ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ, ഒതുക്കുങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി എച്ച് എച്ച് എസ് ഒതുക്കുങ്ങലിന്റെ ഹയർ സെക്കന്ററി കെട്ടിടം

മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഈ ഏക ഹയർ സെക്കന്ററി വിദ്യാലയം 1968ലാണ് സ്ഥാപിക്കപ്പെട്ടത്.അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മലപ്പുറം,കോട്ടക്കൽ പട്ടണങ്ങളിലേയ്ക്ക് ദൂരയാത്ര നടത്തേണ്ടിയിരുന്ന നീണ്ടകാലത്തെ ദുര്യോഗത്തിനാണ് ആ വർഷത്തോടെ അറുതിയായത്.പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുകൊടുത്ത മൂന്നേക്കർ സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം നിൽക്കുന്നത്. നാട്ടിൽ ഹൈസ്കൂൾ യാഥാർഥ്യമായിട്ടും കുറഞ്ഞ എണ്ണം കുട്ടികളേ പ്രഥമ ബാച്ചിൽ എട്ടാംതരത്തിൽ ആദ്യം പഠനത്തിനെത്തിയുള്ളൂ.പ്രൈമറി പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഏറെക്കാലമായുള്ള ഇന്നാട്ടിലെ ശീലമായിരുന്നു ഇതിന് കാരണം.സ്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായെത്തിയ നാട്ടുകാരൻ കൂടിയായ കാരി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ തത്പരരായ ഒരുസംഘം പേർ വീടുകയറി കാമ്പയിൻ നടത്തിയാണ് കുട്ടികളുടെ എണ്ണം കൂട്ടിയത്.മടിച്ചുനിന്നവരെ,പഠനോപകരണങ്ങൾ ഓഫർ ചെയ്തു വരെ,സ്കൂളിലെത്തിക്കാൻ ശ്രമമുണ്ടായി.ഒടുവിൽ മൂന്ന് ഡിവിഷനുകളിലായി 108കുട്ടികളുമായാണ് എട്ടിലെ ആദ്യബാച്ച് ആരംഭിക്കാനായി. 1968ജനുവരി 6ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന ഈ കലാലയം നാടിന് സമർപ്പിച്ചത്.നാല് ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം.


എൺപതുകളുടെ തുടക്കത്തിൽ ഇവിടെ പ്രധാനാധ്യാപകനായെത്തിയ എസ്.എം.ഷാ മുൻകൈയെടുത്ത് നടത്തിയ മാതൃകാപരമായ പരിശ്രമങ്ങൾ സ്കൂളിനെ വിജയപാതയിലേയ്ക്ക് കൊണ്ടുവരാൻ സഹായകമായി. സ്കൂൾ ഷിഫ്‌റ്റ് സമ്പ്രദായത്തിലാണ് ഏറെക്കാലം പ്രവർത്തിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത്,എം.എൽ.എ,എം.പി ഫണ്ടുകളിൽ കെട്ടിടങ്ങളായി. 2005ൽ സ്‍കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഒമ്പത് ബാച്ചുകളുണ്ട്. ഹയർ സെക്കന്ററിക്ക് മാത്രമായി മൂന്നു നിലയുള്ള കെട്ടിടമുണ്ട്. ഹൈസ്കൂളിന് പുതിയ ഹൈടെക്ക് കെട്ടിടവും നിർമ്മിക്കപ്പെട്ടു. നിലവിൽ ഒര ഓ‍ഡിറ്റോറിയം, അടൽ ടിങ്കറിങ്ങ് ലാബ് എന്നിവ നിർമ്മാണത്തിന്റെെ അന്തിമ ഘട്ടത്തിലാണ്.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

ജി എച്ച് എച്ച് എസ് ഒതുക്കുങ്ങൽ ഹൈസ്‍കൂളിന്റെ പുതിയ ഹൈടെക്ക് കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനെട്ട് ക്ലാസ്റൂം ഇപ്പോൾ ഹൈടെക്കായി മാറിയിട്ടുണ്ട്.