കോവിഡ് 19 വൈറസ് വകഭേദങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Positive, negative, and neutral mutations during the evolution of coronaviruses like SARS-CoV-2

കൊറോണ വൈറസ് രോഗം 2019 (COVID-19) ന് കാരണമാകുന്ന സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) വിന് നിരവധി വൈറസ് വകഭേദങ്ങൾ നിലവിലുണ്ട്. ഈ വകഭേദങ്ങൾക്ക് പേരുനൽകുന്നതിന് നിരവധി വ്യവസ്ഥകളും നിലനിൽക്കുന്നുണ്ട്. ഒരു പ്രത്യേകയിനം വൈറസ് വകഭേദത്തെ ആദ്യമായി കണ്ടെത്തിയ രാജ്യത്തെ അടിസ്ഥാനമാക്കിയാണ് ആദ്യകാലങ്ങളിൽ പേരുനൽകിയിരുന്നത്. (ഉദാഹരണം വുഹാൻ വൈറസ്) എന്നാൽ പിന്നീട് വൈറസിന്റെ പുറമേയുള്ള സ്പൈക്ക് പ്രോട്ടീനുകളിലും മറ്റിടങ്ങളിലും നടക്കുന്ന ഉൽപരിവർത്തനത്തെ ആസ്പദമാക്കിയും ഗ്രീക്ക് അക്ഷരമാലാക്രമത്തിലും പേരുകൾ നൽകിവരുന്നു. ഇവയിൽ വ്യാപകമായതും വാർത്തകളിൽ ഇടംനേടുന്നതും ലോകാരോഗ്യസംഘടന ഗ്രീക്ക് അക്ഷരമാല ഉപയോഗിച്ച് നൽകുന്ന പേരുകളാണ്. ഇതനുസരിച്ച് ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നിവ സാമാന്യജനങ്ങൾക്കും ബോധ്യപ്പെടുന്നതരത്തിൽ പ്രചരിക്കുന്ന വൈറസ് വകഭേദങ്ങളുടെ പേരുകളാണ്. വൈറസിലെ വിവിധ ഉൽപരിവർത്തനങ്ങളെ അധികരിച്ച് ഫൈലോജനറ്റിക് അസൈൻമെന്റ് ഓഫ് നെയിംഡ് ഗ്ലോബൽ ഔട്ട്ബ്രേക്ക് ലിനിയേജസ് (The Phylogenetic Assignment of Named Global Outbreak Lineages), ചുരുക്കത്തിൽ PANGOLIN എന്നറിയപ്പെടുന്ന സോഫ്റ്റ്‍വെയർ വഴി നൽകുന്ന പേരുകളും നെക്സ്റ്റ്സ്ട്രെയിൻ എന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്‍വെയർ നിർമാണ സംഘം നൽകുന്ന പേരുകളും കോവി‍ഡ്-19 വൈറസ് വകഭേദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇപ്പോൾ ഒമിക്രോൺ ഉൽപരിവർത്തനവിധേയമായ ഇനങ്ങളായ XBB, XBB1 ആശങ്കയുളവാക്കുന്ന ഉപവകഭേദങ്ങളായി ലോകാരോഗ്യസംഘടന പരിഗണിക്കുന്നു.[1]

വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിലുള്ള പേരുകൾ[തിരുത്തുക]

