Jump to content

ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2006-ൽ(PSC ഉത്തരം) പ്രാബല്യത്തിൽ വന്ന നിയമമാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം. സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ സീഡോയുടെ (സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഉടമ്പടി - Convention on Elimination of all forms of Discrimination Against Women, CEDAW) അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു സിവിൽ നിയമമാണിത്. സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുടെ വിശിഷ്യാ സ്ത്രീ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമഫലമായാണ് ഇന്ത്യയിൽ ഈ നിയമം പ്രാബല്യത്തിലെത്തിയത്.

കുടുംബം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം എന്നാണ് പരമ്പരാഗത സങ്കല്പം. എന്നാൽ സ്ത്രീകൾ ഏറ്റവുമധികം കൊലചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകപ്പെടുകയും ചെയ്യുന്ന ഇടങ്ങളിലൊന്ന് കുടുംബമാണ് എന്നത് ഇന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ജനാധിപത്യപരമല്ലാത്ത, പുരുഷമേധാവിത്വപരമായ കുടുംബ സംവിധാനത്തെയും ബന്ധങ്ങളെയും സംരക്ഷിച്ചുനിർത്തുന്ന വ്യക്തിനിയമങ്ങളും മത-സാംസ്കാരിക സമീപനങ്ങളുമാണ് ഇന്ത്യയിലെ സ്ത്രീകളുടെ ഈ അവസ്ഥയ്ക്ക് മുഖ്യകാരണം.

ലക്ഷ്യം

[തിരുത്തുക]

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കുള്ള അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിനാണ് ഈ നിയമം. കുടുംബത്തിനകത്തോ, കുടുംബവുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് സംഭവിച്ചതോ ആയ ഏതുതരം അക്രമത്തിനും ഇരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഈ നിയമത്തിന് 2006 ലെ 43-ം നിയമമായി 2006 ഒക്ടോബർ 26 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.

പ്രവർത്തനം ഒറ്റനോട്ടത്തിൽ

[തിരുത്തുക]

ഈ നിയമപ്രകാരം ഹർജിക്കാരി/പരാതിക്കാരി നൽകുന്ന അപേക്ഷയിൽ ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമങ്ങൾ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കുപാർക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടരുതെന്നുള്ള താമസ സൗകര്യ ഉത്തരവ്, ധനസഹായം/ജീവനാംശം നൽഹകുവാനുള്ള ഉത്തരവ്, കുട്ടികളുടെ താൽക്കാലിഹിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാഹര ഉത്തരവ് തുടങ്ങിയ ഗാർഹിക പീഡനത്തിഹനിരയായ സ്ത്രീയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഏത് ഉത്തരവുകൾ പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ഹർജിക്കാരി ഇപ്രകാരം ഏതെങ്കിലും കോടതി ഉത്തരവുകൾ എതിർകക്ഷിക്കെതിരെ സമ്പാദിക്കുകയും എതിർകക്ഷി അത് അനുസരിക്കുവാൻ തയ്യാറാകാതെ ലംഘിക്കുകയും ചെയ്താൽ ആയത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി മാറുന്നു. കോടതിയുത്തരവ് ലംഘിച്ചാൽ, ഹർജിക്കാരിയുടെ തുടർന്നുള്ള പരാതിയിന്മേൽ എതിർകക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യാം. ഈ നിയമ പ്രകാരമുള്ള പരാതികൾ, നിയമം നടപ്പാക്കുന്നതിന് മേൽ നോട്ടം വഹിക്കുന്ന ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർക്കോ, പോലീസിനോ, മജിസ്‌ട്രേറ്റിന് മുൻപാകെ നേരിട്ടോ സമർപ്പിക്കാം. കൂടാതെ അംഗീകാരമുള്ള സേവന ദാതാക്കളായ സന്നദ്ധ സംഘടനകൾ പോലുള്ള സംവിധാനങ്ങൾ വഴിയും പരാതി നൽകാം. ഭർത്താവിന്റെ അഥവാ പങ്കാളിയുടെ, ഗാർഹിക പീഡനം നടത്തുന്ന സ്ത്രീകളായ ബന്ധുക്കൾക്കെതിരെയും ഈ നിയമപ്രകാരം പരാതി നൽകാം. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് മാത്രമല്ല അവർക്കുവേണ്ടി ആർക്കുവേണമെങ്കിലും ഹർജി സമർപ്പിക്കാവുന്നതാണ്. ഹർജി സമർപ്പിക്കുമ്പോൾ തന്നെ ആവശ്യമെങ്കിൽ പ്രത്യേക ഉപഹർജി പ്രകാരം എതിർകക്ഷിക്കെതിരായി മുൻപറഞ്ഞ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവുകൾ ഇടക്കാല - എക്‌സ് പാർട്ടി ഉത്തരവായി പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിനെ ഈ നിയമം അധികാരപ്പെടുത്തുന്നു. ഗാർഹിക പീഡന കേസുകൾ ലളിതമായ നടപടിക്രമത്തിലൂടെ, കഴിവതും 60 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു.ആവശ്യമെങ്കിൽ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്.

