ്യപാനം എന്നിവ കാരണം അവരുടെ കരിയർ മങ്ങി.[13] അവരുടെ സ്ഥിരം സഹപ്രവർത്തകരായ എസ്.ഡി. ബർമൻ, ഒ.പി. നയ്യാർ എന്നിവർ അവർക്ക് പകരം പിന്നീട് ജനപ്രയരായ ലതാ മങ്കേഷ്‌കർ, ആശാ ഭോൺസ്ലെ എന്നിവർക്ക് അവസങ്ങൾ നൽകി.[14]
1964-ൽ ഗുരു ദത്തിന്റെ മരണശേഷം അവരുടെ മാനസികാരോഗ്യ നില വഷളായതോടെ, അവർ സിനിമകളിൽ വളരെ അപൂർവമായി മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എന്നിരുന്നാലും, സഹനടൻ പ്രദീപ് കുമാറിനൊപ്പം ബദു ബരൻ (1967) എന്ന ബംഗാളി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത അവർ ആ ചിത്രത്തിൽ അവരുടെ അവസാന ബംഗാളി ചലച്ചിത്ര ഗാനവും ആലപിച്ചു. 1971-ൽ സംഗീതസംവിധായകനായ കാനു റോയിക്കുവേണ്ടി, ബസു ഭട്ടാചാര്യയുടെ അനുഭവ് എന്ന ചിത്രത്തിലെ സ്വീകാര്യത നേടിയതും ഇപ്പോഴും ജനപ്രിയവുമായ മൂന്ന് ഗാനങ്ങൾ അവർ റെക്കോർഡുചെയ്‌തു.
1972 ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് എന്ന ചിത്രത്തിലായിരുന്നു ദത്തിന്റെ അവസാന പ്രകടനം. രണ്ട് യുഗ്മഗാനങ്ങൾ ആലപിച്ചതിൽ ഒന്ന് തലത് മഹമൂദിനൊപ്പമായിരുന്നു.
പെെതൃകം
[തിരുത്തുക]
25 വർഷത്തിലേറെ നീണ്ട സംഗീത ജീവിതത്തിൽ ഗീത ദത്ത് ഹിന്ദിക്ക് പുറമെ ബംഗാളി, ഗുജറാത്തി, മറാത്തി, മൈഥിലി, ഭോജ്പുരി, പഞ്ചാബി, നേപ്പാളി എന്നിവയുൾപ്പെടെ വിവിധ ദക്ഷിണേഷ്യൻ ഭാഷകളിലായി 1,400-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[15]
അവരുടെ ആലാപനത്തെക്കുറിച്ച് പ്രശസ്ത സംഗീത നിരൂപകൻ രാജു ഭരതൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, "അവരുടെ സമകാലികരായ ഗായകരെ ആപേക്ഷിച്ച് അവരുടെ സംഗീത പരിശീലനം ഏറ്റവും അപൂർണ്ണമായിരുന്നുവെങ്കിൽക്കൂടി, പരിശീലനത്തിലും സാങ്കേതികതയിലുമുണ്ടായിരുന്ന കുറവ്, താൻ പാടുന്ന ഏതൊരു ഗാനത്തിനും ജീവൻ നൽകുകയും വികാരങ്ങൾ പകരുകയും ചെയ്യാനുള്ള തന്റെ അസാധാരണായ കഴിവിലൂടെ അവർ നിറവേറ്റി."[16]
അന്നത്തെ പുതുമുഖമായ ആശാ ഭോസ്ലെയുമായി താരതമ്യം ചെയ്തുകൊണ്ട്, അവരുടെ പതിവ് സഹകാരിയും സംഗീതസംവിധായകനുമായിരുന്ന ഒ. പി. നയ്യാർ പറഞ്ഞു, "ഒരു ഗായികയെന്ന നിലയിൽ, ആശാ ഭോസ്ലെ എന്റെ എല്ലാ ഗാനങ്ങളും അതിയായ സമർപ്പണത്തോടെയും വികാരഭരിതമായും ആലപിച്ചു. എന്നിരുന്നാലും, ഗീത ദത്തിന്റെ ശബ്ദവിന്യാസം വളരെ വളരെ മികച്ചതായിരുന്നു. ആശയുമായുള്ള വൈകാരിക ഇടപെടൽ കാരണം ഗീതയെ ഘട്ടം ഘട്ടമായി ഒഴിവാക്കിയത് എന്റെ ഏറ്റവും വലിയ ഖേദങ്ങളിലൊന്നാണ്, അന്ന് ഗീത എനിക്ക് ഗുരുദത്തിനെ പരിചയപ്പെടുത്തിയപ്പോഴാണ് എന്റെ കരിയർ ശരിക്കും കുതിച്ചുയർന്നത്."[17]
എസ്.ഡി. ബർമ്മനുമായുള്ള പരസ്പര സഹകരണത്തെക്കുറിച്ചും അവർ ഒരുമിച്ച് വിജയം കണ്ടെത്തിയതിനെക്കുറിച്ചും ബർമ്മന്റെ മകനും സംഗീതസംവിധായകനുമായ ആർ.ഡി. ബർമൻ പറഞ്ഞു, "ഗീത ദത്ത് എന്റെ അച്ഛന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു, ഞങ്ങൾക്കിടയിൽ ഒരു കുടുംബപരമായ വൈകാരിക ബന്ധം ഉണ്ടായിരുന്നു. ഗീതയുടെ ആദ്യ ഹിറ്റ് ഗാനമായ മേരാ സുന്ദർ സപ്‌ന ബീറ്റ് ഗയാ... ഈണം നൽകിയത് അവർ ചാച്ചാ (അമ്മാവൻ) എന്ന് വിളിച്ചിരുന്ന എന്റെ പിതാവാണ്. ഗീത തന്റെ കാലത്ത് അതിപ്രശസ്തയായിരുന്നു; അവൾക്ക് ഏത് തരത്തിലുള്ള ഗാനങ്ങളും പാടാൻ കഴിയുമായിരുന്നു: ആർദ്രമായ ഗാനങ്ങൾ, കാബറേ ഗാനങ്ങൾ, തീവ്രവും ശക്തവുമായ ഗാനങ്ങൾ, പ്രണയപരമായ ഗാനങ്ങൾ... എന്റെ പിതാവിന്റെ സംഗീതം പെട്ടെന്ന് അംഗീകരിക്കപ്പെട്ടില്ല... പിന്നീടാണ് ബാസി എന്ന ഒരു വലിയ ഹിറ്റ് വന്നത്."[18]