ലോകാരോഗ്യസംഘടന 2021 മേയ് 31 മുതൽ കോവിഡ്-19 രോഗകാരിയായ വൈറസ് വകഭേദങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാല ഉപയോഗിക്കുന്നു. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ, സീറ്റ, ഈറ്റ, തീറ്റ, അയോട്ട, കപ്പ, ലാംഡ, എന്നിവയ്ക്കുശേഷം വരുന്ന സൈ, ന്യൂ എന്നിവ ഉപയോഗിക്കാതെ ഒമിക്രോൺ എന്ന അക്ഷരം ഉപയോഗിച്ചിരിക്കുന്നു. ചൈനയുടെ പ്രസിഡന്റ് സൈ ജിൻപിംഗിനെ സൂചിപ്പിക്കുന്നതിനാൽ സൈ എന്ന അക്ഷരവും പുതിയത് എന്ന അർത്ഥത്തിൽ തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാൻ ന്യൂ എന്ന അക്ഷരവും ഒഴിവാക്കിയാണ് ഒമിക്രോൺ എന്ന അക്ഷരത്തെ ലാംഡയ്ക്ക് തുടർച്ചയായി നൽകിയത്. ഗ്രീക്ക് അക്ഷരങ്ങൾ മുഴുവൻ ഉപയോഗിച്ചശേഷം നക്ഷത്രഗണങ്ങളുടെ പേരുകൾ ഉപയോഗിക്കാനാണ് ലോകാരോഗ്യസംഘടന തീരുമാനിച്ചിട്ടുള്ളത്.

കോവിഡ്-19 വൈറസിന്റെ വകഭേദങ്ങൾക്ക് പേരുനൽകുന്നതിന് വൈറസിന്റെ പകരൽതോത്, വാക്സിനുകളുടെയോ ചികിത്സയുടെയോ ഫലപ്രാപ്തിക്കുറവ് അനുഭവപ്പെടുത്തുന്നയിനം എന്നീ വസ്തുതകളാണ് ലോകാരോഗ്യസംഘടന പരിഗണിച്ചിട്ടുള്ളത്. 2021 ജൂൺമാസത്തിൽ ആശങ്കയുളവാക്കുന്ന വകഭേദങ്ങൾ അഥവാ വേരിയന്റ് ഓഫ് കൺസേൺ (VOC) എന്ന പട്ടികയിൽ ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റാ, ഒമിക്രോൺ എന്നീ വകഭേദങ്ങളെ ഉൾപ്പെടുത്തി. ഈ പട്ടികയിലുൾപ്പെടുന്നവ കൂടുതലാൾക്കാരിലേയ്ക്ക് പകരുന്നതും മരണനിരക്ക് ഉയർത്തുന്നതുമാണ്. കൂടാതെ വാക്സിനുകളുടേയും ചികിത്സാമാർഗ്ഗങ്ങളുടേയും ഫലപ്രാപ്തി കുറയ്ക്കാൻ കാരണമായ ഇനങ്ങളുമാണിവ. ഇതിനൊപ്പം താൽപര്യമുണർത്തുന്ന വകഭേദം എന്ന പട്ടികയിൽ ലാംഡ, മ്യൂ എന്നിവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആശങ്കയുളവാക്കുന്ന വകഭേദം എന്ന പട്ടികയിലുൾപ്പെടുന്നവ[തിരുത്തുക]

ആശങ്കയുളവാക്കുന്നവ അഥവാ വേരിയന്റ് ഓഫ് കൺസേൺ (VOC) എന്ന പട്ടികയിൽ യു.കെയിൽ ആദ്യമായി കണ്ടെത്തിയ ആൽഫ, ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റ, ബ്രസീലിൽ ആദ്യമായി കണ്ടെത്തിയ ഗാമ, ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ എന്നീ വകഭേദങ്ങളുൾപ്പെടുന്നു.

ആൽഫാ വകഭേദം[തിരുത്തുക]