നിർവ്വചനങ്ങൾ

[തിരുത്തുക]

ഈ നിയമത്തിന്റെ 2- വകുപ്പിൽ, നിയമത്തിൽ പ്രതിപാദിക്കപ്പെടുന്ന പ്രധാന പദങ്ങളും അവയുടെ നിർവ്വചനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലത് ഇപ്രകാരമാണ്.

വകുപ്പ് - 2 (എ) പരാതിക്കാരി: എതിർകക്ഷിയുമായി ഗാർഹികബന്ധം ഉള്ളതോ, ഉണ്ടായിരുന്നതോ ആയ, എതിർകക്ഷിയാൽ ഏതെങ്കിലും തരത്തിലുള്ള ഗാർഹികാതിക്രമത്തിന് ഇരയായതായി ആരോപണമുള്ളതായ ഏതൊരു സ്ത്രീയും പരാതിക്കാരി ആകുന്നു.

വകുപ്പ് - 2 (എഫ്) ഗാർഹിക ബന്ധം: ഒരു വീട്ടിൽ ഒരുമിച്ച് ഏതെങ്കിലും ഘട്ടത്തിൽ, രക്തം ബന്ധം വഴിയോ, വിവാഹത്തെ തുടർന്നോ, വിവാഹം പോലെയുള്ള ബന്ധത്തെ തുടർന്നോ, ദത്തെടുത്തതിനെ തുടർന്നോ, കൂട്ടുകുടുംബാംഗങ്ങളായോ ജീവിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം.

വകുപ്പ് - 2 (ക്യു) എതിർകക്ഷി: പരാതിക്കാരിക്ക് ഗാർഹിക ബന്ധം ഉള്ളതോ, ഉണ്ടായിരുന്നതോ ആയ പ്രായ പൂർത്തിയായ പുരുഷൻ എന്നർത്ഥം. പരാതിയുള്ള ഭാര്യയ്ക്ക്, അല്ലെങ്കിൽ ദാമ്പത്യത്തിന് സമാനമായ ബന്ധത്തിൽ ജീവിച്ച സ്ത്രീക്ക് ഭർത്താവിന്റെ അഥവാ പുരുഷ പങ്കാളിയുടെ ബന്ധുവിനെതിരെയും പരാതി നൽകാം.

വകുപ്പ് - 2 (എസ്) പങ്കുപാർത്ത വീട്: പാരാതിക്കാരി ഒറ്റയ്‌ക്കോ, എതിർകക്ഷിയോടൊപ്പമോ, ഗാർഹിക ബന്ധപ്രകാരം ജീവിക്കുന്നതോ, എന്നെങ്കിലും ജീവിച്ചതോ ആയ വീട്. എതിർകക്ഷിക്കോ, ഹർജിക്കാരിക്കോ ആവകാശമോ, അധികാരമോ താൽപ്പര്യമോ ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർകക്ഷി അംഗമായിട്ടുള്ള കൂട്ടുകുടുംബത്തിന്റെ വീടുമാകാം.

ഗാർഹിക പീഡനം - നിർവ്വചനം

[തിരുത്തുക]

എന്താണ് ഗാർഹിക പീഡനം എന്ന് വിശദമായി തന്നെ ഈ നിയമം നിർവ്വചിക്കുന്നുണ്ട്. നിയമത്തിന്റെ 3 -ആം വകുപ്പിൽ മുതൽ ഡി വരെയുള്ള ഉപവകുപ്പുകളും ഈ വകുപ്പിന്റെ I - ആം വിശദീകരണത്തിന്റെ 1 മുതൽ 3 വരെയുള്ള ഉപവിശദീകരണങ്ങളിലുമാണ് ഈ നിർവ്വചനം അടങ്ങിയിരിക്കുന്നത് :

