ഗാഡ്ഗിൽ സമിതി റിപ്പോർട്ട്
ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്നങ്ങൾസംബന്ധിച്ചു പഠിച്ച്, റിപ്പോർട്ടു സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധസമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ - WGEEP). ജൈവവൈവിദ്ധ്യ - പരിസ്ഥിതിസംരക്ഷണമേഖലകളിലെ 14 വിദഗ്ദ്ധരടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെപേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്.[1]
രൂപീകരണപശ്ചാത്തലം[തിരുത്തുക]
2010 മാർച്ചിൽ, അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയായിരുന്ന ജയറാം രമേശാണ്, ആണ്, പശ്ചിമഘട്ടപരിസ്ഥിതിസംബന്ധിച്ചു പഠിക്കുന്നതിനായി, ഈ വിദഗ്ദ്ധസമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട്, 2010 ഫെബ്രുവരി 9ന് നീലഗിരിമലകളിലെ കോത്തഗിരിയിൽനടന്ന പരിസ്ഥിതിപ്രവർത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേശ് നടത്തിയത്. [2] ഇന്ത്യയുടെ നാല്പതു ശതമാനത്തോളംവരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ടമലനിരകളോടു ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീനപ്രദേശങ്ങളായി വരുന്നുണ്ട്. ഏകദേശം ഇരുപത്തെട്ടു കോടി ജനങ്ങൾക്ക്, ഈ വനങ്ങൾ ജീവിതവിഭവങ്ങൾ നല്കുന്നു.[3] ഈ മേഖലയിലെ അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനായി, പശ്ചിമഘട്ടത്തിനു പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണപ്രക്രിയയ്ക്കു തുടക്കമിടണമെന്നത്, കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു.
പരിസ്ഥിതിസംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായിനടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതികചർച്ചകൾക്കും അഭിപ്രായരൂപീകരത്തിനുംശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്.[4] കേരള ശാസ്ത്രസാഹിത്യപരിഷത്ത്, പ്രസ്തുത റിപ്പോർട്ടിന്റെ മലയാളപരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമിതി അംഗങ്ങൾ[തിരുത്തുക]
പ്രൊഫ. മാധവ് ഗാഡ്ഗിൽ (അദ്ധ്യക്ഷൻ), ബി.ജെ. കൃഷ്ണൻ, ഡോ. കെ.എൻ. ഗണേഷയ്യ, ഡോ. വി.എസ്. വിജയൻ, പ്രോഫ. റെനീ ബോർഗസ്, പ്രോഫ. ആർ. സുകുമാർ, ഡോ. ലിജിയ നൊറോന്ഹ, വിദ്യ എസ്. നായക്, ഡോ. ഡി.കെ. സുബ്രഹ്മണ്യം, ഡോ. ആർ.വി. വർമ്മ (കേരളസംസ്ഥാന ജൈവവൈവിദ്ധ്യബോർഡ്), ചെയർമാൻ, ദേശീയജൈവവൈവിദ്ധ്യ അതോറിറ്റി, പ്രൊഫ. സി.പി. ഗൌതം (കേന്ദ്രമലിനീകരണനിയന്ത്രണബോർഡ്), ഡോ. ആർ.ആർ. നവൽഗുണ്ട് (സ്പേസ് ആപ്ലിക്കേഷൻ സെന്റർ), ഡോ. ജി.വി. സുബ്രഹ്മണ്യം (ശാസ്ത്രസാങ്കേതിക - പരിസ്ഥിതിമന്ത്രാലയം ഉപദേശകൻ).
സമിതിക്കു ലഭിച്ച ഉത്തരവാദിത്തങ്ങൾ[തിരുത്തുക]
താഴെപ്പറയുന്ന കാര്യങ്ങൾ വിലയിരുത്തുന്നതിനായുള്ള അനുശാസനമാണ് മാധവ് ഗാഡ്ഗിൽ സമിതിക്ക് സർക്കാർ നൽകിയത്:
- പശ്ചിമഘട്ടമേഖലയുടെ നിലവിലുള്ള പാരിസ്ഥിതികസ്ഥിതി വിശകലനംചെയ്യുക.
- 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമ പ്രകാരം പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനംചെയ്യേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്നു കണ്ടെത്തി, അതിരുകളടയാളപ്പെടുത്തുക. ഇപ്രകാരം ചെയ്യുന്നതിലേക്ക് നിലവിലുള്ള റാം മോഹൻ കമ്മറ്റി റിപ്പോർട്ട്, സുപ്രീംകോടതി നിർദ്ദേശങ്ങൾ, ദേശീയവന്യജീവിബോർഡിന്റെ ശുപാർശകൾ എന്നിവ സമിതി പരിഗണിക്കുക, ബന്ധപ്പെട്ട സംസ്ഥാനഗവൺമെന്റുകളോട് ആരായുക.
- ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളും സർക്കാരുകളുംചേർന്നുള്ള സമഗ്രസമ്പർക്കത്തിലൂടെ പശ്ചിമഘട്ടമേഖലയുടെ സംരക്ഷണം, പരിപാലനം, പുനരുജ്ജീവനം തുടങ്ങിയവയ്ക്കാവശ്യമായ ശുപാർശകൾ സമർപ്പിക്കുക.
- പരിസ്ഥിതിസംരക്ഷണനിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതിമന്ത്രാലയം ഈ പ്രദേശങ്ങളെ പരിസ്ഥിതിലോലപ്രദേശമായി വിജ്ഞാപനംനടത്തുന്നതിന്റെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക.
- ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ, പ്രദേശത്തിന്റെ പാരിസ്ഥിതികപരിപാലനത്തിനും സുസ്ഥിരവികസനത്തിനുമുതകുന്ന ഒരു പ്രൊഫഷണൽ സംവിധാനമായി, പരിസ്ഥിതിസംരക്ഷണനിയമപ്രകാരമുള്ള ഒരു പശ്ചിമഘട്ടപരിസ്ഥിതി അതോറിറ്റി രൂപീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ ശുപാർശചെയ്യുക.
