കോൺസ്റ്റാന്റിനോപ്പിളിലെ ഫോത്തിയോസ്
ഫോത്തിയോസ് | |
---|---|
കോൺസ്റ്റാന്റിനോപ്പിളിന്റെ എക്യൂമിനിക്കൽ പാത്രിയർക്കീസ് | |
സഭ | ഗ്രീക്ക് റോമൻ സാമ്രാജ്യ സഭ |
ഭദ്രാസനം | കോൺസ്റ്റാന്റിനോപ്പിൾ |
സ്ഥാനാരോഹണം | 858ൽ ആദ്യ കാലവധി 877ൽ രണ്ടാം കാലാവധി |
ഭരണം അവസാനിച്ചത് | 867ൽ ആദ്യ കാലാവധി (മാർപ്പാപ്പയാൽ പുറത്താക്കപ്പെട്ടു) 886ൽ രണ്ടാം കാലാവധി (മരണം) |
മുൻഗാമി | ഇഗ്നാത്തിയോസ് ഒന്നാമൻ |
പിൻഗാമി | സ്തേഫാനോസ് ഒന്നാമൻ |
എതിർപ്പ് | ഇഗ്നാത്തിയോസ് ഒന്നാമൻ |
ഡീക്കൻ പട്ടത്വം | 24 ഡിസംബർ 858 |
വൈദിക പട്ടത്വം | 24 ഡിസംബർ 858 |
മെത്രാഭിഷേകം | 25 ഡിസംബർ 858 |
പദവി | പാത്രിയർക്കീസ് |
വ്യക്തി വിവരങ്ങൾ | |
ജനനം | 820-നടുത്ത് കോൺസ്റ്റാന്റിനോപ്പിൾ |
മരണം | 893 ഫെബ്രുവരി 6 ബോർദി, അർമേനിയ |
വിശുദ്ധപദവി | |
തിരുനാൾ ദിനം | ഫെബ്രുവരി 6 അല്ലെങ്കിൽ 19 |
വണങ്ങുന്നത് | കിഴക്കൻ ഓർത്തഡോക്സ് സഭയിൽ |
വിശുദ്ധ ശീർഷകം | മഹാനായ |
വിശുദ്ധപദവി പ്രഖ്യാപനം | 1847ൽ കോൺസ്റ്റാന്റിനോപ്പിൾ, ഓട്ടോമൻ സാമ്രാജ്യം |
വിശുദ്ധപദവി പ്രഖ്യാപിച്ചത് | അന്തീമോസ് ആറാമൻ |
ഒൻപതാം നൂറ്റാണ്ടിലെ (810-893) പ്രമുഖ പൗരസ്ത്യസഭാനേതാവും, വിഖ്യാതപണ്ഡിതനും, എഴുത്തുകാരനും വിശുദ്ധനുമാണ് കോൺസ്റ്റാന്റിനോപ്പിളിലെ ഫോറ്റിയസ്. രണ്ടൂഴങ്ങളിലായി പതിനെട്ടു വർഷത്തോളം (858-867; 877-886) അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിൽ എക്യൂമെനിക്കൽ പാത്രിയർക്കീസായിരുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ അദ്ദേഹം "മഹാനായ വിശുദ്ധ ഫോറ്റിയസ്" എന്നറിയപ്പെടുന്നു.
