കോയമ്പത്തൂർ ധന്വന്തരിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലൊന്നായ കോയമ്പത്തൂരിൽ, ആര്യവൈദ്യ ഫാർമസി അങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കോയമ്പത്തൂർ ധന്വന്തരിക്ഷേത്രം. ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി പ്രധാനപ്രതിഷ്ഠയായി വരുന്ന ഈ ക്ഷേത്രം, കോയമ്പത്തൂർ നിവാസികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നഗരത്തിന്റെ ഹൃദയഭാഗമായ രാമനാഥപുരത്ത്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, 1977-ലാണ് പണികഴിപ്പിയ്ക്കപ്പെട്ടത്. പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന ധന്വന്തരിഭഗവാന് ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഉമാമഹേശ്വരന്മാർ, ദുർഗ്ഗാദേവി, ഭദ്രകാളി, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. തമിഴ്നാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെങ്കിലും കേരളീയശൈലിയിലുള്ള പൂജാക്രമങ്ങളും ആചാരങ്ങളുമാണ് ഇവിടെ നടത്തിവരുന്നത് എന്ന അതിവിശേഷമായ ഒരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. മേടമാസത്തിലെ പുണർതം നാളിൽ നടത്തപ്പെടുന്ന പ്രതിഷ്ഠാദിനവും, അതിനോടനുബന്ധിച്ചുള്ള കൊടിയേറ്റുത്സവവുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ, തുലാമാസത്തിലെ ധന്വന്തരി ജയന്തി, കർക്കടകമാസത്തിലെ ഇല്ലം നിറ തുടങ്ങിയവയും വിശേഷദിവസങ്ങളാണ്. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ചരിത്രം[തിരുത്തുക]

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകനായിരുന്ന ആര്യവൈദ്യൻ പി.വി. രാമവാര്യരുടെ ആഗ്രഹമായിരുന്നു ഫാർമസിയോടുചേർന്ന് ധന്വന്തരിമൂർത്തിയ്ക്ക് ഒരു പ്രതിഷ്ഠ നടത്തണമെന്നത്. ഏത് രോഗിയെ ചികിത്സിയ്ക്കുന്നതിനുമുമ്പും ധന്വന്തരിയെ ഉപാസിയ്ക്കുന്നത് അദ്ദേഹത്തിന്റെ ജീവിതചര്യയായിരുന്നു. കുറച്ചുകാലം ഗുരുനാഥനായിരുന്ന വൈദ്യരത്നം പി.എസ്. വാര്യരുടെ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ജോലി ചെയ്തുവന്ന അദ്ദേഹം, പിന്നീട് ഗുരുനാഥനുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം അവിടെനിന്ന് രാജിവച്ചുപോകുകയും കോയമ്പത്തൂരിൽ ആര്യവൈദ്യ ഫാർമസി തുടങ്ങുകയും ചെയ്തു. കേരളീയ സമ്പ്രദായത്തിലുള്ള ആയുർവേദ ചികിത്സാരീതി ആദ്യമായി തമിഴ്നാട്ടിൽ പ്രസിദ്ധമാക്കിയത് രാമവാര്യരാണ്. കോയമ്പത്തൂരിലേയ്ക്ക് താമസം മാറ്റിയ അദ്ദേഹം 1943-ൽ ആരംഭിച്ച ആര്യവൈദ്യ ഫാർമസി, ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകൾ രാമവാര്യരുടെ ചികിത്സയാൽ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണം കൂടിയതോടെ 1950-ൽ കോയമ്പത്തൂരിൽ ഫാർമസി വക ആശുപത്രിയും തുടങ്ങി. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആളുകൾ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നുണ്ട്.