  • ഈ നിയമപ്രകാരം, പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേൽപ്പിക്കുന്നതോ,വേദനിപ്പിക്കുന്നതോ, അവളുടെ ആരോഗ്യം, സുരക്ഷ, ജീവിത സ്വാസ്ഥ്യം, ശാരീരികാവയങ്ങൾ എന്നിവയെ അപകടത്തിലാക്കുന്നതോ, അതിനിടയാക്കുന്നതോ, ശാരീരികമോ, ലൈംഗികമോ, വാചികമോ, വൈകാരികമോ സാമ്പത്തികമോ ആയി പീഡിപ്പിക്കുന്നതുൾപ്പെടെയുമോ ആയ എതിർകക്ഷിയുടെ പ്രവ്യത്തി, ഉപേക്ഷ, കർമ്മം, പെരുമാറ്റം എന്നിവ ഗാർഹികപീഡനം ആയി കണക്കാക്കപ്പെടും.
  • സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഡിപ്പക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമാകുന്നു.
  • ശാരീരിക പീഡനം എന്നാൽ പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ആകുന്ന ഏതുതരം പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, അക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ആകാം.
  • ലൈംഗിക പീഡനത്തിൽ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കൽ, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന ഏതൊരുതരം പ്രവ്യത്തിയും ഉൾപ്പെടുന്നു.
  • വാചികവും വൈകാരികവുമായ പീഡനത്തിൽ, നാണം കെടുത്തൽ, ഇരട്ടപ്പേരുവിളിക്കൽ, കുഞ്ഞില്ലാത്തതിന്റെയോ ആൺകുഞ്ഞില്ലാത്തതിന്റെയോ പേരിൽ അധിക്ഷേപിക്കൽ, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭീഷണി എന്നിവ ഉൾപ്പെടുന്നു.
  • സാമ്പത്തിക പീഡനത്തിൽ പരാതിക്കാരിക്ക് നിയമ പരമായോ, ആചാരപ്രകാരമോ അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയവും ഉൾപ്പെടുന്നു.

പരാതിക്കാരിക്ക് ലഭിക്കുന്ന നിവർത്തികൾ

[തിരുത്തുക]

വകുപ്പ് - 18: സംരക്ഷണ ഉത്തരവ്

[തിരുത്തുക]

ഇരുകക്ഷികളുടെയും ഭാഗം കേട്ടശേഷം ഗാർഹിക പീഡനം നടന്നുവെന്നോ, നടക്കുവാൻ സാദ്ധ്യതയുണ്ടെന്നോ പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെടുന്ന പക്ഷം മജിസ്ട്രേറ്റിന് പരാതിക്കാരിക്ക് അനുകൂലമായും എതൃകക്ഷിക്ക് എതിരായും വിവിധ സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമം തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ എന്നും ഇതിനെ വിളിക്കാറുണ്ട്.

ഇതുപ്രകാരം ഗാർഹിക അതിക്രമങ്ങൾ തടഞ്ഞുകൊണ്ടും അത്തരം പീഡനങ്ങളോ, കൃത്യങ്ങളോ നടത്തുന്നതിൽ നിന്നും അത്തരം കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാം. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം. ഇരയായവരുമായി നേരിട്ടോ, താപാൽ, ഫോൺ മുതലായ മാദ്ധ്യമങ്ങൾ വഴിയോ ആശയ വിനിമയം നടത്തുന്നതും വിലക്കാം. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം. കൂടാതെ എല്ലാവിധ പീഡനങ്ങളും തടയുവാനായി ഏതൊരു വിധ പ്രവൃത്തിയും ഇപ്രകാരം വിലക്കാം.

വകുപ്പ് - 19;താമസ സൗകര്യ ഉത്തരവ്

[തിരുത്തുക]

പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ, താമസിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാനും ഇരയാക്കപ്പെടുന്നയാൾ താമസിക്കുന്ന വീട്ടിലേക്കോ, പങ്കുപാർത്ത വീട്ടിലേക്കോ അതിലെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കരുതെന്ന് എതിർ കക്ഷികളോട് നിർദ്ദേശിക്കാനും ഇപ്രകാരം കഴിയും. പങ്കുപാർത്ത വീട് വിൽക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ, മറ്റേതെങ്കിലും വിധത്തിൽ അന്യാധീനപ്പെടുത്തുന്നതിനോ എതിർകക്ഷി ശ്രമിക്കുന്നതിനെ വിലക്കാനും കഴിയും. പങ്കുപാർത്ത വീട്ടിൽ എതിർകക്ഷികൾക്കുള്ള അവകാശം വെച്ചൊഴിയുന്നത് മജിസ്ട്രേറ്റിന്റെ അനുവാദത്തോടെയല്ലാതെ ആവരുതെന്ന് നിർദ്ദേശിക്കാനും പങ്കുപാർത്ത വീട്ടിൽ താമസിപ്പിക്കൽ അസാദ്ധ്യമെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റ് താമസ സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്നതിനോ അതിനായുള്ള വാടക നൽകുന്നതിനോ എതിർകക്ഷികളെ നിർദ്ദേശിച്ച് ഉത്തരവിടാനും ഈ വകുപ്പു പ്രകാരം കഴിയും.

  • പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമത്തിലെ ഈ വകുപ്പ് പ്രദാനം ചെയ്യുന്നത്. എന്നാൽ എതിർക്ഷികളിൽ സ്ത്രീകളായിട്ടുള്ളവർക്കെതിരെ ഈ വകുപ്പ് പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്ന് പ്രത്യേകമായി പറയുന്നു.
  • ഈ വകുപ്പിന്റെ 2-ആം ഉപവകുപ്പിൽ, പരാതിക്കാരിയുടേയോ, കുട്ടിയുടേയോ സുരക്ഷിതത്വത്തിനായി കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുന്ന നിർദ്ദേശം പുറപ്പെടുവിക്കാം എന്നു പറയുന്നു. 3-ആം ഉപവകുപ്പിൽ ഗാർഹിക പീഡനം ഒഴിവാക്കും എന്നത് തീർച്ചപ്പെടുത്താനായി ജാമ്യപത്രം സമർപ്പിക്കുവാനും എതിർകക്ഷകളോട് കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്. ഇത്തരത്തിൽ ജാമ്യമെഴുതിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ക്രിമിനൽ നടപടിക്രമ നിയമത്തിലെ 8-ആം അദ്ധ്യായ പ്രകാരമുള്ള ഉത്തരവായി പരിഗണിക്കും. അതായത് നല്ലനടപ്പിനും സമാധാനമുറപ്പാക്കാനുമുള്ള, നടപടിക്രമ നിയമത്തിലെ ബന്ധപ്പെട്ട അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നതു പ്രകാരം, ഇത്തരത്തിൽ ജാമ്യമെഴുതിവെയ്ക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ എതിർകക്ഷികളെ റിമാന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കോടതിക്ക് കഴിയും. 5, 7 ഉപവകുപ്പുകൾ പ്രകാരം സംരക്ഷണ ഉത്തരവുകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നിർദ്ദേശം നൽകുന്നതിനും കോടതിക്ക് അധികാരമുണ്ട്. 8-ആം ഉപവകുപ്പ് പ്രകാരം പരാതിക്കാരിക്ക് അവകാശപ്പെട്ട സ്ത്രീധനമോ വിലപിടിപ്പുള്ള മറ്റേതെങ്കിലും വസ്തുവോ തിരികെ നൽകുവാൻ എതിർകക്ഷികളോട് നിർദ്ദേശം നൽകുന്നതിനും മജിസ്ട്രേറ്റിന് അധികാരമുണ്ട്.

വകുപ്പ് 20 : സാമ്പത്തിക പരിഹാരങ്ങൾ

[തിരുത്തുക]

പരാതി പരിഗണിക്കുന്ന വേളയിൽ, പരാതിക്കാരിക്കും കുട്ടികൾക്കും പ്രതിമാസ ചെലവിന് നൽകുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും എതിർകക്ഷിയോട് നിർദ്ദേശിക്കുവാൻ ഈ വകുപ്പ് മജിസ്ട്രേറ്റിന് അധികാരം നൽകുന്നു. വരുമാനത്തിലുണ്ടാകുന്ന നഷ്ടം, ചികിത്സാചെലവുകൾ, പരാതിക്കാരിയുടെ വസ്തവകകൾ നശിപ്പിക്കുന്നത് മൂലമുണ്ടായ നഷ്ടം, ക്രിമിനൽ നടപടി നിയമത്തിലെ 125 - ആം വകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ജീവനാംശത്തിനുപുറമേ പരാതിക്കാരിക്കും കുട്ടികൾക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) സംരക്ഷണച്ചെലവ് എന്നിവയൊക്കെ നൽകാൻ ഇതുപ്രകാരം മജിസ്ട്രേറ്റിന് നിർദ്ദേശിക്കാവുന്നതാണ്.