യോഹന്നാൻ ക്രിസോസ്തമസിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ വാണ ഏറ്റവും ശക്തനായ പാത്രിയർക്കീസും, സമകാലീനക്രിസ്തീയതയിലെ ധിഷണാശാലികളിൽ മുഖ്യനും ഒൻപതാം നൂറ്റാണ്ടിൽ പൗരസ്ത്യക്രിസ്തീയതയിലുണ്ടായ നവോത്ഥാനത്തിന്റെ മാർഗ്ഗദീപവുമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. എണ്ണപ്പെട്ട പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഫോറ്റിയസിന് ഒട്ടേറെ വിജ്ഞാനശാഖകളിൽ അവഗാഹമുണ്ടായിരുന്നു. പുരാതനലോകത്തിലെ വിജ്ഞാനത്തിന്റെ അമൂല്യസമാഹാരമായ 'മിരിയോബിബ്ലിയൻ' എന്ന വിഖ്യാതരചന അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.[1]
സ്ലാവ് ജനതകളുടെ ക്രൈസ്തവീകരണത്തിന്റെ മുഖ്യപ്രചോദകനായിരുന്ന ഫോറ്റിയസ് [2] ഓർത്തഡോക്സ് ക്രിസ്തീയതയുടെ വളർച്ചയേയും പ്രചാരത്തേയും സഹായിച്ചു. പാശ്ചാത്യ-പൗരസ്ത്യക്രിസ്തീയതകൾ തമ്മിലുള്ള വിഭജനത്തിലേക്കു നയിച്ച സംഭവങ്ങളിൽ ഫോറ്റിയസ് നിർണ്ണായകമായ പങ്കുവഹിച്ചു.[3]
പശ്ചാത്തലം
[തിരുത്തുക]കോൺസ്റ്റാന്റിനോപ്പിളിലെ ഒരു കുലീനകുടുംബത്തിലായിരുന്നു ഫോറ്റിയസ് ജനിച്ചത്. പൗരസ്ത്യസഭയിൽ ഇടക്കാലത്തു പ്രചരിച്ച വിഗ്രഹഭഞ്ജനവാദത്തെ എതിർത്തതിന്റെ പേരിൽ പ്രവാസിയാക്കപ്പെട്ട് നികൃഷ്ടസാഹചര്യത്തിൽ മരിച്ച ഒരു ധനാഢ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.[2] ഫോറ്റിയസിന്റെ പൂർവികന്മാരിൽ ഒരാളായ തരാസിയോസ് നേരത്തേ പാത്രിയർക്കീസിന്റെ പദവി വഹിച്ചിട്ടുണ്ട്.[4] സന്യാസം പരിഗണിച്ചെങ്കിലും ഒടുവിൽ പാണ്ഡിത്യത്തിന്റെയും രാജനീതിയുടേയും വഴിയാണ് ഫോറ്റിയസ് തെരഞ്ഞെടുത്തത്. തന്റെ കാലത്തെ ഏറ്റവും പ്രതിഷ്ഠിതനായ പണ്ഡിതനായിരുന്നു ഫോറ്റിയസ്. അദ്ദേഹത്തിന്റെ പാണ്ഡിത്യം, ഭാഷാശാസ്ത്രം, പ്രസംഗകല, ഭൗതികശാസ്ത്രം, ദർശനം എന്നീ മേഖലകളെ സ്പർശിച്ചു നിന്നു. കോൺസ്റ്റാന്റിനോപ്പിൾ സർവകലാശാലയിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായ ഒരു വലിയൊരു ശിഷ്യസംഘം ആദ്ദേഹത്തിനുണ്ടായിരുന്നു.
പാണ്ഡിത്യം
[തിരുത്തുക]കോൺസ്റ്റാന്റിനോപ്പിളിലെ മത-രാജനൈതികസംഘർഷങ്ങളിലെ മുഖ്യ പങ്കാളികളിൽ ഒരാളാകുന്നതിനു മുൻപ് ഫോറ്റിയസ് രചിച്ച 'മിരിയോബിബ്ലിയൻ' എന്ന കൃതി ക്രൈസ്തവലോകത്തേയും യവന-റോമൻ പൗരാണികതകളിലേതുമായി, 280 വിശിഷ്ടഗ്രന്ഥങ്ങളുടെ സംഗ്രഹവും ആസ്വാദനവും ആയിരുന്നു. പൗരാണികസാഹിത്യത്തിലെ വിലപ്പെട്ട ഖണ്ഡങ്ങളിൽ പലതിന്റേയും പരിരക്ഷണത്തിന് ഈ സമാഹാരം ഉപകരിച്ചു. ഫോറ്റിയസിന്റെ പരന്ന സംസ്കാരം അദ്ദേഹത്തെ ആൾക്കൂട്ടങ്ങളുടെ സങ്കുചിതമനസ്ഥിതിയിൽ നിന്നു മാറ്റിനിർത്തി.[1]