ആശുപത്രിയോടനുബന്ധിച്ച് ഒരു ധന്വന്തരിക്ഷേത്രം പണിയാൻ രാമവാര്യർ ശ്രമങ്ങൾ തുടങ്ങുന്നത് 1960-കളുടെ ഒടുവിലാണ്. ആശുപത്രിയിൽ ചികിത്സയ്ക്ക് വരുന്നവർക്ക് ജാതിമതഭേദമെന്യേ ദർശനം നടത്താനുള്ള സൗകര്യം അദ്ദേഹം തീരുമാനിയ്ക്കുകയും ചെയ്തു. എന്നാൽ, പലതരത്തിലുള്ള തടസ്സങ്ങൾ ക്ഷേത്രനിർമ്മാണത്തിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അക്കാലത്ത് അദ്ദേഹം സന്ദർശിച്ച ജ്യോത്സ്യന്മാർ മുഴുവൻ പറഞ്ഞത് തടസ്സങ്ങൾ ദൈവാനുഗ്രഹത്തിന്റെ ലക്ഷണമാണെന്നും മുറുക്കെപ്പിടിച്ചോളൂ എന്നുമാണ് പറഞ്ഞത്. പതുക്കെ ക്ഷേത്രനിർമ്മാണത്തിൽ തടസ്സങ്ങൾ നീങ്ങുകയും 1975-ൽ ശിലാസ്ഥാപനം നടക്കുകയും ചെയ്തു. എന്നാൽ, ക്ഷേത്രനിർമ്മാണം തീരും മുമ്പ് 1976-ൽ രാമവാര്യർ അന്തരിച്ചു. ഇതിനുശേഷം ചുമതലയേറ്റ മരുമകൻ ഡോ. പി.വി. ചന്ദ്രശേഖരവാര്യരുടെയും മകൻ ഡോ. പി.ആർ. കൃഷ്ണകുമാറിന്റെയും നേതൃത്വത്തിൽ നിർമ്മാണം തകൃതിയായി നടക്കുകയും 1977 മാർച്ച് മാസമായപ്പോഴേയ്ക്കും ക്ഷേത്രനിർമ്മാണം പൂർത്തിയാകുകയും ചെയ്തു. 1977 ഏപ്രിൽ 25-ന് മേടമാസത്തിലെ പുണർതം നക്ഷത്രത്തിൽ, താന്ത്രികാചാര്യനായിരുന്ന കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ, സഹോദരനായ കൽപ്പുഴ ഹരീശ്വരൻ നമ്പൂതിരിപ്പാട്, ധന്വന്തരിമൂർത്തിയുടെ പ്രതിഷ്ഠ നടത്തി. ഈ ദിവസത്തോടനുബന്ധിച്ചാണ് ഇന്ന് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടത്തിപ്പോരുന്നത്. എട്ടുദിവസമാണ് ഉത്സവം. മുഖ്യപ്രതിഷ്ഠയോടനുബന്ധിച്ചുതന്നെയാണ് ഉപദേവതകളുടെ പ്രതിഷ്ഠകളും നടത്തിയത്. ശിവന്റെ പ്രതിഷ്ഠ നിർവഹിച്ചത് തന്ത്രരത്നം അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടും, ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ നിർവഹിച്ചത് കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാടും, ഗണപതിയുടെ പ്രതിഷ്ഠ നിർവഹിച്ചത് മുഖ്യതന്ത്രിയായ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടും, സുബ്രഹ്മണ്യന്റെ പ്രതിഷ്ഠ നിർവഹിച്ചത് മൂത്തേടത്ത് ദാമോദരൻ നമ്പൂതിരിപ്പാടും, അയ്യപ്പന്റെ പ്രതിഷ്ഠ നടത്തിയത് ശബരിമല തന്ത്രി താഴമൺ മഠം കണ്ഠരര് മഹേശ്വരരും, നാഗദൈവങ്ങളുടെ പ്രതിഷ്ഠ നടത്തിയത് പാതിരിക്കുന്നത്ത് രാമൻ നമ്പൂതിരിയും, ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ നടത്തിയത് കല്ലൂർ മാധവൻ നമ്പൂതിരിയും, നവഗ്രഹങ്ങൾ, ഹനുമാൻ, ഉമാമഹേശ്വരന്മാർ എന്നിവരുടെ പ്രതിഷ്ഠ നടത്തിയത് നരസിംഹ ഭട്ടാചാര്യരുമാണ്. ചുരുക്കിപ്പറഞ്ഞാൽ അക്കാലത്തെ എല്ലാ പ്രമുഖ താന്ത്രികാചാര്യന്മാരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ക്ഷേത്രപരിസരം[തിരുത്തുക]