- പശ്ചിമഘട്ടത്തിന്റെ പരിസര - പരിസ്ഥിതിസംബന്ധമായി, കേന്ദ്ര വനം - പരിസ്ഥിതിമന്ത്രാലയം പരാമർശിക്കുന്നടക്കമുള്ള മറ്റെല്ലാവിഷയങ്ങളും കൈകാര്യംചെയ്യുക.
- അതിരപ്പള്ളി, ഗുണ്ടിയ ജലവൈദ്യുതപദ്ധതികൾ, ഗോവയിലെയും തീരപ്രദേശമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ദുദുർഗ് ജില്ലകളിലെയും പുതിയ ഖനനാനുമതികൾക്ക് മോറട്ടോറിയംപ്രഖ്യാപിക്കൽ തുടങ്ങിയവസംബന്ധിച്ച ശുപാർശകളും സമിതിയുടെ അനുശാസനത്തിൽ ഉൾക്കൊള്ളിക്കുന്നതിനായി പരിസ്ഥിതിമന്ത്രാലയം പിന്നീടാവശ്യപ്പെടുകയുണ്ടായി. [4]
പഠനരീതി[തിരുത്തുക]
ആകെ പതിന്നാലുതവണയാണ്, സമിതി യോഗംകൂടിയത്.[5] ആദ്യത്തെ യോഗം 2010 മാർച്ച് 30നും അവസാനത്തേത് 2011 ആഗസ്ത് 16-17 തീയതികളിലും ബംഗളുരുവിൽവച്ചു നടന്നു. വിവരശേഖരണത്തിനായി സമിതി 42 ഔദ്യോഗികകുറിപ്പുകൾ, ഏഴ് ആശയവിനിമയചർച്ചായോഗങ്ങൾ, ഒരു വിദഗ്ദ്ധകൂടിയാലോചനായോഗം, സർക്കാർ സ്ഥാപങ്ങളുമായി എട്ടു യോഗങ്ങൾ, സാമൂഹ്യസംഘടനകളുമായി നാല്പതു കൂടിയാലോചനകൾ, പതിന്നാലു സ്ഥലസന്ദർശനങ്ങൾ എന്നിവയാണുപയോഗിച്ചത്. ഗോവയിൽ, വിവിധസർക്കാർവകുപ്പുകളിലായി ചിതറികിടക്കുന്ന ഗോവ റീജിയൺൽ പ്ലാൻ എന്ന സംരംഭം ഗൂഗിൾ എർത്തുപയോഗിച്ച് ഏകോപിപ്പിച്ചു.
പരിസ്ഥിതിലോലമേഖലകൾ (Ecologically Sensitive Zones - ESZs) നിർണ്ണയിക്കാൻ മൊത്തം പശ്ചിമഘട്ടത്തെ സമിതി 9 കിലോമീറ്റർ നീളവും 9 കിലോമീറ്റർ വീതിയുമുള്ള 2200 ചതുരങ്ങളായി തിരിച്ചു. ഈ ചതുരങ്ങളിലുള്ള സസ്യസമ്പത്തിന്റെ വിവരങ്ങൾ മുമ്പേയുണ്ടായിരുന്നു. ഇതു ശേഖരിച്ച്, പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മറ്റുപരിസ്ഥിതിവിവരങ്ങളും സംഗ്രഹിച്ച് 14 അടിസ്ഥാനസ്വഭാവങ്ങൾ തീരുമാനിച്ചു. ജൈവവൈവിധ്യം, ഭൂമിയുടെ ചരിവ്, മഴയുടെ തോത് എന്നിവയായിരുന്നു അവയിൽച്ചിലത്. ഈ 14 സ്വഭാവങ്ങൾക്കും ഒന്നുമുതൽ പത്തുവരെ മാർക്കു കൊടുത്തു. ഒന്നുമുതൽ മൂന്നുവരെ മാർക്കുകിട്ടിയ ചതുരങ്ങൾ മേഖല 3-ലും മൂന്നുമുതൽ അഞ്ചുവരെ മാർക്കുള്ളവ മേഖല 2-ലും അഞ്ചുമുതൽ പത്തു മാർക്കുവരെയുള്ളവ മേഖല 1-ലുമായിത്തിരിച്ചു.[6]
നിർദ്ദേശങ്ങൾ[തിരുത്തുക]
പശ്ചിമഘട്ടത്തിന്റെ അതിരുകൾ[തിരുത്തുക]
പരിസ്ഥിതിലോലമെന്ന വിഭാഗത്തിൽപ്പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകളേതെന്നതാണ്, സമിതി പ്രധാനമായും നിർണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽക്കൂടെ അറബിക്കടലിനു സമാന്തരമായിക്കടന്നുപോകുന്ന, ഏതാണ്ട് 1490 കിലോമീറ്റർ ദൈർഘ്യവും കുറഞ്ഞത് 48 കിലോമീറ്റർമുതൽ 210 കിലോമീറ്റർവരെ പരമാവധി വീതിയും 129037 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ടമലനിരകളാണ് സമിതിയുടെ പഠനത്തിനു വിധേയമായത്. ഇതു മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നാരംഭിച്ച്, തെക്കോട്ടു കന്യാകുമാരിവരെ വ്യാപിച്ചുകിടക്കുന്ന 8°19′8″N 72°56′24″E / 8.31889°N 72.94000°E മുതൽ 21°16′24″N 78°19′40″E / 21.27333°N 78.32778°E വരെയുള്ള അക്ഷാംശ-രേഖാംശപ്രദേശമാണ്.[5]
പരിസ്ഥിതിലോല മേഖലകൾ[തിരുത്തുക]
ഗാഡ്ഗിൽസമിതിയുടെ കാതലും ഏറെ വിവാദങ്ങൾക്കു കാരണമായതുമായ ഘടകമാണ്, സമിതി നിർണ്ണയിച്ച മൂന്നു പരിസ്ഥിതിലോലമേഖലകൾ. താലൂക്കടിസ്ഥാനിത്തിലാണ് സമിതി ഇവയെ നിർണ്ണയിച്ചത്. എന്നാൽ ഒരു താലൂക്കും പൂർണ്ണമായി ഏതെങ്കിലുമൊരു പരിസ്ഥിതിലോലമേഖലയിൽ വരുന്നില്ല. പഞ്ചായത്തുകളാണ് ഓരോ മേഖലയുടെയും അതിരുകൾ നിശ്ചയിക്കേണ്ടതെന്ന വികേന്ദ്രീകരണപക്ഷമാണ് സമിതി ഇക്കാര്യത്തിൽ കൈക്കൊണ്ടത്.[6] പശ്ചിമഘട്ടത്തിൽവരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളിൽനിന്ന് 134 പരിസ്ഥിതിലോലമേഖലകളാണ് സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളിൽനിന്ന് ഇരുപത്തഞ്ചെണ്ണമാണ് പരിസ്ഥിതിലോലമായി തിരിച്ചറിഞ്ഞത്. ഇവയിൽ പതിനഞ്ചെണ്ണം മേഖല 1-ലും രണ്ടെണ്ണം മേഖല 2-ലും എട്ടെണ്ണം മേഖല 3-ലുംപെടുന്നു.[5] താലൂക്കുകളുടെ മുഴുവൻ പട്ടിക താഴെച്ചേർക്കുന്നു:
സംസ്ഥാനം | ജില്ലകൾ | മേഖല 1-ലെ താലൂക്കുകൾ | മേഖല 2-ലെ താലൂക്കുകൾ | മേഖല 3-ലെ താലൂക്കുകൾ |
---|---|---|---|---|
ഗുജറാത് | 3 | 1 | 1 | 1 |
മഹാരാഷ്ട്ര | 10 | 32 | 4 | 14 |
ഗോവ | 2 | ബാധകമല്ല | ബാധകമല്ല | ബാധകമല്ല |
കർണാടക | 11 | 26 | 5 | 12 |
കേരളം | 12 | 15 | 2 | 8 |
തമിഴ്നാട് | 6 | 9 | 2 | 2 |
മൊത്തം | 44 | 83 | 14 | 37 |
പരിസ്ഥിതിലോലമേഖലകളെക്കൂടാതെ പരിസ്ഥിതിലോലപ്രദേശങ്ങളും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവയുടെ അതിരുകൾ നിർണ്ണയിക്കേണ്ടതു സംസ്ഥാനസർക്കാറുകളും പഞ്ചായത്തുകളും ചേർന്നാണെന്നു സമിതി അഭിപ്രായപ്പെട്ടു. സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങൾ ഇവയാണ്: (1) മണ്ടക്കൽ-പനത്തടി, (2) പൈതൽമല, (3) ബ്രഹ്മഗിരി-തിരുനെല്ലി, (4) പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, (5)കുറ്റ്യാടി-പെരിയ-കൽപ്പറ്റ, (6)നിലമ്പൂർ-മേപ്പാടി, (7)സൈലന്റ് വാലി, (8)മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, (9)നെല്ലിയാമ്പതി-പറമ്പിക്കുളം, (10) പീച്ചി-വാഴാനി, (11)പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, (12)മൂന്നാർ-ഇരവിക്കുളം-ചിന്നാർ, (13) ഏലമലക്കാടുകൾ, (14) പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, (15) കുളത്തൂപ്പുഴ -തെന്മല, (16) അഗസ്ത്യമല-നെയ്യാർ-പേപ്പാറ.[5] ഇവയെല്ലാം മുമ്പേയുള്ള ദേശീയോദ്യാനം, വന്യജീവിസങ്കേതം, ജൈവൈവിധ്യറിസർവുകൾ എന്നിവയ്ക്കു പുറമെയാണ്.
വികസനം[തിരുത്തുക]
വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാരയങ്ങളും സമിതി നിർദ്ദേശിച്ചു. ഇവയുടെ ചുരുക്കം താഴെക്കൊടുക്കുന്നു.[7]
- ജനിതകമാറ്റംവരുത്തിയ വിത്തുകൾ പാടില്ല.
- പ്ലാസ്റ്റിക് ഉപയോഗം മൂന്നുവർഷംകൊണ്ടു നിറുത്തണം.
- മേഖല 1 അഞ്ചുവർഷംകൊണ്ടും മേഖല 2 എട്ടുവർഷംകൊണ്ടും മേഖല 3 പത്തുവർഷംകൊണ്ടും ജൈവകൃഷിയിലേക്കു മാറണം.
- പ്രത്യേകസാമ്പത്തികമേഖലയോ പുതിയ ഹിൽസ്റ്റേഷനോ പാടില്ല.
- പൊതുഭൂമി സ്വകാര്യവത്കരിക്കാൻ പാടില്ല.
- മേഖല 1-ലും 2-ലും വനഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ പാടില്ല. കൃഷിഭൂമി, കൃഷിയൊഴികെയുള്ള ആവശ്യങ്ങൾക്കുപയോഗിക്കാൻപാടില്ല. മേഖല 3-ൽ പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, കൃഷിഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാം.
- പഞ്ചായത്തുതലത്തിലുള്ള വികേന്ദ്രീകൃതജലവിഭവപരിപാലനപദ്ധതികൾ ഉണ്ടാക്കണം.
- തനതു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന്, സാമ്പത്തികപ്രോത്സാഹാഹനം കൊടുക്കണം.
- ഏകവിളത്തോട്ടങ്ങൾ പാടില്ല.
- മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 2016-ഓടെ മേഖല 1-ലെ ഖനനം നിർത്തണം. നിയന്ത്രണവിധേയമായി മേഖല 2-ൽ ഇപ്പോഴുള്ള ഖനനവും മേഖല 3-ൽ പുതിയ ഖനനവും ആവാം.
- വികേന്ദ്രീകൃതസൗരോർജ്ജപദ്ധതികൾ തുടങ്ങുക.
- റോഡ് വികസനം പരിസ്ഥിതി ആഘാതപഠനങ്ങൾക്കുശേഷമേ ആകാവൂ. ഇവയിൽ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം.