ഫോറ്റിയസിന്റെ അസാമാന്യമായ അറിവ് എതിരാളികളെ അസൂയപ്പെടുത്തുകയും സംശയാലുക്കളാക്കുകയും ചെയ്തു. ഒരു 'ഉള്ളറ-അവിശ്വാസി' (closet pagan) ആണ് അദ്ദേഹമെന്ന് അവർ ആരോപിച്ചു. പ്രാർത്ഥനാവേളയിൽ ജപങ്ങൾക്കിടെ അദ്ദേഹം കവിത ചൊല്ലിയിരുന്നതായും അവർ പ്രചരിപ്പിച്ചു.[2] എങ്കിലും എതിരാളികളിൽ പലരും അദ്ദേഹത്തിന്റെ അറിവിനെ അംഗീകരിച്ചു. ഫോറ്റിയസിന്റെ വൈരിയായിരുന്ന ഇഗ്നേഷ്യസിന്റെ സുഹൃത്തും ജീവചരിത്രകാരനുമായിരുന്ന നിസെറ്റാസ് തന്നെ, വ്യാകരണം, കാവ്യം, പ്രസംഗകല, ദർശനം, വൈദ്യം, നിയമം എന്നിവയുൾപ്പെടെയുള്ള സമഗ്രശാസ്ത്രങ്ങളിലും ഫോറ്റിയസിനുണ്ടായിരുന്ന വൈഭവത്തെ വാഴ്ത്തുന്നു. ഫോറ്റിയസിന്റെ പാത്രിയർക്കീസ് പദവിയെ എതിർത്ത നിക്കോളാസ് ഒന്നാമൻ മാർപ്പാപ്പയും അദ്ദേഹത്തിന്റെ വലിയ ഗുണങ്ങളേയും സാർവലൗകികമായ ജ്ഞാനത്തേയും വാഴ്ത്തിയിട്ടുള്ള കാര്യം കത്തോലിക്കാ വിജ്ഞാനകോശം ചൂണ്ടികാട്ടുന്നു.[3]
പാത്രിയർക്കീസ്
[തിരുത്തുക]858-ൽ മൈക്കൽ മൂന്നാമൻ ചക്രവർത്തി അപ്പോൾ പാത്രിയർക്കീസായിരുന്ന ഇഗ്നേഷ്യസിനെ[൧] സ്ഥാനഭ്രഷ്ടനാക്കി. ചക്രവർത്തിയുടെ പ്രധാനമന്ത്രി സീസർ ബർദാസിന്റെ സദാചാരഭ്രംശത്തിനെതിരെയുള്ള[൨] പാത്രിയർക്കീസിന്റെ വിമർശനമാണ് ഇതിനു വഴിയൊരുക്കിയത്. ഇഗ്നേഷ്യസിന്റെ സ്ഥാനത്ത് പാത്രിയർക്കീസായത്, ഫോറ്റിയസാണ്.[5]മുന്നേ പുരോഹിതൻ പോലുമല്ലാതിരുന്ന ഫോറ്റിയസിന്റെ നിയമനം പുരോഹിതന്മാരുടെ എതിർപ്പിനു കാരണമായി. ഇഗ്നേഷ്യസ് അധികാരമൊഴിയാൻ വിസമ്മതിക്കുകയും നിക്കോളാസ് ഒന്നാമൻ മാർപ്പാപ്പയ്ക്ക് പരാതി കൊടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കോൺസ്റ്റാന്റിനോപ്പിളിലെത്തിയ മാർപ്പാപ്പയുടെ രണ്ടു പ്രതിനിധികൾ ഫോറ്റിയസിന്റെ നിയമനത്തെ സമ്മർദ്ദത്തിനു വഴങ്ങി[6] അംഗീകരിച്ചു. എന്നാൽ അവർ റോമിൽ മടങ്ങിയെത്തിയ ശേഷം മാർപ്പാപ്പ അവരുടെ സമ്മതത്തെ തള്ളിപ്പറയുകയും ഫോറ്റിയസിനോട് അധികാരമൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഫോറ്റിയസ് വഴങ്ങാതിരുന്നപ്പോൾ, മാർപ്പാപ്പ അദ്ദേഹത്തെ സഭാഭ്രഷ്ടനായി പ്രഖ്യാപിച്ചു. ചക്രവർത്തിയും