രാമനാഥപുരം ദേശത്തിന്റെ മധ്യഭാഗത്ത്, ആര്യവൈദ്യഫാർമസി അങ്കണത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. പ്രധാനപാതയിൽ നിന്ന് അല്പം ഉള്ളോട്ടുമാറി സ്ഥിതിചെയ്യുന്ന ആര്യവൈദ്യ ഫാർമസി അങ്കണത്തിൽ, ഏകദേശം അമ്പതേക്കർ വിസ്തീർണ്ണം വരുന്ന സ്ഥലത്തിന്റെ ഒത്തമധ്യത്തിൽ ധന്വന്തരിക്ഷേത്രവും, അതിന് അഭിമുഖമായി ആര്യവൈദ്യ ആശുപത്രി & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും വടക്കുവശത്ത് അന്നശ്രീ കാന്റീനും ചുറ്റും രോഗികൾ താമസിയ്ക്കുന്ന നിരവധി വീടുകളും കാണാം. നിരവധി മരങ്ങൾ ഫാർമസി അങ്കണത്തിൽ തഴച്ചുവളരുന്നുണ്ട്. തന്മൂലം, തിരക്കേറിയ നഗരത്തിലായിട്ടും നല്ല ശുദ്ധവായു ലഭിയ്ക്കുന്ന സ്ഥലമാണിത്. ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറുഭാഗത്തായാണ് വാഹനപാർക്കിങ് സൗകര്യം അനുവദിച്ചിരിയ്ക്കുന്നത്. ധന്വന്തരിക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ഷിർദ്ദി സായി ബാബയുടെ ചെറിയൊരു ക്ഷേത്രം കൂടിയുണ്ട്. ഇത് താരതമ്യേന പുതിയ കാലത്ത് പണികഴിപ്പിച്ചതാണ്. ഏകദേശം രണ്ടടി ഉയരം വരുന്ന ഷിർദ്ദി സായി ബാബയുടെ മാർബിൾ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. സമീപം തന്നെ സത്യസായിബാബയുടെ ഒരു ചിത്രവും വച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സായിഭക്തരുടെ ഒരു സംഭാവനയാണ് ഈ ക്ഷേത്രം. ഇതും കടന്ന് അല്പദൂരം മുന്നോട്ട് നടന്നാൽ ക്ഷേത്രത്തിന്റെ പേരെഴുതിയ കവാടം കാണാം. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇവിടെ ബോർഡ് എഴുതിവച്ചിട്ടുണ്ട്. ഇതുകടന്നാൽ വലിയ നടപ്പുരയാണ്. നിരവധി മഹാത്മാക്കളുടെ മാർബിൾ പ്രതിമകൾ കൊത്തിവച്ച തൂണുകളോടുകൂടിയ നടപ്പുര ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ്. ആദിശങ്കരാചാര്യർ, ചൈതന്യ മഹാപ്രഭു, തുക്കാറാം, മീരാബായ്, കബീർദാസ്, സ്വാമിനാരായൺ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരാണ്. ഇതിന് തെക്കുഭാഗത്താണ് ക്ഷേത്രം വക വഴിപാട് കൗണ്ടർ. അട്ടയും