Jump to content

കോട്ടപ്പുറം, കൊടുങ്ങല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടപ്പുറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോട്ടപ്പുറം (വിവക്ഷകൾ) എന്ന താൾ കാണുക. കോട്ടപ്പുറം (വിവക്ഷകൾ)
കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി ചീനവലകളും കാണാം
പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കൊടുങ്ങല്ലൂർ കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം
ക്നായി തോമായുടെ സ്മാരകം കോട്ടപ്പുറത്ത്
1909-ല് തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം


കൊടുങ്ങല്ലൂരിന്റെ തെക്കെ അതിർത്തിയായ പ്രദേശമാണ് കോട്ടപ്പുറം.[1] പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. [2]കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് കൃഷ്ണൻ കോട്ടയും വടക്ക് തിരുവഞ്ചിക്കുളവും തെക്ക് ഗോതുരുത്ത്, വലിയ പണിക്കൻ തുരുത്ത്, മൂത്തകുന്നം എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.[3] ക്നായി തോമന്റെ സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. ടിപ്പു സുൽത്താനെ പ്രതിരോധിക്കാനായി യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്ടെ നേതൃത്വത്തിൽ തിരുവിതാംകൂർ നിർമ്മിച്ച നെടുംകോട്ടയുടെ ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.


പേരിനു പിന്നിൽ

[തിരുത്തുക]

പോർച്ചുഗീസുകാർ പണിത മൂന്ന് കോട്ടകളിൽ ഒന്നായ കൊടുങ്ങല്ലൂർ കോട്ടയുടെ പാർശ്വവർത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങൾ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.

ചരിത്രം

[തിരുത്തുക]

ചേര സാമ്രാജ്യമായ മുസിരിസ് അഥവാ മുചിരിയും പട്ടണം എന്ന പുരാതനമായ തുറമുഖവും കോട്ടപ്പുറത്തിനടുത്താണ്. മൂന്നുവശവവും നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ സമുദ്രം വഴിയുള്ള ആദ്യകാലത്തെ ചെറിയ തുറമുഖമാവാൻ ആവശ്യമായ ഭൂപ്രകൃതിയുണ്ടായതിനാലാവാം മിക്ക വ്യാപാരികളും കോട്ടപ്പുറം ആസ്ഥാനമാക്കിയിരുന്നു. കടലിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തിൽ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലിന്റെ സാമീപ്യവുമായിരിക്കണം പ്രധാനം . കേരളത്തിൽ നിന്നു റോമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവർ വാങ്ങിയിരുന്നത്‌.[4]. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റർ പരിധിയിൽ വന്നിരുന്നു. രാജാവിനു തന്റെ കോവിലകത്തു നിന്നും നേരിട്ട് വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു.

ഇന്ത്യയുൽ ആദ്യമായി യഹൂദകുടിയേറ്റക്കാർ കേരളത്തിൽ എത്തുന്നത് കോട്ടപ്പുറം വഴിയാണ്. കോട്ടപ്പുറത്തിനു കിഴക്കുള്ള മാളയായിരുന്നു അവരുടെ ആദ്യത്തെ ആവാസ കേന്ദ്രം.

പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിർമ്മിക്കപ്പെട്ട ചേരമാൻ ജുമാ മസ്ജിദ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാർ എന്ന അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി(സ) യുടെ അനുചരൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.

ക്രി.വ. 345-ല് ക്നായി തോമാ എന്ന ബാബിലോണിയൻ വ്യാപാരിയുടെ നേതൃത്വത്തിൽ സിറിയയിൽ നിന്നും നിരവധി പേർ ഇവിടെ വന്നു ചേർന്നു. [5] അവർ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിർമ്മിച്ച സ്മാരകം നിലവിലുണ്ട്.

സാമൂതിരിയുമായി ഇടഞ്ഞ പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിർമ്മിച്ചു. ക്രാങ്കനൂർ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോർട്ടുഗീസ് കോട്ടകളിൽ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന കൊടുങ്ങല്ലൂർ കോട്ട. സംരക്ഷണത്തിന്റെ പോരായ്മയാൽ തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങൾ മാത്രമാണ് ഉള്ളത്.

പിന്നീട് വന്ന കർമ്മലീത്ത സന്യാസിമാർ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാൻസീസ് സേവ്യർ കോട്ടപ്പുറത്ത് പള്ളി പണിയാൻ മുൻ‍കൈ എടുത്തു.