ഫോറ്റിയസും ഒരു സൂനഹദോസ് വിളിച്ചുകൂട്ടി മാർപ്പാപ്പയെയും സഭാഭ്രഷ്ടനായി പ്രഖ്യാപിച്ചു. റോമൻ കത്തോലിക്കാ സഭയുടെ 'തെറ്റുകളുടെ' ഒരു പട്ടിക ഈ സമ്മേളനം പ്രസിദ്ധീകരിച്ചു. പുരോഹിതന്മാരുടെ നിബ്ബന്ധിതബ്രഹ്മചര്യവും[൩] ദൈവികത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും ഒരുമിച്ച് പുറപ്പെടുന്നവനാണെന്ന വിശ്വാസവും മറ്റും ഈ തെറ്റുകളിൽ ചിലതായിരുന്നു. [1]
എന്നാൽ അതിനിടെ സംഭവിച്ച മൈക്കൽ മൂന്നാമൻ ചക്രവർത്തിയുടെ മരണം സ്ഥിതി മാറ്റി. മൈക്കളിന്റെ പിൻഗാമിയായ ബേസിൽ ഒന്നാമൻ 867-ൽ ഫോറ്റിയസിനെ അധികാരഭ്രഷ്ടനാക്കി ഇഗ്നേഷ്യസിനെ വീണ്ടും പാത്രിയർക്കീസാക്കി.[5] 877-ൽ ഇഗ്നേഷ്യസ് മരിച്ചപ്പോൾ ഫോറ്റിയസ്, ചക്രവർത്തിയുടെ സമ്മതത്തോടെ വീണ്ടും പദവിയിലെത്തി.[5] മാർപ്പാപ്പാ പദവിയിൽ അതിനകം നിക്കോളാസ് ഒന്നാമന്റെ പിൻഗാമിയായിരുന്ന യോഹന്നാൻ എട്ടാമൻ ഈ തീരുമാനം അംഗീകരിച്ചു.
അന്ത്യം
[തിരുത്തുക]886-ൽ ബേസിൽ ചക്രവർത്തിയുടെ മരണത്തെ തുടർന്ന് ലിയൊ നാലാമൻ അധികാരത്തിലെത്തിയതോടെ ഫോറ്റിയസിനു വീണ്ടും പാത്രിയർക്കീസ് പദവി നഷ്ടപ്പെട്ടു.[7] ചക്രവർത്തിയുടെ തന്നെ സഹോദരൻ സ്റ്റീഫനാണ് ആ പദവി ലഭിച്ചത്. അതോടെ ഫോറ്റിയസ്, അർമേനിയയിലെ ബോർദി ആശ്രമത്തിൽ പ്രവാസിയായി. ഫോറ്റിയസിന്റെ ശിഷ്യൻ ആയിരുന്നിട്ടു കൂടി, പുതിയ ചക്രവർത്തി 887-ൽ അദ്ദേഹത്തെ രാജ്യദ്രോഹത്തിനു വിചാരണ ചെയ്തു. തെളിവുകളുടെ അഭാവത്തിൽ ഫോറ്റിയസിനെതിരെയുള്ള ആരോപണങ്ങൾ സ്ഥാപിക്കപ്പെട്ടില്ല. പക്ഷേ, പുതിയ അധികാരവൃത്തങ്ങളിൽ അസ്വീകാര്യനായിരുന്ന അദ്ദേഹം സന്യാസനിവൃത്തിയിൽ തുടർന്നു. എങ്കിലും മരണത്തിനു മുൻപ് അദ്ദേഹത്തിനെതിരായ നിരോധനങ്ങൾ മാറിയിരുന്നു എന്നു കരുതാൻ ന്യായമുണ്ട്.[8]
893-ൽ മരിച്ച അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിളിൽ സംസ്കരിച്ചു. ഫോറ്റിയസിനെ സംബന്ധിച്ച ചരിത്രസാക്ഷ്യങ്ങൾ പ്രതികൂലമായിരിക്കുമെന്നുറപ്പു വരുത്താൻ എതിരാളികൾ ശ്രമിച്ചെങ്കിലും പിൽക്കാലത്ത് അദ്ദേഹം പൗരസ്ത്യസഭയിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടു. പൗരസ്ത്യാരാധന ഫോറ്റിയസിന്റെ പേരു ഘോഷിക്കുന്നത് അദ്ദേഹത്തിന്റെ തീവ്രശത്രുവായിരുന്ന ഇഗ്നേഷ്യഷിന്റെ പേരിനൊപ്പമാണ്.[2]
പ്രാധാന്യം