- പരിസ്ഥതിക്കു കോട്ടംപറ്റാത്തരീതിയിലാകണം കെട്ടിടനിർമ്മാണം. സിമന്റ്, കമ്പി, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. എല്ലാമേഖലകളിലും മഴവെള്ളശേഖരണം, ആധുനിക ഊർജ്ജത്തിന്റെ ഉപയോഗം, മാലിന്യസംസ്കരണം എന്നിവയ്ക്കുള്ള സൗകര്യമുണ്ടായിരിക്കണം.
- പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്.
- വനാവകാശനിയമം കണക്കിലെടുത്ത്, കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസർവ് എന്ന സംവിധാനം നടപ്പാക്കുക.
- മേഖല 1-ൽ മണൽവാരലിനും പാറപൊട്ടിക്കലിനും പുതിയ അനുമതി നൽകരുത്.
- മേഖല 1-ലും 2-ലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ പുതുതായനുവദിക്കരുത്.
- മേഖല 1-ൽ പത്തു മെഗാവാട്ടിൽക്കുറഞ്ഞുള്ള ജലവൈദ്യുതപദ്ധതികളാവാം. വലിയ കാറ്റാടിപദ്ധതികൾ പാടില്ല. മേഖല 2-ൽ പതിനഞ്ചു മീറ്റർ കവിയാത്ത അണക്കെട്ടുകളാവാം. 10-25 മെഗാവാട്ടുവരെയുള്ള ജലവൈദ്യതപദ്ധതികളാവാം.
- കാലാവധികഴിഞ്ഞ ജലവൈദ്യുതപദ്ധതികൾ 30-50 വർഷമെടുത്ത് ഡീക്കമ്മീഷൻചെയ്യണം.
ഇവയ്ക്കുപുറമെ തനതു മൃഗങ്ങളെ വളർത്തുന്നവർക്ക് പരിരക്ഷണസേവനത്തിനുള്ള കൂലി (conservation service charge) നൽകണമെന്നും, കാവുകളും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിന് സഹായധനം കൊടുക്കണമെന്നും പരിസ്ഥിതിബോധവത്കരണപ്രവർത്തനങ്ങൾക്കായി സ്കൂളുകളിലെയും കോളേജുകളിലെയും പരിസ്ഥിതിക്ലബ്ബുകളുടെ സേവനം ഉപയുക്തമാക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു.[8] അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകൾ വേണ്ടയെന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണവിധേയമായേ ആകാവൂ എന്നുമുള്ള നിലപാടാണ് സമിതിയെടുത്തത്.
കസ്തൂരിരംഗൻസമിതി റിപ്പോർട്ട്[തിരുത്തുക]
മാധവ് ഗാഡ്ഗിൽസമിതിയുടെ ഈ റിപ്പോർട്ടു സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാനസർക്കാരുകളും കടുത്ത ആശങ്കയുന്നയിക്കുകയും വിവിധ രാഷ്ട്രീയകക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയുംചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽസമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകറിപ്പോർട്ട് സമർപ്പിക്കുകയെന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. [9] ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പ് എന്ന ഈ സമിതിയാണ്, കസ്തൂരിരംഗൻ കമ്മറ്റി എന്നറിയപ്പെടുന്നത്.
എന്നാൽ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽസമിതി ശുപാർശകളെ തത്ത്വത്തിലംഗീകരിക്കുന്ന നിലപാടാണ്, കസ്തൂരിരംഗൻസമിതിയും മുന്നോട്ടുവച്ചത്. എന്നാൽ സുപ്രധാനമായ ചില മേഖലകളിൽ കാതലായമാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ടമലനിരകളുടെ നാലിൽ മൂന്നുഭാഗവും പരിസ്ഥിതിദുർബലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പു രേഖപ്പെടുത്തി, പശ്ചിമഘട്ടമലനിരകളുടെ ഏകദേശം 37% ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരംഗൻസമിതി വിലയിരുത്തി. ഗാഡ്ഗിൽക്കമ്മറ്റി ശുപാർശചെയ്ത മൂന്നുതരം പരിസ്ഥിതിസംവേദകമേഖലകൾക്കുപകരം ഒറ്റമേഖലയെമാത്രം സംരക്ഷിക്കാനായിരുന്നു നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്തവനമേഖലകൾപോലും പൂർണ്ണമായി സംരക്ഷിക്കാൻ സമിതി ശുപാർശചെയ്യുന്നില്ല. ഉയർന്ന വനമേഖലയുൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒരു വില്ലേജുപോലും പരിസ്ഥിതിസംവേദകമേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതിപ്രവർത്തകരുടെ വിമർശനത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല, പൂർണ്ണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻ്റെ പട്ടികയിലില്ല. തലശ്ശേരി താലൂക്കിലെ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകൾമാത്രമാണ് പട്ടികയിലുള്ളത്. ഫലത്തിൽ ഗാഡ്ഗിൽസമിതി റിപ്പോർട്ടിൻ്റെ അന്തഃസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതിസംരക്ഷണത്തിനുള്ള മാർഗ്ഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാതെയുമാണ് ഈ റിപ്പോർട്ടു തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനസർക്കാരുകളുടെയും കുടിയേറ്റക്കാരുടെപേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പരിസ്ഥിതിസംവേദകമേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽസമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾതന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതിദുർബലപ്രദേശങ്ങളിൽ അനുവദിക്കുവാൻപാടില്ലെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ ഈ മേഖലയിലെ അമ്പതു വർഷത്തിനുമുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻസമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾനടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽസമിതി ശുപാർശയെ ഈ സമിതിയും പിന്താങ്ങിയെങ്കിലും പുതിയ പഠനറിപ്പോർട്ടുമായി, അംഗീകാരത്തിനായപേക്ഷിക്കണമെന്നു കേരള സർക്കാരിനോടു നിർദ്ദേശിക്കുകയുംചെയ്തു. കസ്തൂരിരംഗൻറിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ടസംരക്ഷണത്തിനായി ഗാഡ്ഗിൽക്കമ്മറ്റി റിപ്പോർട്ട് ചർച്ചചെയ്തു നടപ്പാക്കണമെന്നും കേരളത്തിലെ പ്രമുഖപരിസ്ഥിതിസംഘടനയായ കേരളശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനവാർഷികം, പ്രമേയത്തിലൂടെ സർക്കാരുകളോടാവശ്യപ്പെട്ടു. [10] [9]
വിവാദങ്ങൾ[തിരുത്തുക]
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ചൂടേറിയ രാഷ്ട്രീയവിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായി. ഗാഡ്ഗിൽ റിപ്പോർട്ട് ദീർഘനാളായിട്ടും വനം-പരിസ്ഥിതിമന്ത്രാലയം പ്രസിദ്ധീകരിക്കാഞ്ഞതും പിന്നീട് വിവരാവകാശനിയമത്തിലൂടെ റിപ്പോർട്ടു പുറത്തുകൊണ്ടുവരേണ്ടിവന്നതും വിവാദങ്ങൾക്കു തിരികൊളുത്തി.[11]
റിപ്പോർട്ടുകൾ നടപ്പാക്കിയാൽ ഭൂമിവിലയിൽ വൻമാറ്റങ്ങൾ സംഭവിക്കുമെന്നും വാദം വന്നു. ഭൂമിവില്പന അനുവദിച്ചാൽത്തന്നെ, അത്തരം ഭൂമിയുടെ വിലയിടിയുകയും വിദ്യാഭ്യാസവായ്പ ലഭിക്കുന്നതടക്കമുള്ളകാര്യങ്ങൾ പ്രശ്നത്തിലാകുകയുംചെയ്യുമെന്ന അഭിപ്രായമായിരുന്നു, ഈ വാദത്തിനുപിന്നിൽ.[12] പൊതുഭൂമി സ്വകാര്യവത്കരിക്കാൻപാടില്ലെന്ന ഗാഡ്ഗിൽസമിതിനിർദ്ദേശം ഭൂപുനർവിതരണത്തിന്റെ യുക്തിയ്ക്കെതിരാണന്നും അതുകോണ്ട്, അതു ഭൂരഹിതരുടെ ഉടമസ്ഥാവകാശത്തിനെതിരാണെന്നും വാദിക്കപ്പെട്ടു.[12] പഞ്ചായത്തുകൾക്ക്, നിർദ്ദേശങ്ങൾ ചർച്ചചെയ്യാമെന്നു ഗാഡ്ഗിൽ റിപ്പോർട്ട് നിർദ്ദേശിച്ചത് റിപ്പോർട്ട് അംഗീകരിക്കുന്നതിന് മുമ്പു നടക്കേണ്ടതാണെന്നും വാദിക്കപ്പെട്ടു.[12] ഗാഡ്ഗിൽ റിപ്പോർട്ടിനെപ്പോലെതന്നെ കസ്തൂരിരംഗൻ റിപ്പോർട്ടും മലയോരകർഷകരെ പരോക്ഷത്തിൽ കുടിയിറക്കാൻ സമ്മർദത്തിലാക്കുമെന്ന് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറഞ്ഞു. [13] ഗാഡ്ഗിൽസമിതിയിൽ "പരിസ്ഥിതി മൗലികവാദികൾ"മാത്രമാണുണ്ടായിരുന്നതെന്നും ഇടുക്കിപോലെയുള്ള ജില്ലകളിൽ കർഷകരോട്, കൂടിയാലോചനകളൊന്നുംതന്നെ സമിതി നടത്തിയിട്ടില്ലെന്ന തർക്കമായിരുന്നു, മറ്റൊന്ന്.[14] അതുപോലെ, കസ്‌തൂരിരംഗൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നതുപ്രകാരം കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോലമേഖലയാക്കിയാൽ അതു ഗാഡ്ഗിൽ റിപ്പോർട്ടിനെക്കാൾ അപകടമായിരിക്കുമെന്നും ഈ തർക്കത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടു.[15]റിപ്പോർട്ടുകൾ നടപ്പാക്കിയാൽ ആശുപത്രികൾ, പാൽ സംസ്കരണകേന്ദ്രങ്ങൾ, അറവുശാലകൾ എന്നീ റെഡ് കാറ്റഗറി വ്യവസായങ്ങൾ നിരോധിക്കപ്പെടുകയും ഭക്ഷ്യ-പച്ചക്കറി സംസ്കരണകേന്ദ്രങ്ങൾ, മാലിന്യസംസ്കരണം കാപ്പി സംസ്കരണം, പൾപ്പിങ്, ഹോട്ടലുകൾ തുടങ്ങിയ ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ കർശന നിയന്ത്രണത്തിലാകുകയുംചെയ്യുമെന്നുള്ളത്, റിപ്പോർട്ടുകളുടെ കർഷകവിരുദ്ധനിലപാട് കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.[15] റിപ്പോർട്ടുകൾ നടപ്പാക്കുന്നതിനെതിരെ സർക്കാരിനു ശക്തമായ താക്കീതുനൽകി, ഇടുക്കി രൂപത കുർബാനമധ്യേ ഇടയലേഖനം വായിച്ചു. കർഷകർക്കെതിരെയുള്ള പ്രവർത്തനങ്ങളെച്ചെറുക്കാൻ വിശ്വാസികളൊന്നിക്കണമെന്നും ഇടയലേഖനം പറഞ്ഞു. [16]
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായി കേരളത്തിലെ ഉമ്മൻ ചാണ്ടി സർക്കാരുന്നയിച്ച വിയോജിപ്പുകൾ ഇവയായായിരുന്നു:
- മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെയുള്ള ഭൂമിശാസ്ത്രം കണക്കിലെടുക്കാതെയാണ് അവസാനത്തെ രണ്ടും ഉൾക്കൊള്ളുന്ന പരിസ്ഥതിലോലമേഖലകൾ സമിതി നിർണ്ണയിച്ചത്.
- നിലവിലുള്ള നിയമങ്ങളാൽത്തന്നെ പശ്ചിമഘട്ടം പരിപാലിക്കപ്പെടുന്നുണ്ട്. പാനലിന്റെ നിർദ്ദേശാനുസരണം, പുതിയ നിയന്ത്രണങ്ങളടിച്ചേൽപ്പിക്കേണ്ട ആവശ്യം അതുകൊണ്ടുതന്നെ ഉണ്ടാകുന്നില്ല.
