ഗള്ളിവേഴ്സ് ട്രാവൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗളിവറുടെ യാത്രകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗള്ളിവറുടെ യാത്രകൾ, ആദ്യപതിപ്പിന്റെ പുറംചട്ട

ആംഗല-ഐറിഷ് സാഹിത്യകാരനായ ജോനഥൻ സ്വിഫ്റ്റിന്റെ മുഖ്യരചനയാണ് ഗള്ളിവേഴ്സ് ട്രാവൽസ് അല്ലെങ്കിൽ "ഗള്ളിവറുടെ യാത്രകൾ". 1726-ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ലെമുവേൽ ഗള്ളിവർ എന്ന സാങ്കല്പികവ്യക്തിയുടെ സാഹസയാത്രകളുടെ കഥയാണിത്. ഗള്ളിവറുടെ നാലു യാത്രകളുടെ വിവരണമായി, നാലു ഭാഗങ്ങൾ അടങ്ങിയതാണ് ഈ രചന. സംശോധിതരൂപത്തിൽ ബാലസാഹിത്യമെന്ന നിലയിൽ അച്ചടിക്കപ്പെടാറുണ്ടെങ്കിലും ഈ കൃതി, പതിനെട്ടാം നൂറ്റാണ്ടിലെ സമൂഹസ്ഥിതിയുടെ നിശിതമായ പരിഹാസമാണ്.[1]

ഗള്ളിവർ ലില്ലിപ്പുട്ടിൽ[തിരുത്തുക]

ലില്ലിപ്പുട്ടിലെ മനുഷ്യർക്കിടയിൽ ഗള്ളിവർ

കൃതിയുടെ ആദ്യഭാഗം ചെറിയമനുഷ്യരുടെ നാടായ ലില്ലിപ്പുട്ടിലെ യാത്രയുടെ കഥയാണ്. ആ നാട്ടിലെ മനുഷ്യർ ആറിഞ്ചു മാത്രം ഉയരമുള്ളവരായിരുന്നു. അവർക്കു മുൻപിൽ ഗള്ളിവർ ഭീമാകാരനായി കാണപ്പെട്ടു. ഈ ചെറുമനുഷ്യരുടെ ക്ഷുദ്രകലഹങ്ങളിൽ ഗള്ളിവർ മനുഷ്യരാശിയുടെ നിസ്സാരത ചിത്രീകരിക്കുന്നു. ലില്ലിപ്പുട്ടിലെ രാജനീതിയിൽ രണ്ടു കക്ഷികൾ ഉണ്ടായിരുന്നു. ചെരിപ്പുമടമ്പിന്റെ ഉയരത്തിലായിരുന്നു അവർ തമ്മിലുള്ള അന്തരം. ഒരു കക്ഷിയിൽ പെട്ടവർ ഉയർന്ന മടമ്പുള്ള ചെരിപ്പിട്ടപ്പോൾ എതിർകക്ഷിക്കാരുടെ ചെരിപ്പു മടമ്പിന് ഉയരമില്ലായിരുന്നു. "വൻതുമ്പന്മാർ" (Big endinans), "ചെറുതുമ്പന്മാർ" (Little endians) എന്നിങ്ങനെ മതപരമായും അവർക്കിടയിൽ രണ്ടു ചേരികൾ ഉണ്ടായിരുന്നു. മുട്ട തിന്നുമ്പോൾ, ഏതറ്റത്തു നിന്ന് തോടുപൊളിച്ചു തുടങ്ങണം എന്ന വിഷയത്തിലായിരുന്നു അവരുടെ ഭിന്നത. പൊളിക്കേണ്ടത് കൂർപ്പു കുറഞ്ഞ വലിയ അറ്റത്തു നിന്നാണെന്ന് വൻതുമ്പന്മാരും, കൂർത്ത ചെറിയ അറ്റത്തു നിന്നാണെന്ന് ചെറുതുമ്പന്മാരും വിശ്വസിച്ചു. ഈ വിശ്വാസഭേദത്തിന്റെ പേരിൽ അവർക്കിടയിൽ വലിയ വൈരം നിലനിന്നിരുന്നു.

