കോഴിക്കോട് അബ്ദുൽഖാദർ
കോഴിക്കോട് അബ്ദുൽഖാദർ | |
---|---|
ജനനം | ആൻഡ്രൂസ് 1916 ഫെബ്രുവരി 19 |
മരണം | 1977 ഫെബ്രുവരി 13 |
തൊഴിൽ | ഗായകൻ |
ജീവിതപങ്കാളി(കൾ) | ആച്ചുമ്മ ശാന്താ ദേവി |
കുട്ടികൾ | സുരേഷ് ബാബു, സത്യജിത്ത്, നജ്മൽ ബാബു |
ഒരു കേരളീയ ഗായകനാണ് കോഴിക്കോട് അബ്ദുൽഖാദർ. (1916, ഫെബ്രുവരി 19, – 1977 ഫെബ്രുവരി 13). 'കേരള സൈഗാൾ' എന്നു സഹൃദയരാൽ വിശേഷിപ്പിക്കപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ജനിച്ചു. ലെസ്ലി എന്നായിരുന്നു ആദ്യപേര്. വയലിൻ വിദ്വാനായിരുന്ന പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാർഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. തൊഴിൽതേടി 1933-ൽ റംഗൂണിലേക്കുപോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്ളീം ഗായകരുമായുണ്ടായ അടുപ്പം സംഗീതത്തിൽ പുതിയ തലങ്ങൾ സ്വായത്തമാക്കാൻ ഇദ്ദേഹത്തെ സഹായിച്ചു. തുടർന്ന് ഇസ്ളാംമതം സ്വീകരിച്ച ലെസ്ലി അബ്ദുൽ ഖാദറായി മാറി.കുഞ്ഞുമുഹമ്മദ്ക്കയുടെ (കോൺസ്റ്റബിൾ )കൂടെസംഗീതം അഭ്യസിച്ചിട്ടുണ്ട്
1936-ൽ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുൽഖാദർ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ ഇദ്ദേഹം പാർട്ടിവേദികളിൽ വിപ്ളവഗാനങ്ങൾ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകൻ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.
സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി 1940-ൽ ബോംബെയ്ക്കു പോയെങ്കിലും ആ മോഹം സഫലമായില്ല. നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽഖാദർ ആകാശവാണി കോഴിക്കോട് നിലയത്തിൽ ഗായകനായി ചേർന്നു. 'സോജാ രാജകുമാരി സോജാ' തുടങ്ങിയ സൈഗാളിന്റെ ഗാനങ്ങൾ മനോഹരമായി പാടിയ ഇദ്ദേഹത്തെ 'കേരള സൈഗാൾ' എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാർഡുകൾ ഇദ്ദേഹത്തിന്റേതായുണ്ട്. വീണ്ടും ഉത്തരേന്ത്യൻ പര്യടനങ്ങൾ നടത്തി സംഗീതസദസ്സുകൾ അവതരിപ്പിക്കുകയുണ്ടായി. 1977 ഫെ. 13-ന് 61-ആം വയസ്സിൽ അബ്ദുൽഖാദർ അന്തരിച്ചു. ഗായകനായ നജ്മൽ ബാബു ഇദ്ദേഹത്തിന്റെ പുത്രനാണ്.
പ്രശസ്ത ഗാനങ്ങൾ
[തിരുത്തുക]- തങ്കക്കിനാക്കൾ ഹൃദയേ വീശും..
- 'തിരമാല'യിലെ(1953) താരകം ഇരുളില് മായുകയോ, ഹേ കളിയോടമേ, പാലാഴിയാം നിലാവിൽ
- പാടാനോർത്തൊരു മധുരിതഗാനം
- എങ്ങനെ നീ മറക്കും കുയിലേ
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഖാദർ, കോഴിക്കോട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]