ഗാന്ധാർപാലേ ഗുഹകൾ
| ഗാന്ധാർപാലേ ഗുഹകൾ | |
|---|---|
ഗാന്ധാർപാലേ ഗുഹകൾ | |
| Coordinates | 18°05′12″N 73°24′15″E / 18.086802°N 73.404100°E |
| Governing body | ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ |

മഹാരാഷ്ട്രയിലെ മഹാഡ് പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന 31 ബുദ്ധ ഗുഹകളുടെ ഒരു ശ്രേണിയാണ് ഗാന്ധാർപാലേ ഗുഹകൾ. മഹാഡ് ഗുഹകൾ അഥവാ പാണ്ഡവ് ലേണി എന്നും ഈ ഗുഹകൾ അറിയപ്പെടുന്നു. മുംബൈ-ഗോവ ഹൈവേയിൽ (എൻ.എച്ച്. 66) മുംബൈയിൽ നിന്ന് 105 കിലോമീറ്റർ ദൂരെയാണ് ഇവയുടെ സ്ഥാനം.[1] മഹാഡിൽ നിന്ന് 5 കിലോമീറ്ററും, റായ്ഗഡ് കോട്ടയിൽ നിന്ന് 28 കിലോമീറ്ററും, മഹാബലേശ്വറിൽ നിന്ന് 62 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. സാവിത്രി, ഗാന്ധാരി എന്നീ നദികളുടെ സംഗമസ്ഥാനത്തിന് അടുത്താണ് ഇത്.
ഐതിഹ്യം, ചരിത്രം
[തിരുത്തുക]ഐതിഹ്യങ്ങൾ അനുസരിച്ച്, ഗാന്ധാർപാലേയിലുള്ള പാണ്ഡവ്‌ലേണി എന്നറിയപ്പെടുന്ന ഗുഹകൾ പാണ്ഡവർ അവർക്ക് താമസിക്കുവാനായി ഒരൊറ്റ രാത്രികൊണ്ട് നിർമ്മിച്ച ശിലാഗൃഹങ്ങളാണ്. എന്നാൽ ചരിത്രകാരന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും അഭിപ്രായത്തിൽ, ഇവ വിഷ്ണുപാലിത കാംബോജ എന്ന രാജകുമാരന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ബുദ്ധവിഹാരങ്ങളാണ്. [2] ക്രിസ്തുവർഷം 150നും 300നും ഇടയിലായിരിക്കണം ഇവ നിർമ്മിക്കപ്പെട്ടത്.[3]
നിർമ്മിതി
[തിരുത്തുക]ചില ഗുഹകൾ കുന്നിന്റെ മുകൾഭാഗത്തും മറ്റു ചിലവ താഴെഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഭൂരിഭാഗവും ഹീനയാന വിഭാഗത്തിൽപ്പെട്ട ബുദ്ധവിഹാരങ്ങളാണ്. 'ചൈത്യഗൃഹങ്ങൾ' എന്നറിയപ്പെടുന്ന പ്രാർത്ഥനാ ഹാളുകളിൽ ചെറിയ സ്തൂപങ്ങൾ കാണാം. വിഹാരങ്ങളിലെ ചുവരുകളിലും തൂണുകളിലും ബുദ്ധന്റെയും ബോധിസത്വന്മാരുടെയും, അവരോടൊപ്പമുള്ള പരിവാരങ്ങളുടെയും ശില്പങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഒരു ഗുഹയുടെ ഭിത്തിയിൽ ബ്രാഹ്മി ലിപിയിലുള്ള ഒരു ശിലാലിഖിതവുമുണ്ട്. ഈ ഗുഹകൾക്ക് സമീപം ജലസംഭരണികളും മുറികളും മറ്റ് അവശിഷ്ടങ്ങളും കാണാൻ സാധിക്കും.
പ്രധാനപ്പെട്ട ഗുഹകൾ
[തിരുത്തുക]- ഗുഹ 1: 53 അടി നീളവും 8 അടി വീതിയുമുളള വരാന്ത കാണപ്പെടുന്നു. ഈ ഗുഹയിലെ പ്രധാന ശില്പത്തിൽ ബുദ്ധ പ്രതിമയോടൊപ്പം ഒരു ചക്രവും, അതിനു താഴെയായി മാനുകളുടെ രൂപങ്ങളും കാണപ്പെടുന്നു.
- ഗുഹ 8: ഇതിന് ഉയരം കൂടിയ ഡഗോബ കാണപ്പെടുന്നു.
- ഗുഹ 15: സഹായികളുമായി ബുദ്ധൻ ഇരിക്കുന്നു.
- ഗുഹ 21: ഭക്തന്മാരോടൊപ്പം ബുദ്ധൻ ഇരിക്കുന്നു.
ചിത്രശാല
[തിരുത്തുക]- പ്രവേശനകവാടം
- ഗുഹകളിലേക്കുള്ള കൽപ്പടവുകൾ
- വിവരണഫലകം
- പ്രവേശനകവാടത്തിനു സമീപമുള്ള സ്തൂപം
- ഒമ്പതാം നമ്പർ ഗുഹ
- പതിമൂന്നാം നമ്പർ ഗുഹ
- ബ്രാഹ്മി ഭാഷയിലെ ശിലാലിഖിതം
അവലംബങ്ങൾ
[തിരുത്തുക]- ↑ Ahir, D. C. (2003). Buddhist sites and shrines in India : history, art, and architecture (1. ed.). Delhi: Sri Satguru Publ. p. 198. ISBN 8170307740.
- ↑ https://www.trawell.in/maharashtra/mahabaleshwar/gandharpale-pale-caves
- ↑ https://www.hindustantimes.com/travel/explore-hidden-buddhist-caves-around-mumbai/story-cPUyZqZvb1HJrtvKPS0ycM.html