ക്രോട്ടൺ അലങ്കാരച്ചെടികൾ
ക്രോട്ടൺ അലങ്കാരച്ചെടികൾ Codiaeum variegatum | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. variegatum
|
Binomial name | |
Codiaeum variegatum |
ഇലകളുടെ ആകൃതി, നിറം എന്നീ കാര്യങ്ങളിൽ ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്ന ഒരു അലങ്കാര ഇലച്ചെടിയാണ് ക്രോട്ടൺ. ശ്രീലങ്കൻ സ്വദേശിയെന്ന് കരുതുന്ന ഈ അലങ്കാരച്ചെടിയുടെ ഏറ്റവും അധികം അലങ്കാര- സങ്കര ഇനങ്ങളും ഇന്ത്യയിലാണ് കാണുന്നത്. ഇന്ത്യയിൽ കാണപ്പെടുന്നവയിൽ ഏകദേശം 800 ഇനങ്ങളിൽ ഏറിയപങ്കും ബാംഗ്ലൂരിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്[1]
നടീൽ വസ്തു
[തിരുത്തുക]കൃത്രിമപരാഗണത്തിലൂടെ ഉത്പാദിപ്പിക്കുന്ന വിത്തുകൾ ഉപയോഗിച്ചാണ് ക്രോട്ടൺ ചെടികളിൽ പുതിയവ ഉണ്ടാക്കുന്നത്. കൂടാതെ തണ്ടുകൾ മുറിച്ചുനട്ടും പതിവയ്ച്ചും പുതിയ ചെടി ഉത്പാദിപ്പിക്കുന്നുണ്ട്.
തണ്ട് മുറിച്ചുനട്ടുള്ള ഉത്പാദനം
[തിരുത്തുക]ഒരടിയോളം നീളമുള്ളതും മുകുളങ്ങൾ ഉള്ളതുമായ തണ്ടുകൾ മുറിച്ചുനട്ടാണ് ക്രോട്ടൺ സാധാരണയായി വളർത്തുന്നത്. മുറിച്ചെടുക്കുന്ന തണ്ടുകൾ ഇലകൾ മാത്രം നീക്കം ചെയ്തെടുക്കുന്നു. തണ്ടുകൾ വേഗത്തിൽ വേര് പിടിക്കുന്നതിലേക്കായി റൂട്ടിംഗ് ഹോർമോണുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിലേയ്ക്കായി മുറിച്ച തണ്ടുകൾ ആദ്യം വെള്ളത്തിൽ മുക്കി നനച്ചശേഷം ഹോർമോൺ പൊടിയിൽ മുക്കി നടീൽ മിശ്രിതം നറച്ച കവറുകളിൽ നടാവുന്നതാണ്. ചുവന്ന മണ്ണ്, ആറ്റുമണൽ എന്നിവ ഒരേ അളവിൽ എടുത്ത് അതിൽ ചാണകപ്പൊടി ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. സെപ്റ്റംബർ, നവംബർ എന്നീ മാസങ്ങളാണ് ക്രോട്ടൺ നടുന്നതിന് ഏറ്റവും നല്ല കാലാവസ്ഥ. അനുകൂല സാഹചര്യങ്ങളിൽ ഒന്ന്- ഒന്നര മാസത്തിനുള്ളിൽ വേരുകൾ വളർന്നുതുടങ്ങും. ചെറിയ തണലിൽ വളർന്ന് പുതിയ കൂമ്പും ഇലകളും ആയാൽ സ്ഥിരമായി വളർത്താൻ ഉദ്ദേശിക്കുന്ന മാധ്യമം നിറച്ച ചട്ടികളിലേയ്ക്കോ തറയിലേയ്ക്കോ മാറ്റി നടാവുന്നതാണ്[1].
പതിവയ്ക്കൽ
[തിരുത്തുക]ക്രോട്ടണിന്റെ നവീന സങ്കരയിനങ്ങൾ തണ്ടുമുറിച്ചുനട്ട് വളർത്താൻ സാധിക്കാത്തവയാണ്. അതിനാൽ പുതിയവ ഉണ്ടാക്കുന്നതിന് പതിവയ്ക്കൽ എന്ന പ്രജനനരീതിയാണ് ഉപയോഗിക്കുന്നത്. പൂർണ്ണ വളർച്ചയെത്തിയ തണ്ടുകൾ ഒരടിയോളം താഴ്ത്തിയാണ് പതിവയ്ക്കുന്നത്. അതിലേക്കായി ആദ്യം പതിവയ്ക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ഭാഗത്തെ തൊലി വട്ടത്തിൽ നീക്കം ചെയ്യുന്നു. ആ ഭാഗത്ത് ചുവന്നമണ്ണ്, ആറ്റുമണൽ, ചാണകപ്പൊടി എന്നിവ ചേർത്ത് മിശ്രിതം കൊണ്ട് മൂടി നാടപോലെ നീളത്തിൽ മുറിച്ചെടുത്ത് പ്ലാസ്റ്റിക് കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടുന്നു. ആ ആവരണത്തിനുള്ളിൽ വേരുകൾ ഉത്പാദിപ്പിച്ചുതുടങ്ങുമ്പോൾ പതിവച്ച ഭാഗത്തുനിന്നും താഴെയായി മുറിച്ചെടുത്ത് നടാവുന്നതാണ്. പതിവയ്ക്കുന്നതിനും തണ്ടുകൾ മുറിച്ചുനടുന്നതിനും നേരെ മുകളിലേയ്ക്ക് നല്ല കരുത്തോടെ വളരുന്ന സ്വഭാവമുള്ള കമ്പുകൾ തിരഞ്ഞെടുക്കേണ്ടതാണ്[1].