കുഴമ്പും, മുക്കുടി നിവേദ്യം, പാൽപ്പായസം, വെണ്ണ, ധന്വന്തരിഹോമം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മുഖ്യവഴിപാടുകൾ. വടക്കുവശത്തുള്ള ഇടനാഴിയുടെ ചുവട്ടിൽ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ വലം വയ്ക്കുന്നത് ആയുസ്സിന് ഉത്തമമാണെന്ന് വിശ്വസിച്ചുവരുന്നു. ഇവിടെ അരയാലിനൊപ്പം അതേ തറയിൽ ആര്യവേപ്പും വളരുന്നുണ്ട്. രണ്ടും കൂടിച്ചേർന്നാണ് വളരുന്നതെന്നതിനാൽ ഇരുവൃക്ഷങ്ങളും വിവാഹം കഴിച്ചവരാണെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ഈ മരങ്ങൾക്ക് ചുവട്ടിലായി ഒരു ഗണപതിപ്രതിഷ്ഠയും കാണാം. ഗുരുവായൂരിലെ കാര്യാലയ ഗണപതിക്ഷേത്രം പോലെ വനഗണപതിസങ്കല്പത്തിലാണ് ഇവിടെയും ആരാധന. എന്നാൽ, അവിടെയുള്ളതിനെക്കാൾ ഉയരം കുറവാണ് ഇവിടെ. മാത്രവുമല്ല, പ്രതിഷ്ഠയ്ക്കുചുറ്റും മതിൽക്കെട്ടും പണിതിട്ടില്ല. ഹൈന്ദവവിശ്വാസപ്രകാരം ആദ്യപൂജിതനായ ഗണപതിഭഗവാനെ വന്ദിച്ചേ ഭക്തർ ധന്വന്തരിയെ വന്ദിയ്ക്കാൻ പോകാറുള്ളൂ. ഇതിനടുത്തുതന്നെയാണ് ക്ഷേത്രത്തിലെ നവഗ്രഹപ്രതിഷ്ഠയും. ഗ്രഹനായകനായ സൂര്യൻ നടുക്കും മറ്റുള്ളവർ ചുറ്റുമായി ഒറ്റക്കല്ലിൽ നിൽക്കുന്ന രൂപത്തിലാണ് ഈ പ്രതിഷ്ഠ. കിഴക്കുഭാഗത്ത് ശുക്രൻ, തെക്കുകിഴക്കുഭാഗത്ത് ചന്ദ്രൻ, തെക്കുഭാഗത്ത് ചൊവ്വ, തെക്കുപടിഞ്ഞാറുഭാഗത്ത് രാഹു, പടിഞ്ഞാറുഭാഗത്ത് ശനി, വടക്കുപടിഞ്ഞാറുഭാഗത്ത് കേതു, വടക്കുഭാഗത്ത് വ്യാഴം, വടക്കുകിഴക്കുഭാഗത്ത് ബുധൻ എന്നിങ്ങനെയാണ് നവഗ്രഹങ്ങളുടെ സ്ഥാനം നിർണയിച്ചിരിയ്ക്കുന്നത്. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചൊവ്വ, രാഹു, കേതു എന്നിവർ തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നിത്യേന ഇവർക്ക് വിശേഷാൽ പൂജകളുണ്ട്. നവഗ്രഹങ്ങൾക്ക് വടക്കുഭാഗത്തായാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു തറയിൽ, ശിവലിംഗതുല്യമായ ചെറിയൊരു ശിലയിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. നിത്യവും ഇവിടെ വിളക്കുവയ്പുണ്ട്. ഇവിടെ നിന്ന് അല്പം മാറി ഒരു മരച്ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി അനന്തൻ കുടിയിരിയ്ക്കുന്ന ഈ സ്ഥലത്ത്, സമീപം തന്നെ നാഗയക്ഷിയും കുടിയിരിയ്ക്കുന്നു. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകാറുണ്ട്. ഇവരെ വന്ദിച്ചശേഷം ക്ഷേത്രമതിലകത്തേയ്ക്ക് പ്രവേശിയ്ക്കാം.

മതിലകം[തിരുത്തുക]

കാലേക്കർ പോലും വിസ്തീർണ്ണമില്ലാത്ത ഒരു കൊച്ചുക്ഷേത്രമാണ് കോയമ്പത്തൂർ ധന്വന്തരിക്ഷേത്രം. എങ്കിലും ഈ ചെറിയ മതിലകത്തുതന്നെ ഒരു മഹാക്ഷേത്രത്തിനുതകും വണ്ണമുള്ള നിർമ്മാണശൈലി അവലംബിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തെ പ്രവേശനകവാടത്തിലൂടെ അകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യമെത്തുന്നത് വലിയ നടപ്പുരയിലേയ്ക്കാണ്. നാലുനടകളിലും ഇത് വ്യാപിച്ചുകിടക്കുന്നുണ്ട്. ഇതിനുശേഷം കാണുന്നത്, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരമാണ്. ഏകദേശം നാല്പതടി ഉയരം വരുന്ന ഈ കൊടിമരം 2001-ലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടത്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് കാണാം. താരതമ്യേന വളരെ ചെറുതാണ് ഇവിടത്തെ വലിയ ബലിക്കല്ല്. സ്ഥലപരിമിതി കാരണം ഇവിടെ നാലമ്പലം പണിതിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ട് പുറത്തുനിന്ന് നോക്കിയാൽത്തന്നെ ധന്വന്തരിവിഗ്രഹം വ്യക്തമായിക്കാണാം. ബലിക്കല്ല് പിന്നിട്ടുകഴിഞ്ഞാൽ ശ്രീകോവിലായി. ദീർഘചതുരാകൃതിയിൽ കരിങ്കല്ലിൽ തീർത്ത ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നിലയേ ഇതിനുള്ളൂ. ചുറ്റും വിളക്കുമാടം പണിതിട്ടുണ്ട്. ഇതിന്റെ സോപാനപ്പടികൾ സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. അകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ധന്വന്തരിവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ അമൃതകലശവും മുന്നിലെ വലതുകയ്യിൽ അട്ടയും കാണാം. വിശ്വപ്രകൃതിയുടെ മൂലഭാവത്തെ ആവാഹിച്ചുകൊണ്ട് ശ്രീധന്വന്തരി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്തായി ഒരു കരിങ്കൽ ശില്പം കാണാം. കുന്തീദേവിയ്ക്ക് മോക്ഷം നൽകുന്ന ശ്രീകൃഷ്ണഭഗവാനും അവരെ നോക്കിനിൽക്കുന്ന പഞ്ചപാണ്ഡവരുമാണ് ഈ രൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഈ രൂപത്തിന് മുന്നിലായി ഭഗവദ്ഗീതയുടെ ഒരു കോപ്പിയും അതിനും മുന്നിലായി ഒരു നിലവിളക്കും കാണാം. ഓരോ ദിവസവും രാവിലെ ഭഗവദ്ഗീതയിലെ ഓരോ പേജും മറച്ചുവയ്ക്കുന്നു. അതാതുദിവസം ഇവിടെ വരുമ്പോൾ കാണുന്ന ശ്ലോകം വായിച്ച് വിധി പ്രസ്താവിയ്ക്കുന്നതാണ് ഇവിടത്തെ രീതി. ഇവിടെത്തന്നെ മറുവശത്ത് അനന്തപത്മനാഭസ്വാമിയുടെ ഒരു രൂപവും കൊത്തിവച്ചിട്ടുണ്ട്. 2021-ൽ ഇരുരൂപങ്ങളും സ്വർണ്ണം പൂശുകയുണ്ടായി. ഇതിനടുത്തുതന്നെയാണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ചെറിയ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി ഏകദേശം മൂന്നടി ഉയരം വരുന്ന ദേവിയുടെ വിഗ്രഹം ശിലാനിർമ്മിതമാണ്. ചതുർബാഹുവായ ദേവിയുടെ പുറകിലെ വലതുകയ്യിൽ ചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുകയും മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുകയും ചെയ്യുന്നു. ഈ ദേവിയ്ക്ക് മുന്നിലാണ് ഇവിടെ കളമെഴുത്തും പാട്ടും നടക്കുന്നത്. നെയ്പ്പായസം, പട്ടും താലിയും ചാർത്തൽ, ലളിതാസഹസ്രനാമാർച്ചന, ദ്വാദശാക്ഷരീപുഷ്പാഞ്ജലി തുടങ്ങിയവയാണ് ദുർഗ്ഗാദേവിയുടെ പ്രധാന വഴിപാടുകൾ. നവരാത്രിനാളുകൾ ഇവിടെ അതിവിശേഷമാണ്.

