കോമത്തു കുഞ്ഞുപണിക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോമത്തു കുഞ്ഞുപണിക്കൻ
ദേശീയതഭാരതീയൻ
തൊഴിൽകവി
അറിയപ്പെടുന്നത്താതോപദേശം
അറിയപ്പെടുന്ന കൃതി
(1) ഹരിശ്ചന്ദ്രശതകം, (2) രുക്മിണീസ്വയംവരം, (3) ജനോവാനാടകം

സാമാന്യം പ്രസിദ്ധനായിരുന്ന മലയാള കവിയായിരുന്നു കോമത്തു കുഞ്ഞുപണിക്കൻ (1037–1095).[1] കേരള സാഹിത്യ ചരിത്രത്തിൽ ഇദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കുഞ്ഞുപണിക്കന്റെ തറവാടു മാവേലിക്കര മുട്ടത്തു കോമത്തുവീടാണു്. അദ്ദേഹം ആ ഗൃഹത്തിലെ വെളുമ്പിയമ്മയുടേയും ആലുമ്മൂട്ടിൽ തറവാട്ടിലെ കഞ്ഞുശങ്കരൻ ചാന്നാരുടേയും പുത്രനായി 1037-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു. മാതാവും പിതാവും ബാല്യത്തിൽ മരിച്ചുപോകയാൽ ജ്യേഷ്ഠൻ കേശവപ്പണിക്കരുടെ സംരക്ഷണത്തിലാണു് ആ ബാലൻ വളർന്നതു്. ആ വസ്തുത കവി തന്റെ ഒന്നിലധികം കൃതികളുടെ ആരംഭ ത്തിൽ നിവേദനം ചെയ്തിട്ടുണ്ട്. അമ്മക്കുഞ്ഞമ്മയായിരുന്നു പത്നി. 1095-ാമാണ്ടു ധനുമാസം 15-ാം൹യായിരുന്നു കവിയുടെ ദേഹവിയോഗം.

കൃതികൾ[തിരുത്തുക]

(1) ഹരിശ്ചന്ദ്രശതകം, (2) രുക്മിണീസ്വയംവരം നാടകം, (3) ജനോവാനാടകം, (4) താതോപദേശം എന്നീ പദ്യകൃതികളും, (5) വിദ്യുല്ലതിക എന്ന ഒരു ഗദ്യകഥയും രചിച്ചിട്ടുണ്ട്.

താതോപദേശം[തിരുത്തുക]

ഒടുവിലത്തെ കൃതിയായ താതോപദേശത്തിൽ ഒരു പിതാവു പുത്രിക്കുനല്കുന്ന ഉപദേശമാണു് വിഷയം. ആകെ 136 ശ്ലോകങ്ങളുണ്ടു്. ചക്കുകളങ്ങര ഓ. കല്യാണിക്കുട്ടി എന്ന തന്റെ മകൾക്കുവേണ്ടിയാണു് കവി അതെഴുതിയതു് 1084-ൽ ആകാവ്യം പ്രസിദ്ധീകൃതമായി.

കവിതാരീതി[തിരുത്തുക]

കള്ളഗ്ഗോപകുമാര! ഗോരസമിതല്ലോർക്കേണമുൾക്കാമ്പിലി–
പ്പുള്ളിക്കേഴമൃഗാക്ഷിയെശ്ശഠമതേ! പിട്ടല്ല കിട്ടില്ല തേ;
കൊള്ളാം നല്ലൊരു കൗശലം! നൃപതിമാർക്കുള്ളോരുനൽക്കന്യയെ–
ബ്ഭള്ളേറും പശുപൻ കൊതിച്ചിതു ധരിക്കുമ്പോൾച്ചിരിക്കും ജനം.”
(രുക്മിണീസ്വയംവരം)
“മാണിക്യകങ്കണകലാപമലങ്കരിക്കും
പാണിക്കു വൻകഠിനമായ വിലങ്ങുവച്ചോ?
പ്രാണപ്രിയേ! സമുഖി! നിന്നെ വലച്ചിഴച്ചി–
ക്കോണിൽക്കരേറ്റിയവനൂണു മുടക്കിയെന്നോ?”
(ജനോവാനാടകം)
“നീതിക്കു ചേന്ന നിലയിൽപ്പെരുമാറിടും സ്ത്രീ
ജാതിക്കു വിശ്വജനവും വടുവേല ചെയ്യും;
ധാതാവു ശൗരി ശിവനെന്നിവർ കാന്തമാർക്കു
ചേതസ്സു ചേർന്നടിമയായമരുന്നതില്ലേ?”
(താതോപദേശം)
“കള്ളം കഥിക്ക, ഭയമേറ്റുക, ഗോഷ്ടി കാണി–
ച്ചുള്ളം നടുക്കുക, മനസ്സിലുറപ്പു ചേർക്ക,
കൊള്ളാത്ത വാക്കുകളുരയ്ക്ക,യിതൊക്കെയോർത്താൽ–
പ്പിള്ളയ്ക്കു മേലിൽ വലുതാകിയ ദോഷമേകും.”
(താതോപദേശം)

അവലംബം[തിരുത്തുക]

  1. എസ്. പരമേശ്വരൻ നായർ, ഉള്ളൂർ. കേരള സാഹിത്യ ചരിത്രം. സായാഹ്ന. pp. അധ്യായം 57.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോമത്തു_കുഞ്ഞുപണിക്കൻ&oldid=3515752" എന്ന താളിൽനിന്ന് ശേഖരിച്ചത്