  • ഇപ്രകാരം അനുവദിക്കുന്ന തുക, പരാതിക്കാരിയുടെ ജീവിത നിലവാരത്തിന് അനുസൃതമായിട്ടുള്ളതായിരിക്കണം. കേസിന്റെ സാഹചര്യമനുസരിച്ച് ഒറ്റത്തവണയായോ, പ്രതിമാസ തവണകളായോ സംരക്ഷണച്ചെലവ് നൽകാൻ വിധിക്കാവുന്നതാണ്.
  • ഇപ്രകാരം അനുവദിക്കുന്ന തുക നൽകുവാൻ എതൃകക്ഷി വിമുഖത കാട്ടിയാൽ അയാളുടെ തൊഴിലുടമയിൽ നിന്നും ആ തുക ഈടാക്കി എടുക്കുന്നതിനും കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്.
  • ഇപ്രകാരം അനുവദിക്കപ്പെടുന്ന തുക നൽകുവാൻ എതൃകക്ഷി വിസമ്മതിക്കുന്നപക്ഷം ക്രിമിനൽ നടപടി നിയമത്തിലെ 125 ആം വകുപ്പ് പ്രകാരമുള്ള ജീവനാംശ തുക ഈടാക്കി എടുക്കുന്നതിന് സമാനമായ നടപടികൾ അയാൾക്കെതിരെ കൈക്കൊള്ളുവാൻ ഗാർഹിക പീഡന നിരോധന ചട്ടങ്ങളിലെ 6 (5) - ആം ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതായത് ജീവനാംശ തുക കുടിശ്ശിക വരുത്തുന്ന പക്ഷം തുക ഈടാക്കി എടുക്കുന്നതിനായുള്ള വാറണ്ടുത്തരവും മറ്റും പുറപ്പെടുവിക്കാൻ ഈ വ്യവസ്ഥ പ്രകാരം കഴിയും.

വകുപ്പ് 21: കസ്റ്റഡി ഉത്തരവുകൾ

[തിരുത്തുക]

ഈ വകുപ്പ് പ്രകാരം കുട്ടികളുടെ താൽക്കാലിക സംരക്ഷണത്തിനുള്ള ചുമതല ഹർജിക്കാരിക്ക് കോടതി മുഖാന്തരം നേടിയെടുക്കാവുന്നതാണ്. മറ്റ് നിയമങ്ങളിൽ എന്തുതന്നെ പറഞ്ഞിരുന്നാലും, കേസിന്റെ വിചാരണവേളയിൽ ഹർജിക്കാരിക്കോ ഹർജിക്കാരിക്കുവേണ്ടി മറ്റാളുകൾക്കോ ഇത്തരത്തിൽ അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ഹർജിക്കാരിയെ കുട്ടികളുടെ താൽക്കാലിക സംരക്ഷണം ഏൽപ്പിക്കുന്നപക്ഷം എതിൽകക്ഷികൾക്ക് കുട്ടികളെ കാണുന്നതിനുള്ള അനുവാദവും മജിസ്ട്രേറ്റിന് നൽകാവുന്നതാണ്.

വകുപ്പ് 22 :നഷ്ടപരിഹാര ഉത്തരവുകൾ

[തിരുത്തുക]

സാമ്പത്തിക പരിഹാരങ്ങൾക്ക് പുറമേ, പരാതിക്കാരിനേരിട്ടിട്ടുള്ള മാനസിക - വൈകാരിക അതിക്രമങ്ങൾക്ക് ഉള്ള നഷ്ടപരിഹാരവും നൽകാൻ എതിർകക്ഷിയോട് കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്. ഇടക്കാലത്തേക്കുള്ള എക്സ് പാർട്ടി ഉത്തരവുകൾ

  1. ഈ നിയമപ്രകാരമുള്ള ഏതുകാര്യത്തെക്കുറിച്ചും മജിസ്ട്രേറ്റിന് യുക്തമെന്ന് തോന്നുന്ന താല്കാലിക ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
  2. ഗാർഹികാതിക്രമം നടന്നതായിട്ടോ, നടക്കുമെന്നോ മജിസ്ട്രേറ്റിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ പരാതിക്കാരി സമർപ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മേൽ വിവരിച്ച 18, 19, 20, 21, 22 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഏതൊരു പരിഹാരവും എതിർകക്ഷക്കെതിരെ എക്സ്പാർട്ടി ഉത്തരവായി പുറപ്പെടുവിക്കാനും ഈ വകുപ്പ് പ്രകാരം കഴിയും.
  • ഒഴിവാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെടുന്നതുവരെ 18- ആം വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള സംരക്ഷണ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും.
  • പരാതിക്കാരിയിൽ നിന്നോ എതിർകക്ഷിയിൽ നിന്നോ അപേക്ഷ ലഭിക്കുകയും സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുകയും ചെയ്തതായി മജിസ്ട്രേറ്റിന് ബോധ്യപ്പെടുന്നപക്ഷം നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള മറ്റ് ഉത്തരവുകളിൽ ഉചിതമായ ഭേതഗതി വരുത്താവുന്നതാണ്.

