ഗാന്ധി-ഇർവ്വിൻ ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1931 മാർച്ച് 5ന് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവ്വിൻ പ്രഭുവും തമ്മിൽ ഒപ്പു വച്ച ഉടമ്പടി ആണ് ഗാന്ധി-ഇർവ്വിൻ ഉടമ്പടി എന്നറിയപ്പെടുന്നത്.[1] രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായിട്ടാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്. ഇന്ത്യക്ക് സ്വയംഭരണ പദവി നൽകുമെന്ന് 1929 ൽ ഇർവ്വിൻ പ്രഭു പ്രഖ്യാപിച്ചിരുന്നു. ഗാന്ധിയും, ഇർവ്വിനും എട്ടു തവണ ചർച്ചകൾ നടത്തിയതിനുശേഷമാണ് ഉടമ്പടി ഒപ്പു വെക്കുന്നത്.നിയമലംഘനപ്രസ്ഥാനം നിറുത്തിവെക്കുന്നതും, രാഷ്ട്രീയ തടവുകാരെ യാതൊരു ഉപാധികളും കൂടാതെ വിട്ടയക്കുന്നതും ഉടമ്പടിയിലെ സുപ്രധാന നിർദ്ദേശങ്ങളായിരുന്നു.[2]

ഉടമ്പടിയെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എന്നാൽ ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വിപ്ലവകാരികളുടെ വധശിക്ഷ പിൻ‌വലിച്ചില്ല. ഇത് കോൺഗ്രസിനെതിരായ പ്രതിഷേധം കോൺഗ്രസിനുള്ളിലും കോൺഗ്രസിനു പുറത്തും വർദ്ധിപ്പിച്ചു. ഇതിനു പകരമായി ഗാന്ധിനിസ്സഹകരണ പ്രസ്ഥാനം നിർത്തലാക്കാം എന്നും ലണ്ടനിൽ 1931 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറിൽ പരാജയത്തിൽ കലാശിച്ചു. ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി, 1932 ജനുവരിയിൽ നിസ്സഹകരണപ്രസ്ഥാനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

പ്രധാന നിർദ്ദേശങ്ങൾ[തിരുത്തുക]

 • കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന നിയമലംഘന പ്രസ്ഥാനം നിറുത്തിവെക്കുക.
 • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സ് ഭാഗഭാക്കാവുക.
 • കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ നിരോധിക്കുന്ന, ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും പിൻവലിക്കുക.
 • എല്ലാ തടവുകാരേയും വിട്ടയക്കുക.
 • സ്വകാര്യ ഉപയോഗത്തിനും, വ്യാവസായിക ഉപയോഗത്തിനു ഉപ്പു നിർമ്മാണത്തിനേർപ്പെടുത്തിയിരുന്ന നികുതികൾ പിൻവലിക്കുക.

ബ്രിട്ടന്റെ കോളനിയിൽ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാൻ നോക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയുമായി കരാറുണ്ടാക്കുന്നതിൽ ബ്രിട്ടനിലും, പുറത്തും ഒട്ടേറെ എതിർപ്പുകളുണ്ടായിരുന്നു. അർദ്ധനഗ്നനായ ഒരു ഫക്കീർ, ബ്രിട്ടീഷ് സാമ്രാജ്യത്തെ അവരുടെ കൊട്ടാരത്തിൽ വന്ന് തുല്യാവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്നതിന്റെ ഔചിത്യം വിൻസ്റ്റൺ ചർച്ചിൽ കഠിനമായി വിമർശിച്ചിരുന്നു.[3]

ബ്രിട്ടൻ അംഗീകരിച്ച നിർദ്ദേശങ്ങൾ.

 • കോൺഗ്രസ്സിനെതിരേ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കും.
 • അക്രമത്തിനു അറസ്റ്റുചെയ്തിട്ടുള്ളവരെയൊഴിച്ച്, മറ്റെല്ലാ തടവുകാരേയും വിട്ടയക്കും.
 • വിദേശമദ്യ ഷാപ്പുകളും, വിദേശ തുണിത്തരങ്ങൾ വിൽക്കുന്ന കടകളും, സമാധാനപരമായി പിക്കറ്റ് ചെയ്യുവാൻ അനുവദിക്കും.
 • സർക്കാരിലേക്കു കണ്ടുകെട്ടിയ, സത്യാഗ്രഹികളുടെ സ്വത്തുവകകൾ തിരികെ കൊടുക്കും.
 • ഉപ്പിനു മേലുള്ള നികുതി നീക്കം ചെയ്യും.

അവലംബങ്ങൾ[തിരുത്തുക]

 1. "ഗാന്ധി-ഇർവ്വിൻ ഉടമ്പടി". ഗാന്ധിഹെറിട്ടേജ്. ശേഖരിച്ചത് 2014-09-16.
 2. "ഗാന്ധി-ഇർവ്വിൻ പാക്ട്". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. ശേഖരിച്ചത് 2014-09-16.
 3. ക്രിസ്, റിഗ്ലി (2008). എ കംപാനിയൻ ടു ഏർലി ട്വന്റിയത്ത് സെഞ്ച്വറി ബ്രിട്ടൻ. വിലി-ബ്ലാക്ക്വെൽ. pp. 191–192. ISBN 978-1405189996.
"https://ml.wikipedia.org/w/index.php?title=ഗാന്ധി-ഇർവ്വിൻ_ഉടമ്പടി&oldid=2013788" എന്ന താളിൽനിന്ന് ശേഖരിച്ചത്