- മൊത്തം ഡാറ്റ പരിശോധിക്കാനോ പ്രണോബ് സെൻ കമ്മിറ്റി നിർദ്ദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും ഉൾക്കൊള്ളാനോ പാനലിന് സമയക്കുറവുമൂലം കഴിഞ്ഞില്ലെന്നും (ബോക്‌സ്: നാല്, സെക്ഷൻ 9.1, പേജ് 18) അതിരുകളുടെ കാര്യത്തിൽ അവധാനതയോടെയുള്ള പരിശോധനയ്ക്ക്, വേണ്ടത്രസമയം കിട്ടാത്തതിനാൽ തങ്ങൾ നിർദ്ദേശിച്ച അതിരുകളിൽ പശ്ചിമഘട്ട ഇക്കോളജി അതോറിറ്റി വീണ്ടും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും (പേജ് ഏഴ്) പാനൽ സമ്മതിക്കുന്നു".
- പശ്ചിമഘട്ടപരിസ്ഥിതി അതോറിറ്റി വന്നാൽ അതു നിലവിലുള്ള സംവിധാനങ്ങളെ മറികടക്കാൻ ശ്രമിക്കും.
- "ESZ 1-ൽ വരുന്നുവെന്നതിനാൽ ഈ പദ്ധതിക്ക് പാനൽ ശുപാർശ ചെയ്യുന്നില്ല. എന്നാൽ, വെറും 61.80 ഹെക്ടർ സ്ഥലത്തെ മരങ്ങൾമാത്രമേ പദ്ധതിവന്നാൽ നീക്കംചെയ്യേണ്ടതുള്ളൂ."[17]
റിപ്പോർട്ട് ജങ്ങൾക്കിടയിൽ ചർച്ചചെയ്യാനും സംശയങ്ങൾമാറ്റാനും സർക്കാരുകൾ മുൻകൈയെടുക്കുന്നില്ലെന്നും ശാസ്ത്രസാഹിത്യപരിഷത്തുപോലുള്ള പ്രസ്ഥാനങ്ങളിൽ സജീവരെങ്കിലും കേരളത്തിലെ ഇടതുപക്ഷ നേതാക്കൾപോലും പരിസ്ഥിതിവിരുദ്ധനിലപാടെടുക്കുന്നുവെന്നും മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.[18] കസ്തൂരിരംഗൻസമിതി റിപ്പോർട്ട് സമ്പന്നർക്കും ആഗോളീകരണത്തിനും കൂട്ടുനിൽക്കുന്നുവെന്നും നിയമരഹിത, തൊഴിൽരഹിത വികസനത്തെ പിന്തുണയ്ക്കുന്നുവെന്നും 'ദ ഹിന്ദു' ദിനപത്രത്തിൽ, മാധവ് ഗാഡ്ഗിൽ കസ്തൂരിരംഗനു തുറന്ന കത്തെഴുതി.[19] കസ്തൂരിരംഗൻറിപ്പോർട്ടിൽ പാരിസ്ഥിതികദുർബലത കണ്ടെത്താൻ ചുരുക്കംചില മാനദണ്ഡങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്നും അദ്ദേഹമഭിപ്രായപ്പെട്ടു.[20] ഗാഡ്ഗിൽസമിതിയിലെ അംഗമായ വി. എസ്. വിജയൻ റിപ്പോർട്ടിൽ കർഷകവിരുദ്ധമായി ഒന്നുമില്ലെന്നും മറിച്ച് ജൈവകൃഷിചെയ്യണമെന്നും അതിനായി സാമ്പത്തികസഹായം നൽകണമെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.[21] ഗാഡ്ഗിൽസമിതി നിർദ്ദേശിച്ച ഗ്രാമസഭകളെ ഉൾപ്പെടുത്തി പരിസ്ഥിതിലോലമേഖലകളുടെ അതിർത്തികൾ നിശ്ചയിക്കുന്ന പ്രക്രിയ കസ്തൂരിരംഗൻകമ്മിറ്റി അട്ടിമറിച്ചു എന്നതർക്കവും ഉയർന്നുവന്നു.[22] കാർഷികഅഭിവൃദ്ധിക്ക് പരിസ്ഥതി നൽകുന്ന സംരക്ഷണമാവശ്യമാണെന്നും കർഷകരുടെ ആശങ്കകൾക്കു മറുപടിയായി ചൂണ്ടിക്കാട്ടപ്പെട്ടു.[22] അതുപോലെ, വികേന്ദ്രീകൃതപ്രക്രിയയിലൂടെ ഒരു പ്രദേശത്തിന്റെ വികസനവഹനശേഷി, അല്ലെങ്കിൽ carrying capacity, മനസ്സിലാക്കിക്കൊണ്ടു വികസനം നടപ്പിലാക്കുന്ന നിർദ്ദേശങ്ങളാണു റിപ്പോർട്ടിലുള്ളതെന്നും വാദിക്കപ്പെട്ടു.[23] ജനിതകമാറ്റംവരുത്തിയ വിളകൾ നിരോധിക്കുന്നതും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതും കേർളസർക്കരിന്റെ നടപ്പുനിയമത്തിന്റെ ഭാഗമാണെന്നും ഗാഡ്ഗിൽറിപ്പോർട്ട് അതിൽ ഊന്നുകമാത്രമാണു ചെയ്യുന്നതെന്നും വിമർശങ്ങൾക്കു പ്രതികരണമുണ്ടായി.[24]
തുടർസംഭവങ്ങൾ[തിരുത്തുക]
2013 നവംബർ 13,16 തീയതികളിൽ കേന്ദ്രവന-പരിസ്ഥിതിമന്ത്രാലയം കസ്തൂരിരംഗൻറിപ്പോർട്ട് തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രസ്താവനയിറക്കി. ഇതിനുമുമ്പേതന്നെ, നവംബർ 8ന് റിപ്പോർട്ടുപഠിച്ച്, ജനാഭിപ്രായമാരായാനായി ഒരു വിദഗ്ദ്ധസമിതിയെ നിയമിച്ചിരുന്നു. അഭിപ്രായങ്ങൾ ശേഖരിച്ചശേഷം ഈ സമിതി കസ്തൂരിരംഗൻകമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതിലോലമേഖലകൾ അതേപേലെ അംഗീകരിക്കാൻകഴിയില്ലെന്നും അവയുടെ കൃത്യമായ അതിർത്തികൾ സർവ്വേനടത്തി നിശ്ചയിക്കണമെന്നും ശുപാർശചെയ്തു. ഇതുപ്രകാരം റവന്യൂവകുപ്പിന്റെ സഹകരണത്തോടെ, ബന്ധപ്പെട്ട പഞ്ചായത്തുകളിൽ സർവ്വേകൾനടന്നു. ഇതിന്റെ റിപ്പോർട്ട്, സംസ്ഥാനജൈവവൈവിദ്ധ്യബോർഡ് പ്രസിദ്ധീകരിച്ചു.[25]
ഗാഡ്ഗിൽറിപ്പോർട്ട് തള്ളിക്കളഞ്ഞിട്ടില്ലെന്നും വിമർശനങ്ങൾ കണക്കിലെടുത്ത്, ഏതു റിപ്പോർട്ടു നടപ്പാക്കണമെന്നു നിശ്ചയിക്കുമെന്നും ആഗസ്ത് 2016ൽ കേന്ദ്രവനംപരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ പറഞ്ഞു.[26] ആറുമാസത്തിനുള്ളിൽ അന്തിമവിജ്ഞാപനം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.[27]
പുറംകണ്ണികൾ[തിരുത്തുക]
- ഗാഡ്ഗിൽ സമിതി റിപ്പോർട്ട് (ഇംഗ്ലീഷ്) [1] Archived 2016-01-13 at the Wayback Machine.