കൊടുങ്ങല്ലൂർ കോട്ടയും അയീകോട്ടയും പോർട്ടുഗീസുകാരിൽ നിന്നും ഡച്ചുകാർ 1663 കീഴടക്കുകയും നശിപ്പിക്കുകയും ചെയ്തു. [6]

എന്നാൽ ടിപ്പുസുൽത്താന്റെ കാലത്ത് അദ്ദേഹം മലബാർ കീഴടക്കുകയും തിരുവിതാം കൂർ ലക്ഷ്യമാക്കുകയും ചെയ്തപ്പോൾ തിരുവിതാംകൂർ നെടുങ്കോട്ട ശക്തിപ്പെടുത്താൻ ആരംഭിച്ചു. മൈസൂരിന്റെ സാമന്തപ്രഭുവായിരുന്നു കൊച്ചി രാജാവ്. അദ്ദേഹം തന്റെ വടക്കൻ പ്രദേശങ്ങളിൽ ഡച്ചുകാർ കൈവശപ്പെടുത്തിയിരുന്ന കൊടുങ്ങല്ലൂർ കോട്ടയും അയീക്കോട്ടയും 1789 ജൂലൈ 31 നു മൂന്നു ലക്ഷം ക നൽകി ഡച്ചുകാരിൽ നിന്നും വാങ്ങി. ടിപ്പു സുൽത്താൻ ഇതേ സമയത്ത് കോട്ടയുടെ അവകാശവാദം ഉന്നയിച്ച് കൊച്ചീ രാജാവിനോട് ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നതിനു മുമ്പ് തിരുവിതാം കൂറിന്റെ സഖ്യകക്ഷിയായ മദ്രാസ് ഗവർണറോട് കോട്ടകളുടേ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അദ്ദേഹം ഗവർണർ ഹോളണ്ടിന് കത്തയക്കുകയും ഗവർണർ പൗണിയെ രാജാവുമായി സംസാരിക്കാൻ നിയോഗിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയില്ലെന്ന് വന്നതോടെ മൈസൂർ സൈന്യം 1787 ഡിസംബറിൽ നെടുങ്കോട്ടയുടെ മേലൂരുള്ള ഭാഗം ആക്രമിക്കുകയും ഒരു ഭാഗം കീഴടക്കുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം ആദ്യം ചിതറിയോടിയെങ്കിലും വർദ്ധിച്ച വീര്യത്തോടെ തിരിച്ചടിച്ചു. ഇതിൽ മൈസൂർ സൈന്യത്തിനു കനത്ത നാശ നഷ്ടങ്ങൾ ഉണ്ടാകുകയും അവർ പിൻവാങ്ങുകയും ചെയ്തു. മൈസൂർ പക്ഷത്ത് സെമാൾ ബേഗ് പോലുള്ള സൈന്യാധിപന്മാർ മരണമടഞ്ഞു.

ഇംഗ്ലീഷ് ചരിത്രകാരന്മാർ ഈ ആക്രമണം അകാരണവും അനാവശ്യവുമായിരുന്നു എന്നു വിലയിരുത്തുന്നു. ആക്രമണത്തിൽ സുൽത്താൻ നേരിട്ട് പങ്കെടുത്തുവെന്നും കാലിനു പരിക്കേറ്റ് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മുടന്ത് സംഭവിച്ചുവെന്നും അദ്ദേഹത്തിന്റെ വിലപ്പെട്ട അഭരണങ്ങൾ പിടിച്ചടക്കപ്പെട്ടുവെന്നും മാർക് വിൽക്സ് രേഖപ്പെടുത്തുന്നു. എന്നാൽ സുൽത്താൻ നേരിട്ട് പങ്കെടുത്തില്ല എന്ന് മതിലകം രേഖകൾ അടിസ്ഥാനപ്പെടൂത്തി എ.പി. ഇബ്രാഹിംകുഞ്ഞ് വിലയിരുത്തുന്നു. [7]