ദുർഗ്ഗാദേവിയുടെ ശ്രീകോവിലിന് സമീപമായി പുറത്തേയ്ക്കുള്ള ഒരു കവാടം കാണാം. ഇതിനപ്പുറം മറ്റൊരു മതിലകമാണ്. ഇവിടെ പരസ്പരം അഭിമുഖമായ മൂന്ന് ശ്രീകോവിലുകൾ കാണാം. അവയിൽ ആദ്യം കാണുന്നത് അയ്യപ്പസ്വാമിയുടെ ശ്രീകോവിലാണ്. ശബരിമലയിലെ പ്രസിദ്ധമായ പതിനെട്ടാം പടിയുടെ ചെറുമാതൃകയോടുകൂടിയ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഏകദേശം രണ്ടരയടി ഉയരം വരുന്ന അയ്യപ്പവിഗ്രഹം, പഞ്ചലോഹനിർമ്മിതമാണ്. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യം ഇതിനുണ്ട്. നീരാജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, ശനീശ്വരഹോമം എന്നിവയാണ് അയ്യപ്പന്നുള്ള പ്രധാന വഴിപാടുകൾ. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ അയ്യപ്പൻപാട്ടും അന്നദാനവും പതിവുണ്ട്. അയ്യപ്പന്റെ ശ്രീകോവിലിന് വടക്കുവശത്താണ് ഹനുമാൻ സ്വാമിയുടെ ശ്രീകോവിൽ. ഏകദേശം ആറടി ഉയരം വരുന്ന, വീരഹനുമാന്റെ രൂപത്തിലുള്ള ഹനുമദ്വിഗ്രഹമാണ് ഇവിടെ. ഏകദേശം അഞ്ചടി ഉയരം ഈ വിഗ്രഹത്തിനുണ്ട്. മറ്റുള്ള പ്രതിഷ്ഠകളിൽ നിന്ന് വ്യത്യസ്തമായി തമിഴ് ആചാരവിധികളോടെയാണ് ഹനുമാന് പൂജ നടക്കുന്നത്. വടമാല ഇവിടെ അതിവിശേഷമാണ്. നിത്യേന മുന്നൂറിലധികം വടകളാണ് വടമാലയ്ക്കായി ഉണ്ടാക്കിവിടുന്നത്. കൂടാതെ വെറ്റിലമാല, വെണ്ണചാർത്തൽ, കുങ്കുമം ചാർത്തൽ, മയപ്പൊടി തുടങ്ങിവയും ഹനുമാന് പ്രധാനമാണ്. ധനുമാസത്തിലെ അമാവാസിനാളിൽ നടക്കുന്ന ഹനുമാൻ ജയന്തിയാണ് ഇവിടെ പ്രധാന ആഘോഷം. അയ്യപ്പന്റെയും ഹനുമാന്റെയും ശ്രീകോവിലുകൾക്ക് അഭിമുഖമായാണ് ഭദ്രകാളിയുടെ ശ്രീകോവിൽ കാണപ്പെടുന്നത്. വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ചെറിയൊരു പ്രതിഷ്ഠയാണ് ഇവിടെ ഭദ്രകാളിയ്ക്ക്. പടിഞ്ഞാറോട്ടാണ് ദർശനം. കടുമ്പായസം, ചെത്തിമാല, രക്തപുഷ്പാഞ്ജലി, ഗുരുതിപൂജ തുടങ്ങിയവയാണ് ഭദ്രകാളിയുടെ പ്രധാന വഴിപാടുകൾ.