പരിപാലനം
[തിരുത്തുക]ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇവ ഉച്ചവരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും ഉച്ചയ്ക്കുശേഷം ഭാഗീകമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും നടുന്നതാണുത്തമം. തണൽ അധികമായാൽ തണ്ടുകൾക്ക് നീളം വയ്ക്കുകയും ഇലകളുടെ നിറം മങ്ങി അനാകർഷകവുമായിത്തീരും. നിലത്ത് നടുന്നു എങ്കിൽ നല്ല നീർവാഴ്ചയുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്. ഈ ചെടിയുടെ സൗന്ദര്യം നിലനിൽക്കുന്നത് ചെടി നിറയെയുള്ള ഇലകളാണ്. അതിനാൽ കമ്പുകോതൽ വളരെ ആവശ്യമായ ഒരു പരിപാലനരീതിയാണ്. ചെടി നട്ട് ഏകദേശം ഒരടി പൊക്കമെത്തിയാൽ കൂമ്പ് നുള്ളിക്കളയേണ്ടതാണ്. അതുമൂലം കൂടുതൽ ശാഖകൾ ഉണ്ടാകുന്നു. പുതിയ ശിഖരങ്ങൾ ഒരടി പൊക്കമെത്തിയാൽ അല്പം താഴ്ത്തിവെട്ടി വീണ്ടും വളരാൻ അനുവദിക്കുക. കമ്പുകോതൽ വർഷത്തിൽ ഒരിക്കലെങ്കിലും മഴക്കാലത്തിനുമുൻപായി നടത്തേണ്ടതാണ്. കമ്പുകോതുമ്പോൾ മുകളിലേയ്ക്ക് വളരുന്ന ശിഖരങ്ങളും വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങളും നീക്കം ചെയ്യേണ്ടതാണ്.
ചട്ടിയിൽ വളർത്തുന്ന ചെടികൾക്ക് വർഷത്തിൽ ഒരിക്കൽ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറയ്ക്കേണ്ടതാണ്. അത് അപ്രായോഗികമാണെങ്കിൽ ചട്ടിയിലെ മണ്ണ് മുകളിൽ നിന്നും അരയടി കനത്തിൽ പഴയ മിശ്രിതം മാറ്റി പുതിയവ നിറയ്ക്കേണ്ടതാണ്. ഇതുമൂലം ചെടികളുടെ വളർച്ചയ്ക്ക് ആക്കം കൂടുന്നു.
നന
[തിരുത്തുക]ക്രോട്ടൺ ചെടികൾ വേനൽക്കാലങ്ങളിൽ ദിവസവും രണ്ട് നേരം നനക്കേണ്ടതാണ്. പക്ഷേ, ചട്ടിയിൽ വളരുന്നവയ്ക്ക് ചട്ടിയിലെ മിശ്രിതം നനയുന്നതിനാവശ്യമായ വെള്ളം നൽകിയാൽ മതി. അധിക ഈർപ്പം ഇല കൊഴിയുന്നതിന് കാരണമാകും. നിലത്ത് അതിരായി നടുകയാണെങ്കിൽ ചെടികൾ തമ്മിൽ ഒരടി അകലം മതിയാകും. ക്രോട്ടൺ ചെടിയിൽ ഉണ്ടാകുന്ന പൂക്കൾ അനാകർഷകമാകയാൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ നീക്കം ചെയ്യുന്നത് നന്നായിരിക്കും. അതുമൂലം ചെടികളിൽ പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും[1].
വളപ്രയോഗം
[തിരുത്തുക]ജൈവവളങ്ങൾ കൂടുതൽ നൽകിയാൽ നല്ലതുപോലെ വളരുന്ന ചെടിയാണ് ക്രോട്ടൺ. നടീൽ മിശ്രിതത്തിൽ ഇലപ്പൊടി വളമോ എല്ലുപൊടിയോ ചേർത്താൽ നല്ല വളർച്ചകാണിക്കും. കൂടാതെ നടീൽ മിശ്രിതത്തിൽ അല്പം കുമ്മായം ചേർത്താൽ ഇലകൾക്ക് തിളക്കമാർന്ന നിറം ലഭിക്കും.
രോഗ-കീട ബാധ
[തിരുത്തുക]താരതമ്യേന രോഗ-കീട ബാധകൾ കുറഞ്ഞ ഈ ചെടികൾക്ക് വേനൽക്കാലത്ത് കാണുന്ന മുഞ്ഞയാണ് പ്രധാന കീടമായി കാണുന്നത്. വെള്ള നിറത്തിൽ പഞ്ഞിക്കെട്ടുപോലെ തണ്ടിലും ഇലയിലും പറ്റിപ്പിടിച്ച് വളരുന്ന ഇവ ചെടിയുടെ നീരൂറ്റിക്കുടിക്കും. അതുമൂലം ഇലകൊഴിച്ചിൽ എന്ന രോഗം ക്രോട്ടണിന് ഉണ്ടാകും. മുഞ്ഞയുടെ ശല്ല്യം കുറവാണെങ്കിൽ പഞ്ഞി സ്പിരിറ്റ് മുക്കി തുടച്ചുനീക്കാവുന്നതാണ്. അതിനുശേഷം നേർപ്പിച്ച സോപ്പ് ലായനി ചെടി മുഴുവൻ നനയത്തക്കവിധം ഒഴിക്കുകയും വേണം. കീടബാധ അധികമായാൽ കീടനാശിനിയായ മാലത്തിയോൺ ഷാംപൂ ചേർത്ത് വെള്ളത്തിൽ കലക്കി മിശ്രിതമാക്കി ചെടി മുഴുവനും ഒഴിക്കാവുന്നതാണ്[1].
ചിത്രശാല
[തിരുത്തുക]-
buds
-
in Hyderabad, India.
-
in Hyderabad, India.