ബ്രോബ്ഡിങ്ങ്നാഗിൽ[തിരുത്തുക]

പിന്നീടെത്തിയ ബ്രോബ്ഡിങ്ങ്നാഗിലെ അറുപതടി ഉയരമുള്ള മനുഷ്യഭീമന്മാർ ഗള്ളിവർക്ക് മനുഷ്യസ്വഭാവത്തിന്റെ മറ്റൊരു പരിപ്രേഷ്യമായി. ആ നാട്ടിലെ കാര്യങ്ങളെല്ലാം ഈ വലിപ്പവ്യത്യാസത്തിന്റെ തോതിനിണങ്ങും വിധമായിരുന്നു. അവിടത്തെ രാജാവ് ഗള്ളിവറെ ഒരു കീടമായി കരുതി. യൂറോപ്പ് അദ്ദേഹത്തിന് ഒരു ചിതൽപ്പുറ്റായിരുന്നു. സ്വന്തം നാട്ടിലെ ആളുകളുടെ നേട്ടങ്ങളേയും യുദ്ധങ്ങളേയും കുറിച്ചു ഗള്ളിവർ വമ്പു പറഞ്ഞപ്പോൾ, ഇത്ര ചെറിയ കൃമികൾക്കുള്ളിൽ ഇത്രയധികം വിഷം എങ്ങനെ ഉണ്ടാകുമെന്ന് ഭീമന്മാർ അത്ഭുതപ്പെട്ടു.

ലപ്പൂട്ടായിലും മറ്റും[തിരുത്തുക]

ഒഴുകിനടക്കുന്ന ആകാശദ്വീപായ ലപ്പൂട്ടാ

ആകാശത്തു പറന്നുനടന്നിരുന്ന ലപ്പൂട്ടാ എന്ന ദ്വീപിലും മറ്റുമായിരുന്നു ഗള്ളിവറുടെ അടുത്ത യാത്ര. ശാസ്ത്രജ്ഞന്മാരും, പണ്ഡിതന്മാരും, കണ്ടുപിടിത്തക്കാരും, പ്രൊഫസർമാരും, ദാർശനികരും മറ്റുമായിരുന്നു ആ നാട്ടിലെ പ്രധാനികൾ. പ്രായോഗികജീവിതവുമായി ബന്ധമില്ലാത്ത ഗണിത, ജ്യോതിശാസ്ത്ര, സാങ്കേതികസമസ്യകളിലായിരുന്നു അവർക്ക് താത്പര്യം. ലാപ്പൂട്ടായുടെ ഭരണത്തിൽ കീഴിലുള്ള ലഗാഡോ നഗരത്തിലെ അക്കാദമി പേരെടുത്തതായിരുന്നു. വെള്ളരിക്കയിൽ നിന്നു സൂര്യപ്രകാശം വേർതിരിച്ചെടുക്കാനും മറ്റുമായി അവിടത്തെ ഗവേഷകർ കഠിനാദ്ധ്വാനം ചെയ്തു. ഈ യാത്രയിൽ ഗള്ളിവർ ലഗ്ഗ്‌നാഗ് എന്ന നാട്ടിലും എത്തുന്നുണ്ട്. ഒന്നും ആശിക്കാനില്ലെങ്കിലും മരിക്കാനാകാതെ നിത്യകാലം ജീവിക്കാൻ ശപിക്കപ്പെട്ട സ്ട്രൾഡ്ബർഗുകൾ എന്ന മനുഷ്യരെ ഗള്ളിവർ കണ്ടുമുട്ടുന്നത് അവിടെയാണ്.

ഹൂയിനം നാട്ടിൽ[തിരുത്തുക]

ഉത്തമജീവികളായ 'ഹൂയിനങ്ങൾ' എന്ന കുതിരകൾക്കിടയിൽ ഗള്ളിവർ

പിന്നീട് ഗള്ളിവർ ചെന്ന ഹൂനിനങ്ങളുടെ നാട്ടിൽ അധികാരത്തിലിരുന്നത്, സൗന്ദര്യവും, ശുചിത്വവും, സംസ്കാരവുമുള്ള ഹൂയിനങ്ങൾ (Houyhnhnms) എന്ന കുതിരകളാണ്. സന്തുഷ്ടരും സദാചാരികളുമായ അവർക്ക് വൈദ്യന്മാരോ, വക്കീലന്മാരോ, പുരോഹിതന്മാരോ, സൈനികരോ വേണ്ടിയിരുന്നില്ല. ഹൂയിനങ്ങടെ പരിചാരകന്മാരായ യാഹൂമാരാകട്ടെ (Yahoos) മനുഷ്യരാണെങ്കിലും വൃത്തിയും ബുദ്ധിയുമില്ലാത്ത വിരൂപന്മാരായിരുന്നു. ഏറ്റവും വൃത്തികെട്ടവൻ അവർക്കിടയിൽ നേതാവായി. ആ നേതാവ് തന്നെപ്പോലൊരുവനെ തന്റെ കാൽ നക്കാനായി തെരഞ്ഞെടുക്കുന്നു. ആ സേവനത്തിന് അവനു കൊടുത്തിരുന്ന പ്രതിഫലം കഴുതമാംസമായിരുന്നു. കൂടുതൽ വൃത്തികെട്ട മറ്റൊരുവനെ കണ്ടുകിട്ടും വരെ അവൻ ഈ സേവനത്തിൽ തുടർന്നു.

