ക്രോസ് റിവർ ദേശീയോദ്യാനം
ക്രോസ് റിവർ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Kwa Falls, Cross River National Park | |
Location | Cross River State, ![]() |
Coordinates | 5°34′50″N 8°44′54″E / 5.580451°N 8.748379°E |
Area | 4,000 km² |
Established | 1991 |
ക്രോസ് റിവർ ദേശീയോദ്യാനം നൈജീരിയയിലെ ക്രോസ് റിവർ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് ഓക്വാങ്കോ (1991-ൽ സ്ഥാപിതമായത്), ഒബൻ (1988-ൽ സ്ഥാപിതമായി) എന്നിങ്ങനെ രണ്ട് പ്രത്യേക വിഭാഗങ്ങളുണ്ട്. ഏകദേശം 4,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ക്രോസ് റിവർ ദേശീയോദ്യാനത്തിൻറെ വടക്ക്, മദ്ധ്യഭാഗങ്ങളിലധികവും പ്രാഥമികമായി ഈർപ്പമുള്ള ഉഷ്ണമേഖലാ മഴക്കാടുകളാണുളളത്. തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകളെ പിന്തുണയ്ക്കുന്ന ചതുപ്പുനിലങ്ങളാണുള്ളത്. ദേശീയോദ്യാനത്തിൻറെ ചില ഭാഗങ്ങൾ ഗിനിയ-കോംഗോളിയൻ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. 40 മുതൽ 50 മീറ്റർ വരെ ഉയരത്തിൽ ഇടതൂർന്ന് വളരുന്ന മരങ്ങൾ ആകാശം മൂടിക്കെട്ടിയതുപോലെ വളർന്നുനിൽക്കുന്നു.[1] ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളിലൊന്നാണ് ഈ ദേശീയോദ്യാനം. ഒരു ജൈവവൈവിധ്യ കേന്ദ്രമായാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്.
ക്രോസ് റിവർ ദേശീയോദ്യാനം നൈജീരിയയിലെ ഏറ്റവും വലിയ മഴക്കാടുകളുടെ മേഖലയായ കാമറൂണിലെ കൊറുപ്പ് ദേശീയോദ്യാനത്തിന്റെ അതിർത്തിയാണ്. ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിൽ ഒന്നായ ഈ ഉദ്യാനം ജൈവവൈവിധ്യത്തിന്റെ ഒരു ഹോട്ട്‌സ്‌പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ട്.[2] പതിനാറ് പ്രൈമേറ്റ് സ്പീഷീസുകൾ[3] ഈ ഉദ്യാനത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അപൂർവ പ്രൈമേറ്റുകളിൽ സാധാരണ ചിമ്പാൻസികൾ, ഡ്രില്ലുകൾ, (ഒക്വാങ്‌വോയിൽ) ക്രോസ് റിവർ ഗൊറില്ലകൾ എന്നിവ ഉൾപ്പെടുന്നു. മറ്റൊരു പ്രൈമേറ്റായ ഗ്രേ-ഷീക്ക്ഡ് മാംഗാബെ അടുത്തിടെ ഈ പ്രദേശത്ത് വംശനാശം സംഭവിച്ചതായി കരുതുന്നു.
നിയമവിരുദ്ധമായ മരംമുറിക്കൽ, വെട്ടി കത്തിക്കൽ കൃഷി, വേട്ടയാടൽ എന്നിവയാൽ ദേശീയോദ്യാനത്തിന്റെ രണ്ട് ഡിവിഷനുകളും നിലനിൽപ്പ് ഭീഷണിയിലാണ്. ഉദ്യാനത്തിലെ ജന്തുജാലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഇക്കോ ടൂറിസം പിന്തുണച്ചേക്കാവുന്നതാണ്. സുസ്ഥിര വനവൽക്കരണം പരിശീലിക്കാൻ ബഫർ സോണുകളിലെ ഗ്രാമീണരെ സഹായിക്കുന്നതിനും ഇത് സഹായകമാണ്.