2013 ലും 2016 ലും ഇന്ത്യ പോസ്റ്റ് ദത്തിന്റെ ചിത്രം പതിച്ച തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.
വ്യക്തിജീവിതം
[തിരുത്തുക]ഗുരു ദത്ത്, ഗീത ദത്ത് ദമ്പതികൾക്ക് തരുൺ (1954-1985), അരുൺ (1956-2014) എന്നീ ആൺകുട്ടികളും നീന (ജനനം: 1962) എന്ന മകളുമാണുണ്ടായിരുന്നത്. 1972 ജൂലൈ 20 ന് മഹാരാഷ്ട്രയിലെ മുംബൈയിൽ വച്ച് കരൾ വീക്കം മൂലം അവർ മരിച്ചു.
അവലംബം
[തിരുത്തുക]- ↑ Ali, Nasir. "The Impact of Geeta Roy in Nineteen Forties". geetadutt.com. Retrieved 2011 February 22.
{{cite web}}: Check date values in:|accessdate=(help) - ↑ Ali, Nasir. "The Impact of Geeta Roy in Nineteen Forties". Geetadutt.com. Archived from the original on 20 June 2011. Retrieved 22 February 2011.
- ↑ "Musical Association of Geeta Dutt with Pandit Hanuman Prasad". Geeta Dutt. Retrieved 3 July 2025.
- ↑ "Geeta Dutt - Career in Late 40's". geetadutt.com.
- ↑ "Geeta Dutt - Musical Association with Various Composers". geetadutt.com.
- ↑ Kabir, Nasreen Munni (1996). Guru Dutt: a life in cinema. Delhi: Oxford Univ. Pr. ISBN 978-01-95638-49-3. Retrieved 3 July 2025.
- ↑ Usman, Yasser (2021). Guru Dutt: An Unfinished Story. New York: Simon & Schuster India. ISBN 978-93-86797-89-6.
- ↑ "Geeta Dutt - Gujarati Songs". geetadutt.com.
- ↑ "Geeta Dutt - Bengali Songs". geetadutt.com. Retrieved 3 July 2025.
- ↑ Kabir, Nasreen Munni (1996). Guru Dutt: a life in cinema. Delhi: Oxford Univ. Pr. ISBN 978-01-95638-49-3. Retrieved 3 July 2025.
- ↑ Kabir, Nasreen Munni (1996). Guru Dutt: a life in cinema. Delhi: Oxford Univ. Pr. ISBN 978-01-95638-49-3. Retrieved 3 July 2025.
- ↑ Mitra, Bimal (2000). Binidra. Mitra & Ghosh. ISBN 978-93-50203-12-5.
- ↑ Usman, Yasser (2021). Guru Dutt: An Unfinished Story. New York: Simon & Schuster India. ISBN 978-93-86797-89-6.
- ↑ "..:: OP Nayyar - The Official Website ::." www.opnayyar.org.
- ↑ 'The Geeta Dutt Website' Archived 26 ഡിസംബർ 2008 at the Wayback Machine. Geetadutt.com. Retrieved 6 November 2018.
- ↑ Usman, Yasser (2021). Guru Dutt: An Unfinished Story. New York: Simon & Schuster India. ISBN 978-93-86797-89-6.
- ↑ Usman, Yasser (2021). Guru Dutt: An Unfinished Story. New York: Simon & Schuster India. ISBN 978-93-86797-89-6.
- ↑ Kabir, Nasreen Munni (1996). Guru Dutt: a life in cinema. Delhi: Oxford Univ. Pr. ISBN 978-01-95638-49-3. Retrieved 3 July 2025.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
