ഗസ്‌നിയിലെ മുഹമ്മദ്
മുഹമ്മദ് ബിൻ മഹമൂദ് (ഗസ്‌നിയിലെ മുഹമ്മദ്) | |
---|---|
Gold dinar minted in Ghazna dated 419 AH (1028/9 CE). | |
1st Reign | 1030 – 1030 |
മുൻഗാമി | Mahmud of Ghazni |
പിൻഗാമി | Mas'ud I of Ghazni |
2nd Reign | 1040 – 1041[1] |
മുൻഗാമി | Mas'ud I of Ghazni |
പിൻഗാമി | Mawdud of Ghazni |
മക്കൾ | |
'Abd al-Rahman Ahmad | |
പേര് | |
Muhammad bin Mahmud | |
പിതാവ് | Mahmud of Ghazni |
കബറിടം | Ghazni |
മതം | Sunni Islam |
ഗസ്‌നിയിലെ മുഹമ്മദ് (പേർഷ്യൻ: محمد غزنوی) (ബി. 998 - ഡി. 1041) 1030-ലും പിന്നീട് 1040 മുതൽ 1041 വരെയുമായി രണ്ടു കാലഘട്ടങ്ങളിലായി ഗസ്‌നവി സാമ്രാജ്യം ഭരിച്ചിരുന്ന സുൽത്താനായിരുന്നു. 1030 ൽ പിതാവ് മഹ്മൂദ് ഗസ്നിയുടെ മരണശേഷം അദ്ദേഹം ആദ്യമായി സിംഹാസനാരോഹണം നടത്തി. മുൻ ഭരണാധികാരിയുടെ ഇരട്ടക്കുട്ടികളിൽ അദ്ദേഹം ഇളയവനായിരുന്നു. ഈ സാഹചര്യം ഒരു ആഭ്യന്തര കലഹത്തിലാണ് കലാശിച്ചത്.[2] ഏകദേശം അഞ്ച് മാസക്കാലം നീണ്ടുനിന്ന അദ്ദേഹത്തിൻറെ ഭരണം ഇരട്ട സഹോദരനായ മസൂദ് ഒന്നാമൻ അദ്ദേഹത്തെ അട്ടിമറിച്ചതോടെ അവസാനിച്ചതിനേത്തർന്ന് അന്ധനാക്കപ്പെട്ട അദ്ദേഹം തടവിലാക്കപ്പെടുകയും ചെയ്തു. ഒമ്പത് വർഷത്തിന് ശേഷം, അദ്ദേഹത്തിന്റെ ഭാഗിനേയൻ മൗദൂദിനാൽ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ഒരു വർഷക്കാലത്തേയ്ക്ക് അദ്ദേഹത്തിൻറെ ഭരണം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. ചരിത്രകാരനായിരുന്ന ഫെരിഷ്ത പറയുന്നതനുസരിച്ച്, മസൂദ് ഒന്നാമന്റെ ഉത്തരവനുസരിച്ച് അന്ധനാവുകയും തടവിലാകുകയും ചെയ്യപ്പെടുന്നതിന് മുമ്പ് വെറും 50 ദിവസം മാത്രമാണ് അദ്ദേഹത്തിന്റെ ഭരണകാലം നീണ്ടുനിന്നത്. അദ്ദേഹത്തിൻറെ രണ്ടാം സ്ഥാനാരോഹണത്തിന് ഒരു വർഷത്തിനുശേഷം നൻഗ്രാഹറിൽ നടന്ന യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഭാഗിനേയൻ മൗദൂദ് അദ്ദേഹത്തെ വധിച്ചു.
ജീവിതരേഖ
[തിരുത്തുക]998-ൽ ഗസ്‌നാവിദ് തലസ്ഥാനമായ ഗസ്‌നിയിൽ മൂത്ത ഇരട്ട സഹോദരൻ മസൂദിനൊപ്പം മുഹമ്മദ് ജനിച്ചു. ഏകദേശം 1008 ൽ, അദ്ദേഹം ഫാരിഗൂനിദ് ഭരണാധികാരി അബുൽ-നാസർ മുഹമ്മദിന്റെ മകളെ വിവാഹം കഴിച്ചു. അബുൽ-നാസർ മുഹമ്മദിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം, മൊഹമ്മദിനെ അദ്ദേഹത്തിന്റെ പിതാവ് ഗുസ്ഗാനിലെ ഗവർണറായി നിയമിച്ചുകൊണ്ട് ഗുസ്ഗനിലെ പ്രാദേശിക ഫാരിഗൂനിദ് രാജവംശം അവസാനിപ്പിച്ചു.