തിരിച്ച് മതിലകത്തെത്തുമ്പോൾ ദുർഗ്ഗാദേവിയുടെ ശ്രീകോവിലിന് അഭിമുഖമായി ഉമാമഹേശ്വരന്മാരുടെ പ്രതിഷ്ഠ കാണാം. ഉമ അഥവാ പാർവ്വതീദേവിയെ തുടയിലിരുത്തിയിരിയ്ക്കുന്ന ശിവഭഗവാന്റെ വിഗ്രഹരൂപത്തിലുള്ള അപൂർവ്വപ്രതിഷ്ഠയാണ് ഇവിടെ. ഏകദേശം മൂന്നടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുടുംബൈശ്വര്യങ്ങൾക്കുള്ള പൂജകൾ നടത്തപ്പെടുന്നത് ഇവിടെ വച്ചാണ്. ഇതിന് സമീപമായി മാലയിട്ടുവച്ചിരിക്കുന്ന വലിയൊരു ചിത്രം കാണാം. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ പണ്ഡർപൂർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളായ പാണ്ഡുരംഗവിഠലന്റെയും രുക്മിണീദേവിയുടെയും രൂപങ്ങളാണ് ഈ ചിത്രത്തിൽ. ഇഷ്ടികയുടെ പുറത്ത്, ഇരുകൈകളും അരയിൽ കുത്തിനിൽക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠകളാണ് ഇരുവർക്കും. തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുകിഴക്കുഭാഗത്ത് ശിവന്റെ ശ്രീകോവിലും കാണാം. വളരെ ചെറിയൊരു ശ്രീകോവിലാണ് ഇവിടെയുള്ളത്. രണ്ടടി ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. രണ്ട് ശിവപ്രതിഷ്ഠകൾ - ഒന്ന് പതിവുപോലെ ശിവലിംഗരൂപത്തിലും മറ്റേത് ദേവിയൊടൊപ്പം വിഗ്രഹരൂപത്തിലും കാണപ്പെടുന്ന ഏക ക്ഷേത്രമാണ് കോയമ്പത്തൂർ ധന്വന്തരിക്ഷേത്രം. രണ്ടും പടിഞ്ഞാറോട്ടാണ് ദർശനം നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്. തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് ഒറ്റശ്രീകോവിലിലാണ് ഗണപതി-സുബ്രഹ്മണ്യപ്രതിഷ്ഠകൾ. ഒരേ ശ്രീകോവിലിൽ ഗണപതിയും സുബ്രഹ്മണ്യനും കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഗണപതിവിഗ്രഹം സാധാരണപോലെയുള്ള രൂപത്തിൽ തന്നെ. ഏകദേശം രണ്ടടി ഉയരം വരും. ബാലരൂപത്തിലാണ് ഇവിടെ സുബ്രഹ്മണ്യവിഗ്രഹം. ഗണപതിഹോമം, നാളികേരമുടയ്ക്കൽ, കറുകമാല, ഒറ്റയപ്പം, മോദകം തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. പാലഭിഷേകം, പഞ്ചാമൃതം, കാവടി തുടങ്ങിയവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ. ഇവയ്ക്ക് സമീപത്തായി ശ്രീഗുരുവായൂരപ്പന്റെ ഒരു ശില്പവും കാണാം. കോയമ്പത്തൂരിൽ നിന്ന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗുരുവായൂർ ക്ഷേത്രത്തെ പ്രതിനിധീകരിയ്ക്കാനാണ് തെക്കുപടിഞ്ഞാറുഭാഗത്ത് ഗുരുവായൂരപ്പന്റെ രൂപം കൊത്തിവച്ചിരിയ്ക്കുന്നതെന്നാണ് സങ്കല്പം. ചതുർബാഹുവായി, പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ താമരപ്പൂവും ധരിച്ചുനിൽക്കുന്ന ഗുരുവായൂരപ്പനെക്കൂടിത്തൊഴുതാൽ, കോയമ്പത്തൂർ ധന്വന്തരിക്ഷേത്രദർശനം പൂർത്തിയാകുന്നു.