വിലയിരുത്തൽ[തിരുത്തുക]

സാഹിത്യസംബന്ധിയായ ലക്ഷ്യങ്ങളേക്കാൾ, വ്യക്തിപരമായ തിക്താനുഭവങ്ങൾ മൂലം വിധിക്കും മനുഷ്യസമൂഹത്തിനുമെതിരെ ഉള്ളിൽ ഉറഞ്ഞുകൂടിയ വെറുപ്പിന്റെ തുറന്നു വിടലാണ് ഈ കൃതിയിൽ സ്വിഫ്റ്റ് സാധിച്ചത്. ഗള്ളിവറുടെ കഥയിൽ തെളിഞ്ഞു കാണുന്ന 'മനുഷ്യവിരോധം' (misanthropy) വിമർശിക്കപ്പെട്ടെങ്കിലും സ്വിഫ്റ്റിന്റെ ഈ നായകശില്പം അസാമാന്യമായ ജനപ്രീതി നേടി. കൃതിയുടെ നാലു ഖണ്ഡങ്ങളിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടിട്ടുള്ളത് ഹൂയിനം നാടിനെപ്പറ്റിയുള്ള അവസാനഖണ്ഡമാണ്. അതിൽ സ്വിഫ്റ്റിന്റെ ദോഷദൃഷ്ടി ഹാസ്യത്തിന്റെ വഴിവിട്ട് മനുഷ്യരാശിയെ നിർദ്ദയം തൊലിയുരിയുകയാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. "ഒരേസമയം തെറിക്കഥയും ബാലസാഹിത്യവും ആയിരിക്കുന്ന രചന" എന്ന് ഗള്ളിവറുടെ യാത്രകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]

പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് താക്കറേ ഗള്ളിവർകഥയുടെ ഭാവനയെ ഇഷ്ടപ്പെട്ടെങ്കിലും അതിൽ സ്വിഫ്റ്റ് മുന്നോട്ടു വച്ച സന്ദേശത്തെ നിശിതമായി വിമർശിച്ചു. അത് ഭീകരവും ലജ്ജാകരവും, മാനവവിരുദ്ധവും, ദൈവനിന്ദാപരവുമാണെന്ന് താക്കറേ കരുതി. എന്നാൽ, എല്ലാ പുസ്തകങ്ങളും നശിപ്പിച്ചുകളഞ്ഞാലും നിലനിർത്തേണ്ട ആറു പുസ്തകങ്ങളിൽ ഒന്നെന്ന് ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ്ജ് ഓർവെൽ ഗള്ളിവറുടെ യാത്രകളെ വിശേഷിപ്പിച്ചു. എട്ടു വയസ്സുള്ളപ്പോൾ ആദ്യമായി വായിച്ച ആ പുസ്തകം താൻ ആറു വട്ടമെങ്കിലും വായിച്ചിട്ടുണ്ടാകുമെന്നും അതിന്റെ ആകർഷണീയത അനന്തമാണെന്നും ഓർവെൽ പറയുന്നു.[3]

അവലംബം[തിരുത്തുക]

  1. ജവഹർലാൽ നെഹ്രു, ഗ്ലിംപ്സസസ് ഓഫ് വേൾഡ് ഹിസ്റ്ററി (പുറം 300)
  2. അല്ലൻ ബ്ലൂം, An outline of Gulliver's Travels, Gulliver's Travels, A Norton Critical Edition Revised, സംശോധകൻ, റോബർട്ട് എ. ഗ്രീൻബർഗ് (പുറം 297)
  3. "The Genres of Gulliver's Travels", സംശോധകൻ ഫ്രെഡെറിക് എൻ സ്മിത്ത് (പുറം 78)
"https://ml.wikipedia.org/w/index.php?title=ഗള്ളിവേഴ്സ്_ട്രാവൽസ്&oldid=3088284" എന്ന താളിൽനിന്ന് ശേഖരിച്ചത്