പരാതി സമർപ്പിക്കേണ്ട വിധം

[തിരുത്തുക]

ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനം നടക്കുന്ന പക്ഷം മുൻപറഞ്ഞതുപോലെ ഇരയാകപ്പെടുന്ന സ്ത്രീക്കോ, അവർക്കുവേണ്ടി മറ്റൊരാൾക്കോ, സന്നദ്ധ സംഘടനകൾക്കോ ഈ നിയമ പ്രകാരമുള്ള സംരക്ഷണ ഉത്തരവുകൾ നേടിയെടുക്കുവാനായി താഴെ പറയുന്നവരെ സമീപിക്കാവുന്നതാണ്.

  1. സംരക്ഷണോദ്യോഗസ്ഥ
  2. സേവന ദാതാക്കൾ
  3. പോലീസ്
  4. മജിസ്ട്രേറ്റ്

ആത്യന്തികമായി എല്ലാപരാതിയും മജിസ്ട്രേറ്റിന് മുൻപാകെ എത്തുകയും അദ്ദേഹം അതിൽ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യും.

  • ഗാർഹിക പീഡനക്കേസുകളിൽ ഇരയാകപ്പെടുന്നവരുടെ സഹായത്തിനായി ഈ നിയമത്തിന്റെ 8 -ആം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് സംരക്ഷണോദ്യോഗസ്ഥൻ. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ ജി.ഒ (പി) നം. 04/2007/സാ.ക്ഷേ.വ. പ്രകാരം അതത് ജില്ലകളിലെ പ്രൊബേഷൻ ഓഫീസർമാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥൻ എന്ന പദവി നൽകി ഉത്തരവായിട്ടുണ്ട്.
  • ഈ നിയമത്തിന്റെ 10 - ആം വകുപ്പുപ്രകാരമുള്ള സേവനദാതാക്കൾക്ക് , ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ അധികാരമുണ്ട്. പരാതിക്കാരിയുടെ താല്പര്യപ്രകാരം ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ) തയ്യാറാക്കൽ, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കൽ, ആവശ്യമെങ്കിൽ സുരക്ഷാ ഭവനങ്ങളിൽ താമസം ഏർപ്പാടാക്കൽ തുടങ്ങിയവ ഇവരുടെ ചുമതലയിൽ വരുന്നു. നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകൾക്ക് ഈ നിയമത്തിൻ കീഴിൽ സേവനദാതാവായി രജിസ്റ്റർ ചെയ്യാം.

പരാതിക്കാരിക്കോ, അവർക്കുവേണ്ടി മറ്റാർക്കെങ്കിലുമോ, മേൽപ്പറഞ്ഞ സംവിധാനങ്ങളെ സമീപിച്ച് ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി സമർപ്പിക്കാം. ഈ പരാതി പ്രൊട്ടക്ഷൻ ഓഫീസറുടെ സഹായത്തോടെ ഒരു ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ) ആക്കി മാറ്റുന്നു. തുടർന്ന് ബന്ധപ്പെട്ട മജിസ്ട്രേറ്റിന് അത് അയച്ചുകൊടുക്കുന്നു. വകുപ്പ് 12 പ്രകാരം, മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് പരാതി ബോധിപ്പിക്കുകയും ആവാം. പരാതിക്കാരിയോട്, ഈ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെയും സഹായങ്ങളെയും കുറിച്ച് വിശദമാക്കുവാൻ മേല്പറഞ്ഞ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. മജിസ്ട്രേറ്റിന് സമർപ്പിക്കുന്ന ഡി.ഐ.ആർ /പരാതിയിൽ ഈ നിയമപ്രകാരമുള്ള ഒന്നോ അതിലധികമോ നിവർത്തികൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചുവരുത്തി അവരുടെ വിശദീകരണം/വാദം കേട്ടതിന് ശേഷം മജിസ്സ്ട്രേറ്റ്, പരാതിയിന്മേൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും. വകുപ്പ് 23 പ്രകാരം പ്രത്യേകമായി അപേക്ഷ നൽകിയാൽ എതൃകക്ഷി ഹാജരാകുന്നതിന് മുൻപ്, പരാതി സ്വീകരിക്കുമ്പോൾ തന്നെ, ഇടക്കാല എക്സ് - പാർട്ടി ഉത്തരവ് പുറപ്പെടുവിക്കാനും മജിസ്ട്രേറ്റിന് കഴിയും.