നിത്യപൂജാക്രമങ്ങൾ[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് കോയമ്പത്തൂർ ധന്വന്തരിക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറന്നാൽ നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം അഭിഷേകവും തുടർന്ന് മലർ നിവേദ്യവും നടക്കും. ആറുമണിയോടെ ഉഷഃപൂജ തുടങ്ങുകയായി. ശർക്കരപ്പായസം, ത്രിമധുരം, വെള്ളനിവേദ്യം എന്നിവയാണ് ഉഷഃപൂജയ്ക്കുള്ള നിവേദ്യങ്ങൾ. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും അതിനോടനുബന്ധിച്ച് ഗണപതിഹോമവും പതിവുണ്ട്. ആറരയോടെ ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം വിളമ്പുന്നത് ഭഗവാൻ നേരിൽ കാണുന്നു എന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്. ശ്രീകോവിലിന് ചുറ്റുമുള്ള ബലിക്കല്ലുകളിൽ ബലിതൂകി അവസാനം വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ശീവേലി അവസാനിയ്ക്കുന്നു. അതിനുശേഷം രാവിലെ എട്ടുമണിയോടെ പന്തീരടിപൂജ. പാൽപ്പായസമാണ് ഈ സമയത്ത് പ്രധാന നിവേദ്യം. പതിനൊന്നുമണിയ്ക്ക് ഉച്ചപ്പൂജയാണ്. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ മുക്കുടി ഈ സമയത്താണ് നേദിയ്ക്കുന്നത്. കൂടാതെ വെണ്ണ, പാൽപ്പായസം തുടങ്ങിയവയും ഈ സമയം തന്നെ നേദിയ്ക്കുന്നു. അതിനുശേഷം രാവിലത്തെ ശീവേലിയുടെ അതേ ചടങ്ങുകളോടെ ഉച്ചശീവേലിയും നടത്തി പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തപ്പെടുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമായി കാണപ്പെടുന്ന നിരവധി ദീപങ്ങൾ ഈ സമയത്ത് കൊളുത്തിവച്ചിട്ടുണ്ടാകും. അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ സമയം ക്ഷേത്രത്തിലുണ്ടാകുക. ദീപാരാധന കഴിഞ്ഞ് ഏഴേകാലോടെ അത്താഴപ്പൂജ നടത്തുന്നു. വെള്ളനിവേദ്യം, നെയ്പ്പായസം, അപ്പം, അട എന്നിവയാണ് നിവേദ്യങ്ങൾ. തുടർന്ന് ഏഴേമുക്കാലിന് അത്താഴശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, ധന്വന്തരി ജയന്തി, അഷ്ടമിരോഹിണി, വിഷു, ഇല്ലംനിറ, മണ്ഡലകാലം) ഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും പൂജകൾക്ക് മാറ്റം വരും. രാവിലെയുള്ള പൂജകൾക്ക് ഇടയ്ക്കയും വൈകീട്ടുള്ള പൂജകൾക്ക് ചെണ്ടയും ഇവിടെ സ്ഥിരമായി ഉപയോഗിച്ചുവരുന്നു. മലപ്പുറം ജില്ലയിൽ തിരുനാവായയിലുള്ള പ്രസിദ്ധ താന്ത്രിക കുടുംബമായ കൽപ്പുഴ കുടുംബക്കാർക്കാണ് ഇവിടെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ പൂർണ്ണമായും ആര്യവൈദ്യ ഫാർമസി വകയാണ്.