1030-ൽ, ഗസ്നിയിലെ മഹ്മൂദ്, തന്റെ അനന്തരാവകാശി മസ്ഊദുമായുള്ള മോശം ബന്ധം കാരണം, മുൻ തീരുമാനം മാറ്റുകയും മസ്ഊദിനേക്കാൾ സർക്കാർ, സൈനിക കാര്യങ്ങളിൽ അനുഭവപരിചയം കുറവായ ഇരട്ടകളിൽ ഇളയ മൊഹമ്മദിനെ തന്റെ അനന്തരാവകാശിയായി നിയമിച്ചു.[3] പിതാവായ ഗസ്നിയിലെ മഹ്മൂദ് താമസിയാതെ മരിച്ചതോടെ മുഹമ്മദ് അദ്ദേഹത്തിൻറെ പിൻഗാമിയാകുകയും, തുടർന്ന് അബു സഹൽ ഹംദുവിയെ വസീറായി നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ സമയത്ത്, സംസ്ഥാനത്തിന്റെ അധികാരത്തിൽ വലിയൊരു ഭാഗം സംസ്ഥാന ഭരണം നന്നായി നിർവ്വഹിച്ചിരുന്ന മുൻ വിസിയർ ഹസനക് മിക്കാലിയുടെയും സൈനികോദ്യോഗസ്ഥനായിരുന്ന അലി ഇബ്‌ൻ ഇൽ-അർസ്‌ലന്റെയും കയ്യിലായിരുന്നു.
താമസിയാതെ മുഹമ്മദ് തന്റെ അമ്മാവൻ യൂസുഫ് ഇബ്ൻ സബുക്ക്തിഗിനെ സർവ്വസൈന്യാധിപനായി നിയമിച്ചു. മുഹമ്മദിന് യഥാർത്ഥ ശക്തി ഇല്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സാമ്രാജ്യം അഭിവൃദ്ധി പ്രാപിച്ചു.[4] എന്നിരുന്നാലും, താമസിയാതെ, മുഹമ്മദിന്റെ അടിമ സൈന്യം (ഗുലാം) അബുൽ-നജ്ം അയാസിന്റെ കീഴിൽ ഇതിനകം പടിഞ്ഞാറൻ ഇറാനിലെ സൈനിക പ്രവർത്തനങ്ങളിലൂടെ വലിയ പ്രശസ്തി നേടിയെടുത്ത മുഹമ്മദിന്റെ സഹോദരൻ മസ്ഊദിലേയ്ക്ക് പരസ്യമായി കൂറു മാറ്റം നടത്തി.[3] അലി ദയയെപ്പോലുള്ള മറ്റ് സൈനിക ഉദ്യോഗസ്ഥരും അയാസിനൊപ്പം ചേർന്നു.[3] കലാപം അടിച്ചമർത്താൻ മുഹമ്മദ് തന്റെ ജനറൽ സുവേന്ദരായയുടെ കീഴിൽ ഒരു സൈന്യത്തെ അയച്ചുവെങ്കിലും കലാപകാരികൾ ഒടുവിൽ വിജയിക്കുകയും സുവേന്ദരെയെ വധിക്കുകയും ചെയ്തു. വിജയിച്ച വിമതർ പിന്നീട് നിഷാപൂരിലുള്ള മസ്ഊദിനടുത്തേയ്ക്ക് പോയി. ഒടുവിൽ, യൂസഫ് ഇബ്‌ൻ സബുക്കിഗിനും അലി ഇബ്‌ൻ ഇൽ-അർസ്‌ലാനും മറ്റ് ഗസ്‌നാവിദ് സൈന്യവും മസൂദിനൊപ്പം ചേർന്നു.[3] മസൂദ് പിന്നീട് ഗസ്‌നിയിലേക്ക് നീങ്ങി അവിടെ സുൽത്താൻ മുഹമ്മദിനെ പരാജയപ്പെടുത്തി തടവിലാക്കുകയും ഗസ്‌നാവിദ് സാമ്രാജ്യത്തിന്റെ പുതിയ സുൽത്താനായി സ്വയം കിരീടധാരണം നടത്തുകയും ചെയ്തു.[4]
ചരിത്രകാരനായിരുന്ന ഫെറിഷ്ത പറയുന്നതനുസരിച്ച്, മുഹമ്മദും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ മസ്ഊദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അപ്പോഴേക്കും വഷളായിരുന്നു. ഒടുവിൽ മസ്ഊദിനെ ആക്രമിക്കാൻ മുഹമ്മദ് ഒരു സൈന്യത്തെ തയ്യാറാക്കി. "നകിയ-അബാദ്/നക്ബത്ത്-അബാദ്" എന്ന സ്ഥലത്ത് അദ്ദേഹം തന്റെ സൈന്യത്തോടൊപ്പം ഒരു മാസക്കാലം പാളയമടിച്ചുവെങ്കിലും അവിടെ അദ്ദേഹത്തിന്റെ മിക്ക നേതാക്കളും സൈന്യവും അദ്ദേഹത്തിനെതിരെ കലാപം അഴിച്ചുവിട്ടു. അവർ മുഹമ്മദിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചുകൊണ്ട് മസ്ഊദിനെ അവരുടെ പുതിയ നേതാവായി സ്വാഗതം ചെയ്തു.