വകുപ്പ് - 27 പ്രകാരം, പരാതിക്കാരി സ്ഥിരമായോ, താല്താലികമായോ താമസിക്കുകയോ, ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥലം, എതൃകക്ഷി താമസിക്കുകയോ, ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്ഥലം എന്നിവയിലെവിടെയെങ്കിലും ഉള്ള മജിസ്ട്രേറ്റ് മുൻപാകെയാണ് ഈ നിയമ പ്രകാരമുള്ള പരാതി സമർപ്പിക്കേണ്ടത്. ഈ നിയമ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ഇന്ത്യയിലെവിടെയും നടപ്പാക്കാവുന്നതാണ്. പരാതിക്കാരി ആഗ്രഹിക്കുന്ന കാലം വരെയോ, മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നതുവരെയോ ഉത്തരവുകൾ പ്രാബല്യത്തിലിരിക്കുന്നതാണ്.

ഈ നിയപ്രകാരമുള്ള പരിഹാര നടപടികൾ മേൽപ്പറഞ്ഞ പ്രകാരം മാത്രമല്ല, മറ്റ് നിയമ നടപടികളിലും ആവശ്യപ്പെടാവുന്നതാണ്. കുടുംബക്കോടതികളിലെ നടപടികൾ, സിവിൽ കേസുകൾ തുടങ്ങിയവയിലും ഇതുപ്രകാരമുള്ള സംരക്ഷണ ഉത്തരവുകൾ ആവശ്യപ്പെടാം. അതായത് മജിസ്ടേറ്റിനെപ്പോലെ തന്നെ മറ്റ് ന്യായാധിപന്മാർക്കും ആവശ്യമെങ്കിൽ അവരുടെ മുൻപാകെയുള്ള കേസുകളിൽ കക്ഷികളുടെ ആവശ്യ പ്രകാരം ഈ നിയമത്തിലെ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്ന് ചുരുക്കം.

കോടതി നടപടികൾ

[തിരുത്തുക]

പരാതി ഫയലിൽ സ്വീകരിക്കുമ്പോൾ മജിസ്ട്രേറ്റ് എതിർ കക്ഷിക്ക് സംരക്ഷണോദ്യോഗസ്ഥൻ മുഖാന്തരം നോട്ടീസ് അയയ്ക്കുകയും മൂന്നു ദിവസത്തിനകം ഉള്ള ഒരു തീയതി, അതിന്മേൽ വാദം കേൾക്കാനുള്ള ദിവസമായി തീരുമാനിക്കുകയും ചെയ്യും. നോട്ടീസ് കൈപ്പറ്റി എതിർകക്ഷി ഹാജരാകുന്ന മുറയ്ക്ക് തർക്കപരിഹാരത്തിനായി വേണമെങ്കിൽ കൌൺസിലിംഗ് നടത്തുന്നതിന് മജിസ്ട്രേറ്റിന് നിർദ്ദേശിക്കാവുന്നതാണ്. പ്രാഥമിക വാദത്തിനും ആവശ്യമെങ്കിൽ സാക്ഷി വിസ്താരത്തിനും തെളിവെടുപ്പിനും ശേഷം സംരക്ഷണ ഉത്തരവ്, താമസ സൌകര്യത്തിനുള്ള ഉത്തരവ്, സാമ്പത്തിക പരിഹാരങ്ങൾ, കസ്റ്റഡി ഉത്തരവുകൾ, നഷ്ടപരിഹാര ഉത്തരവുകൾ എന്നിവ മജിസ്ട്രേറ്റ് നിയമാനുസരണം പുറപ്പെടുവിക്കുന്നു.

ഈ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള കോടതി നടപടികൾ പ്രധാനമായും ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് നടത്തപ്പെടണമെന്നാണ് വ്യവസ്ഥ. ആവശ്യമെന്ന് തോന്നുന്ന പക്ഷം കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളും സ്വീകരിക്കാവുന്നതാണ്. ഈ നിയമം നടപ്പാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന ചട്ടങ്ങളിലെ, ഉത്തരവ് 6 (5) പ്രകാരം നിയമത്തിലെ12 -​ആം വകുപ്പ് പ്രകാരമുള്ള സാമ്പത്തിക പരിഹാരത്തിനായുള്ള കോടതി ഉത്തരവുകൾ ക്രിമിനൽ നടപടി നിയമം 125 - ആം വകുപ്പ് പ്രകാരമുള്ള ജീവനാംശ ഉത്തരവിന്റെ വിധി നടത്ത് രീതിയനുസരിച്ച് തന്നെ നടപ്പാക്കേണ്ടതാണ്. അതായത്, ജീവനാംശം നൽകുവാനുള്ള ഉത്തരവ് ലംഘിക്കപ്പെട്ടാൽ എതൃകക്ഷിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാനും ജപ്തി നടപടികൾ ഉത്തരവിടാനും ഈ ചട്ടം കോടതിക്ക് അധികാരം നൽകുന്നു.

