കോൾക്ക കാന്യൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൾക്ക കാന്യൺ
Colca Valley
LocationPeru
Offshore water bodiesColca River
Depth3270 m

കോൾക്ക കാന്യൺ തെക്കൻ പെറുവിലെ കോൾക്ക നദിയിൽ ആരെക്വിപ്പ നഗരത്തിന് ഏകദേശം 160 കിലോമീറ്റർ (99 മൈൽ) വടക്കുപടിഞ്ഞാറായുള്ള ഒരു മലയിടുക്കാണ്. പ്രതിവർഷം 120,000 സന്ദർശകരുള്ള ഇത് പെറുവിലെ കൂടുതൽ സന്ദർശിക്കപ്പെടുന്ന മൂന്നാമത്തെ വിനോദസഞ്ചാര സന്ദർശന കേന്ദ്രമാണ്.[1] 3,270 മീറ്റർ (10,730 അടി)[2] ആഴത്തിലുള്ള ഇത് ലോകത്തിലെ ഏറ്റവും ആഴമുള്ള മലയിടുക്കുകളിലൊന്നാണ്. വർണശബളമായ ഒരു ആൻഡിയൻ താഴ്വരയായ കോൾക്ക, ഇൻകാ സംസ്കാരത്തിനു മുമ്പേയുള്ള ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമായിരുന്നു. സ്പാനിഷ് കോളനി കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഇവിടെയുള്ള പട്ടണങ്ങളിൽ ഇപ്പോഴും കോളാഗ്വ, കബാന സംസ്കാരത്തിൽപ്പെട്ട ജനങ്ങൾ അധിവസിക്കുന്നു. തദ്ദേശീയ ജനങ്ങൾ അവരുടെ പുരാതന പാരമ്പര്യത്തെ നില‍നിറുത്തുന്നതോടൊപ്പം ഇൻകാ കാലഘട്ടത്തിനു മുമ്പുള്ളതും ആൻഡീൻസ് എന്നു വിളിക്കപ്പെടുന്നതുമായ തട്ടുതട്ടുകളായുള്ള കൃഷി തുടരുകയും ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

കോൾക്ക കാന്യൺ പ്രദേശത്ത മൂന്ന് പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ യാൻക്വെയിൽ ഇണങ്ങിയ പ്രാപ്പിടിയനുമായി നിൽക്കുന്ന വനിത

ക്വെച്ച്വ ഭാഷ സംസാരിക്കുന്ന കബാന ജനങ്ങൾ ഒരു പക്ഷേ വാരി സംസ്കാരത്തിൽനിന്നോ ടിറ്റിക്കാക്ക തടാക മേഖലയിൽനിന്ന് ഇൻകാ കാലഘട്ടത്തിനുമുമ്പ് ഈ താഴ്‍വരയിലേയ്ക്കു കുടിയേറിയ അയ്മാറാ സംസാരിക്കുന്ന സഹവർഗ്ഗക്കാരുടേയോ അനന്തരഗാമികളായിരിക്കാം. ഇൻകാകൾ ഏതാണ്ട് 1320 എ.ഡി.യിൽ കോൾക്ക താഴ്‍വരയിലെത്തിച്ചേരുകയും യുദ്ധത്തേക്കാളുപരി വിവാഹങ്ങളിലൂടെ തങ്ങളുടെ അധീശത്വം ഇവിടെ ഉറപ്പിച്ചിരിക്കാം.

1540-ൽ ഗോൺസലോ പിസോറോയുടെ നേതൃത്വത്തിൽ സ്പെയിൻകാർ 1570-ൽ എത്തുകയും 1570 കളിൽ സ്പാനിഷ് വൈസ്രോയിയായിരുന്ന ഫ്രാൻസിസ്കോ ഡീ-ടൊലീഡോ, "റിഡക്ഷൻസ്” ഒരു നടപടിക്രമം അനുസരിച്ച്, മുൻകാല ഇൻക സാമ്രാജ്യത്തിലുടനീളമുണ്ടായിരുന്ന ചിതറിക്കിടക്കുന്ന പാർപ്പിടങ്ങൾ വിട്ട് കേന്ദ്രീകൃതമായ ഒരു പാർപ്പിട സമുഛയത്തിലേയ്ക്ക് മാറുന്നതിന് അവിടുത്തെ അന്തവാസികളോട് ഉത്തരവിറക്കുകയുണ്ടായി. ഈ അധിവാസകേന്ദ്രങ്ങൾ താഴ്വരയിലെ പ്രധാന പട്ടണങ്ങളായി തുടരുന്നു. ഫ്രാൻസിസ്കൻ മിഷനറിമാർ 1565 ൽ താഴ്വരയിലെ ആദ്യത്തെ കപ്പേളയും 1569 ൽ ആദ്യ ദേവാലയവും നിർമിച്ചു.

1940കളിൽ മേഖലയിലെ വെള്ളി, ചെമ്പു ഖനികളിലെ ആവശ്യത്തിനായി ഒരു പാത നിർമ്മിക്കുന്നതുവരെ ആരക്വിപ്പയും ചിവായിയും തമ്മിൽ സഞ്ചാരയോഗ്യമായ പാത നിലനിന്നിരുന്നില്ല. 1970-കളിലും 1980 കളിലും മാജാസ് മേഖലയിലെ വിളകളുടെ ജലസേചനത്തിനായി കോൾക്കാ നദിയിലെ വെള്ളം വഴി തിരിച്ചുവിടുന്ന ഒരു പദ്ധതിയായ മാജസ് ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനത്തിനായി കൂടുതൽ പാതകൾ ഇവിടെ പണികഴിപ്പിക്കപ്പെട്ടു. ഇക്കാലത്ത് സാധാരണയായി ആരക്വിപ്പ വഴിയാണ് ഇവിടേയ്ക്കുള്ള പ്രവേശനം.

അവലംബം[തിരുത്തുക]

  1. MINCETUR official site. Retrieved 22 October 2012 Archived 18 January 2013 at the Wayback Machine.
  2. Peru Cultural Society - Colca Canyon
"https://ml.wikipedia.org/w/index.php?title=കോൾക്ക_കാന്യൺ&oldid=3007284" എന്ന താളിൽനിന്ന് ശേഖരിച്ചത്