- ഗാഡ്ഗിൽ സമിതി റിപ്പോർട്ട് (മലയാളം) [2] Archived 2016-01-18 at the Wayback Machine.
- കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് (ഇംഗ്ലീഷ്) [3] Archived 2016-10-20 at the Wayback Machine.
- കേരളസർക്കാർ നിയമിച്ച വിദഗ്ദ്ധസമിതിയുടെ നിർദ്ദേശങ്ങളും പരിസ്ഥിതിലോല റവന്യൂവില്ലേജുകളുടെ അതിർത്തിനിശ്ചയിച്ചുള്ള ഭൂപടങ്ങളും [4]
അവലംബം[തിരുത്തുക]
- ↑ മാധവ് ഗാഡ്ഗിൽ (2013 മെയ് 03). "സംഭാഷണം: എന്റെ ഉത്കണ്ഠ മനുഷ്യനെക്കുറിച്ചുതന്നെ" (PDF). മലയാളം വാരിക. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 07.
{{cite news}}
: Check date values in:|accessdate=
and|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ ശാസ്ത്രഗതി മാസിക, ഒക്ടോബർ 2012
- ↑ ദിപേഷ് കരിമ്പുങ്കര (2013 ജൂൺ 14). "സംഭാഷണം : മലയാളിയുടെ ജീവിതം പശ്ചിമഘട്ടം തീരുമാനിക്കുന്നു" (PDF). മലയാളം വാരിക. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 4.0 4.1 വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ റിപ്പോർട്ട് - പരിസ്ഥിതി മന്ത്രാലയം വെബ്സൈറ്റ് (PDF), 2011, ശേഖരിച്ചത് 2012 ഡിസംബർ 21
{{citation}}
: Check date values in:|accessdate=
(help) - ↑ 5.0 5.1 5.2 5.3 ഗാഡ്ഗിൽ സമിതി (2013). പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി റിപ്പോർട്ട് (PDF) (ഓന്നാമത് പതിപ്പ്.). തൃശ്ശൂർ: കേരളശാസ്ത്രസാഹിത്യപരിഷത്ത്. മൂലതാളിൽ (PDF) നിന്നും 2016-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഓഗസ്റ്റ് 2016.
- ↑ 6.0 6.1 വിജയൻ, വി. എസ്.; ശ്രീജിത്ത്, കെ. (2014). "ഇതു ജനങ്ങൾക്കുവേണ്ടിയുള്ള റിപ്പോർട്ടാണ്". എന്നതിൽ സി. മോഹൻ, മനില (സംശോധാവ്.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ടസംരക്ഷണവും. കോഴിക്കോട്: മാതൃഭൂമി ബുക്സ്. പുറങ്ങൾ. 60–85.
{{cite book}}
:|access-date=
requires|url=
(help) - ↑ വിജയൻ, വി. എസ്. (2014). "ഒരുതുള്ളി വെള്ളം, ഒരില, ഒരുതരി മണ്ണ്". എന്നതിൽ സി. മോഹൻ, മനില (സംശോധാവ്.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും (ഒന്നാം പതിപ്പ്.). കോഴിക്കോട്: മാതൃഭൂമി ബുക്സ്. പുറങ്ങൾ. 51–59.
{{cite book}}
:|access-date=
requires|url=
(help) - ↑ ഉണ്ണികൃഷ്ണൻ, ഇ. (2014). "ശാസ്ത്രത്തിന്റെ പ്രായശ്ചിത്തം". എന്നതിൽ സി. മോഹൻ, മനില (സംശോധാവ്.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ടസംരക്ഷണവും (ഒന്നാം പതിപ്പ്.). കോഴിക്കോട്: മാതൃഭൂമി ബുക്സ്. പുറങ്ങൾ. 41–50.
{{cite book}}
:|access-date=
requires|url=
(help) - ↑ 9.0 9.1 37% ഓഫ് വെസ്റ്റേൺ ഘട്ട് ഇക്കോളജി സെൻസിറ്റീവ്: കസ്തൂരി പാനൽ റിപ്പോർട്ട് - ടൈംസ് ഓഫ് ഇന്ത്യ, മൂലതാളിൽ നിന്നും 2013-11-14-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2013 ഏപ്രിൽ 21
{{citation}}
: Check date values in:|accessdate=
(help) - ↑ കസ്തൂരി രംഗൻസമതി സർക്കാരിന് റിപ്പോർട്ട് നൽകി - റിപ്പോർട്ടർ ഓൺലൈൻ, 16 ഏപ്രിൽ 2013, ശേഖരിച്ചത് 2013 ഏപ്രിൽ 21
{{citation}}
: Check date values in:|accessdate=
(help) - ↑ സജീവ്, ടി. വി. (2013). "ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഒരു രാഷ്ട്രീയരേഖയാണ്". എന്നതിൽ പ്രസാദ്, എം. കെ.; വാസുദേവൻ, ഹരീഷ് (സംശോധകർ.). പശ്ചിമഘട്ടം: ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥാർത്ഥ്യവും (മൂന്നാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 37–41.
