ഗായത്രി ശ്രീകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ആദ്യകാല മലയാള സിനിമാഗായികയായിരുന്നു ഗായത്രി രാമകൃഷ്ണൻ (ജീവിതകാലം: 1934 - 2019).

ജീവിതരേഖ[തിരുത്തുക]

1934 ൽ കൊച്ചിയിലെ പള്ളുരുത്തിയിലായിരുന്നു ഗായത്രിയുടെ ജനനം. എറണാകുളം സെൻറ് തെരേസാസ് കോളജിൽനിന്നു പ്രിഡിഗ്രി പഠനം പൂർത്തിയാക്കിയ ഗായത്രി ശ്രീകൃഷ്ണൻ കോഴിക്കോട് ആകാശവാണിയിൽ വളരെക്കാലം ജോലി ചെയ്തിരുന്നു. ആകാശവാണിയിലെ സഹപ്രവർത്തകനായിരുന്ന പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ശ്രീകൃഷ്ണനെയായിരുന്നു അവർ വിവാഹം കഴിച്ചിരുന്നത്. കേവലം 12 വയസ് പ്രായമുള്ളപ്പോൾ ഒരു ഗാനമേളയിൽ പ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് റാഫിയോടൊപ്പം പാടുവാൻ ഗായത്രിക്ക് അവസരം ലഭിച്ചിരുന്നു.[1] 1956 ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൌരൻ എന്ന സിനിമയിലൂടെയാണ് അവർ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ ഈണമിട്ട ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചുവെങ്കിലും 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനം ശാന്താ പി. നായരുമായി ചേർന്നു പാടിയതാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയത്.[2] റേഡിയോയിലെ പ്രശസ്ത പ്രോഗ്രാമായിരുന്ന ‘ബാലലോക’ത്തിൽ ഏറെനാൾ ‘ചേച്ചി’യെന്ന പേരിൽ അവതാരികയായും അവർ പ്രവർത്തിച്ചിരുന്നു.[3]

പെട്ടെന്നുണ്ടായ പനിയെത്തുടർന്ന് ദില്ലിയിലെ നരീന്ദർ മോഹൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ തുടർന്നുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്നാണ് മരണമടഞ്ഞത്.[4] പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ജി. എസ്. രാജൻ മകനും സുജാത മകളുമാണ്. മരുമകൾ അഞ്ജന രാജൻ പ്രശസ്ത നർത്തകിയും ഒരു കലാനിരൂപകയുമാണ്.[5]

അവലംബം[തിരുത്തുക]

  1. "'അന്നു കൈവിട്ട സൗഭാഗ്യത്തെ കുറിച്ച് ഇന്നോർക്കുമ്പോൾ വലിയ നഷ്ടബോധം തോന്നും.'". Archived from the original on 2019-06-16.
  2. "'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണ'ത്തിലൂടെ പ്രശസ്തയായ ഗായിക ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു".
  3. "ഗായിക ഗായത്രി ശ്രീകൃഷ്ണൻ നിര്യാതയായി". Archived from the original on 2019-06-16.
  4. "Playback singer Gayathri Sreekrishnan passes away".
  5. "ചലച്ചിത്ര പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണൻ അന്തരിച്ചു".
"https://ml.wikipedia.org/w/index.php?title=ഗായത്രി_ശ്രീകൃഷ്ണൻ&oldid=3803811" എന്ന താളിൽനിന്ന് ശേഖരിച്ചത്