2020 ഒക്ടോബറിൽ യു.കെയിൽ കണ്ടെത്തിയ വകഭേദമാണിത്. 2020 ഒക്ടോബർ മുതൽ ഡിസംബർ വരെ ഓരോ 6.5 ദിവസങ്ങളിലും ഈ വകഭേദത്തിന്റെ സാന്നിധ്യം ഇരട്ടിച്ചുകാണപ്പെട്ടു. 2021 മേയ് മാസത്തോടുകൂടി 120 ഓളം രാജ്യങ്ങളിൽ ഈ വൈറസ് വകഭേദത്തെ കണ്ടെത്തി. ഈ വൈറസിന് N501Y എന്ന ഉൽപരിവർത്തനമുണ്ടായിരുന്നു. പ്രോട്ടീനുകൾ നിർമിക്കുന്നത് അമിനോആസിഡുകളുടെ ശ്രേണികൊണ്ടാണ്. ഇവിടെ സ്പൈക് പ്രോട്ടീനിന്റെ അമിനോ ആസിഡ് ശ്രേണിയിൽ 501 ആമത് സ്ഥാനത്ത് വരേണ്ട അസ്പരാജിൻ (N) എന്ന അമിനോ ആസിഡിനുപകരം ടൈറോസിൻ (Y) എന്ന അമിനോ ആസിഡ് വന്നുചേർന്നതാണ് N501Y ഉൽപരിവർത്തനമായി അറിയപ്പെടുന്നത്. ഈ ഉൽപരിവർത്തനം മൂലം വൈറസിന്റെ സ്പൈക് പ്രോട്ടീനിന് മനുഷ്യശരീരകോശത്തിലെ ACE2 എന്ന ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം 2 എന്ന സ്വീകരണിയിലേയ്ക്ക് (Receptor) വളരെ കാര്യമായി ബന്ധിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു.[2] ഇതാണ് ഈ ഇനം വൈറസുകൾ വളരെ വേഗത്തിൽ പടർന്നുപിടിക്കാൻ ഇടയാക്കുന്നത്. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് B.1.1.7 എന്നും NextStrain വ്യവസ്ഥ പ്രകാരം ഇത് 20I/501Y.V1 എന്നും അറിയപ്പെടുന്നു.[3]

ബീറ്റാ വകഭേദം[തിരുത്തുക]

2020 ഡിസംബർ 18 ന് ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേല ബേയിൽ കണ്ടെത്തിയ വകഭേദമാണിത്. N501Y, K417N (417 ആം സ്ഥാനത്തെ ലൈസീൻ എന്ന അമിനോ ആസിഡിന് അസ്പരാജീൻ എന്ന അമിനോ ആസിഡ് പകരം വന്ന ഉൽപരിവർത്തനം), E484K (484 ആം സ്ഥാനത്തെ ഗ്ലൂട്ടാമേറ്റിന് പകരം ലൈസീൻ വന്ന ഉൽപരിവർത്തനം) എന്നീ പ്രധാന ഉൽപരിവർത്തനങ്ങൾക്ക് വിധേയമായ സ്പോക്ക് പ്രോട്ടീനുകളുള്ള ഇനമാണിത്. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് B.1.351 എന്നും NextStrain വ്യവസ്ഥ പ്രകാരം ഇത് 20H/501Y.V2 എന്നും അറിയപ്പെടുന്നു. ഈ ഉൽപരിവർത്തനങ്ങൾ മനുഷ്യകോശോപരിതലത്തിലെ സ്വീകരിണിയിലേയ്ക്ക് വളരെ വേഗത്തിൽ വൈറസിന്റെ സ്പൈക് പ്രോട്ടീനുകൾക്ക് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് കണ്ടെത്തി.

ഗാമ വകഭേദം[തിരുത്തുക]

2021 ജനുവരിയിൽ ടോക്യോയിലാണ് ബ്രസീലിൽ നിന്നെത്തിയ യാത്രക്കാരിൽ ഗാമ വകഭേദത്തെ കണ്ടെത്തിയത്. സ്പൈക് പ്രോട്ടീനിലുള്ള പത്തോളം ഉൽപരിവർത്തനങ്ങളിൽ പ്രധാനപ്പെട്ടവ N501Y, E484K എന്നിവ മനുഷ്യകോശ സ്വീകരണിയിലേയ്ക്ക് വൈറസ് പ്രോട്ടീനുകളെ ബന്ധിപ്പിക്കുന്നതിന് വളരെയധികം പര്യാപ്തമാണ് എന്ന് കണ്ടെത്തി. ലിംഗവ്യത്യാസമില്ലാതെ ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്ന വകഭേദമായി ഇത് തിരിച്ചറിയപ്പെട്ടു. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് p1 (B.1.1.28 ന്റെ ഉപഭേദമായ B.1.1.28.1 എന്ന പേര് നൽകാത്തതിനാൽ) എന്നും NextStrain വ്യവസ്ഥ പ്രകാരം ഇത് 20I/501Y.V1 എന്നും അറിയപ്പെടുന്നു.

