ഖേഡ സത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖേഡ സത്യാഗ്രഹം
ഗാന്ധി സത്യാഗ്രഹത്തിനിടെ മഹാത്മാഗാന്ധി
English nameKheda Satyagraha
തിയതി1918
സ്ഥലംഖേഡ ജില്ല, ഗുജറാത്ത്, ഇന്ത്യ
Organised byമഹാത്മാഗാന്ധി,സർദാർ വല്ലഭായ് പട്ടേൽ ഇന്ദുലാൽ യാഗ്നിക്, ശങ്കർലാൽ ബാങ്കർ, മഹാദേവ് ദേശായി, നരഹരി പരീഖ്, മോഹൻലാൽ പാണ്ഡ്യ, രവിശങ്കർ വ്യാസ്

ബ്രിട്ടീഷ് രാജ്യത്തിന്റെ ഭരണകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഗുജറാത്തിലെ ഖേഡ ജില്ലയിൽ നടന്ന സത്യാഗ്രഹമാണ് ഖേഡ സത്യാഗ്രഹം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ സത്യാഗ്രഹമാണ് ഖേഡ സത്യാഗ്രഹം. ചമ്പാരൻ സത്യാഗ്രഹത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ സത്യാഗ്രഹമാണിത്. ഖേഡ ജില്ലയിലെ കർഷകത്തൊഴിലാളികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ സത്യാഗ്രഹം നടന്നത്. വിളകൾക്കുണ്ടായ നാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഖേഡയിലെ കർഷകർക്ക് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതി അടയ്ക്കാൻ സാധിച്ചിരുന്നില്ല. [1][2][3]

നേതാക്കൾ[തിരുത്തുക]

ഗുജറാത്തിൽ, മഹാത്മാഗാന്ധിയായിരുന്നു ഖേഡ സത്യാഗ്രഹത്തിന്റെ നേതൃത്വം വഹിച്ചത്. മഹാത്മാഗാന്ധിയുടെ സഹചാരിയായിരുന്ന സർദാർ വല്ലഭായ് പട്ടേലും ഗാന്ധിയന്മാരായ ഇന്ദുലാൽ യാഗ്നിക്, ശങ്കർലാൽ ബാങ്കർ, മഹാദേവ് ദേശായ്, നരഹരി പരീഖ്, മോഹൻലാൽ പാണ്ഡ്യ, രവിശങ്കർ വ്യാസ് എന്നിവരായിരുന്നു സത്യാഗ്രഹത്തിന്റെ മറ്റ് പ്രധാന നേതാക്കൾ. ഇവർ ഖേഡയിലുടനീളം സഞ്ചരിക്കുകയും കർഷകരോട് സമരം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. [3] ഗുജറാത്തിലെ മറ്റ് നഗരങ്ങളായ അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിൽ നിന്നും ആകൃഷ്ടരായ ജനങ്ങൾ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ ഖേഡയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ, മഹാത്മാഗാന്ധിയും പട്ടേലും മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ജനങ്ങളുടെ പ്രവർത്തനം നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഗുജറാത്തികൾ മാത്രമായി പങ്കെടുത്ത സമരമായി ഖേഡ സത്യാഗ്രഹത്തെയാക്കാനായിരുന്നു ഇത്തരത്തിൽ ചെയ്തത്.

സത്യാഗ്രഹം[തിരുത്തുക]

പട്ടേലും സഹപ്രവർത്തകരും ചേർന്ന് ഖേഡയിലെ വിവിധ വിഭാഗക്കാരായ ജനങ്ങളെ ഒത്തുചേർത്തുകൊണ്ട് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. തുടർന്ന് ജാഥ നടത്തുകയും ചെയ്തു. ആ വർഷത്തെ കൃഷിയ്ക്കായുള്ള നികുതി ഒഴിവാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഖേഡയിലെ കർഷകർ ചേർന്ന് നിവേദനം തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. എന്നാൽ ബോംബെയിലെ സർക്കാർ ഈ ആവശ്യത്തിനെ അംഗീകരിച്ചില്ല. കർഷകർ നികുതി അടച്ചില്ലെങ്കിൽ കൃഷിനിലങ്ങളും വസ്തുക്കളും കണ്ടുകെട്ടുകയും കർഷകരെ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഒരു പ്രാവശ്യം കണ്ടുകെട്ടിക്കഴിഞ്ഞാൽ ഈ ഭൂമി പിന്നീട് തിരിച്ചു നൽകുകയില്ലെന്നും ബ്രിട്ടീഷ് സർക്കാർ പറയുകയുണ്ടായി. എന്നാൽ സമരത്തിൽനിന്നും ആരും പിന്മാറുകയുണ്ടായില്ല.