ഓരോ പരാതിയും ലഭിച്ച് 60 ദിവസത്തിനകം തീർപ്പാക്കണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കോടതി മുൻപാകെയുള്ള നടപടികളിൽ അഭിഭാഷകനെ നിയോഗിക്കാവുന്നതാണ്. അതിന് കഴിവില്ലാത്തവർക്ക് അഭിഭാഷക സേവനം അടക്കമുള്ള ആവശ്യമായ സൌജന്യ നിയമസഹായവും ലഭിക്കും.

ഉത്തരവുകൾ നടപ്പാക്കിയെടുക്കുന്ന വിധം

[തിരുത്തുക]

ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കോടതി ഉത്തരവുകൾ പാലിക്കുവാൻ എതിർകക്ഷികൾ ബാദ്ധ്യസ്ഥരാണ്. അതിനുവിരുദ്ധമായി സംരക്ഷണ ഉത്തരവോ, ഇടക്കാല സംരക്ഷണ ഉത്തരവോ എതിർകക്ഷി/കൾ ലംഘിച്ചാൽ അത് നിയമത്തിന്റെ 31 (1) - ആം വകുപ്പു പ്രകാരം, ഒരു വർഷം വരെ തടവുശിക്ഷയോ ഇരുപതിനായിരം രൂപ വരെയുള്ള പിഴയോ അല്ലെങ്കിൽ അതുരണ്ടും കൂടിയോ നൽകാവുന്ന കുറ്റമാണ്.

  • ഉത്തരവ് ലംഘിക്കുന്നതിനെ സംബന്ധിച്ച വിചാരണ കഴിവതും ഉത്തരവ് പുറപ്പെടുവിച്ച കോടതിയിൽ തന്നെ നടത്തേണ്ടതാണ്.
  • മേൽ വകുപ്പു പ്രകാരമുള്ള കേസ് ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ സ്ത്രീധന പീഡനത്തെ സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 (എ) വകുപ്പു പ്രകാരമോ, അതിലെ മറ്റേതെങ്കിലും വകുപ്പ് പ്രകാരമോ, 1961 - ലെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമോ ഉള്ള കുറ്റങ്ങളേതെങ്കിലും എതിർകക്ഷി ചെയ്തതായി ബോധ്യപ്പെടുന്നപക്ഷം, മജിസ്ട്രേറ്റിന് ഈ വിചാരണയിൽ ആവകുപ്പുകളും കൂടി ഉൾപ്പെടുത്തി വിചാരണ നടത്താവുന്നതാണ്.
  • ക്രിമിനൽ നടപടി നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഈ നിയമത്തിലെ വകുപ്പ് 31(1) പ്രകാരമുള്ള മേല്പടി കുറ്റം ജാമ്യം ലഭിക്കാത്തതും പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതുമാകുന്നു.
  • പരാതിക്കാരിയുടെ മൊഴിമാത്രം കണക്കിലെടുത്ത് മജിസ്ട്രേറ്റിന് നേരിട്ട് എതിർകക്ഷിക്കെതിരെ കേസെടുക്കുകയും ചെയ്യാം. സാധാര സ്വകാര്യ അന്യായങ്ങൾകോടുക്കുമ്പോഴുള്ളതുപോലെ ഉത്തരവ് ലംഘിച്ചതിന് കേസ് രേഖപ്പെടുത്തുന്നതിലേക്ക് കോടതി മുൻപാകെ മറ്റ് സാക്ഷികളെ ഹാജരാക്കേണ്ടെന്നു ചുരുക്കം.
  • സർക്കാരിന്റെ മുൻകൂർ അനുമതിയോടെ, കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തുന്ന സംരക്ഷണോദ്യോഗസ്ഥനെതിരെയും കേസെടുക്കാം. മതിയായ കാരണം കൂടാതെയുള്ള കൃത്യവിലോപത്തിന് സംരക്ഷണോദ്യോഗസ്ഥന് ഒരു വർഷം വരെ തടവുശിക്ഷയോ ഇരുപതിനായിരം രൂപ വരെയുള്ള പിഴയോ അല്ലെങ്കിൽ അതുരണ്ടും കൂടിയോ ശിക്ഷ നൽകുവാൻ കോടതിക്ക് അധികാരമുണ്ട്.

പ്രസക്തിയും പരിമിതിയും

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found