ഡെൽറ്റ വകഭേദം[തിരുത്തുക]

185 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച ഈ വകഭേദത്തെ 2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ആൽഫയെക്കാൽ 50 ശതമാനം വേഗത്തിൽ വ്യാപിക്കുന്നതും യഥാർത്ഥ കോവിഡ് -19 വൈറസ് (സാർസ്- കോവി-2) വിനെക്കാൾ 50 ശതമാനം അധികം വ്യാപനശേഷി കാണിക്കുന്നതുമാണ് ഡെൽറ്റ.[4] സ്പൈക്ക് പ്രോട്ടീനിലെ അമിനോ ആസിഡ് ശ്രേണിയിൽ 614 ആം സ്ഥാനത്ത് വരേണ്ട അസ്പാർട്ടിക് ആസിഡ് മാറി ഗ്ലൈസീൻ (D614G) ആയതും 478 ൽ ത്രിയോണിൻ മാറി ലൈസീൻ (T478K) ആയതും 452 ൽ ല്യൂസിൻ എന്നത് ആർജിനിൻ (L452R) ആയതും 681 ൽ പ്രോലിൻ എന്നത് ആർജിനിൻ (P681R) ആയതും പ്രധാനപ്പെട്ട ഉൽപരിവർത്തനങ്ങളാണ്. ഇതിൽ L452R ഉൽപരിവർത്തനം സ്പൈക് പ്രോട്ടീനിന് മനുഷ്യശരീരത്തിലെ ACE2 സ്വീകരിണിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്താൻ സഹായിക്കുന്നു എന്നും പ്രതിരോധസംവിധാനത്തിന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ വൈറസിനെ മാറ്റുന്നു എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് B.1.617.2 എന്നും NextStrain വ്യവസ്ഥ പ്രകാരം ഇത് 21A/S:478K എന്നും അറിയപ്പെടുന്നു.

ഒമിക്രോൺ വകഭേദം[തിരുത്തുക]

2021 നവംബറിൽ ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലാണ് ഇതിനെ കണ്ടെത്തുന്നത്. 2022 ജനുവരിയിൽ ഇന്ത്യൻ സാർ-കോവി-2 ജീനോമിക്സ് കൺസോർഷ്യം ഇന്ത്യയിൽ ഒമിക്രോൺ സമൂഹവ്യാപനത്തിലെത്തിയതായി അറിയിച്ചു. ഡെൽറ്റാ വകഭേദത്തെക്കാൾ 70 ഇരട്ടി വേഗതയിൽ ശ്വാസകോശത്തിലേയ്ക്കുപോകുന്ന ശ്വസനി (ബ്രോങ്കസ്) കളിൽ പെരുകുന്ന ഇനമാണിത്. എന്നാൽ മുൻ ഇനങ്ങളെക്കാൾ തീവ്രത കുറഞ്ഞ ഇനമായാണ് ഒമിക്രോണിനെ വിലയിരുത്തുന്നത്. ശ്വാസകോശത്തിന്റെ ഉൾഭാഗത്തുള്ള കോശങ്ങളിൽ കടന്നുകൂടാൻ കഴിവില്ലാത്ത വകഭേദമായതിനാൽ ഡെൽറ്റയെക്കാൾ 91 ശതമാനം അപകടം കുറഞ്ഞതാണിവ. എന്നാൽ ഉയർന്ന നിരക്കിൽ വ്യാപിക്കാനും രണ്ട് വാക്സിൻ എടുത്തവരെപ്പോലും എളുപ്പത്തിൽ ബാധിക്കാനും ഇതിന് വളരെയധികം കഴിവുണ്ട്. ഇതോടൊപ്പം പുനർ രോഗബാധാസാധ്യതയും ഒമിക്രോൺ വഴിയുണ്ടാകുന്നു. ഇവയിലെ സ്പൈക്ക് പ്രോട്ടീനുകൾക്ക് 32 ഉൽപരിവർത്തനങ്ങൾ വന്നിട്ടുണ്ട്. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് B.1.1.529 എന്നും NextStrain വ്യവസ്ഥ പ്രകാരം ഇത് 21K എന്നും അറിയപ്പെടുന്നു.

ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധിതരിൽ നല്ല രോഗപ്രതിരോധ പ്രതികരണമുണ്ടാകുന്നുണ്ടെന്നും ഈ പ്രതിരോധപ്രതികരണം ഒമിക്രോണിനെ മാത്രമല്ല, ഡെൽറ്റ വകഭേദത്തെയും പ്രതിരോധിക്കുമെന്ന് ഐ.സി.എം.ആർ പഠനം തെളിയിച്ചു.[1]

കണ്ടെത്തൽ രോഗബാധ ഉണ്ടായത്
WHO
label
PANGO
lineage
Nextstrain
clade
First
outbreak
Earliest
sample
Designated VOC
ഡെൽറ്റ B.1.617.2 21A ഇന്ത്യ ഒക്ടോ 2020 6 മേയ് 2021[5]
ആൽഫ B.1.1.7 20I (V1) യു.കെ. 20 സെപ്റ്റം 2020[6] 18 ഡിസം 2020[7]
ഗാമ P.1 (B.1.1.28.1) 20J (V3) ബ്രസീൽ നവം 2020 15 ജനു 2021[8][9]
ബീറ്റ B.1.351 20H (V2) ദക്ഷിണാഫ്രിക്ക മേയ് 2020 14 ജനു 2021[10]
ഒമിക്രോൺ B.1.1.529 21K ദക്ഷിണാഫ്രിക്ക 9 നവം 2021 26 നവം 2021[11]

  Very high risk   High risk   Medium risk   Low risk   Unknown risk

താൽപര്യമുണർത്തുന്ന വകഭേദം എന്ന പട്ടികയിലുൾപ്പെടുന്നവ[തിരുത്തുക]

2021 ആഗസ്റ്റിൽ ലോകാരോഗ്യസംഘടന താൽപര്യമുണർത്തുന്ന വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ലാംഡ, മ്യൂ എന്നീ ഇനങ്ങളാണ്.

ലാംഡ[തിരുത്തുക]

2020 ആഗസ്റ്റിൽ പെറുവിൽ കണ്ടെത്തിയ ഇനമാണിത്. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് C.37 എന്നറിയപ്പെടുന്നു. ലോകത്ത് 30 രാജ്യങ്ങളിലേയ്ക്ക് ഇത് വ്യാപിച്ചു.

മ്യൂ[തിരുത്തുക]

2021 ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ ഇനമാണിത്. PANGOLIN സോഫ്റ്റ്‍വെയർ ടൂൾ പ്രകാരം ഇത് B.1.621 എന്നറിയപ്പെടുന്നു.

പുതിയ വകഭേദങ്ങൾ[തിരുത്തുക]

SARS-CoV-2 വൈറസ് പരിണാമം സംബന്ധിച്ച് ലോകാരോഗ്യസംസംഘടനയുടെ സാങ്കേതിക ഉപദേശക സംഘം 2022 ഒക്ടോബർ 24 ന് ഒത്തുചേർന്ന് നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്ന ചില Omicron വകഭേദങ്ങൾ, അവയുടെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ ചർച്ച ചെയ്തു.[12] നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, XBB*, BQ.1* എന്നിവ ഒമിക്രോണിന്റെ ഭാഗമായവയാണെന്നും ഇത് ആശങ്കയുളവാക്കുന്ന വകഭേദമാണെന്നും വിലയിരുത്തി.