സത്യാഗ്രഹം തുടർന്നതോടെ സർക്കാരിന്റെ കളക്ടർമാരും ഇൻസ്പെക്ടർമാരും കൃഷിഭൂമിയും വസ്തുക്കളും കണ്ടുകെട്ടുന്നതിനായി ഖേഡയിലേക്ക് പോവുകയുണ്ടായി. എന്നാൽ സത്യാഗ്രഹത്തിൽ പങ്കെടുത്തവരാരും അറസ്റ്റ് ചെയ്യുന്നതിനെ എതിർക്കുകയോ പോലീസുകാരെ ആക്രമിക്കുകയോ ചെയ്തില്ല. ഇതിനുശേഷം അവർ തങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം ആ സമയത്ത് ഔദ്യോഗികമായി സത്യാഗ്രഹത്തിന് നേതൃത്വം നൽകിക്കൊണ്ടിരുന്ന ഗുജറാത്ത് സഭ എന്ന സംഘടനയ്ക്ക് സംഭാവന ചെയ്തു.

അച്ചടക്കത്തോടെയും ഐക്യത്തോടെയുമാണ് സമരം നടന്നത്. തങ്ങളുടെ കൃഷിഭൂമികളും വസ്തുക്കളുമെല്ലാം കണ്ടുകെട്ടപ്പെട്ടപ്പോഴും കർഷകർ, പട്ടേലിന്റെ പിന്തുണയോടുകൂടി സത്യാഗ്രഹം ചെയ്തുകൊണ്ടിരുന്നു. ഖേഡയുടെ സമീപപ്രദേശത്തുള്ളവരും ഗുജറാത്തിലെ ജനങ്ങളും സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് പ്രതിഷേധിക്കുകയുണ്ടായി. സർദുൽ സിങ് കവീഷർ അടക്കമുള്ള ദേശീയ തലത്തിലുള്ള നേതാക്കൾ ഗുജറാത്തിലെ മറ്റ് ഭാഗങ്ങളിൽ ഖേഡ സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ടുള്ള സമരങ്ങൾ നടത്തണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും, മഹാത്മാഗാന്ധിയും സർദാർ വല്ലഭായ് പട്ടേലും ഈ ആശയത്തെ പൂർണ്ണമായി എതിർക്കുകയുണ്ടായി.

ഫലം[തിരുത്തുക]

സത്യാഗ്രഹത്തിന്റെ അവസാനം ബ്രിട്ടീഷ് സർക്കാർ, ഇരു കക്ഷികളുമായി ഉടമ്പടിയിലെത്താൻ തീരുമാനിച്ചു. അടുത്ത വർഷത്തെ നികുതി ഒഴിവാക്കാനും നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും ഈ ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ സമ്മതിച്ചപ്ലേഗ് ബോണ്സ് 35% അയി ഉയർത്തി. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Basu, Vipu; Singh, Jasmine Dhillon, Gita Shanmugavel, Sucharita. History And Civics (in ഇംഗ്ലീഷ്). Pearson Education India. ISBN 9788131763186.{{cite book}}: CS1 maint: multiple names: authors list (link)
  2. Rai, Ajay Shanker (2000). Gandhian Satyagraha : An Analytical And Critical Approach (in ഇംഗ്ലീഷ്). Concept Publishing Company. ISBN 9788170227991.
  3. 3.0 3.1 Sarkar, Sumit. Modern India 1886-1947 (in ഇംഗ്ലീഷ്). Pearson Education India. ISBN 9789332540859.

പുറം കണ്ണികൾ[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖേഡ_സത്യാഗ്രഹം&oldid=3521120" എന്ന താളിൽനിന്ന് ശേഖരിച്ചത്