നൈജീരിയയിലെ എട്ട് ദേശീയോദ്യാനങ്ങളിൽ ഒന്നായ സെൻട്രൽ റിവൈൻ ദേശീയോദ്യാനത്തിന്റെ (CRNP) തുടർച്ചയായി കാണപ്പെടുന്ന രണ്ട് ഡിവിഷനുകളാണ് ഒക്വാങ്‌വോ ഡിവിഷനും ഒബാൻ ഡിവിഷനും. ഫെഡറൽ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുന്നതും ഒരു കൺസർവേറ്റർ ജനറലിന്റെ നേതൃത്വത്തിൽ ഭരണ നിർവ്വഹണം നടത്തുന്നതുമായ നൈജീരിയൻ നാഷണൽ പാർക്ക് സർവീസ് (NNPS) ആണ് CRNP യുടെ ചുമതല വഹിക്കുന്നത്. നൈജീരിയയിലെ എല്ലാ ദേശീയോദ്യാനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത് ഒരു പാർക്ക് കൺസർവേറ്റർ ആണ്.[4]
പശ്ചിമാഫ്രിക്കയിലെ ഗിനിയൻ വനങ്ങളിൽ CRNP ഉൾപ്പെടുന്നു. വരണ്ട കാലാവസ്ഥ (നവംബർ മുതൽ മാർച്ച് വരെ), മഴക്കാലം (മാർച്ച് മുതൽ നവംബർ വരെ) എന്നിങ്ങനെ രണ്ട് വ്യത്യസ്ത സീസണുകളുള്ള ഇതിന്റെ സസ്യജാലങ്ങൾ പ്രധാനമായും ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിലെ മഴക്കാടുകളാണ്. ഇവിടുത്തെ പ്രതിദിന ശരാശരി താപനില 14 °C മുതൽ 25 °C വരെയും വാർഷിക മഴ 2000 മുതൽ 3000 മില്ലിമീറ്റർ വരെയുമാണ്.[5] ഒക്വാങ്‌വോ ഡിവിഷനിൽ വസിക്കുന്ന ക്രോസ് റിവർ ഗൊറില്ല, ഗൊറില്ല ഡൈഹ്‌ലി പോലുള്ള നിരവധി പ്രാദേശികവും ഗുരുതരമായി വംശനാശഭീഷണി നേരിടുന്നതുമായ ജീവികളെ പ്ലീസ്റ്റോസീൻ ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമായ CRNP-യിൽ കാണാവുന്നതാണ്. ഒരു പ്രധാന പക്ഷി-ജൈവവൈവിധ്യ മേഖലയായ ഈ ദേശീയോദ്യാനം കൂടാതെ ഐക്യരാഷ്ട്രസഭയുടെ ലോകത്തിലെ 25 ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[6]
1965-ൽ ആണ് ഈ ദേശീയോദ്യാനം ആദ്യമായി നിർദ്ദേശിക്കപ്പെട്ടതെങ്കിലും 1988 വരെ ഗൗരവമായ ആസൂത്രണം ആരംഭിച്ചില്ല. കൃഷിഭൂമിയും ക്രോസ് റിവർ വാലിയും കൊണ്ട് വേർതിരിച്ച രണ്ട് വിഭാഗങ്ങളിലായി ദേശീയോദ്യാനം സ്ഥാപിക്കാനുള്ള 49.9 മില്യൺ ഡോളറിന്റെ ബജറ്റ് പദ്ധതിയിൽ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ - യുകെ ഒരു പ്രധാന പങ്ക് വഹിച്ചു. ബഫർ സോണിലെ ഗ്രാമീണരെ ദേശീയോദ്യാനത്തിന്റെ നടത്തിപ്പിൽ പങ്കാളികളാക്കുന്നതിനും അവർക്ക് വികസന സഹായം നൽകുന്നതിനും ഒരു പദ്ധതി വിഭാവനം ചെയ്തു. 1991-ൽ ഫെഡറൽ മന്ത്രാലയ ഗവൺമെന്റ് ഉത്തരവ് പ്രകാരം ക്രോസ് റിവർ ദേശീയോദ്യാനം (CRNP) സ്ഥാപിതമാകുകയും, ക്രോസ് റിവർ ഗൊറില്ലയെ തീം മൃഗമായി തിരഞ്ഞെടുക്കുകയും ചെയ്തു. യഥാർത്ഥ പദ്ധതി പൂർണ്ണമായും നടപ്പിലാക്കിയില്ല. 1991 ൽ സ്ഥാപിതമായ പാർക്കിൽ നിലവിലുള്ള വന സംരക്ഷണ കേന്ദ്രങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ചെറിയൊരു പ്രാരംഭ സഹായത്തിനു ശേഷം, ഫണ്ട് തീർന്നതോടെ, ഗ്രാമവാസികൾ ദേശീയോദ്യാന ഭരണകൂടത്തോട് ശത്രുത പുലർത്തി. 1999-ൽ ഒരു ഭേദഗതി ഉത്തരവ് പ്രകാരം ഉദ്യാനത്തിന്റെ നടത്തിപ്പുകാരായ നൈജീരിയൻ നാഷണൽ പാർക്ക് സർവീസിനെ കൂടുതൽ അധികാരങ്ങളുള്ള ഒരു അർദ്ധസൈനിക വിഭാഗമാക്കി മാറ്റി. 1991 ൽ സ്ഥാപിതമായ ഈ ഉദ്യാനം, കാമറൂണിലെ തകമണ്ട, കൊറുപ്പ് ദേശീയോദ്യാനങ്ങളുടെ അതിർത്തിയാണ്. ഇത് അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലൂടെ (ഒബാൻലികു, ബോക്കി, എതുങ്, ഇകോം, അകാംപ്ക) കൂടി കടന്നുപോകുന്നു.
അവലംബം
[തിരുത്തുക]- ↑ "Cross River National Park". Nigeria National Park Service. Archived from the original on 2012-03-14. Retrieved 2010-11-05.
- ↑ Fitz, J., Adenle, A. A., & Speranza, C. I. (2022). Increasing signs of forest fragmentation in the Cross River National Park in Nigeria: Underlying drivers and need for sustainable responses. Ecological indicators, 139, 108943.
- ↑ primate species
- ↑ Fitz, J., Adenle, A. A., & Speranza, C. I. (2022). Increasing signs of forest fragmentation in the Cross River National Park in Nigeria: Underlying drivers and need for sustainable responses. Ecological indicators, 139, 108943.
- ↑ Fitz, J., Adenle, A. A., & Speranza, C. I. (2022). Increasing signs of forest fragmentation in the Cross River National Park in Nigeria: Underlying drivers and need for sustainable responses. Ecological indicators, 139, 108943.
- ↑ Fitz, J., Adenle, A. A., & Speranza, C. I. (2022). Increasing signs of forest fragmentation in the Cross River National Park in Nigeria: Underlying drivers and need for sustainable responses. Ecological indicators, 139, 108943.