{{cite book}}
:|access-date=
requires|url=
(help) - ↑ 12.0 12.1 12.2 ശ്രീകുമാർ, ടി. ടി. (2014). "മലയോരനിവാസികളോട് ഐക്യപ്പെടുക". എന്നതിൽ പ്രസാദ്, എം. കെ.; വാസുദേവൻ, ഹരീഷ് (സംശോധകർ.). പശ്ചിമഘട്ടം: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പൊർട്ടുകളും യാഥാർത്ഥ്യവും (മൂന്നാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 96–104.
{{cite book}}
:|access-date=
requires|url=
(help) - ↑ പൈകട, ഫാ. അലക്സാണ്ട്ർ (18 നവംബർ 2013). "മുഖപ്രസംഗം: പ്രകൃതിയെ രക്ഷിക്കണം, ഒപ്പം കർഷകരെയും". ദീപിക. ശേഖരിച്ചത് 29 ഓഗസ്റ്റ് 2016.
- ↑ ഹൈറേഞ്ച് സംരക്ഷണ സമിതി (2013). "മലയോര ജീവിതം വഴിമുട്ടും". എന്നതിൽ പ്രസാദ്, എം. കെ.; വാസുദേവൻ, ഹരീഷ് (സംശോധകർ.). പശ്ചിമഘട്ടം: ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥർത്ഥ്യവും (മൂന്നാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 105–112.
- ↑ 15.0 15.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;മലയോര ജീവിതം വഴിമുട്ടും
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ഗാഡ്ഗിൽ-കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ടുകൾക്കെതിരെ ഇടയലേഖനം". ജന്മഭൂമി. 10 നവംബർ 2013. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാധവ് ഗാഡ്ഗിൽ കമ്മിറ്റി: സംസ്ഥാന സർക്കാർ നിലപാടിന്റെ പൂർണ്ണരൂപം". കെവാർത്ത. 2012. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.
{{cite web}}
: soft hyphen character in|title=
at position 36 (help) - ↑ ഗാഡ്ഗിൽ, മാധവ്; സൂര്യൻ, സതീശ് (2013). പ്രസാദ്, എം.കെ; വാസുദേവൻ, ഹരീഷ് (സംശോധകർ.). പശ്ചിമഘട്ടം: ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥർത്ഥ്യവും (മൂന്നാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 130–135.
{{cite book}}
:|access-date=
requires|url=
(help) - ↑ Gadgil, Madhav (18 May 2013). "Shocking Betrayal on Western Ghats". The Hindu. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.
- ↑ ഗാഡ്ഗിൽ, മാധവ്; നെറോന, ലിജിയ (2013). "സംരക്ഷണമോ ധൂർത്തോ, എന്താണു വേണ്ടത്". എന്നതിൽ വാസുദേവൻ, ഹരീഷ് (സംശോധാവ്.). പശ്ചിമഘട്ടം: ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥാർത്ഥ്യവും (മൂന്നാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 42–46.
{{cite book}}
:|access-date=
requires|url=
(help) - ↑ കരിമ്പുങ്കര, ദീപേഷ്; വിജയൻ, വി. എസ്. (2013). "മലയാളിയുടെ ജീവിതം പശ്ചിമഘട്ടം തീരുമാനിക്കുന്നു". എന്നതിൽ പ്രസാദ്, ഹരീഷ്; വാസുദേവൻ (സംശോധകർ.). പശ്ചിമഘട്ടം: ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥാർത്ഥ്യവും (മൂന്നാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 136–148.
{{cite book}}
:|access-date=
requires|url=
(help) - ↑ 22.0 22.1 ലത, എ. (2013). "കസ്തൂരിരംഗൻ പശ്ചിമഘട്ടത്തെ ഇല്ലാതാക്കും". എന്നതിൽ പ്രസാദ്, എം. കെ; വാസുദേവൻ, ഹരീഷ് (സംശോധകർ.). പശ്ചിമഘട്ടം: ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥർത്ഥ്യവും (മൂനാം പതിപ്പ്.). കോട്ടയം: ഡി. സി. ബുക്സ്. പുറങ്ങൾ. 47–58.
{{cite book}}
:|access-date=
requires|url=
(help) - ↑ എ., ലത (2014). "കാവൽമലയെ കാത്തിടാൻ". എന്നതിൽ സി. മോഹൻ, മനില (സംശോധാവ്.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും. കോഴിക്കോട്: മാതൃഭൂമി ബുക്സ്. പുറം. 89.
- ↑ എ., അച്യുതൻ (2014). "ഗാഡ്ഗിൽ റിപ്പോർട്ട്: വിമർശനങ്ങൾക്ക് മറുപടിയുണ്ട്". എന്നതിൽ സി. മോഹൻ, മനില (സംശോധാവ്.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ടസംരക്ഷണവും. കോഴിക്കോട്: മാതൃഭൂമി ബുക്സ്. പുറം. 141.
- ↑ "Cadastral Map Details of 119 ESA Villages of Kerala State to HLWG" (PDF). Kerala Biodiversity Board. ശേഖരിച്ചത് 20 സെപ്റ്റംബർ 2016.
- ↑ പൂനത്ത്, ജിനേഷ് (12 ഓഗസ്റ്റ് 2016). "വീണ്ടും ഗാഡ്ഗിൽ". മംഗളം. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.
- ↑ ബന്ന, ഹസനുൽ (11 ഓഗസ്റ്റ് 2016). "പശ്ചിമഘട്ടസംരക്ഷണം: ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കും". മാധ്യമം ദിനപത്രം. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.