[തിരുത്തുക]പൗരസ്ത്യക്രിസ്തീയതയെ മേൽക്കോയ്മയിൽ നിർത്താനുള്ള റോമൻ കത്തോലിക്കാ സഭയുടെ ശ്രമത്തിന്റെ തീവ്രവിരോധിയായിരുന്നു ഫോറ്റിയസ്. പാശ്ചാത്യ-പൗരസ്ത്യസഭകളുടെ വേർതിരിവിനു വഴിയൊരുക്കിയവരിൽ അദ്ദേഹം പ്രധാനിയാണ്. ഇരുസഭകളും തമ്മിൽ ഒൻപതാം നൂറ്റാണ്ടിലുണ്ടായ ഭിന്നിപ്പ് അറിയപ്പെടുന്നതു തന്നെ "ഫോറ്റിയസിന്റെ ശീശ്മ" (Photian Schism) എന്ന പേരിലാണ്. ഇടക്കാലത്ത് ഓർത്തഡോക്സ്-ലത്തീൻ ക്രിസ്തീയതകളുടെ കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ആ ഐക്യം ഹ്വസ്വായുസ്സാവുകയും 1054-ൽ ഇരുസഭകളും വഴിപിരിയുകയും ചെയ്തു.[9]
കുറിപ്പുകൾ
[തിരുത്തുക]൧ ^ കൊട്ടാരത്തിലെ ഉപജാപങ്ങളിൽ ഷണ്ഡനാക്കപ്പെട്ട ഒരു രാജകുമാരനായിരുന്നു പാത്രിയർക്കീസ് ഇഗ്നേഷ്യസ്[2]
൨ ^ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച്, വിധവയായ പുത്രവധുവിനൊപ്പം താമസിച്ചതിന്റെ പേരിലാണ് പ്രധാനമന്ത്രി സീസർ ബർദാസിനെ ഇഗ്നേഷ്യസ് വിമർശിച്ചത്.[1]
൩ ^ വൈദികബ്രഹ്മചര്യം മൂലം പാശ്ചാത്യനാടുകളിൽ പല കുട്ടികൾക്കും അപ്പൻ ആരെന്നറിയാത്ത അവസ്ഥയുണ്ടായി എന്നു ഫോറ്റിയസ് പരിഹസിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 528-29)
- ↑ 2.0 2.1 2.2 2.3 2.4 ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസണ്ട് ഇയേഴ്സ്" (പുറങ്ങൾ 457-61)
- ↑ 3.0 3.1 കോൺസ്റ്റാന്റിനോപ്പിളിലെ ഫോറ്റിയസ്, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
- ↑ Jenkins 1987, Chapter Thirteen: "Ignatius, Photius, and Pope Nicholas I", p. 168 .
- ↑ 5.0 5.1 5.2 Cross & Livingstone 2005, "Photius" .
- ↑ ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറം 396) "....they were terrorized and gave their assent."
- ↑ Treadgold, Warren T. (October 1983). "Review: Patriarch Photios of Constantinople: His Life, Scholarly Contributions, and Correspondence together together with a Translation of Fifty-Two of His Letters by Despina Stratoudaki White (പുറം 461)
- ↑ Tougher, Shaun (1997), The Reign of Leo VI (886-912): Politics and People. Leiden, The Netherlands: Brill (പുറം 84)
- ↑ എഡ്‌വേഡ് ഗിബ്ബൺ, "റോമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും" (അദ്ധ്യായം 60)