XBB*[തിരുത്തുക]

XBB* എന്നത് BA.2.10.1, BA.2.75 ഉപലീനിയേജുകളുടെ ജനിതകപുനഃസംയോജനം വന്ന വിഭാഗമാണ്. XBB* യുടെ ആഗോളവ്യാപനശേഷി 1.3% ആണ്. 35 രാജ്യങ്ങളിലാണ് ഈ വകഭേദത്തെ കണ്ടെത്തിയത്.

BQ.1*[തിരുത്തുക]

K444T, N460K എന്നിവയുൾപ്പെടെ ചില പ്രധാന ആന്റിജനിക് സൈറ്റുകളിൽ സ്പൈക്ക് ഉൽപരിവര്ത്തനങ്ങളെ വഹിക്കുന്ന BA.5 ന്റെ ഒരു ഉപവിഭാഗമാണ് BQ.1*. ഈ ഉൽൃപരിവർത്തനങ്ങൾക്ക് പുറമേ, സബ്ലീനിയേജ് BQ.1.1 ഒരു പ്രധാന ആന്റിജനിക് സൈറ്റിൽ (അതായത് R346T) ഒരു അധിക സ്പൈക്ക് ഉൽപരവിർത്തനത്തേയും ഇത് വഹിക്കുന്നു. BQ.1* ന്റെ വ്യാപനശേ്ഷി 6% ആണ്. ഇതിനെ 65 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.


അവലംബം[തിരുത്തുക]

  1. https://www.who.int/news/item/27-10-2022-tag-ve-statement-on-omicron-sublineages-bq.1-and-xbb
  2. https://asm.org/Articles/2021/January/B-1-1-7-What-We-Know-About-the-Novel-SARS-CoV-2-Va
  3. https://virological.org/t/preliminary-genomic-characterisation-of-an-emergent-sars-cov-2-lineage-in-the-uk-defined-by-a-novel-set-of-spike-mutations/563
  4. "5 Things To Know About the Delta Variant". https://www.yalemedicine.org/. 2022 January 6. Archived from the original on 2021-11-17. Retrieved 2022 January 6. {{cite web}}: Check date values in: |access-date= and |date= (help); External link in |publisher= (help)
  5. SARS-CoV-2 variants of concern and variants under investigation in England, technical briefing 10 (PDF) (Briefing). Public Health England. 7 May 2021. GOV-8226. Archived (PDF) from the original on 8 May 2021. Retrieved 6 June 2021.
  6. Rambaut A, Loman N, Pybus O, Barclay W, Barrett J, Carabelli A, et al. (18 December 2020). "Preliminary genomic characterisation of an emergent SARS-CoV-2 lineage in the UK defined by a novel set of spike mutations". Virological. Archived from the original on 21 December 2020. Retrieved 14 June 2021.
  7. Investigation of novel SARS-COV-2 variant, technical briefing 1 (PDF) (Briefing). Public Health England. 21 December 2020. Archived (PDF) from the original on 15 June 2021. Retrieved 6 June 2021.
  8. "Confirmed cases of COVID-19 variants identified in UK". GOV.UK. Public Health England. 15 January 2021. Archived from the original on 7 May 2021. Retrieved 5 March 2021.
  9. Horby P, Barclay W, Gupta R, Huntley C (27 January 2021). NERVTAG paper: note on variant P.1 (Note). Public Health England. Archived from the original on 6 June 2021. Retrieved 6 June 2021.
  10. Horby P, Barclay W, Huntley C (13 January 2021). NERVTAG paper: brief note on SARS-CoV-2 variants (Note). Public Health England. Archived from the original on 6 June 2021. Retrieved 6 June 2021.
  11. "Classification of Omicron (B.1.1.529): SARS-CoV-2 Variant of Concern". World Health Organization. 26 November 2021. Retrieved 26 November 2021.
  12. https://www.who.int/news/item/27-10-2022-tag-ve-statement-on-omicron-sublineages-bq.1-and-xbb