പിൽക്കാലത്ത്, സെൽജൂക്കുകൾ ഗസ്‌നാവിദ് സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കീഴടക്കിയപ്പോൾ, ഗസ്‌നാവിദ് സൈനികർക്കിടയിലുണ്ടായ ഒരു കലാപം മുഹമ്മദിനെ വീണ്ടും സിംഹാസനത്തിലെത്തിക്കുകയും സഹോദരൻ മസ്ഊദ് തടവിലാക്കപ്പെടുകയും ചെയ്തു. സുലൈമാൻ ഇബ്‌നു യൂസഫുമായി സഖ്യമുണ്ടാക്കിയ മകൻ അഹമ്മദിനെ അദ്ദേഹം സ്ഥാനക്കയറ്റം കൊടുക്കുകയും, അയാൾക്ക് യഥാർത്ഥ ദൈനംദിന ഭരണം നടത്തുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു. മസ്ഊദ് ഒന്നാമനെ തടവിലാക്കി വധിച്ചതിന് പിന്നിൽ ഇവരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പിതാവിന്റെ കൊലപാതകം ഇന്ത്യയിലെ മസ്ഊദിന്റെ മുൻ പടത്തലവൻറെ മക്കൾ ചെയ്ത പ്രതികാര നടപടിയാണെന്ന് വിശദീകരിച്ചുകൊണ്ട് തുഖാരിസ്ഥാനിലെ മസ്ഊദിന്റെ മകനായ മൗദൂദിന് മുഹമ്മദ് ഒരു സന്ദേശം അയച്ചു.[5] പിതാവിന്റെ കൊലപാതകവിവരം അറിഞ്ഞപ്പോൾ, മൗദൂദ് തന്റെ സൈന്യത്തെ ഗസ്‌നിയിലേക്ക് നയിച്ചു.[6] മൗദൂദിന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മുഹമ്മദ് തന്റെ സൈന്യവുമായി പലായനം ചെയ്തതോടെ ഗസ്നി നഷ്ടപ്പെട്ടു.[6] ഗസ്‌നിയിൽ പ്രവേശിച്ച മൗദൂദ്[6] തുടർന്ന് 1041 മാർച്ച് 19 ന് നൻഗ്രാർ പ്രവിശ്യയിൽ വെച്ച് മുഹമ്മദിന്റെ സൈന്യവുമായി ഏറ്റുമുട്ടി.[7] മുഹമ്മദിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയ മൗദൂദ് വ്യക്തിപരമായി ആക്രമണത്തിന് നേതൃത്വം നൽകുകയും അതിനുശേഷം, മുഹമ്മദിനെയും കുടുംബത്തെയും വധിക്കുകയും ചെയ്തു.[8]
അവലംബം
[തിരുത്തുക]- ↑ Bosworth 1996, പുറം. 296.
- ↑ Bosworth 1985.
- ↑ 3.0 3.1 3.2 3.3 Bosworth 1975, പുറം. 187.
- ↑ 4.0 4.1 Bosworth 2011, പുറം. 101.
- ↑ Bosworth 1995, പുറം. 20.
- ↑ 6.0 6.1 6.2 Bosworth 1995, പുറം. 22.
- ↑ Bosworth 1995, പുറം. 23.
- ↑ Bosworth 1995, പുറം. 23-24.