ഒരു വിധത്തിലും തിരുവിതാംകൂർ രാജാവിനെ സ്വാധീനപ്പെടുത്താൻ സാധിക്കത്ത നിലയിൽ 1790 ഏപ്രിൽ 12 മുതൽ മൈസൂർ സൈന്യം വീണ്ടും നെടുങ്കോട്ടക്കു നേരേ ആക്രമണം തുടങ്ങി. പല സ്ഥലങ്ങളിലും അവർ മതിലുകൾ തകർത്ത് മുന്നേറി. ഈസ്റ്റ് ഇന്ത്യാ കമ്പനിയാകട്ടേ രാജാവിനെ സഹായിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നു. മൈസൂർ സൈന്യം 1790 മേയ് 7 നു കൊടുങ്ങല്ലൂർ കോട്ട പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. അയീക്കോട്ട, പറവൂർ, കുര്യാപ്പിള്ളി എന്നീ സ്ഥലങ്ങൾ ഒന്നൊന്നായി മൈസൂർ സൈന്യം പിടിച്ചെടുത്ത് ആലുവ ഭാഗത്തേക്ക് മുന്നേറി. എന്നാൽ ഇതേ സമയത്ത് ബംഗാൾ പരമാധികാര ഗവണ്മെൻ്റ് ഈ യുദ്ധം വഴി സുൽത്താൽ കമ്പനിക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തിയതായി പരിഗണിക്കുകയും നൈസാമും മറാത്തരുമായി മൈസൂരിൽ മറ്റൊരു സഖ്യത്തെപ്പറ്റി അലോചിക്കുകയും ചെയ്തു. കമ്പനി സുൽത്താനെതിരായി 1790 മേയ് മാസം ഒരു യുദ്ധം പ്രഖ്യാപിച്ചു. ഇതായിരുന്നു മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൻ്റെ തുടക്കം. ഈ വിവരം അ റിഞ്ഞതോടെ മൈസൂർ സൈന്യം തങ്ങളുടെ സൈനിക മുന്നേറ്റം ഒഴിവാക്കി കേരളം വിട്ട് ശ്രീരംഗപട്ടണത്തേക്ക് പിൻവാങ്ങി


കോട്ടയിലെ വെടിപ്പുരയുടെ അവശിഷ്ടങ്ങൾ

ഭൂമിശാസ്ത്രം

[തിരുത്തുക]

കോട്ടപ്പുറത്തിന്റെ രണ്ട് അതിർത്തികളും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. തെ ക്ക് പെരിയാറാണ്. ആലുവയിൽ വച്ച് രണ്ട് ശാഖകൾ ആകുന്ന പെരിയാർ മാഞ്ഞാലി വഴി ഒഴുകി മാളവനയിൽ വന്ന് ചാലകുടി പുഴയുമായ് ചേർന്ന് കൃഷ്ണൻകോട്ടയിലൂടെ ഗോതുരുത്തിൽ എത്തുന്നു. അവിടെ നിന്ന് പടിഞ്ഞാറേക്ക് തിരിയുന്നു. അപ്പോൾ അവിടെ നിന്ന് ഒരു ശാഖ കോട്ടപുറം കോട്ടയുടെ കിഴക്ക് ഭാഗത്ത് കൂടി കനോലി കനാൽ ഭാഗത്തേക്ക് പോകുന്നു. പടിഞ്ഞാറേക്ക് തിരിയുന്ന പെരിയാർ കോട്ടപ്പുറത്തിന്റെ തെക്ക് ഭാഗത്തുടെ ഒഴുകി മുനമ്പം അഴീക്കോട് അഴിമുഖത്ത് വച്ച് അറബി കടലിൽ ചേരുന്നു.തെക്ക് കിഴക്കായി ഗോതുരുത്ത് സ്ഥിതി ചെയ്യുന്നു. നേരെ തെക്ക് മൂത്തകുന്നമാണ്. ഇവിടെ പുരാതനകാലം മുതൽ നിലനിന്നിരുന്ന കോട്ടപ്പുറം മൂത്തകുന്നം ഫെറി ഉണ്ടായിരുന്നു. ഇവിടെ നിന്ന് എറണാകുളം വരെയും ബോട്ടിന് പോകാമായിരുന്നു. ഇപ്പോൾ ഫെറി നിലവിൽ ഇല്ല . ഇപ്പോൾ എറണാകുളം തൃശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന NH 66 (NH-17 ) ലെ കോട്ടപുറം - മൂത്തകുന്നം പാലമുണ്ട്. ഇതിനിടയിൽ വലിയ പണിക്കൻ തുരുത്ത് ഉണ്ട് . ഈ ചെറിയതുരുത്ത് കോട്ട പുറത്തിന്റെ തെക്ക് പടിഞ്ഞാറാണ് .


പള്ളികൾ

[തിരുത്തുക]

വിദ്യാഭ്യാസ രംഗം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Diocese of Kottapuram". ucanews.com. Archived from the original on 2018-10-20.
  2. "Kottappuram Fort - the ancient Cranganore fort built by Portuguese | Historic sites at Muziris Heritage Area, Ernakulam". Archived from the original on 2021-09-20. Retrieved 2021-07-12.
  3. "Kottappuram Fort | Forts protected by Department of Archaeology | Protected Monuments". Retrieved 2021-07-15.
  4. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  5. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)
  6. "Kottappuram Fort | Forts protected by Department of Archaeology | Protected Monuments". Retrieved 2021-07-15.
  7. ഡോ: കെ.കെ.എൻ., കുറുപ്പ്= (2007). നവാബ് ടിപ്പു സുൽത്താൻ - ഒരു പഠനം. കോഴിക്കോട്: മാതൃഭൂമി പബ്ലീഷേസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)